P. O. C ബൈബിള്‍
പുതിയ നിയമം
ലൂക്കാ
അദ്ധ്യായം 1
പ്രാരംഭം1 : നമ്മുടെ ഇടയില്‍ നിറവേറിയ കാര്യങ്ങളുടെ വിവരണം എഴുതാന്‍ അനേകം പേര്‍ പരിശ്രമിച്ചിട്ടുണ്ടല്ലോ.
2 : അതാകട്ടെ ആദിമുതല്‍തന്നെ വചനത്തിന്റെ ദൃക്‌സാക്ഷികളും ശുശ്രൂഷകന്‍മാരും ആയിരുന്നവര്‍ ന മുക്ക് ഏല്‍പിച്ചു തന്നിട്ടുള്ളതനുസരിച്ചാണ്.
3 : അല്ലയോ, ശ്രേഷ്ഠനായ തെയോഫിലോസ്, എല്ലാകാര്യങ്ങളും പ്രാരംഭം മുതല്‍ക്കേസൂക്ഷ്മമായി പരിശോധിച്ചതിനുശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത് ഉചിത മാണെന്ന് എനിക്കും തോന്നി.
4 : അത് നിന്നെ പഠിപ്പിച്ചിട്ടുള്ള വചനങ്ങളുടെ വിശ്വസ്തതയെക്കുറിച്ചു നിനക്കുബോധ്യംവരാനാണ്.
5 : ഹേറോദേസ്‌യൂദയാരാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖ റിയാ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ.
6 : അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്ഠരും കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു.
7 : അവര്‍ക്കു മക്കളുണ്ടായിരുന്നില്ല; എലിസബത്ത് വന്ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു.
8 : തന്റെ ഗണത്തിനു നിശ്ചയിക്കപ്പെട്ടിരുന്ന ക്രമമനുസരിച്ച് ദൈവസന്നിധിയില്‍ ശുശ്രൂഷ നടത്തിവരവേ,
9 : പൗരോഹിത്യവിധിപ്രകാരം കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേ ശിച്ച് ധൂപം സമര്‍പ്പിക്കാന്‍ സഖറിയായ്ക്ക് കുറിവീണു.
10 : ധൂപാര്‍പ്പണസമയത്ത് സമൂഹം മുഴുവന്‍ വെളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
11 : അപ്പോള്‍, കര്‍ത്താവിന്റെ ദൂതന്‍ ധൂപപീഠത്തിന്റെ വലത്തുവശത്തു നില്‍ക്കുന്നതായി അവനു പ്രത്യക്ഷപ്പെട്ടു.
12 : അവനെക്കണ്ട് സഖറിയാ അസ്വസ്ഥനാവുകയും ഭയപ്പെടുകയും ചെയ്തു.
13 : ദൂതന്‍ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന് യോഹന്നാന്‍ എന്നു പേരിടണം.
14 : നിനക്ക് ആനന്ദവും സന്തുഷ്ടിയുമുണ്ടാകും. അനേകര്‍ അവന്റെ ജനനത്തില്‍ ആഹ്‌ളാദിക്കുകയുംചെയ്യും.
15 : കര്‍ത്താവിന്റെ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറയും.
16 : ഇസ്രായേല്‍മക്കളില്‍ വളരെപ്പേരെ അവരുടെ ദൈവമായ കര്‍ത്താവിലേക്ക് അവന്‍ തിരികെ കൊണ്ടുവരും.
17 : പിതാക്കന്‍മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്‍മാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്ജീകൃത മായ ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടും കൂടെ അവന്‍ കര്‍ത്താവിന്റെ മുമ്പേ പോകും.
18 : സഖറിയാ ദൂതനോടു ചോദിച്ചു: ഞാന്‍ ഇത് എങ്ങനെ അറിയും? ഞാന്‍ വൃദ്ധനാണ്; എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്.
19 : ദൂതന്‍മറുപടി പറഞ്ഞു: ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആണ്. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്തനിന്നെ അറിയിക്കാനും ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു.
20 : യഥാകാലം പൂര്‍ത്തിയാകേണ്ട എന്റെ വചനം അവിശ്വസിച്ചതു കൊണ്ട് നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല.
21 : ജനം സഖറിയായെ കാത്തുനില്‍ക്കു കയായിരുന്നു. ദേവാലയത്തില്‍ അവന്‍ വൈകുന്നതിനെപ്പററി അവര്‍ അദ്ഭുതപ്പെട്ടു.
22 : പുറത്തുവന്നപ്പോള്‍ അവരോടു സംസാരിക്കുന്നതിന് സഖറിയായ്ക്കു കഴിഞ്ഞില്ല. ദേവാലയത്തില്‍വച്ച് അവന് ഏതോ ദര്‍ശ നമുണ്ടായി എന്ന് അവര്‍ മനസ്‌സിലാക്കി. അവന്‍ അവരോട് ആംഗ്യം കാണിക്കുകയും ഊമനായി കഴിയുകയും ചെയ്തു.
23 : തന്റെ ശുശ്രൂഷയുടെ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവന്‍ വീട്ടിലേക്കു പോയി.
24 : താമസിയാതെ അവന്റെ ഭാര്യ എലിസബത്ത് ഗര്‍ഭം ധരിച്ചു. അഞ്ചു മാസത്തേക്ക് അവള്‍ മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാതെ കഴിഞ്ഞുകൂടി. അവള്‍ പറഞ്ഞു:
25 : മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപ മാനം നീക്കിക്കളയാന്‍ കര്‍ത്താവ് എന്നെ കടാക്ഷിച്ച് എനിക്ക് ഇതു ചെയ്തു തന്നിരിക്കുന്നു.
