യഹൂദവംശജയല്ലാത്തവളും മൊവാബ്യയുമായ റൂത്തിന്റെ പേരില്‍ പഴയനിയമത്തിലെ ഒരു പുസ്തകം അറിയപ്പെടുക അസാധാരണമാണ്. സുകൃതിനിയും വിശ്വസ്തയുമായ റൂത്തിനെ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് സമൃദ്ധമായി അനുഗ്രഹിച്ചു. റൂത്തിന്റെ ഭര്‍ത്താവ് ഒരു ഇസ്രായേല്‍ക്കാരനായിരുന്നു. റൂത്ത്, തന്റെ ഭര്‍ത്താവും, വിധവയായ അമ്മായിയമ്മ നവോമിയും ഒരുമിച്ചു മൊവാബില്‍ വസിക്കുമ്പോള്‍ ഭര്‍ത്താവ് മരിച്ചു. നവോമി ജറുസലെമിലേക്കു തിരിച്ചുപോന്നപ്പോള്‍ റൂത്ത് തന്റെ ഭര്‍ത്താവിന്റെ ദൈവത്തോടും അമ്മായിയമ്മയോടും വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് അവളോടൊപ്പം ജറുസലെത്തേക്കു പോന്നു. ദൈവം അവളെ അനുഗ്രഹിച്ചു. വിശ്വസ്തതയ്ക്ക് അവള്‍ ഒരു മാതൃകയായിത്തീര്‍ന്നു. അവിടെ അവള്‍ മരിച്ചുപോയ തന്റെ ഭര്‍ത്താവിന്റെ ബന്ധുവും സമ്പന്നനുമായ ബോവാസിന്റെ ഭാര്യയായി. അതുവഴി അവളുടെ പേരു ദാവീദിന്റെ പിതാക്കന്‍മാരുടെ പട്ടികയിലും യേശുവിന്റെ വംശാവലിയിലും ഉള്‍പ്പെട്ടു. ദൈവത്തിന്റെ രക്ഷാകരപദ്ധതി സാര്‍വത്രികമാണ് എന്നതിന്റെ സൂചന ഇതുവഴി നമുക്കു ലഭിക്കുന്നു.
Go to Home Page