P. O. C ബൈബിള്‍
പഴയ നിയമം
പുറപ്പാടിന്റെ പുസ്തകം
അദ്ധ്യായം 35
സാബത്തു വിശ്രമം1 : മോശ ഇസ്രായേല്‍ സമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: നിങ്ങള്‍ അനുഷ്ഠിക്കണമെന്നു കര്‍ത്താവു കല്പിച്ചിട്ടുള്ളത് ഇവയാണ്:
2 : ആറു ദിവസം ജോലിചെയ്യുക. ഏഴാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധ ദിനമായിരിക്കണം - കര്‍ത്താവിനു സമര്‍പ്പിതവും വിശ്രമത്തിനുള്ളതുമായ സാബത്തുദിനം. അന്നു ജോലി ചെയ്യുന്ന ഏവനും വധിക്കപ്പെടണം.
3 : നിങ്ങളുടെ വസതികളില്‍ അന്നു തീ കത്തിക്കരുത്.
4 : ഇസ്രായേല്‍ സമൂഹത്തോടു മോശ പറഞ്ഞു: ഇതാണ് കര്‍ത്താവു കല്പിച്ചിരിക്കുന്നത്.
5 : നിങ്ങള്‍ കര്‍ത്താവിനു കാണിക്കകൊണ്ടുവരുവിന്‍. ഉദാരമനസ്കര്‍ കര്‍ത്താവിനു കാഴ്ചകൊണ്ടുവരട്ടെ: സ്വര്‍ണം, വെള്ളി, ഓട്,
6 : നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളിലുള്ള നൂലുകള്‍, നേര്‍മയില്‍ നെയ്തെടുത്ത ചണവസ്ത്രം, കോലാട്ടിന്‍രോമം;
7 : ഊറയ്ക്കിട്ട മുട്ടാടിന്‍തോല്, നിലക്കരടിത്തോല്, കരുവേലത്തടി,
8 : വിളക്കിനുള്ള എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനുമുള്ള സുഗന്ധവസ്തുക്കള്‍;
9 : ഗോമേദകരത്നങ്ങള്‍, എഫോദിനും ഉര സ്ത്രാണത്തിനുമുള്ള രത്നങ്ങള്‍.
10 : നിങ്ങളില്‍ ശില്പവൈദഗ്ധ്യമുള്ളവര്‍ മുന്പോട്ടുവന്ന് കര്‍ത്താവ് ആജ്ഞാപിച്ചിരിക്കുന്നവയെല്ലാം നിര്മിക്കട്ടെ: വിശുദ്ധ കൂടാരം,
11 : അതിന്റെ വിരികള്‍, കൊളുത്തുകള്‍, ചട്ടങ്ങള്‍, അഴികള്‍, തൂണുകള്‍, അവയുടെ പാദകുടങ്ങള്‍;
12 : പേടകം, അതിന്റെ തണ്ടുകള്‍, കൃപാസനം, തിരശ്ശീല;
13 : മേശ, അതിന്റെ തണ്ടുകള്‍, ഉപകരണങ്ങള്‍, തിരുസാന്നിധ്യത്തിന്റെ അപ്പം;
14 : വിളക്കുകാല്, അതിന്റെ ഉപകരണങ്ങള്‍, വിളക്കുകള്‍, എണ്ണ,
15 : ധൂപപീഠം, അതിന്റെ തണ്ടുകള്‍, അഭിഷേകതൈലം, ധൂപത്തിനുള്ള സുഗന്ധദ്രവ്യം, കൂടാരവാതിലിനു വേണ്ട യവനിക;
16 : ദഹന ബലിപീഠം, ഓടുകൊണ്ടുള്ള അതിന്റെ ചട്ടക്കൂട്, തണ്ടുകള്‍, മറ്റുപകരണങ്ങള്‍, ക്ഷാളനപാത്രം, അതിന്റെ പീഠം;
17 : അങ്കണത്തെ മറയ്ക്കുന്ന വിരികള്‍, അവയ്ക്കുള്ള തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, അങ്കണ കവാടത്തിന്റെ യവനിക;
18 : കൂടാരത്തിനും അങ്കണത്തിനും വേണ്ട കുറ്റികള്‍, കയറുകള്‍;
19 : വിശുദ്ധ സ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ട തിരുവസ്ത്രങ്ങള്‍, പുരോഹിതനായ അഹറോനും പുരോഹിതശുശ്രൂഷ ചെയ്യുന്ന അവന്റെ പുത്രന്മാര്ക്കും അണിയാനുള്ള വിശുദ്ധ വസ്ത്രങ്ങള്‍.
20 : ഇസ്രായേല്‍സമൂഹം മോശയുടെ മുന്പില്നിന്നു പിരിഞ്ഞുപോയി.
21 : ആന്തരിക പ്രചോദനം ലഭിച്ച ഉദാരമനസ്കര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ കാഴ്ചകള്‍ കൊണ്ടുവന്നു. അതു സമാഗമകൂടാരത്തിനും അതിലെ ശുശ്രൂഷയ്ക്കും വിശുദ്ധ വസ്ത്രങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നു.
