P. O. C ബൈബിള്‍
പഴയ നിയമം
1 ദിനവൃത്താന്തം
അദ്ധ്യായം 14
-
ദാവീദിന്റെ വിജയം
- Verse 1: ടയിറിലെ രാജാവായ ഹീരാം ദാവീദിന്റെ അടുത്തേക്ക് ദൂതന്മാരെ അയച്ചു. കൊട്ടാരം പണിയാന്‍ വേണ്ട ദേവദാരുവും അവന് കൊടുത്തു; കൂടെ കല്പണിക്കാരെയും മരപ്പണിക്കാരെയും അയച്ചു.
- Verse 2: കര്‍ത്താവ് ഇസ്രായേലിന്റെ രാജത്വം സുസ്ഥിരമായി തനിക്കു നല്‍കിയെന്നും ഇസ്രായേലിനു വേണ്ടി രാജ്യം ഐശ്വര്യപൂര്ണമാക്കിയെന്നും ദാവീദ് മനസ്സിലാക്കി.
- Verse 3: ജറുസലെമില്‍വച്ചു ദാവീദ് വീണ്ടും ഭാര്യമാരെ സ്വീകരിച്ചു. അവനു പിന്നെയും പുത്രീപുത്രന്മാര് ഉണ്ടായി.
- Verse 4: ജറുസലെമില്‍വച്ചു ദാവീദിനു ജനിച്ചവര്‍: ഷമ്മുവാ, ഷോബാബ്, നാഥാന്, സോളമന്,
- Verse 5: ഇബ്ഹാര്‍, എലിഷുവാ, എല്‍പെലെത്,
- Verse 6: നോഗാ, നേഫെഗ്, യാഹിയാ,
- Verse 7: ഏലീഷാമ, ബേലിയാദാ, എലിഫെലത്.
- Verse 8: ദാവീദിനെ ഇസ്രായേലില്‍ രാജാവായി അഭിഷേകം ചെയ്തതറിഞ്ഞ് ഫിലിസ്ത്യര്‍ അവനെ ആക്രമിക്കാന്‍ പുറപ്പെട്ടു. ഇതുകേട്ട് ദാവീദും യുദ്ധത്തിനിറങ്ങി.
- Verse 9: ഫിലിസ്ത്യര്‍ റഫായിം താഴ്വര ആക്രമിച്ചു.
- Verse 10: ദാവീദ് ദൈവത്തോട് ആരാഞ്ഞു: ഫിലിസ്ത്യര്‍ക്കെതിരേ ഞാന്‍ പോകണമോ? അവരെ എന്റെ കൈയില്‍ ഏല്പിച്ചുതരുമോ? കര്‍ത്താവ് അരുളിച്ചെയ്തു: പോവുക, ഞാന്‍ അവരെ നിന്റെ കൈയില്‍ ഏല്പിക്കും.
- Verse 11: ബാക്പെരാസിമില്‍വച്ചു ദാവീദ് അവരെ തോല്പിച്ചു. അവന് പറഞ്ഞു: വെള്ളപ്പാച്ചിലില്‍ ചിറയെന്നപോലെ ശത്രുനിരയെ ഭേദിക്കാന്‍ ദൈവം എനിക്ക് ഇടയാക്കി. അതിനാല്‍, ആ സ്ഥലത്തിനു ബാല്‍പെരാസിം എന്നു പേരുണ്ടായി.
- Verse 12: അവര്‍ തങ്ങളുടെ ദേവന്മാരെ അവിടെ ഉപേക്ഷിച്ചുപോയി. ദാവീദിന്റെ കല്പനയനുസരിച്ച് അവയെ ചുട്ടുകളഞ്ഞു.
- Verse 13: ഫിലിസ്ത്യര്‍ വീണ്ടും താഴ്വര ആക്രമിച്ചു.
- Verse 14: ദാവീദ് വീണ്ടും ദൈവത്തോട് ആരാഞ്ഞു. ദൈവം അരുളിച്ചെയ്തു: പിന്തുടരാതെ അവരെ വളഞ്ഞ് ബാള്‍സാ മരങ്ങളുടെ സമീപത്തുവച്ച് ആക്രമിക്കുക.
- Verse 15: ബാള്‍സാ മരങ്ങളുടെ മുകളിലൂടെ പടനീക്കത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ യുദ്ധം ആരംഭിക്കുക. ഫിലിസ്ത്യ സൈന്യത്തെ നശിപ്പിക്കാന്‍ ദൈവം നിനക്കുമുന്പേ പോയിരിക്കുന്നു.
- Verse 16: ദൈവം കല്പിച്ചതു പോലെ ദാവീദ് ചെയ്തു. ഗിബയോന്‍ മുതല്‍ ഗേസര്‍ വരെ ഫിലിസ്ത്യരെ അവന് വധിച്ചു.
- Verse 17: ദാവീദിന്റെ കീര്‍ത്തി എല്ലാ ദേശങ്ങളിലും പരന്നു; എല്ലാ ജനതകളും അവനെ ഭയപ്പെടുന്നതിനു കര്‍ത്താവ് ഇടയാക്കി.