P. O. C ബൈബിള്‍
പഴയ നിയമം
നിയമാവര്‍ത്തനം
അദ്ധ്യായം 23
സഭയില്‍ പ്രവേശനമില്ലാത്തവര്‍1 : വൃഷണം ഉടയ്ക്കപ്പെട്ടവനോ ലിംഗം ഛേദിക്കപ്പെട്ടവനോ കര്‍ത്താവിന്റെ സഭയില്‍ പ്രവേശിക്കരുത്.
2 : വേശ്യാപുത്രന്‍ കര്‍ത്താവിന്റെ സഭയില്‍ പ്രവേശിക്കരുത്. പത്താമത്തെ തലമുറവരെ അവന്റെ സന്തതികളും കര്‍ത്താവിന്റെ സഭയില്‍ പ്രവേശിക്കരുത്.
3 : അമ്മോന്യരോ മൊവാബ്യരോ കര്‍ത്താവിന്റെ സഭയില്‍ പ്രവേശിക്കരുത്. അവരുടെ പത്താമത്തെ തലമുറപോലും കര്‍ത്താവിന്റെ സഭയില്‍ പ്രവേശിക്കരുത്.
4 : എന്തെന്നാല്‍, നിങ്ങള്‍ ഈജിപ്തില്‍നിന്നു പോരുന്ന വഴിക്ക് അവര്‍ നിങ്ങള്‍ക്ക് അപ്പവും വെള്ളവും തന്നില്ല; നിങ്ങളെ ശപിക്കാന്‍വേണ്ടി മെസൊപ്പൊട്ടാമിയായിലെ പെത്തോറില്‍നിന്നു ബയോറിന്റെ മകനായ ബാലാമിനെ കൂലിക്കെടുക്കുകയും ചെയ്തു.
5 : എങ്കിലും നിങ്ങളുടെ ദൈവമായ കര്‍ത്താവു ബാലാമിന്റെ വാക്കു കേട്ടില്ല. നിങ്ങളെ സ്‌നേഹിച്ചതുകൊണ്ട് അവന്റെ ശാപത്തെ അവിടുന്ന് അനുഗ്രഹമായി മാറ്റി.
6 : ഒരു കാലത്തും അവര്‍ക്കു ശാന്തിയോ നന്‍മയോ നിങ്ങള്‍ കാംക്ഷിക്കരുത്.
7 : ഏദോമ്യരെ വെറുക്കരുത്; അവര്‍ നിങ്ങളുടെ സഹോദരരാണ്. ഈജിപ്തുകാരെയും വെറുക്കരുത്. എന്തെന്നാല്‍, അവരുടെ രാജ്യത്ത് നിങ്ങള്‍ പരദേശികളായിരുന്നു.
8 : അവരുടെ മൂന്നാം തലമുറയിലെ മക്കള്‍ കര്‍ത്താവിന്റെ സഭയില്‍ പ്രവേശിച്ചുകൊള്ളട്ടെ.
9 : ശത്രുക്കള്‍ക്കെതിരായി പാളയമടിക്കുമ്പോള്‍ നിങ്ങള്‍ എല്ലാ തിന്‍മകളിലും നിന്നു വിമുക്തരായിരിക്കണം.
10 : സ്വപ്നസ്ഖലനത്താല്‍ ആരെങ്കിലും അശുദ്ധനായിത്തീര്‍ന്നാല്‍ അവന്‍ പാളയത്തിനു പുറത്തു പോകട്ടെ; അകത്തു പ്രവേശിക്കരുത്.
11 : സായാഹ്‌ന മാകുമ്പോള്‍ കുളിച്ചു ശുദ്ധനായി, സൂര്യാസ്തമയത്തിനു ശേഷം അവനു പാളയത്തിനകത്തു വരാം.
12 : മലമൂത്രവിസര്‍ജനത്തിനായി പാളയത്തിനുപുറത്ത് ഒരു സ്ഥലമുണ്ടായിരിക്കണം.
13 : ആയുധങ്ങളോടൊപ്പം നിനക്കൊരു പാരയുമുണ്ടായിരിക്കണം. മലവിസര്‍ജനം ചെയ്യുമ്പോള്‍ കുഴിയുണ്ടാക്കി മലം മണ്ണിട്ടു മൂടാനാണ് അത്.
