1 : ലാബാന്റെ മക്കള്‍ ഇങ്ങനെ പറയുന്നതു യാക്കോബു കേട്ടു: നമ്മുടെ പിതാവിന്റെ സ്വത്തെല്ലാം യാക്കോബ് കൈവശപ്പെടുത്തി. നമ്മുടെ പിതാവിന്റെ മുതലുകൊണ്ടാണ് അവന്‍ ഈ സ്വത്തൊക്കെ സമ്പാദിച്ചത്.
2 : ലാബാനു തന്നോടു പണ്ടത്തെപ്പോലെ താത്പര്യമില്ലെന്ന് അവന്റെ മുഖഭാവത്തില്‍നിന്നു യാക്കോബിനു മനസ്‌സിലായി.
3 : കര്‍ത്താവു യാക്കോബിനോട് അരുളിച്ചെയ്തു: നിന്റെ പിതാക്കന്‍മാരുടെയും ചാര്‍ച്ചക്കാരുടെയും നാട്ടിലേക്കു തിരിച്ചുപോവുക. ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും.
5 : അവന്‍ അവരോടു പറഞ്ഞു: മുമ്പത്തെപ്പോലെയല്ല നിങ്ങളുടെ പിതാവിന് എന്നോടുള്ള മനോഭാവം. എന്നാല്‍, എന്റെ പിതാവിന്റെ ദൈവം എന്റെ കൂടെ ഉണ്ടായിരുന്നു.
6 : എന്റെ കഴിവു മുഴുവനും ഉപയോഗിച്ച് നിങ്ങളുടെ പിതാവിനുവേണ്ടി ഞാന്‍ പണിയെടുത്തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ.
7 : എന്നിട്ടും നിങ്ങളുടെ പിതാവ് എന്നെ ചതിക്കുകയും പത്തുതവണ എന്റെ കൂലിയില്‍ മാറ്റം വരുത്തുകയും ചെയ്തു. പക്‌ഷേ, എന്നെ ദ്രോഹിക്കാന്‍ ദൈവം അവനെ അനുവദിച്ചില്ല.
8 : പുള്ളിയുള്ള ആടുകളായിരിക്കും നിന്റെ കൂലി എന്ന് അവന്‍ പറഞ്ഞാല്‍ എല്ലാ ആടും പുള്ളിയുള്ളതിനെ പ്രസവിക്കും. അതല്ല, വരയുള്ള ആടുകളായിരിക്കും നിനക്കു കൂലി എന്ന് അവന്‍ പറഞ്ഞാല്‍, ആടുകളൊക്കെ വരയുള്ളതിനെ പ്രസവിക്കും.
9 : അങ്ങനെദൈവം നിങ്ങളുടെ പിതാവിന്റെ ആടുകളെ അവനില്‍ നിന്നെടുത്ത് എനിക്കു തന്നിരിക്കുന്നു.
11 : അപ്പോള്‍ ദൈവത്തിന്റെ ദൂതന്‍ സ്വപ്നത്തില്‍യാക്കോബേ എന്നു വിളിച്ചു. ഇതാ ഞാന്‍, എന്നു ഞാന്‍ വിളികേട്ടു.
12 : ദൂതന്‍ പറഞ്ഞു: തലയുയര്‍ത്തി നോക്കുക. ഇണചേരുന്ന മുട്ടാടുകളെല്ലാം പൊട്ടും പുള്ളിയും വരയുമുള്ളവയാണ്. ലാബാന്‍ നിന്നോടു ചെയ്യുന്നതൊക്കെ ഞാന്‍ കാണുന്നുണ്ട്.
13 : നീ കല്‍ത്തൂണിന് അഭിഷേകം ചെയ്യുകയും വ്രതമെടുക്കുകയും ചെയ്ത സ്ഥലമായ ബേഥേലിലെ ദൈവമാണ് ഞാന്‍. എഴുന്നേറ്റ് ഇവിടം വിട്ടു നിന്റെ ചാര്‍ച്ചക്കാരുടെ നാട്ടിലേക്കു തിരിച്ചുപോവുക.
