P. O. C ബൈബിള്‍
പഴയ നിയമം
പുറപ്പാടിന്റെ പുസ്തകം
അദ്ധ്യായം 31
ശില്പികള്1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: യൂദാഗോത്രത്തില്പെട്ട ഹൂറിന്റെ പുത്രനായ ഊറിയുടെ മകന് ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു.
3 : ഞാന്‍ അവനില്‍ ദൈവിക ചൈതന്യം നിറച്ചിരിക്കുന്നു; സാമര്‍ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്പവേലകളിലുമുള്ള വൈദഗ്ധ്യവും അവനു ഞാന്‍ നല്കിയിരിക്കുന്നു.
4 : കലാരൂപങ്ങള്‍ ആസൂത്രണംചെയ്യുക, സ്വര്‍ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക.
5 : പതിക്കാനുള്ള രത്നങ്ങള്‍ ചെത്തി മിനുക്കുക, തടിയില്‍ കൊത്തുപണി ചെയ്യുക എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്ക്കും വേണ്ടിയാണിത്.
6 : അവനെ സഹായിക്കാനായി ദാന്‍ഗോത്രത്തില്‍പെട്ട അഹിസാമാക്കിന്റെ പുത്രന് ഓഹോലിയാബിനെ ഞാന്‍ നിയോഗിച്ചിരിക്കുന്നു. ഞാന്‍ നിന്നോടു കല്പിച്ചതെല്ലാം നിര്‍മിക്കുന്നതിന് എല്ലാ ശില്പ വിദഗ്ധന്മാര്ക്കും പ്രത്യേക സാമര്‍ഥ്യം കൊടുത്തിട്ടുണ്ട്.
7 : സമാഗമകൂടാരം, സാക്ഷ്യപേടകം, അതിന്മേലുള്ള കൃപാസനം, കൂടാരത്തിലെ ഉപകരണങ്ങള്‍
8 : മേശയും അതിന്റെ ഉപകരണങ്ങളും, വിളക്കുകാലും അതിന്റെ ഉപകരണങ്ങളും, ധൂപപീഠം,
9 : ദഹന ബലിപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും, ക്ഷാളനപാത്രവും അതിന്റെ പീഠവും,
10 : ചിത്രത്തുന്നലാല്‍ അലംകൃതമായ വസ്ത്രങ്ങള്‍, പുരോഹിതനായ അഹറോന്റെ വിശുദ്ധവസ്ത്രങ്ങള്‍, അവന്റെ പുത്രന്മാര് പുരോഹിതശുശ്രൂഷ ചെയ്യുമ്പോള്‍ അണിയേണ്ട വസ്ത്രങ്ങള്‍,
11 : അഭിഷേകതൈലം, വിശുദ്ധ സ്ഥലത്തു ധൂപാര്‍പ്പണത്തിനുപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ ഇവയെല്ലാം ഞാന്‍ നിന്നോടു കല്പിച്ച പ്രകാരം അവര്‍ നിര്‍മിക്കണം.
12 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :
13 : ഇസ്രായേല്‍ ജനത്തോടു പറയുക, നിങ്ങള്‍ എന്റെ സാബത്ത് സൂക്ഷ്മമായി ആചരിക്കണം. എന്തെന്നാല്‍, കര്‍ത്താവായ ഞാനാണ് നിങ്ങളെ വിശുദ്ധീകരിക്കുന്നതെന്നു നിങ്ങള്‍ അറിയാന്‍വേണ്ടി ഇത് എനിക്കും നിങ്ങള്‍ക്കും മധ്യേ തലമുറതോറും അടയാളമായിരിക്കും.
14 : നിങ്ങള്‍ സാബത്ത് ആചരിക്കണം. കാരണം, അതു നിങ്ങള്‍ക്കു വിശുദ്ധമായ ഒരു ദിവസമാണ്. അതിനെ അശുദ്ധമാക്കുന്നവന് വധിക്കപ്പെടണം. അന്നു ജോലി ചെയ്യുന്നവന് ജനത്തില്‍ നിന്നു വിച്ഛേദിക്കപ്പെടണം. ആറു ദിവസം ജോലി ചെയ്യണം.
15 : എന്നാല്‍ ഏഴാം ദിവസം സാബത്താണ്; കര്‍ത്താവിനു വിശുദ്ധമായ വിശ്രമദിനം. സാബത്തുദിവസം ജോലിചെയ്യുന്നവന് വധിക്കപ്പെടണം.
16 : ഇസ്രായേല്‍ ജനം ശാശ്വതമായ ഒരുടമ്പടിയായി തലമുറതോറും സാബത്താചരിക്കണം.
17 : ഇത് എനിക്കും ഇസ്രായേല്‍ ജനത്തിനും മധ്യേ ശാശ്വതമായ ഒരടയാളമാണ്; കര്‍ത്താവ് ആറു ദിവസംകൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിക്കുകയും ഏഴാം ദിവസം ജോലിയില്‍നിന്നു വിരമിച്ചു വിശ്രമിക്കുകയും ചെയ്തതിന്റെ അടയാളം.
18 : സീനായ് മലയില്‍ വച്ചു മോശയോടു സംസാരിച്ചതിനുശേഷം ഉടമ്പടിയുടെ രണ്ടു പ്രതികള്‍ - തന്റെ വിരല്‍കൊണ്ടെഴുതിയ രണ്ടു കല്പലകകള് - ദൈവം അവനു നല്കി.