1 : ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു.
2 : അവള്‍ ഉടനെ ഓടി ശിമയോന്‍ പത്രോസിന്റെയും യേശു സ്‌നേഹിച്ചിരുന്ന മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, അവനെ അവര്‍ എവിടെ വച്ചുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
3 : പത്രോസ് ഉടനെ മറ്റേ ശിഷ്യനോടുകൂടെ കല്ലറയുടെ അടുത്തേക്കു പോയി. അവര്‍ ഇരുവരും ഒരുമിച്ച് ഓടി.
4 : എന്നാല്‍, മറ്റേ ശിഷ്യന്‍ പത്രോസിനെക്കാള്‍ കൂടുതല്‍ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി.
5 : കുനിഞ്ഞു നോക്കിയപ്പോള്‍ കച്ച കിടക്കുന്നത് അവന്‍ കണ്ടു. എങ്കിലും അവന്‍ അകത്തു പ്രവേശിച്ചില്ല.
6 : അവന്റെ പിന്നാലെ വന്ന ശിമയോന്‍ പത്രോസ് കല്ലറയില്‍ പ്രവേശിച്ചു.
7 : കച്ച അവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്നതൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവന്‍ കണ്ടു.
8 : അപ്പോള്‍ കല്ലറയുടെ സമീപത്ത് ആദ്യം എത്തിയ മറ്റേ ശിഷ്യനും അകത്തു പ്രവേശിച്ച് കണ്ടു വിശ്വസിച്ചു.
9 : അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു എന്നതിരുവെഴുത്ത് അവര്‍ അതുവരെ മനസ്‌സിലാക്കിയിരുന്നില്ല.
10 : അനന്തരം ശിഷ്യന്‍മാര്‍ മടങ്ങിപ്പോയി.
യേശു മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെടുന്നു (മര്‍ക്കോസ് 16: 916 : 11 )
11 : മറിയം കല്ലറയ്ക്കു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്നു. അവള്‍ കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കുനിഞ്ഞു കല്ലറയിലേക്കു നോക്കി.
12 : വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്‍മാര്‍ യേശുവിന്റെ ശരീരം വച്ചിരുന്നിടത്ത്, ഒരുവന്‍ തലയ്ക്കലും ഇതരന്‍ കാല്‍ക്കലുമായി ഇരിക്കുന്നത് അവള്‍ കണ്ടു.
13 : അവര്‍ അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണു നീ കരയുന്നത്? അവള്‍ പറഞ്ഞു: എന്റെ കര്‍ത്താവിനെ അവര്‍ എടുത്തുകൊണ്ടുപോയി; അവര്‍ അവനെ എവിടെയാണു വച്ചിരിക്കുന്നത് എന്ന് എനിക്കറിഞ്ഞുകൂടാ.
14 : ഇതു പറഞ്ഞിട്ട് പുറകോട്ടു തിരിഞ്ഞപ്പോള്‍ യേശു നില്‍ക്കുന്നത് അവള്‍ കണ്ടു. എന്നാല്‍, അത് യേശുവാണെന്ന് അവള്‍ക്കു മനസ്‌സിലായില്ല.
15 : യേശു അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്? അതു തോട്ടക്കാരനാണെന്നു വിചാരിച്ച് അവള്‍ പറഞ്ഞു: പ്രഭോ, അങ്ങ് അവനെ എടുത്തുകൊണ്ടു പോയെങ്കില്‍ എവിടെ വച്ചു എന്ന് എന്നോടു പറയുക. ഞാന്‍ അവനെ എടുത്തുകൊണ്ടുപൊയ്‌ക്കൊള്ളാം.
16 : യേശു അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞ് റബ്‌ബോനി എന്ന് ഹെബ്രായ ഭാഷയില്‍ വിളിച്ചു വേഗുരു എന്നര്‍ഥം.
17 : യേശു പറഞ്ഞു: നീ എന്നെതടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരന്‍മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക.
18 : മഗ്ദലേനമറിയം ചെന്ന് ഞാന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന്‍ ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞു എന്നും ശിഷ്യന്‍മാരെ അറിയിച്ചു.
19 : ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
20 : ഇപ്രകാരം പറഞ്ഞുകൊണ്ട് അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്‍മാര്‍ സന്തോഷിച്ചു.
21 : യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.
22 : ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍.
23 : നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.
തോമസിന്റെ സംശയം
24 : പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല.
25 : അതുകൊണ്ടു മറ്റു ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല.
26 : എട്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അവന്റെ ശിഷ്യന്‍മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
27 : അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.
28 : തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!
29 : യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
30 : ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു.
31 : എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്.