14 : റാഹേലും ലെയായും പറഞ്ഞു: നമ്മുടെ പിതാവിന്റെ വീട്ടില്‍ നമുക്ക് എന്തെങ്കിലും ഓഹരിയോ അവകാശമോ ഉണ്ടോ?
15 : നമ്മളെ അന്യരായിട്ടല്ലേ അവന്‍ കരുതുന്നത്? നമ്മെ വില്‍ക്കുകയും കിട്ടിയ പണം തിന്നു നശിപ്പിക്കുകയുമല്ലേ ചെയ്തത്?
16 : നമ്മുടെ പിതാവില്‍നിന്നു ദൈവം എടുത്തുമാറ്റിയ സ്വത്തെല്ലാം നമുക്കും നമ്മുടെ മക്കള്‍ക്കും അവകാശപ്പെട്ടതാണ്. അതിനാല്‍, ദൈവം അങ്ങയോടു കല്‍പിച്ചതു ചെയ്യുക.
18 : അവര്‍ കാലികളെയും ആടുമാടുകളെയും തെളിച്ചുകൊണ്ട് പാദാന്‍ആരാമില്‍ വച്ചു സമ്പാദിച്ച സകല സ്വത്തുക്കളുമായി കാനാന്‍ദേശത്തു തന്റെ പിതാവായ ഇസഹാക്കിന്റെ അടുത്തേക്കു പുറപ്പെട്ടു. ലാബാന്‍ ആടുകളുടെ രോമം വെട്ടാന്‍ പോയിരിക്കുകയായിരുന്നു.
19 : റാഹേല്‍ തന്റെ പിതാവിന്റെ കുലദേവന്‍മാരുടെ വിഗ്രഹങ്ങളെല്ലാം കട്ടെടുത്തു.
20 : അരമായനായ ലാബാനെ യാക്കോബ് കബളിപ്പിച്ചു സ്ഥലംവിട്ടുപോകാന്‍ ഉദ്‌ദേശിക്കുന്ന കാര്യം അവനെ അറിയിച്ചില്ല.
21 : തനിക്കുള്ളതെല്ലാം എടുത്തുകൊണ്ടാണ് അവന്‍ സ്ഥലം വിട്ടത്. അവന്‍ നദികടന്നു മലമ്പ്രദേശമായ ഗിലയാദിനു നേരെ തിരിഞ്ഞു.
ലാബാന്‍ പിന്‍തുടരുന്നു
22 : യാക്കോബ് ഒളിച്ചുപോയ കാര്യം മൂന്നാംദിവസമാണു ലാബാന്‍ അറിഞ്ഞത്.
23 : തന്റെ സഹോദരന്‍മാരെയും കൂട്ടി ലാബാന്‍ ഏഴു ദിവസം യാക്കോബിനെ പിന്‍തുടര്‍ന്ന് മലമ്പ്രദേശമായ ഗിലയാദില്‍ വെച്ച് അവന്റെ അടുക്കല്‍ എത്തിച്ചേര്‍ന്നു.
24 : എന്നാല്‍ ദൈവം രാത്രി ഒരു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അരമായനായ ലാബാനോടു പറഞ്ഞു: നല്ലതോ ചീത്തയോ ആയ ഒരു വാക്കുപോലും യാക്കോബിനോടു പറയാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.
25 : യാക്കോബ് മലമ്പ്രദേശത്തു കൂടാരമടിച്ചിരിക്കേ ലാബാന്‍ അവന്റെ മുന്‍പില്‍ കടന്നു. തന്റെ ചാര്‍ച്ചക്കാരുമൊത്തു ലാബാനും ഗിലയാദിലെ മലമ്പ്രദേശത്തു കൂടാരമടിച്ചു.
26 : ലാബാന്‍ യാക്കോബിനോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? എന്നെ കബളിപ്പിച്ചു വാളാല്‍ നേടിയ തടവുകാരെപ്പോലെ എന്റെ പെണ്‍മക്കളെ കൊണ്ടുപോകുന്നതെന്തുകൊണ്ട്?
