P. O. C ബൈബിള്‍
പുതിയ നിയമം
മത്തായി
അദ്ധ്യായം 24
ദേവാലയത്തിന്റെ നാശം (മര്‍ക്കോസ് 13: 113 : 2 ) (ലൂക്കാ 21 : 521 : 6 )1 : യേശു ദേവാലയം വിട്ടുപോകുമ്പോള്‍ ദേവാലയത്തിന്റെ പണികള്‍ അവനു കാണിച്ചുകൊടുക്കാന്‍ ശിഷ്യന്മാര് അടുത്തെത്തി.
2 : അവന് അവരോടു പറഞ്ഞു: നിങ്ങള്‍ ഇതെല്ലാം കാണുന്നല്ലോ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇവിടെ കല്ലിന്മേല് കല്ലുശേഷിക്കാതെ എല്ലാം തകര്‍ക്കപ്പെടും.
3 : അവന് ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്മാര് തനിച്ച് അവനെ സമീപിച്ചു പറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയും യുഗാന്തത്തിന്റെയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ!
4 : യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.
5 : പലരും എന്റെ നാമത്തില്‍ വന്ന്, ഞാന്‍ ക്രിസ്തുവാണ് എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും.
6 : നിങ്ങള്‍യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്ഥരാകരുത്. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല.
7 : ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്ന്നെഴുന്നേല്ക്കും. ക്ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്ഥലങ്ങളിലും ഉണ്ടാകും.
8 : ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്.
9 : അവര്‍ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമം നിമിത്തം സര്‍വജനങ്ങളും നിങ്ങളെ ദ്വേഷിക്കും.
10 : അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും.
11 : നിരവധി വ്യാജപ്രവാചകന്മാര് പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും.
12 : അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്നേഹം തണുത്തുപോകും.
13 : എന്നാല്‍, അവസാനംവരെ സഹിച്ചുനില്ക്കുന്നവന് രക്ഷിക്കപ്പെടും.
14 : എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും.
15 : ദാനിയേല്‍ പ്രവാചകന് പ്രവചിച്ച വിനാശത്തിന്റെ അശുദ്ധ ലക്ഷണം വിശുദ്ധ സ്ഥലത്തു നില്ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന് ഗ്രഹിക്കട്ടെ -
16 : യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ.
17 : പുരമുകളിലായിരിക്കുന്നവന്‍ വീട്ടില്‍ നിന്ന് എന്തെങ്കിലും എടുക്കാന്‍ താഴേക്ക് ഇറങ്ങാതിരിക്കട്ടെ.
18 : വയലിലായിരിക്കുന്നവന്‍ മേലങ്കിയെടുക്കാന്‍ പിന്തിരിയരുത്.
19 : ആദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം!
20 : നിങ്ങളുടെ പലായനം ശീതകാലത്തോ സാബത്തിലോ ആകാതിരിക്കാന്‍ പ്രാര്‍ഥിക്കുവിന്‍.
21 : എന്തെന്നാല്‍, ലോകാരംഭം മുതല്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത, ഇനി ഉണ്ടാകാനിടയില്ലാത്ത, ഉഗ്രപീഡനം അന്നുണ്ടാകും.
22 : ആദിവസങ്ങള്‍ പരിമിതപ്പെടുത്തിയില്ലായിരുന്നെങ്കില്‍, ഒരുവനും രക്ഷപെടുകയില്ലായിരുന്നു. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടവരെ പ്രതി ആദിവസങ്ങള്‍ പരിമിതപ്പെടുത്തും.
23 : ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്.
24 : കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും.
25 : ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
26 : അതുകൊണ്ട്, അവന് മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന് മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്.
27 : കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം.
28 : ശവമുള്ളിടത്ത് കഴുകന്മാര് വന്നുകൂടും.
29 : അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന് ഇരുണ്ടുപോകും. ചന്ദ്രന് പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശ ശക്തികള്‍ ഇളകുകയും ചെയ്യും.
