P. O. C ബൈബിള്‍
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 67
ദൈവത്തിന്റെ രക്ഷാകര ശക്തി1 : ദൈവം നമ്മോടു കൃപ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ! അവിടുന്നു തന്റെ പ്രീതി നമ്മുടെമേല്‍ ചൊരിയുമാറാകട്ടെ!
2 : അങ്ങയുടെ വഴി ഭൂമിയിലും അങ്ങയുടെ രക്ഷാകര ശക്തിസകല ജനതകളുടെയിടയിലും അറിയപ്പെടേണ്ടതിനു തന്നെ.
3 : ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ.
4 : ജനതകളെല്ലാം ആഹ്‌ളാദിക്കുകയും ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ! അങ്ങു ജനതകളെ നീതിപൂര്‍വം വിധിക്കുകയും ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.
5 : ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
6 : ഭൂമി അതിന്റെ വിളവു നല്‍കി, ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിച്ചു.
7 : അവിടുന്നു നമ്മെ അനുഗ്രഹിച്ചു. ഭൂമി മുഴുവന്‍ അവിടുത്തെ ഭയപ്പെടട്ടെ!