27 : എന്നെ കബളിപ്പിച്ച് എന്നോടു പറയാതെ ഒളിച്ചോടിയത് എന്തിനാണ്? ഞാന്‍ ആഹ്ലാദത്തോടെ പാട്ടുപാടി കിന്നരവും വീണയും വായിച്ചു നിങ്ങളെ യാത്രയാക്കുമായിരുന്നല്ലോ.
28 : എനിക്ക് എന്റെ പുത്രന്‍മാരെയും പുത്രിമാരെയും ചുംബിക്കുന്നതിന് അവസരം തരാഞ്ഞതെന്ത്? നീ ബുദ്ധിശൂന്യമായിട്ടാണു പ്രവര്‍ത്തിച്ചത്. നിന്നെ ഉപദ്രവിക്കാന്‍ എനിക്കു കഴിയും.
29 : എന്നാല്‍, നല്ലതോ ചീത്തയോ ആയിയാതൊന്നും യാക്കോബിനോടു പറയാതിരിക്കാന്‍ സൂക്ഷിക്കുക എന്ന് നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞരാത്രി എന്നോടു പറഞ്ഞു.
30 : പിതാവിന്റെ വീട്ടിലെത്താനുള്ള തീവ്രമായ ആഗ്രഹംകൊണ്ടാണു നീ പോന്നതെങ്കില്‍ എന്റെ കുലദേവന്‍മാരെ കട്ടെടുത്തത് എന്തിന്?
31 : യാക്കോബു ലാബാനോടു പറഞ്ഞു: അങ്ങയുടെ പുത്രിമാരെ അങ്ങു ബലം പ്രയോഗിച്ച് എന്നില്‍ നിന്നു പിടിച്ചെടുക്കുമെന്നു ഞാന്‍ ഭയപ്പെട്ടു.
32 : അങ്ങയുടെ ദേവന്‍മാര്‍ ആരുടെ കൈയില്‍ കാണുന്നുവോ അയാള്‍ മരിക്കട്ടെ. അങ്ങയുടേത് എന്തെങ്കിലും എന്റെ കൈവശമുണ്ടെങ്കില്‍ നമ്മുടെ സഹോദരങ്ങളെ സാക്ഷി നിര്‍ത്തി തിരിച്ചെടുത്തുകൊള്ളുക. റാഹേല്‍ ദേവന്‍മാരെ മോഷ്ടിച്ചവിവരം യാക്കോബ് അറിഞ്ഞിരുന്നില്ല.
33 : ലാബാന്‍ യാക്കോബിന്റെയും ലെയായുടെയും രണ്ടു പരിചാരികമാരുടെയും കൂടാരങ്ങളില്‍ പരിശോധിച്ചു. അവ അവിടെയെങ്ങും കണ്ടില്ല. ലെയായുടെ കൂടാരത്തില്‍ നിന്നു പുറത്തുകടന്ന് അവന്‍ റാഹേലിന്റെ കൂടാരത്തിലേക്കു ചെന്നു.
34 : റാഹേല്‍ വിഗ്രഹങ്ങളെടുത്ത് ഒരു ഒട്ടകഭാണ്ഡത്തിലൊളിച്ച് അതിന്‍മേല്‍ കയറിരുന്നു. കൂടാരത്തിലെല്ലാം തിരഞ്ഞിട്ടും അവന്‍ ഒന്നും കണ്ടെണ്ടത്തിയില്ല.
35 : റാഹേല്‍ പിതാവിനോടു പറഞ്ഞു: അങ്ങയുടെ മുന്‍പില്‍ എനിക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്തതില്‍ അങ്ങു കോപിക്കരുതേ! എനിക്കിപ്പോള്‍ മാസമുറയാണ്. അവന്‍ തിരഞ്ഞെങ്കിലും വിഗ്രഹങ്ങള്‍ കണ്ടെണ്ടത്തിയില്ല.
