P. O. C ബൈബിള്‍
പുതിയ നിയമം
1 പത്രോസ്
അദ്ധ്യായം 1
അഭിവാദനങ്ങള്‍1 : യേശുക്രിസ്തുവിന്റെ അപ്പസ്തോലനായ പത്രോസ്, പിതാവായ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരും, യേശുക്രിസ്തുവിനു വിധേയരായിരിക്കുന്നതിനും അവന്റെ രക്തത്താല്‍ തളിക്കപ്പെടുന്നതിനുംവേണ്ടി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവരും ആത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടവരുമായി, പോന്തസിലും ഗലാത്തിയായിലും കപ്പദോക്കിയായിലും ഏഷ്യയിലും ബിഥീനിയായിലും പ്രവാസികളായി ചിതറിപ്പാര്‍ക്കുന്നവര്‍ക്ക് എഴുതുന്നത്: നിങ്ങള്‍ക്ക് കൃപയും സമാധാനവും സമൃദ്ധമായുണ്ടാകട്ടെ.
2 : യേശുക്രിസ്തുവിനു വിധേയരായിരിക്കുന്നതിനും അവന്റെ രക്തത്താല്‍ തളിക്കപ്പെടുന്നതിനും വേണ്ടി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവരും ആത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടവരുമായി, പോന്തസിലും ഗലാത്തിയായിലും കപ്പദോക്കിയായിലും ഏഷ്യയിലും ബിഥീനിയായിലും പ്രവാസികളായി ചിതറിപാര്ക്കുന്നവര്ക്ക് എഴുതുന്നത്: നിങ്ങള്‍ക്ക് കൃപയും സമാധാനവും സമൃദ്ധമായുണ്ടാകട്ടെ.
3 : നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ.
4 : അവിടുന്നു തന്റെ കാരുണ്യാതിരേകത്താല്‍ യേശുക്രിസ്തുവിന്റെ, മരിച്ചവരില്‍ നിന്നുള്ള ഉത്ഥാനംവഴി സജീവമായ പ്രത്യാശയിലേക്കും നിങ്ങള്‍ക്കായി സ്വര്‍ഗത്തില്‍ കാത്തുസൂക്ഷിക്കപ്പെടുന്ന അക്ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.
5 : അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവശക്തിയാല് വിശ്വാസംവഴി നിങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുന്നു.
6 : അല്പകാലത്തേക്കു വിവിധ പരീക്ഷകള്‍ നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്ദിക്കുവിന്‍.
7 : കാരണം, അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത് യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും.
8 : അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു. ഇപ്പോള്‍ കാണുന്നില്ലെങ്കിലും അവനില്‍ വിശ്വസിച്ചുകൊണ്ട് അവാച്യവും മഹത്വപൂര്‍ണവുമായ സന്തോഷത്തില്‍ നിങ്ങള്‍ മുഴുകുന്നു.
9 : അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്മാവിന്റെ രക്ഷ നിങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു.
10 : നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയെപ്പറ്റി മുന്‍കൂട്ടി അറിയിച്ച പ്രവാചകന്മാര് ഈ രക്ഷയെക്കുറിച്ച് ആരായുകയും അന്വേഷിക്കുകയും ചെയ്തു.
11 : ക്രിസ്തു സഹിക്കേണ്ടിയിരുന്ന പീഡകളെക്കുറിച്ചും അനന്തരമഹത്വത്തെക്കുറിച്ചും അവരിലുണ്ടായിരുന്ന ക്രിസ്തുവിന്റെ ആത്മാവ് മുന്‍കൂട്ടി പ്രവചിച്ചു. അവരാകട്ടെ അത് എപ്പോഴെന്നും എങ്ങനെയെന്നും ആരായുകയും ചെയ്തു.
12 : അവര്‍ തങ്ങളെത്തന്നെയല്ല നിങ്ങളെയാണ് ശുശ്രൂഷിക്കുന്നതെന്ന് അവര്‍ക്കു വെളിപ്പെട്ടിരുന്നു. സ്വര്‍ഗത്തില്‍നിന്ന് അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവു വഴി സുവിശേഷപ്രസംഗകര്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ. ഇവയിലേക്ക് എത്തിനോക്കാന്‍ ദൈവദൂതന്മാര്പോലും കൊതിക്കുന്നു.
13 : ആകയാല്‍, നിങ്ങള്‍ മാനസികമായി ഒരുങ്ങി സമചിത്തതയുള്ളവരായിരിക്കുവിന്‍. യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയില്‍ പ്രത്യാശയര്‍പ്പിക്കുകയും ചെയ്യുവിന്‍.
14 : മുന്‍കാലത്തു നിങ്ങള്‍ക്കുണ്ടായിരുന്ന അജ്ഞതയുടെ വ്യാമോഹങ്ങള്‍ക്ക്, അനുസരണയുള്ള മക്കളെന്നനിലയില്‍, നിങ്ങള്‍ വിധേയരാകാതിരിക്കുവിന്‍.
15 : മറിച്ച്, നിങ്ങളെ വിളിച്ചവന് പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍.
16 : ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍.
17 : ഓരോരുത്തനെയും പ്രവൃത്തികള്‍ക്കനുസരിച്ചു നിഷ്പക്ഷമായി വിധിക്കുന്നവനെയാണ് നിങ്ങള്‍ പിതാവെന്നു വിളിക്കുന്നതെങ്കില്, നിങ്ങളുടെ ഈ പ്രവാസകാലത്തു ഭയത്തോടെ ജീവിക്കുവിന്‍.
18 : പിതാക്കന്മാരില് നിന്നു നിങ്ങള്‍ക്കു ലഭിച്ചവ്യര്‍ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണമോകൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
19 : കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്‍േറ തുപോലുള്ള ക്രിസ്തുവിന്റെ അമൂല്യരക്തം കൊണ്ടത്രേ.
20 : അവനാകട്ടെ, ലോകസ്ഥാപനത്തിനുമുന്‍പു തന്നെ നിയോഗിക്കപ്പെട്ടിരുന്നവനും ഈ അവസാനകാലത്ത് നിങ്ങള്‍ക്കായി വെളിപ്പെടുത്തപ്പെട്ടവനുമാണ്.
21 : അവനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്ത ദൈവത്തില്‍, അവന് മൂലം നിങ്ങള്‍ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തില്‍ ആയിരിക്കുകയും ചെയ്യുന്നു.
22 : സത്യത്തോടുള്ള വിധേയത്വംവഴി നിഷ്കപടമായ സഹോദരസ്നേഹത്തിനായി നിങ്ങളുടെ ആത്മാവ് പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഹൃദയപൂര്‍വകമായും ഗാഢമായും പരസ്പരം സ്നേഹിക്കുവിന്‍.
23 : നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരമായ ബീജത്തില്‍ നിന്നല്ല; അനശ്വരമായ ബീജത്തില്‍ നിന്നാണ് - സജീവവും സനാതനവുമായ ദൈവവചനത്തില്‍ നിന്ന്.
24 : എന്തെന്നാല്‍, മനുഷ്യരെല്ലാം പുല്ക്കൊടിക്കു തുല്യരാണ്; അവരുടെ മഹിമ പുല്ലിന്റെ പൂവിനു തുല്യവും. പുല്ക്കൊടികള് വാടിക്കരിയുന്നു; പൂക്കള്‍ കൊഴിഞ്ഞുവീഴുന്നു.
25 : എന്നാല്‍, കര്‍ത്താവിന്റെ വചനം നിത്യം നിലനില്ക്കുന്നു. ആ വചനം തന്നെയാണു നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം.