P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 3
-
ജോബിന്റെ പരാതി
- Verse 1: അതിനുശേഷം ജോബ് സംസാരിച്ചു. ജനിച്ച ദിവസത്തെ ശപിച്ചുകൊണ്ട്
- Verse 2: അവന് പറഞ്ഞു:
- Verse 3: ഞാന്‍ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ! ഒരാണ്‍കുട്ടി രൂപംകൊണ്ടിരിക്കുന്നു എന്നു പറഞ്ഞ രാത്രി ശപിക്കപ്പെടട്ടെ!
- Verse 4: ആദിവസം അന്ധകാരാവൃതമാകട്ടെ! ആ ദിനത്തെ ദൈവം വിസ്മരിക്കട്ടെ! അതിന്റെ മേല്‍ പ്രകാശം ചൊരിയാതിരിക്കട്ടെ!
- Verse 5: അന്ധകാരം - സാന്ദ്രതമസ്സുതന്നെ - അതിനെ ഗ്രസിക്കട്ടെ! കാര്‍മേഘം അതിനെ ആവരണം ചെയ്യട്ടെ! അന്ധകാരം കൊണ്ട് അത് ഭീകരമായിത്തീരട്ടെ!
- Verse 6: ആ രാത്രി കട്ടിപിടിച്ച ഇരുട്ടുകൊണ്ടുനിറയട്ടെ! ആണ്ടുവട്ടത്തിലെ മാസങ്ങളുടെയും ദിവസങ്ങളുടെയും ഗണത്തില്‍ അതുള്‍പ്പെടാതെ പോകട്ടെ!
- Verse 7: ആ രാത്രി ശൂന്യമായിപ്പോകട്ടെ! അതില്‍നിന്ന് ആനന്ദാരവം ഉയരാതിരിക്കട്ടെ!
- Verse 8: ലവിയാഥനെ ഇളക്കിവിടാന്‍ കഴിവുള്ളവര്‍ അതിനെ ശപിക്കട്ടെ!
- Verse 9: അതിന്റെ പ്രഭാതനക്ഷത്രങ്ങള്‍ ഇരുണ്ടുപോകട്ടെ! പ്രകാശത്തിനുവേണ്ടിയുള്ള അതിന്റെ അഭിലാഷം പാഴായിപ്പോകട്ടെ! പ്രഭാതം വിടരുന്നതു കാണാതിരിക്കട്ടെ!
- Verse 10: അമ്മയുടെ ഉദരം അടച്ച് അത് എന്റെ ജനനം തടഞ്ഞില്ല; എന്റെ കണ്മുന്പില് നിന്ന് ദുരിതങ്ങളെ മറച്ചില്ല.
- Verse 11: ജനിച്ചയുടനെ ഞാന്‍ മരിക്കാഞ്ഞതെന്ത്? അമ്മയുടെ ഉദരത്തില്‍ നിന്ന് പുറത്തുവന്നയുടനെ എന്തുകൊണ്ട് എന്റെ ജീവിതം അവസാനിച്ചില്ല?
- Verse 12: എന്റെ അമ്മ എന്തിന് എന്നെ മടിയില്‍കിടത്തി ഓമനിച്ചു? എന്തിനെന്നെ പാലൂട്ടി വളര്‍ത്തി?
- Verse 13: ഞാന്‍ നിദ്രയണഞ്ഞ് ശാന്തി അനുഭവിക്കുമായിരുന്നല്ലോ.
- Verse 14: നഷ്ടനഗരങ്ങള്‍ പുനരുധരിച്ച രാജാക്കന്മാരെയും അവരുടെ ഉപദേഷ്ടാക്കളെയും പോലെ,
- Verse 15: തങ്ങളുടെ കൊട്ടാരങ്ങള്‍ സ്വര്‍ണവും വെള്ളിയുംകൊണ്ടു നിറച്ചപ്രഭുക്കന്‍മാരെപ്പോലെ ഞാന്‍ ശാന്തനായി ശയിക്കുമായിരുന്നല്ലോ.
- Verse 16: പ്രകാശം നുകരാന്‍ ഇടകിട്ടാതെ മാതൃഗര്‍ഭത്തില്‍വച്ചു മരിച്ചശിശുക്കളുടെ ഗണത്തില്‍ ഞാന്‍ ഉള്‍പ്പെടാഞ്ഞതെന്തുകൊണ്ട്?
- Verse 17: അവിടെ ദുഷ്ടരുടെ ഉപദ്രവം കടന്നുവരുന്നില്ല. ക്ഷീണിച്ചവര്‍ക്ക് അവിടെ വിശ്രമം ലഭിക്കുന്നു.
- Verse 18: തടവുകാര്‍പോലും അവിടെസ്വസ്ഥതയനുഭവിക്കുന്നു. മേലാളന്മാരുടെ ആജ്ഞാസ്വരം അവരെ അലട്ടുന്നില്ല.
- Verse 19: ചെറിയവരും വലിയവരും അവിടെയുണ്ട്. അടിമ യജമാനനില്‍നിന്നു മോചനം നേടിയിരിക്കുന്നു.
- Verse 20: കഷ്ടപ്പെടുന്നവന് എന്തിനു പ്രകാശം? തപ്തഹൃദയന് എന്തിനു ജീവിതം?
- Verse 21: അവന് മരണത്തെ തീവ്രമായിവാഞ്ഛിക്കുന്നു; അതു വന്നണയുന്നില്ല. നിധി തേടുന്നവനെക്കാള്‍ ശ്രദ്ധയോടെ അവന് മരണം അന്വേഷിക്കുന്നു.
- Verse 22: ശവകുടീരം പ്രാപിക്കുമ്പോള്‍ അവര്‍ അത്യധികം ആനന്ദിക്കുന്നു.
- Verse 23: വഴികാണാത്തവന്, ദൈവം വഴിയടച്ചവന്, വെളിച്ചം എന്തിനാണ്?
- Verse 24: നെടുവീര്‍പ്പുകളാണ് എന്റെ ഭക്ഷണം. ജലപ്രവാഹം പോലെ ഞാന്‍ നിരന്തരം ഞരങ്ങുന്നു.
- Verse 25: ഞാന്‍ ഭയപ്പെട്ടിരുന്നത് എന്റെ മേല്‍പതിച്ചിരിക്കുന്നു.
- Verse 26: ഞാന്‍ അസ്വസ്ഥനും ആശ്വാസരഹിതനുമാണ്; എനിക്കു വിശ്രമമില്ല; ദുരിതങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.