36 : അപ്പോള്‍ രോഷാകുലനായ യാക്കോബ് ലാബാനോടു കയര്‍ത്തു. അവന്‍ ചോദിച്ചു: എന്റെ പേരിലുള്ള കുറ്റം എന്താണ്? ഇത്ര ആവേശത്തോടെ എന്റെ പിന്നാലെ പാഞ്ഞുവരാന്‍ എന്തുതെറ്റാണ് ഞാന്‍ ചെയ്തത്?
37 : എന്റെ സാധനങ്ങളൊക്കെ പരിശോധിച്ചില്ലേ? അങ്ങയുടെ വീട്ടുവകകളില്‍ എന്താണ് അതില്‍ കണ്ടെണ്ടത്തിയത്? അങ്ങയുടെയും എന്റെയും സഹോദരങ്ങളുടെ മുന്‍പില്‍ അവയൊക്കെ നിരത്തിവയ്ക്കുക. അവര്‍ വിധിപറയട്ടെ.
39 : കാട്ടുമൃഗങ്ങള്‍ കടിച്ചുകീറിയവയെ ഞാന്‍ അങ്ങയുടെയടുത്തു കൊണ്ടു വന്നിട്ടില്ല. ആ നഷ്ടം ഞാന്‍ തന്നെ സഹിച്ചു. രാത്രിയിലോ പകലോകളവു പോയവയ്ക്കും അങ്ങ് എന്നില്‍നിന്നു നഷ്ടപരിഹാരം ഈടാക്കിയിരുന്നു.
40 : അതായിരുന്നു എന്റെ സ്ഥിതി. പകല്‍ ചൂടും രാത്രി തണുപ്പും എന്നെ കാര്‍ന്നുതിന്നു. ഉറക്കം എന്റെ കണ്ണുകളില്‍നിന്ന് ഓടിയകന്നു.
41 : ഇരുപതുകൊല്ലം ഞാന്‍ അങ്ങയുടെ വീട്ടിലായിരുന്നു. പതിന്നാലുകൊല്ലം അങ്ങയുടെ രണ്ടുപെണ്‍ മക്കള്‍ക്കു വേണ്ടിയും ആറുകൊല്ലം ആടുകള്‍ക്കുവേണ്ടിയും ഞാന്‍ വേലചെയ്തു. പത്തുതവണ അങ്ങ് എന്റെ കൂലിയില്‍ മാറ്റം വരുത്തി.
42 : എന്റെ പിതാവായ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ഭയവുമായവന്‍ എന്റെ ഭാഗത്തില്ലായിരുന്നെങ്കില്‍ അങ്ങ് എന്നെ വെറുംകൈയോടെ പറഞ്ഞുവിടുമായിരുന്നു. എന്റെ കഷ്ടപ്പാടും ദേഹാധ്വാനവും ദൈവം കണ്ടു. അതു കൊണ്ടാണു കഴിഞ്ഞരാത്രി അവിടുന്ന് അങ്ങയെ ശകാരിച്ചത്.
ലാബാനുമായി ഉടമ്പടി
43 : ലാബാന്‍ യാക്കോബിനോടു പറഞ്ഞു: ഈ പെണ്‍മക്കള്‍ എന്റെ പുത്രിമാരാണ്, ഈ കുട്ടികള്‍ എന്റെ കുട്ടികളും. ഈ ആട്ടിന്‍കൂട്ടവും എന്റേതുതന്നെ. ഈ കാണുന്നതൊക്കെ എന്റേതാണ്. എന്റെ ഈപെണ്‍മക്കള്‍ക്കും അവര്‍ക്കുണ്ടായ കുട്ടികള്‍ക്കും വേണ്ടി എന്താണ് എനിക്കിന്നു ചെയ്യാന്‍ കഴിയുക?
44 : നമുക്കൊരു ഉടമ്പടിയുണ്ടാക്കാം. എനിക്കും നിനക്കും മധ്യേ അതൊരു സാക്ഷ്യമായിരിക്കട്ടെ.
45 : അപ്പോള്‍ യാക്കോബ് ഒരു കല്ലെടുത്ത് തൂണായി കുത്തിനിര്‍ത്തി.
