P. O. C ബൈബിള്‍
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 17
-
നിഷ്കളങ്കന്റെ പ്രതിഫലം
- Verse 1: കര്‍ത്താവേ, എന്റെ ന്യായം കേള്‍ക്കണമേ! എന്റെ നിലവിളി ശ്രദ്ധിക്കണമേ! നിഷ്കപടമായ എന്റെ അധരങ്ങളില്‍ നിന്നുള്ള പ്രാര്‍ഥന ശ്രവിക്കണമേ!
- Verse 2: എന്റെ വിധി അങ്ങയുടെ സന്നിധിയില്‍ നിന്നു പുറപ്പെടട്ടെ! അങ്ങയുടെ കണ്ണുന്യായം കാണുമാറാകട്ടെ!
- Verse 3: അവിടുന്ന് എന്റെ ഹൃദയം പരിശോധിച്ചാല്‍ , രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചാല്‍ , അങ്ങ് എന്നെ ഉരച്ചുനോക്കിയാല്‍ , എന്നില്‍ തിന്മ കണ്ടെണ്ടത്തുകയില്ല; എന്റെ അധരങ്ങള്‍ പ്രമാണം ലംഘിക്കുകയില്ല.
- Verse 4: മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചിട്ടില്ല. അങ്ങയുടെ അധരങ്ങളില്‍ നിന്നു പുറപ്പെടുന്ന വചനം ഞാന്‍ അനുസരിച്ചു; അക്രമികളുടെ പാതയില്‍ നിന്നു ഞാന്‍ ഒഴിഞ്ഞു നിന്നു.
- Verse 5: എന്റെ കാലടികള്‍ അങ്ങയുടെ പാതയില്‍ത്തന്നെ പതിഞ്ഞു; എന്റെ പാദങ്ങള്‍ വഴുതിയില്ല.
- Verse 6: ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും; അങ്ങു ചെവിചായിച്ച് എന്റെ വാക്കുകള്‍ ശ്രവിക്കണമേ!
- Verse 7: തന്റെ വലത്തുകൈയില്‍ അഭയം തേടുന്നവരെ ശത്രുക്കളില്‍ നിന്നു കാത്തുകൊള്ളുന്ന രക്ഷകാ, അങ്ങയുടെ കാരുണ്യം വിസ്മയകരമായി പ്രദര്‍ശിപ്പിക്കണമേ!
- Verse 8: കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളണമേ! അങ്ങയുടെ ചിറകിന്റെ നിഴലില്‍ എന്നെ മറച്ചുകൊള്ളണമേ!
- Verse 9: എന്നെ ഞെരുക്കുന്ന ദുഷ്ടരില്‍ നിന്നും എന്നെ വളഞ്ഞിരിക്കുന്ന കൊടും ശത്രുക്കളില്‍ നിന്നും എന്നെ രക്ഷിക്കണമേ!
- Verse 10: അവരുടെ ഹൃദയത്തില്‍ അനുകമ്പയില്ല; അവരുടെ അധരങ്ങള്‍ വന്‍പുപറയുന്നു.
- Verse 11: അവര്‍ എന്നെ അനുധാവനം ചെയ്യുന്നു; ഇതാ, എന്നെ വളഞ്ഞു കഴിഞ്ഞു, എന്നെ നിലംപതിപ്പിക്കാന്‍ അവര്‍ എന്റെ മേല്‍ കണ്ണുവച്ചിരിക്കുന്നു.
- Verse 12: കടിച്ചുചീന്താന്‍ വെമ്പുന്ന സിംഹത്തെപ്പോലെയാണവര്‍ ; പതിയിരിക്കുന്ന യുവസിംഹത്തെപ്പോലെ തന്നെ.
- Verse 13: കര്‍ത്താവേ! എഴുന്നേറ്റ് അവരെ എതിര്‍ത്തു തോല്പിക്കണമേ! അങ്ങയുടെ വാള് നീചനില്‍ നിന്ന് എന്നെ രക്ഷിക്കട്ടെ.
- Verse 14: ഇഹലോക ജീവിതം മാത്രം ഓഹരിയായി കരുതുന്ന മര്ത്യരില് നിന്ന് അങ്ങയുടെ കരം എന്നെ രക്ഷിക്കട്ടെ! അങ്ങ് അവര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്നവകൊണ്ട് അവരുടെ വയര്‍ നിറയട്ടെ! അവരുടെ സന്തതികള്‍ക്കും സമൃദ്ധമായി ലഭിക്കട്ടെ! മിച്ചമുള്ളത് അവരുടെ പേരക്കിടാങ്ങള്‍ക്കു വേണ്ടി നീക്കിവയ്ക്കട്ടെ!
- Verse 15: നീതിനിമിത്തം ഞാന്‍ അങ്ങയുടെ മുഖം ദര്‍ശിക്കും; ഉണരുമ്പോള്‍ ഞാന്‍ അങ്ങയുടെ രൂപം കണ്ടു തൃപ്തിയടയും.