1 : യാക്കോബിനു മക്കളെ നല്‍കാന്‍ തനിക്കു സാധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ റാഹേലിനു തന്റെ സഹോദരിയോട് അസൂയതോന്നി.
2 : അവള്‍ യാക്കോബിനോടു പറഞ്ഞു: എനിക്കും മക്കളെ തരുക. അല്ലെങ്കില്‍ ഞാന്‍ മരിക്കും. യാക്കോബ് കോപിച്ച് അവളോടു പറഞ്ഞു: ഞാന്‍ ദൈവത്തിന്റെ സ്ഥാനത്താണോ? അവിടുന്നല്ലേ നിനക്കു സന്താനം നിഷേധിച്ചിരിക്കുന്നത്?
3 : അവള്‍ പറഞ്ഞു: ഇതാ, എന്റെ പരിചാരികയായ ബില്‍ഹാ; അവളെ പ്രാപിക്കുക. അവളുടെ സന്താനത്തെ അവള്‍ എന്റെ മടിയില്‍ വയ്ക്കും. അങ്ങനെ അവളിലൂടെ എനിക്കും മക്കളെ ലഭിക്കും.
4 : അവള്‍ തന്റെ പരിചാരിക ബില്‍ഹായെ അവനു നല്‍കി, യാക്കോബ് അവളെ പ്രാപിച്ചു.
5 : ബില്‍ഹാ ഗര്‍ഭംധരിക്കുകയും യാക്കോബിന് അവളില്‍ ഒരു പുത്രന്‍ ജനിക്കുകയും ചെയ്തു.
6 : അപ്പോള്‍ റാഹേല്‍ പറഞ്ഞു: ദൈവം എനിക്കനുകൂലമായി വിധിച്ചിരിക്കുന്നു. എന്റെ പ്രാര്‍ഥനകേട്ട് എനിക്കൊരു പുത്രനെ നല്‍കിയിരിക്കുന്നു. അതുകൊണ്ട്, അവള്‍ അവന് ദാന്‍ എന്നു പേരിട്ടു.
7 : റാഹേലിന്റെ പരിചാരികയായ ബില്‍ഹാ വീണ്ടും ഗര്‍ഭിണിയായി. അവളില്‍ യാക്കോബിന് രണ്ടാമതൊരു പുത്രന്‍കൂടി ജനിച്ചു.
8 : റാഹേല്‍ പറഞ്ഞു: എന്റെ സഹോദരിയുമായി കടുത്ത മത്‌സരം നടത്തി ഞാന്‍ ജയിച്ചിരിക്കുന്നു. അവള്‍ അവനെ നഫ്താലി എന്നുവിളിച്ചു.
9 : തനിക്കു വീണ്ടും മക്കളുണ്ടാവുന്നില്ല എന്നു കണ്ട ലെയാ തന്റെ പരിചാരികയായ സില്‍ഫായെ യാക്കോബിനു നല്‍കി.
10 : ലെയായുടെ പരിചാരികയായ സില്‍ഫായില്‍ യാക്കോബിന് ഒരു പുത്രന്‍ ജനിച്ചു.
11 : ഭാഗ്യം എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് ലെയാ അവന് ഗാദ് എന്നു പേരിട്ടു.
12 : ലെയായുടെ പരിചാരികയായ സില്‍ഫായില്‍ യാക്കോബിന് വീണ്ടും ഒരു പുത്രന്‍ജനിച്ചു.
13 : ലെയാ പറഞ്ഞു: ഞാന്‍ ഭാഗ്യവതിയാണ്, സ്ത്രീകള്‍എന്നെ ഭാഗ്യവതിയെന്നു വിളിക്കും. അതുകൊണ്ട് അവള്‍ അവന് ആഷേര്‍ എന്നു പേരിട്ടു.
14 : ഗോതമ്പു കൊയ്യുന്ന കാലത്ത് റൂബന്‍ വയലില്‍പ്പോയി. അവന്‍ ദൂദായിപ്പഴം കാണുകയും അവ പറിച്ചുകൊണ്ടുവന്നു തന്റെ അമ്മയായ ലെയായ്ക്കു കൊടുക്കുകയും ചെയ്തു. അപ്പോള്‍ റാഹേല്‍ ലെയായോട് നിന്റെ മകന്‍ കൊണ്ടുവന്ന ദൂദായിപ്പഴം കുറച്ച് എനിക്കും തരുക എന്നുപറഞ്ഞു.
15 : ലെയാ കയര്‍ത്തു പറഞ്ഞു: എന്റെ ഭര്‍ത്താവിനെ കൈയടക്കി വച്ചിരിക്കുന്നതുപോരേ? എന്റെ മകന്റെ ദൂദായിപ്പഴവും നിനക്കുവേണോ? റാഹേല്‍ പറഞ്ഞു: നിന്റെ മകന്റെ ദൂദായിപ്പഴത്തിനു പ്രതിഫലമായി അദ്‌ദേഹം ഇന്നു രാത്രി നിന്റെ കൂടെ ശയിച്ചുകൊള്ളട്ടെ.