46 : കല്ലുപെറുക്കിക്കൂട്ടുക, യാക്കോബ് തന്റെ ചാര്‍ച്ചക്കാരോടു പറഞ്ഞു. അവര്‍ കല്ലെടുത്ത് ഒരു കൂമ്പാരം കൂട്ടി. ആ കൂമ്പാരത്തിന്‍മേല്‍ ഇരുന്ന് അവര്‍ ഭക്ഷണം കഴിച്ചു.
47 : ലാബാന്‍ അതിനെ യേഗാര്‍സഹദൂത്ത എന്നുവിളിച്ചു, യാക്കോബ് അതിനെ ഗലേദ് എന്നും.
48 : ഈ കല്‍ക്കൂമ്പാരം എനിക്കും നിനക്കും മധ്യേ സാക്ഷ്യമായിരിക്കും എന്നു ലാബാന്‍ പറഞ്ഞു. അതുകൊണ്ടാണ്, ഗലേദ് എന്ന് അതിനു പേരു ലഭിച്ചത്. തൂണിനു മിസ്പ എന്നു പേരിട്ടു.
49 : കാരണം, ലാബാന്‍ പറഞ്ഞു: നാം പരസ്പരം പിരിഞ്ഞിരിക്കുമ്പോള്‍ കര്‍ത്താവ് എനിക്കും നിനക്കും മധ്യേ കാവലായിരിക്കട്ടെ.
50 : എന്റെ പുത്രിമാരോടു നീ അപമര്യാദയായി പെരുമാറുകയോ എന്റെ പുത്രിമാര്‍ക്കുപുറമേ നീ ഭാര്യമാരെ സ്വീകരിക്കുകയോ ചെയ്താല്‍ ആരും നമ്മുടെ കൂടെയില്ലെങ്കിലും ദൈവം നമുക്കു മധ്യേ സാക്ഷിയാണെന്ന് ഓര്‍ക്കുക.
51 : ലാബാന്‍ യാക്കോബിനോടു പറഞ്ഞു: എനിക്കും നിനക്കും മധ്യേ ഞാന്‍ ഉയര്‍ത്തിയിരിക്കുന്ന ഈ തൂണും കല്‍ക്കൂമ്പാരവും കാണുക.
52 : നിന്നെ ഉപദ്രവിക്കാന്‍ ഈ കൂമ്പാരത്തിന് അപ്പുറത്തേക്കു ഞാനും എന്നെ ഉപദ്രവിക്കാന്‍ ഈ കൂമ്പാരത്തിനും തൂണിനും ഇപ്പുറത്തേക്കു നീയും കടക്കുകയില്ല എന്നതിന് ഈ കൂമ്പാരവും തൂണും സാക്ഷിയായിരിക്കട്ടെ.
53 : അബ്രാഹത്തിന്റെയും നാഹോറിന്റെയും അവരുടെ പിതാവിന്റെയും ദൈവം നമുക്കു മധ്യേ വിധിയാളനായിരിക്കട്ടെ. യാക്കോബും തന്റെ പിതാവായ ഇസഹാക്കു ഭയപ്പെട്ടിരുന്ന ദൈവത്തിന്റെ നാമത്തില്‍ സത്യംചെയ്തു.
54 : മലമുകളില്‍ യാക്കോബു ബലിയര്‍പ്പിക്കുകയും അപ്പം ഭക്ഷിക്കാന്‍ തന്റെ ചാര്‍ച്ചക്കാരെ ക്ഷണിക്കുകയും ചെയ്തു. അവര്‍ അപ്പം ഭക്ഷിച്ച്, രാത്രിമുഴുവന്‍ മലമുകളില്‍ കഴിച്ചുകൂട്ടി.
55 : ലാബാന്‍ അതിരാവിലെ എഴുന്നേറ്റ് തന്റെ മക്കളെയും മക്കളുടെ മക്കളെയും ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തിട്ട് വീട്ടിലേക്കു മടങ്ങി.