P. O. C ബൈബിള്‍
പഴയ നിയമം
പുറപ്പാടിന്റെ പുസ്തകം
അദ്ധ്യായം 25
കൂടാരനിര്‍മാണത്തിന് കാണിക്ക1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
2 : എനിക്ക് ഒരു കാണിക്ക സമര്‍പ്പിക്കണമെന്ന് നീ ഇസ്രായേല്‍ക്കാരോടു പറയുക. സ്വമനസ്സാ തരുന്നവരില്‍നിന്നെല്ലാം എനിക്കുള്ള കാണിക്ക നീ സ്വീകരിക്കുക.
3 : അവരില്‍നിന്നു സ്വീകരിക്കേണ്ട കാഴ്ചദ്രവ്യങ്ങള്‍ ഇവയാണ്: സ്വര്‍ണം, വെള്ളി, ഓട്,
4 : നീലയും ധൂമ്രവും അരുണവുമായ നൂലുകള്‍, നേര്‍ത്ത ചണത്തുണി, കോലാട്ടിന്‍ രോമം,
5 : ഊറയ്ക്കിട്ട മുട്ടാടിന്‍തോല്, നിലക്കരടിത്തോല്, കരുവേലത്തടി,
6 : വിളക്കുകള്‍ക്കുള്ള എണ്ണ, അഭിഷേക തൈലത്തിനുള്ള സുഗന്ധദ്രവ്യങ്ങള്‍, ധൂപത്തിനുള്ള സുഗന്ധ വസ്തുക്കള്‍,
7 : എഫോദും ഉരസ്ത്രാണവും അലങ്കരിക്കാനുള്ള ഗോമേദക - വൈഡൂര്യ രത്നങ്ങള്‍.
8 : ഞാന്‍ അവരുടെയിടയില്‍ വസിക്കാന്‍ അവര്‍ എനിക്ക് ഒരു വിശുദ്ധകൂടാരം സജ്ജമാക്കണം.
9 : ഞാന്‍ കാണിച്ചുതരുന്ന മാതൃകയനുസരിച്ചായിരിക്കണം കൂടാരവും അതിലെ ഉപകരണങ്ങളും നിര്‍മിക്കുന്നത്.
10 : കരുവേലമരം കൊണ്ട് ഒരു പേടകം നിര്‍മിക്കണം. അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരിക്കണം.
11 : ശുദ്ധിചെയ്ത സ്വര്‍ണംകൊണ്ട് അതിന്റെ അകവും പുറവും പൊതിയണം. അതിനു മീതേ ചുറ്റും സ്വര്‍ണം കൊണ്ടുള്ള ഒരരികുപാളി ഉറപ്പിക്കണം.
12 : നാലു സ്വര്‍ണ വളയങ്ങളുണ്ടാക്കി പേടകത്തിന്റെ ചുവട്ടിലെ നാലു മൂലകളില്‍ ഘടിപ്പിക്കണം. രണ്ടെണ്ണം ഒരു വശത്തും രണ്ടെണ്ണം മറുവശത്തും ആയിരിക്കണം.
13 : കരുവേലമരം കൊണ്ടു തണ്ടുകളുണ്ടാക്കി അവയും സ്വര്‍ണം കൊണ്ടു പൊതിയണം.
14 : പേടകം വഹിച്ചുകൊണ്ടു പോകാന്‍ പാര്‍ശ്വവളയങ്ങളിലൂടെ തണ്ടുകള്‍ ഇടണം.
15 : തണ്ടുകള്‍ എപ്പോഴും പേടകത്തിന്റെ വളയങ്ങളില്‍ത്തന്നെ ഉണ്ടായിരിക്കണം. അവയില്‍ നിന്നെടുത്തു മാറ്റരുത്.
16 : ഞാന്‍ നിനക്കു തരാന്‍ പോകുന്ന ഉടമ്പടിപ്പത്രിക പേടകത്തില്‍ നിക്ഷേപിക്കണം.
17 : ശുദ്ധിചെയ്ത സ്വര്‍ണംകൊണ്ട് ഒരു കൃപാസനം നിര്‍മിക്കണം. അതിന്റെ നീളം രണ്ടരമുഴവും വീതി ഒന്നര മുഴവും ആയിരിക്കണം.
18 : കൃപാസനത്തിന്റെ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ട് രണ്ടു കെരൂബുകളെ നിര്‍മിക്കണം.
19 : കൃപാസനത്തിന്റെ രണ്ടറ്റത്തും അതിനോട് ഒന്നായിച്ചേര്‍ന്നിരിക്കത്തക്ക വണ്ണം വേണം കെരൂബുകളെ നിര്‍മിക്കാന്‍.
20 : കൃപാസനം മൂടത്തക്കവിധം കെരൂബുകള്‍ ചിറകുകള് മുകളിലേക്കു വിരിച്ചു പിടിച്ചിരിക്കണം. കെരൂബുകള്‍ കൃപാസനത്തിലേക്കു തിരിഞ്ഞ് മുഖാഭിമുഖം നിലകൊള്ളണം.
21 : കൃപാസനം പേടകത്തിനു മുകളില്‍ സ്ഥാപിക്കണം. ഞാന്‍ നിനക്കു തരാന്‍പോകുന്ന ഉടമ്പടിപ്പത്രിക പേടകത്തിനുള്ളില്‍ നിക്ഷേപിക്കണം.
