P. O. C ബൈബിള്‍
പഴയ നിയമം
പുറപ്പാടിന്റെ പുസ്തകം
അദ്ധ്യായം 15
മോശയുടെ കീര്‍ത്തനം1 : മോശയും ഇസ്രായേല്‍ക്കാരും കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് ഈ ഗാനം ആലപിച്ചു: കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും. എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു. കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.
2 : കര്‍ത്താവ് എന്റെ ശക്തിയും സംരക്ഷകനുമാകുന്നു; അവിടുന്ന് എനിക്കു രക്ഷയായി ഭവിച്ചിരിക്കുന്നു. അവിടുന്നാണ് എന്റെ ദൈവം; ഞാന്‍ അവിടുത്തെ സ്തുതിക്കും. അവിടുന്നാണ് എന്റെ പിതാവിന്റെ ദൈവം; ഞാന്‍ അവിടുത്തെ കീര്‍ത്തിക്കും.
3 : കര്‍ത്താവു യോദ്ധാവാകുന്നു; കര്‍ത്താവ് എന്നാകുന്നു അവിടുത്തെ നാമം.
4 : ഫറവോയുടെ രഥങ്ങളെയും സൈന്യത്തെയും അവിടുന്നു കടലിലാഴ്ത്തി; അവന്റെ ധീരരായ സൈന്യാധിപര്‍ ചെങ്കടലില്‍ മുങ്ങിമരിച്ചു.
5 : ആഴമേറിയ ജലം അവരെ മൂടി, അഗാധതയിലേക്കു കല്ലുപോലെ അവര്‍ താണു.
6 : കര്‍ത്താവേ, അങ്ങയുടെ വലത്തുകൈ ശക്തിയാല്‍ മഹത്വമാര്‍ന്നിരിക്കുന്നു; കര്‍ത്താവേ, അങ്ങയുടെ വലത്തുകൈ ശത്രുവിനെ ചിതറിച്ചിരിക്കുന്നു.
7 : അനന്തമഹിമയാല്‍ അങ്ങ് എതിരാളികളെ തകര്‍ക്കുന്നു; കോപാഗ്നി അയച്ച് വയ്ക്കോലെന്ന പോലെ അവരെ ദഹിപ്പിക്കുന്നു.
8 : അങ്ങയുടെ നിശ്വാസത്താല്‍ ജലം കുന്നുകൂടി; പ്രവാഹങ്ങള്‍ നിശ്ചലമായി; കടലിന്റെ ആഴങ്ങള്‍ ഉറഞ്ഞു കട്ടയായി.
9 : ശത്രു പറഞ്ഞു: ഞാന്‍ അവരെ പിന്തുടര്ന്നു പിടികൂടും; അവരുടെ വസ്തുക്കള്‍ ഞാന്‍ കൊള്ളയടിച്ചു പങ്കുവയ്ക്കും; എന്റെ അഭിലാഷം ഞാന്‍ പൂര്‍ത്തിയാക്കും; ഞാന്‍ വാളൂരും; എന്റെ കരം അവരെ സംഹരിക്കും.
10 : നിന്റെ കാററു നീ വീശി; കടല്‍ അവരെ മൂടി; ഈയക്കട്ടകള്‍പോലെ അവര്‍ ആഴിയുടെ ആഴത്തിലേക്കു താണു.
11 : കര്‍ത്താവേ, ദേവന്മാരില് അങ്ങേക്കുതുല്യനായി ആരുണ്ട്? കര്‍ത്താവേ, വിശുദ്ധിയാല്‍ മഹത്വപൂര്‍ണനും, ശക്തമായ പ്രവര്‍ത്തനങ്ങളില്‍ ഭീതിദനും, അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനുമായ അങ്ങേക്കു തുല്യനായി ആരുണ്ട്?
12 : അങ്ങു വലത്തുകൈ നീട്ടി; ഭൂമി അവരെ വിഴുങ്ങി.
13 : അങ്ങു വീണ്ടെടുത്ത ജനത്തെ കാരുണ്യത്തോടെ അങ്ങു നയിച്ചു; അങ്ങയുടെ വിശുദ്ധ വസതിയിലേക്ക് ശക്തിയാല്‍ അവിടുന്ന് അവരെ നയിച്ചു.
14 : ഇതുകേട്ട ജനതകള്‍ ഭയന്നുവിറച്ചു. ഫിലിസ്ത്യര്‍ ആകുലരായി. ഏദോം പ്രഭുക്കന്മാര് പരിഭ്രാന്തരായി.
15 : മൊവാബിലെ പ്രബലന്മാര് കിടിലംകൊണ്ടു. കാനാന്‍നിവാസികള്‍ മൃതപ്രായരായി.