26 : ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍,
27 : ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു.
28 : ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!
29 : ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ഥം എന്ന് അവള്‍ ചിന്തിച്ചു.
30 : ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.
31 : നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.
32 : അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.
33 : യാക്കോ ബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല.
34 : മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.
35 : ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അഃ്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.
36 : ഇതാ, നിന്റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്.
37 : ദൈവത്തിന് ഒന്നും അസാധ്യമല്ല.
38 : മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.
39 : ആദിവസങ്ങളില്‍, മറിയംയൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍യാത്രപുറപ്പെട്ടു.
40 : അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു.
41 : മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി.
42 : അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം.
43 : എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?
44 : ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി.
45 : കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.
47 : എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.
48 : അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.
49 : ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു,
50 : അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും.
51 : അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു;
52 : ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.
53 : വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി;
54 : തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
55 : നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.
56 : മറിയം അവളുടെകൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.
57 : എലിസബത്തിനു പ്രസവസമയമായി; അവള്‍ ഒരു പുത്രനെ പ്രസവിച്ചു.
58 : കര്‍ത്താവ് അവളോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട അയല്‍ക്കാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു.
59 : എട്ടാംദിവസം അവര്‍ ശിശുവിന്റെ പരിച്‌ഛേദനത്തിനു വന്നു. പിതാവിന്റെ പേര നുസരിച്ച് സഖറിയാ എന്ന് അവനു പേരു നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു.
60 : എന്നാല്‍, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവന്‍ യോഹന്നാന്‍ എന്നു വിളിക്കപ്പെടണം.
61 : അവര്‍ അവളോടു പറഞ്ഞു: നിന്റെ ബന്ധുക്കളിലാര്‍ക്കും ഈ പേര് ഇല്ലല്ലോ.
62 : ശിശുവിന് എന്ത് പേരു നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് അവന്റെ പിതാവിനോട് അവര്‍ ആംഗ്യം കാണിച്ചു ചോദിച്ചു.
63 : അവന്‍ ഒരു എഴുത്തുപലക വരുത്തി അതില്‍ എഴുതി: യോഹന്നാന്‍ എന്നാണ് അവന്റെ പേര്. എല്ലാവരും അദ്ഭുതപ്പെട്ടു.
64 : തത്ക്ഷണം അവന്റെ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന്‍ ദൈവത്തെ വാഴ്ത്തിക്കൊണ്ട് സംസാരിക്കാന്‍ തുടങ്ങി.
65 : അയല്‍ക്കാര്‍ക്കെല്ലാം ഭയമുണ്ടായി;യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികള്‍ സംസാരവിഷയമാവുകയും ചെയ്തു.
66 : കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കര്‍ത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു.
67 : അവന്റെ പിതാവായ സഖറിയാ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു പ്രവചിച്ചു:
68 : ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു;
69 : തന്റെ ദാസനായ ദാവീദിന്റെ ഭവനത്തില്‍ നമുക്ക് ശക്തനായ ഒരു രക്ഷകനെ ഉയര്‍ത്തി;
70 : ആദിമുതല്‍ തന്റെ വിശുദ്ധന്‍മാരായ പ്രവാചകന്‍മാരുടെ അധരങ്ങളിലൂടെ അവിടുന്ന് അരുളിച്ചെയ്തതുപോലെ,
71 : ശത്രുക്കളില്‍നിന്നും നമ്മെ വെറുക്കുന്നവരുടെ കൈയില്‍നിന്നും നമ്മെ രക്ഷിക്കാനും
72 : നമ്മുടെ പിതാക്കന്‍മാരോടു വാഗ്ദാനംചെയ്ത കാരുണ്യം നിവര്‍ത്തിക്കാനും
73 : നമ്മുടെ പിതാവായ അബ്രാഹത്തോടു ചെയ്ത അവിടുത്തെ വിശുദ്ധമായ ഉടമ്പടി അനുസ്മരിക്കാനും
74 : ശത്രുക്കളുടെ കൈകളില്‍നിന്നു വിമോചിതരായി, നിര്‍ഭയം
75 : പരിശുദ്ധിയിലും നീതിയിലും എപ്പോഴും അവിടുത്തെ മുമ്പില്‍ ശുശ്രൂഷ ചെയ്യാന്‍ വേണ്ട അനുഗ്രഹം നമുക്കു നല്‍കാനുമായിട്ടാണ് ഇത്.
76 : നീയോ, കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിനു വഴിയൊരുക്കാന്‍ അവിടുത്തെ മുമ്പേ നീ പോകും.
77 : അത് അവിടുത്തെ ജനത്തിന് പാപമോചനംവഴിയുള്ള രക്ഷയെക്കുറിച്ച് അറിവുകൊടുക്കാനും,
78 : നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംകൊണ്ട് ഉയരത്തില്‍ നിന്നുള്ള ഉദയരശ്മി നമ്മെ സന്ദര്‍ശിക്കുമ്പോള്‍
79 : ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്.
80 : ശിശു വളര്‍ന്നു, ആത്മാവില്‍ ശക്തിപ്പെട്ടു. ഇസ്രായേലിനു വെളിപ്പെടുന്നതുവരെ അവന്‍ മരുഭൂമിയിലായിരുന്നു.