22 : അവിടെവച്ചു ഞാന്‍ നിന്നെ കാണും. കൃപാസനത്തിനു മുകളില്‍ നിന്ന്, സാക്ഷ്യപേടകത്തിനു മീതേയുള്ള കെരൂബുകളുടെ നടുവില്‍നിന്നു ഞാന്‍ നിന്നോടു സംസാരിക്കും. ഇസ്രായേലിനു വേണ്ടിയുള്ള എന്റെ കല്പനകളെല്ലാം ഞാന്‍ നിന്നെ അറിയിക്കും.
23 : കരുവേലമരംകൊണ്ട് രണ്ടുമുഴം നീളവും ഒരു മുഴം വീതിയും ഒന്നരമുഴം ഉയരവുമുള്ള ഒരു മേശ ഉണ്ടാക്കണം.
24 : തനി സ്വര്‍ണം കൊണ്ട് അതു പൊതിയുകയും സ്വര്‍ണം കൊണ്ടുതന്നെ അതിന് അരികുപാളി പിടിപ്പിക്കുകയും വേണം.
25 : അതിനു ചുറ്റും കൈപ്പത്തിയുടെ വീതിയിലുള്ള ഒരു ചട്ടമുണ്ടാക്കുകയും ചട്ടത്തിനു ചുറ്റും സ്വര്‍ണംകൊണ്ടുള്ള അരികുപാളി പിടിപ്പിക്കുകയും വേണം.
26 : സ്വര്‍ണംകൊണ്ടുള്ള നാലുവളയങ്ങളുണ്ടാക്കി, മേശയുടെ നാലു മൂലകളിലുള്ള നാലു കാലുകളില്‍ ഘടിപ്പിക്കുക.
27 : വളയങ്ങളിലൂടെ തണ്ടുകളിട്ട്, മേശ ചുമന്നുകൊണ്ടുപോകത്തക്ക വിധം വളയങ്ങള്‍ ചട്ടത്തോടു ചേര്‍ന്നിരിക്കണം.
28 : മേശ ചുമന്നുകൊണ്ടു പോകാനായി കരുവേലമരം കൊണ്ടു തണ്ടുകളുണ്ടാക്കി സ്വര്‍ണം കൊണ്ടു പൊതിയണം.
29 : താലങ്ങളും തളികകളും കലശങ്ങളും പാനീയബലിക്കുള്ള ചഷകങ്ങളും തനി സ്വര്‍ണം കൊണ്ടുണ്ടാക്കണം.
30 : തിരുസാന്നിധ്യത്തിന്റെ അപ്പം എപ്പോഴും എന്റെ മുന്‍പാകെ മേശപ്പുറത്തു വച്ചിരിക്കണം.
31 : തനി സ്വര്‍ണംകൊണ്ട് ഒരു വിളക്കുകാലുണ്ടാക്കണം. അതിന്റെ ചുവടും തണ്ടും ചഷകങ്ങളും മുകുളങ്ങളും പുഷ്പങ്ങളും ഒരേ സ്വര്‍ണത്തകിടില്‍ തീര്‍ത്തതായിരിക്കണം.
32 : ഒരു വശത്തു നിന്നു മൂന്ന്, മറുവശത്തുനിന്ന് മൂന്ന് എന്ന കണക്കില്‍ വിളക്കുകാലിന്റെ ഇരുവശത്തുമായി ആറു ശാഖകളുണ്ടായിരിക്കണം.
33 : ഓരോ ശാഖയിലും ബദാംപൂവിന്റെ ആകൃതിയില്‍ മുകുളങ്ങളോടും പുഷ്പദലങ്ങളോടും കൂടിയ മൂന്നു ചഷകങ്ങളുണ്ടായിരിക്കണം.
34 : വിളക്കുതണ്ടിന്മേല് ബദാംപൂവിന്റെ ആകൃതിയില്‍ മുകുളങ്ങളും പുഷ്പദലങ്ങളും ചേര്‍ന്ന നാലു ചഷകങ്ങള്‍ ഉണ്ടായിരിക്കണം.
35 : വിളക്കുകാലില്‍നിന്നു പുറപ്പെടുന്ന ആറു ശാഖകളില്‍ ഓരോ ജോടിയുടെയും അടിയില്‍ ഓരോ മുകുളം എന്ന കണക്കില്‍ മൂന്നു മുകുളങ്ങളുണ്ടായിരിക്കണം.
36 : അടിച്ചു പരത്തിയ തനി സ്വര്‍ണത്തിന്റെ ഒരേ തകിടിലായിരിക്കണം മുകുളങ്ങളും ശാഖകളുമെല്ലാം നിര്‍മിക്കുന്നത്.
37 : വിളക്കുതണ്ടിന്മേലും അതിന്റെ ശാഖകളിന്മേലും വയ്ക്കാന്‍വേണ്ടി ഏഴു വിളക്കുകള്‍ ഉണ്ടാക്കണം. അവ വിളക്കുകാലിനു മുന്പില് പ്രകാശം വീശത്തക്കവിധം സ്ഥാപിക്കണം.
38 : തിരിയണയ്ക്കാനുപയോഗിക്കുന്ന കത്രികകളും തട്ടങ്ങളും തനി സ്വര്‍ണംകൊണ്ടുള്ള വയായിരിക്കണം.
39 : വിളക്കുകാലും ഉപകരണങ്ങളുമെല്ലാം കൂടി ഒരു താലന്തു തനി സ്വര്‍ണം കൊണ്ടു വേണം നിര്‍മിക്കാന്‍.
40 : മലയില്‍വച്ചു നിന്നെ ഞാന്‍ കാണിച്ച മാതൃകയില്‍ ഇവയെല്ലാം നിര്‍മിക്കാന്‍ ശ്രദ്ധിക്കണം.