30 : അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സര്‍വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന് വാനമേഘങ്ങളില്‍ ശക്തിയോടും മഹത്വത്തോടുംകൂടെ വരുന്നതു കാണുകയുംചെയ്യും.
31 : വലിയ കാഹളധ്വനിയോടുകൂടെ തന്റെ ദൂതന്മാരെ അവന് അയയ്ക്കും. അവര്‍ ആകാശത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ നാലുദിക്കുകളിലുംനിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.
32 : അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതാവുകയും തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്സിലാക്കുന്നു.
33 : അതുപോലെ, ഇതെല്ലാം കാണുമ്പോള്‍ അവന് സമീപത്ത്, വാതില്ക്കലെത്തിയിരിക്കുന്നു എന്നു നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളുവിന്‍.
34 : സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
35 : ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.
36 : ആദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലെ ദൂതന്മാര്ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.
37 : നോഹയുടെ ദിവസങ്ങള്‍പോലെ ആയിരിക്കും, മനുഷ്യപുത്രന്റെ ആഗമനം. ജലപ്രളയത്തിനുമുമ്പുള്ള ദിവസങ്ങളില്‍,
38 : നോഹ പേടകത്തില്‍ പ്രവേശിച്ച ദിവസംവരെ, അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞുപോന്നു.
39 : ജലപ്രളയം വന്ന് സംഹരിക്കുന്നതുവരെ അവര്‍ അറിഞ്ഞില്ല. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനവും.
40 : അപ്പോള്‍ രണ്ടുപേര്‍ വയലിലായിരിക്കും; ഒരാള്‍ എടുക്കപ്പെടും മറ്റെയാള്‍ അവശേഷിക്കും.
41 : രണ്ടു സ്ത്രീകള്‍ തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും. ഒരുവള്‍ എടുക്കപ്പെടും, മറ്റവള് അവശേഷിക്കും.
42 : നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍.
43 : കള്ളന് രാത്രിയില്‍ ഏതു സമയത്താണു വരുന്നതെന്ന് ഗൃഹനാഥന് അറിഞ്ഞിരുന്നെങ്കില്‍, അവന് ഉണര്‍ന്നിരിക്കുകയും തന്റെ ഭവനം കവര്‍ച്ച ചെയ്യാന്‍ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു എന്നു നിങ്ങള്‍ അറിയുന്നു.
44 : അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന് വരുന്നത്.
45 : തന്റെ ഭവനത്തിലുള്ളവര്‍ക്ക് കൃത്യസമയത്തു ഭക്ഷണം കൊടുക്കാന്‍യജമാനന്‍ നിയോഗിച്ചവിശ്വസ്തനും വിവേകിയുമായ ഭൃത്യന് ആരാണ്?
46 : യജമാനന് വരുമ്പോള്‍ അപ്രകാരം ചെയ്യുന്നതായി കാണപ്പെടുന്ന ഭൃത്യന് ഭാഗ്യവാന്.
47 : സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, യജമാനന് അവനെ തന്റെ വസ്തുക്കളുടെയെല്ലാം മേല്നോട്ടക്കാരനായി നിയമിക്കും.
48 : എന്നാല്‍, ദുഷ്ടനായ ഭൃത്യന് എന്റെ യജമാനന് താമസിച്ചേവരൂ എന്നു പറഞ്ഞ്
49 : തന്റെ സഹഭൃത്യന്മാരെ മര്‍ദിക്കാനും മദ്യപന്മാരോടുകൂടെ ഭക്ഷിക്കാനും പാനം ചെയ്യാനും തുടങ്ങിയാല്‍
50 : പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും യജമാനന് വന്ന്, അവനെ ശിക്ഷിക്കുകയും കപടനാട്യക്കാരുടെ കൂട്ടത്തില്‍ തള്ളുകയും ചെയ്യും.