P. O. C ബൈബിള്‍
പഴയ നിയമം
സംഖ്യ
അദ്ധ്യായം 1
ജനസംഖ്യ1 : ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ രണ്ടാംവര്‍ഷം രണ്ടാംമാസം ഒന്നാം ദിവസം സീനായ്മരുഭൂമിയില്‍ സമാഗമകൂടാരത്തില്‍വച്ച് കര്‍ത്താവ് മോശയോടു കല്പിച്ചു:
2 : ഗോത്രവും കുടുംബവും തിരിച്ച് ഇസ്രായേല്‍ സമൂഹത്തിലെ സകല പുരുഷന്മാരുടെയും കണക്കെടുക്കുക.
3 : ഇരുപതും അതിനുമേലും വയസ്സും യുദ്ധം ചെയ്യാന്‍ കഴിവുമുള്ള ഇസ്രായേലിലെ സകലരെയും ഗണം തിരിച്ചെണ്ണുക. നീയും അഹറോനും കൂടിയാണ് കണക്കെടുക്കേണ്ടത്.
4 : ഓരോ ഗോത്രത്തിലും നിന്ന് ഒരു തലവനെക്കൂടെ കൊണ്ടുപോകണം.
5 : നിങ്ങളെ സഹായിക്കാന്‍ വരേണ്ടവര്‍ ഇവരാണ്: റൂബനില്‍നിന്ന് ഷെദെയൂറിന്റെ പുത്രന് എലിസൂര്‍.
6 : ശിമയോനില്‍നിന്ന് സുരിഷദായിയുടെ പുത്രന് ഷെലൂമിയേല്‍.
7 : യൂദായില്‍നിന്ന് അമീനാദാബിന്റെ പുത്രന് നഹ്ഷോന്‍.
8 : ഇസാക്കറില്‍ നിന്ന് സൂവാറിന്റെ പുത്രന് നെത്താനേല്‍.
9 : സെബുലൂണില്‍നിന്ന് ഹേലോനിന്റെ പുത്രന് എലിയാബ്.
10 : ജോസഫിന്റെ പുത്രന്മാരായ എഫ്രായിം, മനാസ്സെ എന്നിവരില്‍ നിന്ന് യഥാക്രമം അമ്മിഹൂദിന്റെ പുത്രന് എലിഷാമാ, പെദഹ്സൂറിന്റെ പുത്രന് ഗമാലിയേല്‍;
11 : ബഞ്ചമിനില്‍നിന്ന് ഗിദയോനിന്റെ പുത്രന് അബിദാന്‍;
12 : ദാനില്‍നിന്ന് അമ്മിഷദ്ദായിയുടെ പുത്രന് അഹിയേസെര്‍;
13 : ആഷേറില്‍നിന്ന് ഒക്രാന്റെ പുത്രന് പഗിയേല്‍;
14 : ഗാദില്‍നിന്ന് റവുവേലിന്റെ പുത്രന് എലിയാസാഫ്;
15 : നഫ്താലിയില്‍നിന്ന് ഏതാനിന്റെ പുത്രന് അഹിറാ.
16 : ഇവരാണ് ഇസ്രായേല്‍വംശത്തിന്റെ നേതാക്കന്മാരായി തിരഞ്ഞെടുക്കപ്പെട്ട ഗോത്രത്തലവന്മാര്.
17 : മോശയും അഹറോനും ഇവരെ സ്വീകരിച്ചു.
18 : രണ്ടാംമാസം ഒന്നാംദിവസം അവര്‍ ജനത്തെ മുഴുവന്‍ ഒരുമിച്ചു കൂട്ടി. ഓരോരുത്തരുടെയും കുടുംബം, ഗോത്രം ഇവയനുസരിച്ച് ഇരുപതും അതില്‍ക്കൂടുതലും വയസ്സുള്ളവരെ ആളാംപ്രതി പട്ടികയില്‍ ചേര്‍ത്തു.
19 : അങ്ങനെ കര്‍ത്താവു കല്പിച്ചതുപോലെ സീനായ്മരുഭൂമിയില്‍ വച്ച് മോശ ഇസ്രായേല്‍ജനത്തിന്റെ കണക്കെടുത്തു.
20 : ഇസ്രായേലിന്റെ ആദ്യജാതനായ റൂബന്റെ
21 : ഗോത്രത്തില്പെട്ടവര് തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ നാല്പത്താറായിരത്തിയഞ്ഞൂറ്.
22 : ശിമയോന്റെ ഗോത്രത്തില്പെട്ടവര്
23 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ അന്‍പത്തൊമ്പതിനായിരത്തിമുന്നൂറ്.
24 : ഗാദിന്റെ ഗോത്രത്തില്പെട്ടവര്
25 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ നാല്പത്തയ്യായിരത്തിയറുനൂറ്റമ്പത്.
