Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഉല്‍‍പത്തി പുസ്തകം

,

ആമുഖം


ആമുഖം

  • ഉത്പത്തിപുസ്തകം ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രത്തിലെ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു.
    ബി.സി. പത്തൊമ്പതാം നൂറ്റാണ്ടില്‍ സംഭവിച്ചെന്നു പൊതുവേ കരുതപ്പെടുന്ന അബ്രാഹത്തിന്റെ വിളിയാണ് ബൈബിളിലെ രക്ഷാചരിത്രത്തിന്റെ ആരംഭം. സൃഷ്ടിയുടെ ആരംഭം മുതല്‍ ദൈവം അബ്രാഹത്തെ വിളിക്കുന്നതുവരെയുള്ള ദീര്‍ഘമായ കാലഘട്ടത്തിലെ ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രമാണ് ആദ്യത്തെ പതിനൊന്നധ്യായങ്ങള്‍. ഇതിനു വ്യക്തമായ ചരിത്രസാക്ഷ്യങ്ങളില്ല. ആലങ്കാരിക ശൈലിയില്‍, സമകാലികര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ ലളിതവും മനോഹരവുമായി ഈ ഭാഗം രചിച്ചിരിക്കുന്നു. അതിനാല്‍, മറ്റു ചരിത്രഗ്രന്ഥങ്ങളുമായി ഈ ഭാഗത്തെ തുലനം ചെയ്തുകൂടാ. സൗഭാഗ്യപൂര്‍ണമായ അവസ്ഥയില്‍ ദൈവം സൃഷ്ടിച്ച മനുഷ്യന് ഒരു രക്ഷാകരപദ്ധതി ആവശ്യകമായിത്തീര്‍ന്നത് എങ്ങനെയെന്ന് ഇവിടെ വ്യക്തമാക്കുന്നു. ആദ്യഭാഗത്തിന്റെ ഉള്ളടക്കത്തെ ഇപ്രകാരം വിഭജിക്കാം.
    ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. 1, 1-2, 25.
    മനുഷ്യന്റെ പതനം 3, 1-24.
    തിന്മ വര്‍ദ്ധിക്കുന്നു:
    കായേനും ആബേലും, ജലപ്രളയം, ബാബേല്‍ഗോപുരം 4, 1-11, 9.
    അബ്രാഹത്തിന്റെ പൂര്‍വികര്‍ 11, 10-32.
    പന്ത്രണ്ടാമധ്യായം മുതല്‍ അവതരണരൂപത്തില്‍ മാത്രമല്ല ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രത്തിലും നിര്‍ണായകമായ മാറ്റം സംഭവിക്കുന്നു. ദൈവത്തിന്റെ സാര്‍വത്രികമായ പരിപാലനത്തിന്റെ ചരിത്രത്തില്‍ നിന്നു ദൈവപരിപാലനം മുഴുവന്‍ കേന്ദ്രീകൃതമായ ഒരു പ്രത്യേക ജനതയുടെ ചരിത്രത്തിലേക്കു നാം കടക്കുന്നു. എന്നാല്‍, ദൈവം മറ്റു ജനതകളെ ഉപേക്ഷിക്കുകയല്ല, വിശ്വസ്തമായ ഒരു ചെറിയ ഗണത്തിലൂടെ സാര്‍വത്രികമായ ഒരു രക്ഷാപദ്ധതിക്കു രൂപംകൊടുക്കുകയാണു ചെയ്യുന്നത്. അവിടുന്ന് അബ്രാഹത്തോടു വാഗ്ദാനം ചെയ്തു: നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും (ഉത്പ 12,3). അബ്രാഹംമുതല്‍ ജോസഫ് വരെയുള്ള പൂര്‍വപിതാക്കന്‍മാരുടെ ചരിത്രമാണ് 12 മുതല്‍ 50 വരെയുള്ള അധ്യായങ്ങള്‍. ദൈവത്തിന്റെ വിളികേട്ട് ഹാരാനില്‍നിന്ന് ഏകനായി ഇറങ്ങിത്തിരിച്ച അബ്രാഹത്തിന്റെ സന്തതികള്‍ വാഗ്ദത്തഭൂമിയായ കാനാനില്‍നിന്ന് ഈജിപ്തിലെത്തി വാസമുറപ്പിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നു.
    അബ്രാഹത്തിന്റെ ചരിത്രം 12, 1-25, 18.
    ഇസഹാക്കും യാക്കോബും 25, 19-36, 43.
    ജോസഫും സഹോദരന്‍മാരും 37, 1-50, 26. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 19:20:03 IST 2024
Back to Top