P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 14
1 : സ്ത്രീയില്‍ നിന്നു ജനിക്കുന്ന മര്ത്യന് അല്പായുസ്സാണ്; അവന്റെ ദിനങ്ങള്‍ ദുരിതം നിറഞ്ഞതും.
2 : അവന് പുഷ്പംപോലെ വിടരുന്നു. കൊഴിഞ്ഞു പോകുന്നു. അവന് നിഴല്‍ പോലെ കടന്നു പോകുന്നു; നിലനില്ക്കുന്നില്ല.
3 : അങ്ങനെയുള്ളവനെയാണോ അങ്ങ് നോട്ടമിട്ടിരിക്കുന്നത്? അവനെയാണോ അങ്ങ് വിധിക്കാന്‍ കൊണ്ടുവരുന്നത്?
4 : അശുദ്ധമായതില്‍ നിന്നു ശുദ്ധമായത് ഉണ്ടാക്കാന്‍ ആര്‍ക്കു കഴിയും? ആര്‍ക്കും സാധിക്കയില്ല.
5 : അവന്റെ ദിനങ്ങള്‍ നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. അവന്റെ മാസങ്ങളുടെ എണ്ണം അങ്ങേക്ക് അധീനമാണ്. അവനു കടക്കാന്‍ പാടില്ലാത്ത പരിധി അങ്ങ് നിശ്ചയിച്ചിരിക്കുന്നു.
6 : അവനില്‍ നിന്ന് അങ്ങ് കണ്ണെടുക്കുക. അവനെ തനിയെ വിട്ടേക്കുക. കൂലിക്കാരനെപ്പോലെ അവന് തന്റെ ദിവസം ആസ്വദിക്കട്ടെ.
7 : വൃക്ഷത്തിനു പ്രത്യാശയുണ്ട്, മുറിച്ചാല്‍ അതു വീണ്ടും തളിര്‍ക്കും; അതിനു പുതിയ ശാഖകള്‍ ഉണ്ടാകാതിരിക്കയില്ല.
8 : അതിന്റെ വേരുകള്‍ മണ്ണിനടിയില്‍പഴകിപ്പോയാലും അതിന്റെ കുറ്റി മണ്ണില്‍ കെട്ടുപോയാലും
9 : വെള്ളത്തിന്റെ ഗന്ധമേറ്റാല് അതു തളിര്‍ക്കുകയും ഇളം ചെടിപോലെ ശാഖ പുറപ്പെടുവിക്കുകയും ചെയ്യും.
10 : എന്നാല്‍, മനുഷ്യന്‍മരിക്കുന്നു; അവനെ മണ്ണില്‍ സംസ്കരിക്കുന്നു. അന്ത്യശ്വാസം വലിച്ചാല്‍, പിന്നെ അവന് എവിടെ?
11 : തടാകത്തിലെ ജലം വറ്റിപ്പോകുന്നതു പോലെയും നദി ഉണങ്ങി വരണ്ടുപോകുന്നതു പോലെയും,
12 : മനുഷ്യന് ശയ്യയെ അവലംബിക്കുന്നു, പിന്നെ എഴുന്നേല്ക്കുന്നില്ല; ആകാശങ്ങള്‍ ഇല്ലാതാകുന്നതുവരെ അവന് എഴുന്നേല്ക്കുകയില്ല; ഉറക്കത്തില്‍ നിന്ന് ഉണരുകയില്ല.
13 : അങ്ങ് എന്നെ പാതാളത്തില്‍ മറയ്ക്കുകയും അങ്ങയുടെ ക്രോധം ശമിക്കുന്നതുവരെ എന്നെ ഒളിച്ചുവയ്ക്കുകയും ചെയ്തിരുന്നെങ്കില്‍ ! എന്നെ ഓര്‍ക്കാന്‍ ഒരു സമയം നിശ്ചയിച്ചിരുന്നെങ്കില്‍ !
14 : മരിച്ച മനുഷ്യന് വീണ്ടും ജീവിക്കുമോ? എങ്കില്‍ എന്റെ സേവനകാലം തീര്‍ന്ന് മോചനത്തിന്റെ നാള് വരുന്നതുവരെ ഞാന്‍ കാത്തിരിക്കുമായിരുന്നു.
15 : അങ്ങ് വിളിക്കും, ഞാന്‍ വിളികേള്‍ക്കും. അങ്ങയുടെ സൃഷ്ടിയെ അങ്ങ് കാത്തിരിക്കും.
16 : അപ്പോള്‍ എന്റെ കാലടികള്‍ അങ്ങ് എണ്ണും. എന്റെ പാപങ്ങളെ അങ്ങ് നിരീക്ഷിച്ചുകൊണ്ടിരിക്കയില്ല.
17 : എന്റെ അതിക്രമങ്ങളെ സഞ്ചിയിലാക്കി മുദ്രവയ്ക്കും. എന്റെ അകൃത്യങ്ങളെ അങ്ങ് മറയ്ക്കും.
18 : പര്‍വതങ്ങള്‍ വീണു തകരുകയും പാറകള്‍ ഇളകിമാറുകയും ചെയ്യും.
19 : ജലം കല്ലുകള്‍ക്കു തേയ്മാനം വരുത്തുന്നു. പ്രവാഹത്തില്‍ മണ്ണ് ഒലിച്ചുപോകുന്നു. അതുപോലെ അങ്ങ് മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു.
20 : അങ്ങ് എപ്പോഴും അവന്റെ മേല്‍ വിജയം നേടുന്നു. അവനോ കടന്നു പോകുന്നു. അങ്ങ്, അവന്റെ മുഖം വിരൂപമാക്കി അവനെ പറഞ്ഞയയ്ക്കുന്നു.
21 : അവന്റെ പുത്രന്മാര് ബഹുമതി നേടുന്നു; പക്ഷേ, അവന് അത് അറിയുന്നില്ല. അവര്‍ അധഃപതിക്കുന്നു; അതും അവന് അറിയുന്നില്ല.
22 : സ്വന്തം ശരീരത്തിന്റെ വേദന മാത്രമാണ് അവന് അറിയുന്നത്. തനിക്കുവേണ്ടി മാത്രമാണ് അവന് വിലപിക്കുന്നത്.