14 : നിന്നെ സംരക്ഷിക്കാനും നിന്റെ ശത്രുക്കളെ നിനക്ക് ഏല്‍പിച്ചുതരാനും ആയി നിന്റെ ദൈവമായ കര്‍ത്താവ് പാളയത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. ശുചിത്വമില്ലാത്ത എന്തെങ്കിലും നിങ്ങളുടെയിടയില്‍ കണ്ട് അവിടുന്ന് നിന്നില്‍നിന്ന് അകന്നുപോകാതിരിക്കേണ്ടതിനായി പാളയം പരിശുദ്ധമായി സൂക്ഷിക്കണം.
15 : ഒളിച്ചോടിവന്നു നിന്റെയടുക്കല്‍ അഭയം തേടുന്ന അടിമയെ യജമാനനു ഏല്‍പിച്ചു കൊടുക്കരുത്.
16 : നിന്റെ ഏതെങ്കിലും ഒരു പട്ടണത്തില്‍ ഇഷ്ടമുള്ളിടത്ത് നിന്നോടുകൂടെ അവന്‍ വസിച്ചുകൊള്ളട്ടെ; അവനെ പീഡിപ്പിക്കരുത്.
17 : ഇസ്രായേല്‍ സ്ത്രീകളിലാരും ദേവദാസികളാവരുത്. ഇസ്രായേല്‍ പുരുഷന്‍മാരും ദേവന്‍മാരുടെ ആലയങ്ങളില്‍ വേശ്യാവൃത്തിയിലേര്‍പ്പെടരുത്.
18 : വേശ്യയുടെ വേതനമോ നായയുടെ കൂലിയോ നിന്റെ ദൈവമായ കര്‍ത്താവിന്റെ ആലയത്തിലേക്കു നേര്‍ച്ചയായി കൊണ്ടുവരരുത്. ഇവ രണ്ടും അവിടുത്തേക്കു നിന്ദ്യമാണ്.
19 : നിന്റെ സഹോദരന് ഒന്നും - പണമോ ഭക്ഷ്യസാധനങ്ങളോ മറ്റെന്തെങ്കിലുമോ - പലിശയ്ക്കു കൊടുക്കരുത്.
20 : വിദേശീയനു പലിശയ്ക്കു കടംകൊടുക്കാം. എന്നാല്‍, നിന്റെ സഹോദരനില്‍നിന്നു പലിശ വാങ്ങരുത്. നീ കൈവശമാക്കാന്‍ പോകുന്ന ദേശത്ത് നിന്റെ സകല പ്രവൃത്തികളിലും നിന്റെ ദൈവമായ കര്‍ത്താവ് നിന്നെ അനുഗ്രഹിക്കേണ്ടതിനാണിത്.
21 : നിന്റെ ദൈവമായ കര്‍ത്താവിനു നേരുന്ന നേര്‍ച്ചകള്‍ നിറവേറ്റാന്‍ വൈകരുത്; അവിടുന്നു നിശ്ചയമായും അതു നിന്നോട് ആവശ്യപ്പെടും; നീ കുറ്റക്കാരനാവുകയും ചെയ്യും.
22 : എന്നാല്‍, നേര്‍ച്ച നേരാതിരുന്നാല്‍ പാപമാകുകയില്ല.
23 : വാക്കു പാലിക്കാന്‍ നീ ശ്രദ്ധിക്കണം. വാഗ്ദാനം ചെയ്തപ്പോള്‍ സ്വമേധയാ നിന്റെ ദൈവമായ കര്‍ത്താവിനു നേരുകയായിരുന്നു.
24 : അയല്‍ക്കാരന്റെ മുന്തിരിത്തോട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ നിനക്കിഷ്ടമുള്ളിടത്തോളം ഫലങ്ങള്‍ പറിച്ചു തിന്നുകൊള്ളുക. എന്നാല്‍, അവയിലൊന്നുപോലും പാത്രത്തിലാക്കരുത്.
25 : അയല്‍ക്കാരന്റെ ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോള്‍ കൈകൊണ്ട് കതിരുകള്‍ പറിച്ചെടുത്തുകൊള്ളുക; അരിവാള്‍കൊണ്ടു കൊയ്‌തെടുക്കരുത്.