22 : ഉദാരമന സ്കരായ സ്ത്രീപുരുഷന്മാര് കാഴ്ചകളുമായിവന്നു. അവര്‍ സൂചിപ്പതക്കങ്ങളും കര്‍ണവളയങ്ങളും അംഗുലീയങ്ങളും തോള്‍വളകളും എല്ലാത്തരം സ്വര്‍ണാഭരണങ്ങളും കൊണ്ടുവന്നു. അങ്ങനെ, ഓരോരുത്തരും കര്‍ത്താവിനു സ്വര്‍ണം കൊണ്ടുള്ള കാഴ്ച സമര്‍പ്പിച്ചു.
23 : ഓരോരുത്തരും കൈവശം ഉണ്ടായിരുന്ന നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകളും നേര്‍മയുള്ള ചണത്തുണിയും കോലാട്ടിന്‍ രോമവും ഊറയ്ക്കിട്ട മുട്ടാടിന്‍തോലും നിലക്കരടിത്തോലും കൊണ്ടുവന്നു.
24 : വെള്ളിയോ, ഓടോ അര്‍പ്പിക്കാന്‍ കഴിവുണ്ടായിരുന്നവര്‍ അതു കൊണ്ടുവന്നു കര്‍ത്താവിനു കാഴ്ചവെച്ചു. ഏതെങ്കിലും പണിക്കുതകുന്ന കരുവേലത്തടി കൈവശമുണ്ടായിരുന്നവര്‍ അതുകൊണ്ടുവന്നു.
25 : കരവിരുതുള്ള സ്ത്രീകള്‍ നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളില്‍ സ്വന്തം കൈകൊണ്ടു പിരിച്ചെടുത്ത നൂലുകളും നേര്‍മയില്‍ നെയ്ത ചണത്തുണിയും കൊണ്ടുവന്നു.
26 : നൈപുണ്യവും സന്നദ്ധതയുമുണ്ടായിരുന്ന സ്ത്രീകള്‍ കോലാട്ടിന്‍ രോമംകൊണ്ടു നൂലുണ്ടാക്കി.
27 : നേതാക്കന്മാര് എഫോദിനും ഉരസ്ത്രാണത്തിനും വേണ്ട ഗോമേദകങ്ങളും മറ്റുരത്നങ്ങളും,
28 : വിളക്കിനും അഭിഷേകതൈലത്തിനും ധൂപത്തിനും ആവശ്യമായ സുഗന്ധദ്രവ്യങ്ങളും എണ്ണയും കൊണ്ടുവന്നു.
29 : കര്‍ത്താവു മോശവഴി ആജ്ഞാപിച്ച ജോലികളുടെ നിര്‍വഹണത്തിന് ഇസ്രായേലിലെ സ്ത്രീപുരുഷന്മാരോരുത്തരും തങ്ങളുടെ ഉള്‍പ്രേരണയനുസരിച്ച് ഓരോ സാധനം കൊണ്ടുവന്ന് സ്വമേധയാ കര്‍ത്താവിനു കാഴ്ചവച്ചു.
30 : മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: യൂദാഗോത്രത്തിലെ ഹൂറിന്റെ പുത്രനായ ഊറിയുടെ മകന് ബസാലേലിനെ കര്‍ത്താവു പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു.
31 : അവിടുന്ന് അവനില്‍ ദൈവിക ചൈതന്യം നിറച്ചിരിക്കുന്നു. സാമര്‍ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്പവേലകളിലുമുള്ള വൈദഗ്ധ്യവും നല്കി അവനെ അനുഗ്രഹിച്ചിരിക്കുന്നു.
32 : കലാരൂപങ്ങള്‍ ആസൂത്രണം ചെയ്യുക, സ്വര്‍ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക,
33 : പതിക്കാനുള്ള രത്നങ്ങള്‍ ചെത്തിമിനുക്കുക, തടിയില്‍ കൊത്തുപണി ചെയ്യുക എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്ക്കും വേണ്ടിയാണിത്.
34 : അവിടുന്ന് അവനും ദാന്‍ഗോത്രത്തിലെ അഹിസാമാക്കിന്റെ പുത്രന് ഒഹോലിയാബിനും മറ്റുള്ളവരെ പഠിപ്പിക്കാന്‍ തക്ക കഴിവു നല്കിയിരിക്കുന്നു.
35 : കൊത്തുപണിക്കാരനോ രൂപസംവിധായകനോ നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളിലുള്ള നൂലുകൊണ്ടോ നേര്‍മയില്‍ നെയ്തെടുത്ത ചണത്തുണിയിലോ ചിത്രത്തുന്നല്‍ നടത്തുന്നവനോ നെയ്ത്തുകാരനോ മറ്റേതെങ്കിലും തൊഴില്‍ക്കാരനോ ശില്‍പകലാവിദഗ്ധനോ ചെയ്യുന്ന ഏതുതരം ജോലിയിലുമേര്‍പ്പെടുന്നതിനും വേണ്ട തികഞ്ഞകഴിവ് അവിടുന്ന് അവര്‍ക്കു നല്കി.