26 : യൂദായുടെ ഗോത്രത്തില്പെട്ടവര്
27 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍
28 : ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ എഴുപത്തിനാലായിരത്തിയറുന്നൂറ്.
29 : ഇസാക്കറിന്റെ ഗോത്രത്തില്‍ പെട്ടവര്‍ തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ അമ്പത്തിനാലായിരത്തിനാനൂറ്.
30 : സെബുലൂണ്‍ ഗോത്രത്തില്പെട്ടവര്
31 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ അമ്പത്തേഴായിരത്തിനാനൂറ്.
32 : ജോസഫിന്റെ മക്കളായ എഫ്രായിമിന്റെയും
33 : മനാസ്സെയുടെയും ഗോത്രത്തില്പെട്ടവര്
34 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍
35 : ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ യഥാക്രമം നാല്പതിനായിരത്തിയഞ്ഞൂറും മുപ്പത്തീരായിരത്തിയിരുനൂറും.
36 : ബഞ്ചമിന്റെ ഗോത്രത്തില്പെട്ടവര്
37 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ മുപ്പത്തയ്യായിരത്തിനാനൂറ്.
38 : ദാനിന്റെ ഗോത്രത്തില്പെട്ടവര്
39 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ അറുപത്തീരായിരത്തിഎഴുനൂറ്.
40 : ആഷേറിന്റെ ഗോത്രത്തില്പെട്ടവര്
41 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ നാല്പത്തോരായിരത്തിയഞ്ഞൂറ്.
42 : നഫ്താലി ഗോത്രത്തില്പെട്ടവര്
43 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ അമ്പത്തിമൂവായിരത്തിനാനൂറ്.
44 : ഇസ്രായേലിലെ ഗോത്രപ്രതിനിധികളായ പന്ത്രണ്ടു നേതാക്കളും മോശയും അഹറോനും ചേര്‍ന്നെടുത്ത കണക്കില്‍പെട്ടവരാണിവര്‍.
45 : ഗോത്രം ഗോത്രമായി ഇരുപതും അതിനുമേലും വയസ്സു പ്രായത്തില്‍ ഇസ്രായേലിലെ യുദ്ധശേഷിയുള്ള പുരുഷന്മാര്
46 : ആകെ ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പത് ആയിരുന്നു.
47 : ലേവിഗോത്രത്തെ ജനസംഖ്യയില്‍ പെടുത്തിയില്ല.
48 : കാരണം, കര്‍ത്താവ് മോശയോട് അരുളിച്ചെയ്തിരുന്നു:
49 : ലേവ്യരെ നീ എണ്ണരുത്; ഇസ്രായേല്യരുടെ ജനസംഖ്യയില്‍ അവരുടെ എണ്ണം ചേര്‍ക്കുകയുമരുത്.
50 : എന്നാല്‍, സാക്ഷ്യകൂടാരവും അതിലെ ഉപകരണങ്ങളും അതുമായി ബന്ധപ്പെട്ട സകലതും ലേവ്യരുടെ മേല്‍നോട്ടത്തിലായിരിക്കണം; അവര്‍ കൂടാരവും അതിലെ ഉപകരണങ്ങളും വഹിക്കുകയും അതില്‍ ശുശ്രൂഷചെയ്യുകയും വേണം. കൂടാരത്തിനു ചുറ്റും അവര്‍ താവളമടിക്കട്ടെ.
51 : കൂടാരവുമായി പുറപ്പെടേണ്ടിവരുമ്പോള്‍ ലേവ്യര്‍ അത് അഴിച്ചിറക്കുകയും കൂടാരമടിക്കേണ്ടിവരുമ്പോള്‍ അവര്‍ തന്നെ അതു സ്ഥാപിക്കുകയും വേണം. മറ്റാരെങ്കിലും അതിനെ സമീപിച്ചാല്‍ അവനെ വധിക്കണം.
52 : ഇസ്രായേല്‍ജനം ഗണങ്ങളായിത്തിരിഞ്ഞ് ഓരോരുത്തരും താന്താങ്ങളുടെ പാളയത്തിലും സ്വന്തം കൊടിക്കീഴിലും താവളമടിക്കണം.
53 : ഇസ്രായേല്‍ സമൂഹത്തിന്റെ നേരേ ദൈവകോപം ഉണ്ടാകാതിരിക്കേണ്ടതിന് ലേവ്യര്‍ സാക്ഷ്യകൂടാരത്തിനുചുറ്റും പാളയമടിക്കണം. സാക്ഷ്യകൂടാരത്തിന്റെ ചുമതല അവര്‍ വഹിക്കുകയും വേണം.
54 : ഇസ്രായേല്‍ജനം അപ്രകാരം ചെയ്തു. കര്‍ത്താവ് മോശയോടു കല്പിച്ചതുപോലെ അവര്‍ പ്രവര്‍ത്തിച്ചു.