Thiruvachanam Logo

P. O. C ബൈബിള്‍

,

പുതിയ നിയമം

,

മര്‍ക്കോസ്

,

ആമുഖം

,
വാക്യം   0

വിശുദ്ധ മര്‍ക്കോസ് എ. ഡി. 65 വ നും 70 വ നും ഇടയ്ക്കു റോമില്‍വച്ച് ഈ സുവിശേഷം എഴുതിയെന്നാണു പരമ്പരാഗതമായ വിശ്വാസം. വിശുദ്ധഗ്രന്ഥത്തില്‍ത്തന്നെയുള്ള സൂചനകളില്‍നിന്ന് അദ്‌ദ്ദേഹം ബാര്‍ണബാസിന്റെ പിതൃസഹോദരപുത്രനും (കൊളോ 4, 10) പൗലോസിന്റെ ആദ്യത്തെ സുവിശേഷപ്രഘോഷണയാത്രയില്‍ സഹായിയും (അപ്പ13, 5; 15, 37വ39) പൗലോസിനോടുകൂടെ കാരാഗൃഹവാസം അനുഭവിച്ചവനും (കൊളോ 4, 10; ഫിലെ 24) പൗലോസിന്റെയും (2 തിമോ 4, 11) പത്രോസിന്റെയും (1 പത്രോ 5, 13) സഹായികളിലൊരുവനും ആയിരുന്നു എന്നു കാണാം. പലസ്തീനാക്കാരല്ലാത്ത വിജാതീയ ക്രിസ്ത്യാനികള്‍ക്കുവേണ്ടിയാണ് ഈ സുവിശേഷം എഴുതപ്പെട്ടത്. വിജാതീയരെ പ്രത്യേകം ഉദ്‌ദ്ദേശിച്ചുള്ള വിശദീകരണങ്ങള്‍ (7, 27; 8, 1വ9; 10, 12; 11, 7; 13, 10) ഈ വസ്തുത സൂചിപ്പിക്കുന്നു. മര്‍ക്കോസിന്റെതായ ഒരു പ്രത്യേക പ്രതിപാദനരീതിയിലാണ് ഈ സുവിശേഷത്തിന്റെ രചന. ക്രിസ്തുവും മനുഷ്യപുത്രനും ദൈവസുതനുമായ യേശുവിന്റെ ആത്മാവിഷ്‌ക്കരണവും അതിന് അവിടുത്തെ ആദ്യശിഷ്യര്‍ നല്കിയതും ഭാവിശിഷ്യര്‍ നല്‌കേണ്ടതുമായ പ്രതികരണവും ഇത് ഉള്‍ക്കൊള്ളുന്നു. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം എന്ന ആദ്യവാക്യംതന്നെ ഈ സുവിശേഷത്തിന്റെ രത്‌നചുരുക്കമാണെന്നു പറയാം. സുവിശേഷത്തിന്റെ പ്രാരംഭത്തില്‍ (1, 1വ15), സ്‌നാപകയോഹന്നാന്റെ ശുശ്രൂഷ, യേശുവിന്റെ ജ്ഞാനസ്‌നാനം, പ്രലോഭനങ്ങള്‍, ഗലീലിയിലേക്കുള്ള തിരിച്ചുവരവ് എന്നീ കാര്യങ്ങള്‍ സംക്ഷിപ്തമായി വിവരിക്കുന്നു.ആദ്യഭാഗത്തെ (1, 16വ8, 33) മുഖ്യപ്രമേയം, ക്രിസ്തുവും മനുഷ്യപുത്രനും ദൈവപുത്രനുമാണ് യേശു എന്ന ആദിമസഭയുടെ വിശ്വാസത്തിന്റെ ക്രമപ്രവൃദ്ധമായ ആവിഷ്‌കരണമാണ്. യേശു ആരാണ് എന്ന ചോദ്യമാണ് ഈ ഭാഗത്ത് ആവര്‍ത്തിച്ച് ഉന്നയിക്കപ്പെടുന്നത്. പ്രബോധനങ്ങള്‍, രോഗശാന്തികള്‍, ഭൂതോച്ചാടനങ്ങള്‍ തുടങ്ങിയവയിലൂടെ താന്‍ ദൈവപുത്രനാണെന്നും തന്നിലൂടെ ദൈവരാജ്യം ആഗതമായിരിക്കുന്നുവെന്നും യേശു വ്യക്തമാക്കുന്നു. (1,15). പക്ഷേ, യഹൂദര്‍ക്കോ (3, 16) ശിഷ്യന്മാര്‍ക്കുപോലുമോ ക്രിസ്തുരഹസ്യം പൂര്‍ണമായും വെളിവാകുന്നില്ല, എങ്കിലും തന്റെ ശുശ്രൂഷയിലൂടെ താന്‍ ആരാണെന്നു ഗ്രഹിക്കാനും അതു പരസ്യമായി പ്രഖ്യാപിക്കാനും യേശു ശിഷ്യരെ ഒരുക്കുന്നുണ്ട് (3, 40; 4, 1; 6, 52; 7, 18; 8, 17വ21, 33). ഈ ശ്രമം ഫലമണിയുന്നതാണ്, ഒന്നാംഭാഗം ഉപസംഹരിച്ചുകൊണ്ട് ശിഷ്യപ്രധാനനായ പത്രോസ് നടത്തുന്ന വിശ്വാസപ്രഖ്യാപനം(8, 28). ശിഷ്യത്വത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന രണ്ടാംഭാഗത്ത് (8, 31വ16; 8), ആദ്യം ഒരു പീഡാനുഭവപ്രവചനം, ശിഷ്യര്‍ക്ക് അത് മനസ്സിലാകാതെ വരുന്നത്, തുടര്‍ന്നു ശിഷ്യത്വത്തെപ്പറ്റിയുള്ള ഒരു പ്രബോധനം എന്ന ക്രമത്തില്‍ രചിക്കപ്പെട്ട മൂന്നു പീഡാനുഭവപ്രവചനങ്ങളാണു നാം കാണുന്നത് (8, 31വ10, 52). 11വ12 അദ്ധ്യായങ്ങളില്‍ യേശുവിന്റെ ജറുസലേംപ്രവേശനം, അവിടെ നിര്‍വ്വഹിച്ച കാര്യങ്ങള്‍, യഹൂദരുമായുള്ള സംവാദങ്ങള്‍ എന്നിവയാണു പ്രതിപാദ്യം.യുഗാന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ഉപദേശങ്ങളുമാണു 13വാം അദ്ധ്യായത്തില്‍. മറ്റു സുവിശേഷങ്ങളില്‍ ഉള്ളതുപോലെ, യേശുവിന്റെ പീഡാനുഭവം, കുരിശുമരണം, ഉത്ഥാനം എന്നിവയുടെ ചരിത്രമാണ് അവസാന അദ്ധ്യായങ്ങളില്‍ (14-16) വിവരിക്കപ്പെട്ടിരിക്കുന്നത്.

Go to Home Page