16 : അങ്ങയുടെ ജനം കടന്നുപോകുന്നതുവരെ, കര്‍ത്താവേ അങ്ങു വീണ്ടെടുത്ത ജനം കടന്നു പോകുന്നതുവരെ, ഭീതിയും പരിഭ്രാന്തിയും അവരെ കീഴ്പെടുത്തുന്നു; അങ്ങയുടെ കരത്തിന്റെ ശക്തി അവരെ ശിലാതുല്യം നിശ്ചലരാക്കുന്നു.
17 : കര്‍ത്താവേ, അങ്ങ് അവരെ കൊണ്ടുവന്ന് അങ്ങയുടെ വിശുദ്ധ മലയില്‍, അങ്ങേക്കു വസിക്കാനായി ഒരുക്കിയിരിക്കുന്ന സ്ഥലത്ത്, അങ്ങയുടെ കരങ്ങള്‍ സ്ഥാപിച്ചവിശുദ്ധ മന്ദിരത്തില്‍ അവരെ നട്ടുപിടിപ്പിക്കും.
18 : കര്‍ത്താവ്, എന്നേക്കും രാജാവായി ഭരിക്കും.
19 : ഫറവോയുടെ കുതിരകള്‍ തേരുകളോടും പടയാളികളോടുമൊന്നിച്ചു കടലിലേക്കിറങ്ങിച്ചെന്നപ്പോള്‍, കര്‍ത്താവു കടല്‍വെള്ളം അവരുടെ മേല്‍ തിരികെപ്പായിച്ചു. എന്നാല്‍, ഇസ്രായേല്‍ജനം കടലിന്റെ നടുവേ വരണ്ട ഭൂമിയിലൂടെ കടന്നുപോയി.
20 : അപ്പോള്‍ പ്രവാചികയും അഹറോന്റെ സഹോദരിയുമായ മിരിയാം തപ്പു കൈയിലെടുത്തു; സ്ത്രീകളെല്ലാവരും തപ്പുകളെടുത്തു നൃത്തംചെയ്തുകൊണ്ട് അവളെ അനുഗമിച്ചു.
21 : മിരിയാം അവര്‍ക്കു പാടിക്കൊടുത്തു: കര്‍ത്താവിനെ പാടിസ്തുതിക്കുവിന്‍; എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു. കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.
22 : മോശ ഇസ്രായേല്‍ക്കാരെ ചെങ്കടലില്‍നിന്നു മുന്‍പോട്ടു നയിച്ചു. അവര്‍ ഷൂര്‍മരുഭൂമിയില്‍ പ്രവേശിച്ചു. മരുഭൂമിയിലൂടെ മൂന്നു ദിവസംയാത്ര ചെയ്തിട്ടും ഒരിടത്തും വെള്ളം കണ്ടെണ്ടത്തിയില്ല.
23 : അവര്‍ മാറാ എന്ന സ്ഥലത്തു വന്നുചേര്‍ന്നു. അവിടത്തെ വെള്ളം അവര്‍ക്കു കുടിക്കാന്‍ കഴിഞ്ഞില്ല; അതു കയ്പുള്ളതായിരുന്നു. അക്കാരണത്താല്‍ ആ സ്ഥലത്തിനു മാറാ എന്നു പേരു നല്കപ്പെട്ടു.
24 : ജനം മോശയ്ക്കെതിരേ പിറുപിറുത്തു: ഞങ്ങള്‍ എന്തു കുടിക്കും?
25 : അവന് കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് അവന് ഒരു തടിക്കഷണം കാണിച്ചു കൊടുത്തു. അത് വെള്ളത്തിലിട്ടപ്പോള്‍ വെള്ളം മധുരിച്ചു. അവിടെ വച്ച് അവിടുന്ന് അവര്‍ക്ക് ഒരു നിയമം നല്കി.
26 : അവിടുന്ന് അവരെ പരീക്ഷിച്ചു. അവിടുന്ന് അരുളിച്ചെയ്തു: നീ നിന്റെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രദ്ധാപൂര്‍വം ശ്രവിക്കുകയും അവിടുത്തെ ദൃഷ്ടിയില് ശരിയായതു പ്രവര്‍ത്തിക്കുകയും അവിടുത്തെ കല്പനകള് അനുസരിക്കുകയും ചട്ടങ്ങള്‍ പാലിക്കുകയും ചെയ്താല്‍ ഞാന്‍ ഈജിപ്തുകാരുടെമേല്‍ വരുത്തിയ മഹാമാരികളിലൊന്നും നിന്റെ മേല്‍ വരുത്തുകയില്ല; ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്.
27 : അതിനുശേഷം, അവര്‍ ഏലിംദേശത്തു വന്നു. അവിടെ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു. അവിടെ ജലാശയത്തിനു സമീപം അവര്‍ പാളയമടിച്ചു.