P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 17
1 : എന്റെ മനസ്സു നുറുങ്ങിയിരിക്കുന്നു; എന്റെ ദിനങ്ങള്‍ തീര്‍ന്നിരിക്കുന്നു. ശവകുടീരം എനിക്കായി ഒരുങ്ങിയിരിക്കുന്നു.
2 : പരിഹാസകര്‍ എന്നെ വളയുന്നു. അവരുടെ പരിഹാസം ഞാന്‍ നിസ്സഹായനായി നോക്കിയിരിക്കുന്നു.
3 : അങ്ങുതന്നെ എനിക്കു ജാമ്യം നില്ക്കണമേ! മറ്റാരാണ് എനിക്കുവേണ്ടി ജാമ്യം നില്ക്കുക?
4 : അങ്ങുതന്നെ അവരുടെ ബോധത്തെ അന്ധമാക്കിയതു കൊണ്ട് എന്നെ ജയിക്കാന്‍ അവരെ അനുവദിക്കരുതേ!
5 : സ്നേഹിതന്റെ സ്വത്തില്‍ പങ്കുകിട്ടാന്‍ വേണ്ടി അവനെ ഒറ്റിക്കൊടുക്കുന്നവന്റെ സന്തതികളുടെ കണ്ണ് അന്ധമായിപ്പോകും.
6 : അവിടുന്ന് എന്നെ ജനങ്ങള്‍ക്കു പഴമൊഴിയാക്കിത്തീര്‍ത്തു; ആളുകള്‍ എന്റെ മുഖത്തു തുപ്പുന്നതിനിടയാക്കുന്നു.
7 : ദുഃഖാധിക്യത്താല്‍ എന്റെ കണ്ണുകള്‍ മങ്ങി. എന്റെ അവയവങ്ങള്‍ നിഴല്‍പോലെയായി.
8 : ഇതു കണ്ടു നീതിമാന്മാര് പരിഭ്രാന്തരായിത്തീരുന്നു; നിഷ്കളങ്കന് അധര്‍മിയുടെ നേരേ കോപിക്കുന്നു.
9 : നീതിമാന് തന്റെ മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. നിര്മലകരങ്ങളുള്ളവന് അടിക്കടി കരുത്തു നേടുന്നു.
10 : നിങ്ങളെല്ലാവരും ഒരുമിച്ചുവന്നാലും നിങ്ങളില്‍ ഒരു ജ്ഞാനിയും ഉണ്ടായിരിക്കുകയില്ല.
11 : എന്റെ ദിനങ്ങള്‍ കടന്നുപോയി. എന്റെ പദ്ധതികളും ഹൃദയാഭിലാഷങ്ങളും തകര്‍ന്നു.
12 : അവര്‍ രാത്രിയെ പകലാക്കുന്നു; പ്രകാശം അന്ധകാരത്തോടടുത്തിരിക്കുന്നു എന്ന് അവര്‍ പറയുന്നു.
13 : പാതാളത്തെ ഭവനമായി ഞാന്‍ കാണുന്നുവെങ്കില്‍ അന്ധകാരത്തില്‍ ഞാനെന്റെ കിടക്കവിരിക്കുന്നുവെങ്കില്‍
14 : ശവക്കുഴിയോടു നീ എന്റെ പിതാവാണ് എന്നും പുഴുവിനോട് നീ എന്റെ അമ്മയാണ്, സഹോദരിയാണ് എന്നും പറയുന്നുവെങ്കില്‍
15 : എന്റെ പ്രതീക്ഷ എവിടെ?എന്റെ പ്രത്യാശ ആരു കാണും?
16 : അതു പാതാളകവാടം വരെ എത്തുമോ? പൊടിയിലേക്ക് എന്നോടൊത്തു വരുമോ?