16 : യാക്കോബ് വൈകുന്നേരം വയലില്‍നിന്നു വന്നപ്പോള്‍ ലെയാ അവനോടു പറഞ്ഞു: അങ്ങ് ഇന്ന് എന്റെയടുത്തു വരണം; കാരണം, എന്റെ മകന്റെ ദൂദായിപ്പഴം കൊടുത്തു ഞാനങ്ങയെ വാങ്ങിയിരിക്കയാണ്. അവന്‍ അന്നുരാത്രി അവളോടുകൂടെ ശയിച്ചു.
17 : ദൈവം ലെയായുടെ പ്രാര്‍ഥന കേട്ടു. അവള്‍ വീണ്ടും ഗര്‍ഭം ധരിച്ച് യാക്കോബിന് അഞ്ചാമതൊരു മകനെക്കൂടി നല്‍കി.
18 : എന്റെ പരിചാരികയെ ഭര്‍ത്താവിനു കൊടുത്തതിനു ദൈവം എനിക്കു പ്രതിഫലം തന്നു എന്നുപറഞ്ഞ് അവള്‍ അവനെ ഇസ്‌സാക്കര്‍ എന്നുവിളിച്ചു. ലെയാ വീണ്ടും ഗര്‍ഭിണിയായി.
19 : യാക്കോബിന് അവള്‍ ആറാമത്തെ മകനെ പ്രദാനംചെയ്തു.
20 : ദൈവം എനിക്കു നല്ല സമ്മാനം തന്നിരിക്കുന്നു. ഇനി ഭര്‍ത്താവ് എന്നോടൊത്തു വസിക്കും. അവനു ഞാന്‍ ആറുമക്കളെ കൊടുത്തിരിക്കുന്നല്ലോ എന്നു പറഞ്ഞ് അവള്‍ അവനു സെബുലൂണ്‍ എന്നു പേരിട്ടു.
21 : അവള്‍ക്ക് ഒരു പുത്രിയും ജനിച്ചു. അവള്‍ തന്റെ പുത്രിയെ ദീനാ എന്നുവിളിച്ചു.
22 : ദൈവം റാഹേലിനെ സ്മരിച്ചു. അവിടുന്ന് അവളുടെ പ്രാര്‍ഥന കേള്‍ക്കുകയും അവളുടെ വന്ധ്യത്വം അവസാനിപ്പിക്കുകയും ചെയ്തു.
23 : അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: എന്റെ അപമാനം ദൈവം നീക്കിക്കളഞ്ഞിരിക്കുന്നു.
24 : കര്‍ത്താവ് എനിക്ക് ഒരു പുത്രനെക്കൂടി തരട്ടെ എന്നുപറഞ്ഞ് അവള്‍ അവന് ജോസഫ് എന്നു പേരിട്ടു.
യാക്കോബിന്റെ സമ്പത്ത്
25 : റാഹേല്‍ ജോസഫിനെ പ്രസവിച്ചു കഴിഞ്ഞ്, യാക്കോബ് ലാബാനോടു പറഞ്ഞു: എന്നെ പറഞ്ഞയയ്ക്കുക. ഞാന്‍ എന്റെ നാട്ടിലേക്കു പോകട്ടെ.
26 : എന്റെ ഭാര്യമാരെയും മക്കളെയും എനിക്കു തരുക. അവര്‍ക്കു വേണ്ടിയാണ് ഞാന്‍ അങ്ങയെ സേവിച്ചത്. ഇനി ഞാന്‍ പോകട്ടെ. ഞാന്‍ ചെയ്ത സേവനം അങ്ങേയ്ക്ക് അറിയാമല്ലോ.
27 : ലാബാന്‍ മറുപടിപറഞ്ഞു: നിനക്ക് എന്നോടു താത്പര്യമുണ്ടെങ്കില്‍ നീ പോകരുത്, നീ മൂലമാണ് കര്‍ത്താവ് എന്നെ അനുഗ്രഹിച്ചത് എന്ന് എനിക്കറിയാം.
28 : നിനക്കെന്തു പ്രതിഫലം വേണമെന്നു പറയുക. അതു ഞാന്‍ തരാം.
29 : യാക്കോബ് അവനോടു പറഞ്ഞു: ഞാന്‍ എപ്രകാരം അങ്ങേക്കുവേണ്ടി ജോലിചെയ്‌തെന്നും എന്റെ മേല്‍നോട്ടത്തില്‍ അങ്ങയുടെ ആടുമാടുകള്‍ എത്ര പെരുകിയെന്നും അങ്ങേക്കറിയാമല്ലോ.
30 : ഞാന്‍ വരുന്നതിനുമുന്‍പു വളരെക്കുറച്ച് ആടുകളേ അങ്ങേക്കുണ്ടായിരുന്നുള്ളു. ഇപ്പോള്‍ അവ വളരെ പെരുകിയിരിക്കുന്നു. ഞാന്‍ പോയിടത്തെല്ലാം കര്‍ത്താവ് അങ്ങയെ കടാക്ഷിച്ചിരിക്കുന്നു. ഇനി എന്റെ കുടുംബത്തിനുവേണ്ടി എന്നാണു ഞാനെന്തെങ്കിലും സമ്പാദിക്കുക?
31 : ലാബാന്‍ ചോദിച്ചു: ഞാന്‍ നിനക്ക് എന്തു തരണം? യാക്കോബ് പറഞ്ഞു: അങ്ങ് എനിക്ക് ഒന്നും തരേണ്ടാ. ഞാന്‍ പറയുന്ന വ്യവസ്ഥ സ്വീകരിക്കാമെങ്കില്‍, ഇനിയും അങ്ങയുടെ ആടുകളെ ഞാന്‍ മേയിച്ചുകൊള്ളാം.
32 : അങ്ങയുടെ ആട്ടിന്‍കൂട്ടത്തില്‍ നിന്നു പൊട്ടോ പുള്ളിയോ ഉള്ള ആടുകളെയും കറുത്ത ചെമ്മരിയാടുകളെയും പൊട്ടോ പുള്ളിയോ ഉള്ള കോലാടുകളെയും ഞാന്‍ വേര്‍തിരിക്കാം. അവ എന്റെ പ്രതിഫലമായിരിക്കട്ടെ.
33 : മേലില്‍ അങ്ങ് എന്റെ പ്രതിഫലം പരിശോധിക്കുമ്പോള്‍ എന്റെ വിശ്വസ്തത അങ്ങേക്കു ബോധ്യമാകും. എന്റെ കോലാടുകളില്‍ പൊട്ടോ പുള്ളിയോ ഇല്ലാത്തതും ചെമ്മരിയാടുകളില്‍ കറുപ്പില്ലാത്തതും കണ്ടാല്‍, അവ മോഷ്ടിക്കപ്പെട്ടതായി കണക്കാക്കാം.
34 : ലാബാന്‍ പറഞ്ഞു: ശരി, നീ പറഞ്ഞതു പോലെ തന്നെയാകട്ടെ.
35 : അന്നുതന്നെ ലാബാന്‍ പൊട്ടോ പുള്ളിയോ ഉള്ള എല്ലാ മുട്ടാടുകളെയും പെണ്ണാടുകളെയും വെളുത്ത മറുകുള്ള എല്ലാ ആടുകളെയും കറുത്ത ചെമ്മരിയാടുകളെയും വേര്‍തിരിച്ച് അവയെ തന്റെ പുത്രന്‍മാരെ ഏല്‍പിച്ചു.
36 : ബാക്കിയുള്ള ആടുകളെ യാക്കോബിനെ ഏല്‍പിച്ചു. തനിക്കും യാക്കോബിനും മധ്യേ മൂന്നു ദിവസത്തെയാത്രാദൂരം ഏര്‍പ്പെടുത്തുകയും ചെയ്തു.
38 : താന്‍ തൊലിയുരിഞ്ഞുമാറ്റിയ കമ്പുകള്‍ ആടുകള്‍ വെള്ളം കുടിക്കുന്ന പാത്തികളില്‍ അവയുടെ മുന്‍പില്‍ അവന്‍ കുത്തിനിര്‍ത്തി. വെള്ളം കുടിക്കാന്‍ വരുമ്പോഴാണ് അവ ഇണചേരാറുള്ളത്.
39 : ആടുകള്‍ ഈ കമ്പുകളുടെ മുന്‍പില്‍ ഇണചേര്‍ന്നു. അവയ്ക്കു പൊട്ടും പുള്ളിയും വരയുമുള്ള കുട്ടികളുണ്ടായി.
40 : യാക്കോബ് ചെമ്മരിയാടുകളെ വേര്‍തിരിച്ച് ലാബാന്റെ കൂട്ടത്തിലെ വരയുള്ളതും കറുത്തതുമായ ആടുകളുടെ നേരേ നിര്‍ത്തി. തന്റെ കൂട്ടത്തെ ലാബാന്റേതിനോടു ചേര്‍ക്കാതെ മാറ്റിനിര്‍ത്തുകയും ചെയ്തു.
41 : കൊഴുത്ത ആടുകള്‍ ഇണചേരുമ്പോള്‍ അവന്‍ ഈ കമ്പുകള്‍ അവയുടെ കണ്‍മുന്‍പില്‍ പാത്തികളില്‍ വയ്ക്കും. തന്‍മൂലം കമ്പുകള്‍ക്കിടയില്‍ അവ ഇണചേര്‍ന്നു.