P. O. C ബൈബിള്‍
പഴയ നിയമം
നാഹും
അദ്ധ്യായം 2
നിനെവേയുടെ പതനം1 : വിനാശകന് നിനക്കെതിരേ വരുന്നു. കോട്ടകളില്‍ പ്രതിരോധമേര്‍പ്പെടുത്തുക; വഴികളില്‍ കാവല്‍ നിര്‍ത്തുക. നീ അരമുറുക്കുക; സര്‍വശക്തിയും സംഭരിക്കുക.
2 : കര്‍ത്താവ് യാക്കോബിന്റെ പ്രതാപം പുനഃസ്ഥാപിക്കുന്നു; ഇസ്രായേലിന്റെ പ്രതാപം പോലെതന്നെ. കവര്‍ച്ചക്കാര്‍ അത് അപഹരിച്ച് അവരുടെ ശാഖകളെ നശിപ്പിച്ചു.
3 : അവന്റെ യോദ്ധാക്കളുടെ പരിചയ്ക്കു ചെന്നിറമാണ്. അവന്റെ സൈനികര്‍ രക്താംബരം അണിഞ്ഞിരിക്കുന്നു. അണിനിരന്നു നീങ്ങുമ്പോള്‍ അവരുടെ രഥങ്ങള്‍ തീജ്വാലപോലെ മിന്നുന്നു. പടക്കുതിരകള്‍ കുതിച്ചു പായുന്നു.
4 : രഥങ്ങള്‍തെരുവീഥിയിലൂടെ ചീറിപ്പായുന്നു. തുറ സ്സായ സ്ഥലങ്ങളിലൂടെ അങ്ങുമിങ്ങും ഓടുന്നു. അവ പന്തങ്ങള്‍പോലെ പ്രകാശിക്കുകയും മിന്നല്‍പോലെ പായുകയും ചെയ്യുന്നു.
5 : സേവകരെ വിളിച്ചുകൂട്ടുന്നു; അവര്‍ ചാടിക്കടക്കുന്നു. അവര്‍ മതിലിനടുത്തേക്ക് ഓടിയടുക്കുന്നു. ലോഹമറ സജ്ജമാക്കിയിരിക്കുന്നു.
6 : നദികള്‍ തുറന്നുവിട്ടിരിക്കുന്നു. രാജമന്ദിരം തകര്‍ന്നുകിടക്കുന്നു.
7 : രാജ്ഞിയെ വിവസ്ത്രയാക്കി പിടിച്ചുകൊണ്ടുപോയിരിക്കുന്നു. അവളുടെ ദാസിമാര്‍ പ്രാവുകളെപ്പോലെ ദുഃഖിച്ചുകൊണ്ട് മാറത്തടിച്ച് നിലവിളിക്കുന്നു.
8 : ജലം വാര്‍ന്നൊഴുകുന്ന കുളംപോലെയാണ് നിനെവേ. നില്ക്കൂ, നില്ക്കൂ എന്ന് അവര്‍ വിളിച്ചുപറയുന്നു; ആരും തിരിഞ്ഞുനോക്കുന്നില്ല.
9 : വെള്ളിയും സ്വര്‍ണവും കൊളളയടിക്കുക! അതിലെ നിധികള്‍ക്ക് അന്തമില്ല; എല്ലാത്തരം അനര്‍ഘവസ്തുക്കളും അവിടെയുണ്ട്.
10 : ശൂന്യം! ശൂന്യത! വിനാശം! ഹൃദയം മരവിക്കുന്നു; കാല്‍മുട്ടുകള്‍ വിറയ്ക്കുന്നു. അരക്കെട്ടില്‍ അതിയായ വേദന, എല്ലാവരുടെയും മുഖം വിളറുന്നു.
11 : സിംഹം ഇരയെ കൊണ്ടുവരുന്ന ഗുഹയും സിംഹക്കുട്ടികള്‍ നിര്‍ബാധം വിഹരിക്കുന്ന മാളങ്ങളും എവിടെ?
12 : സിംഹം തന്റെ കുട്ടികള്‍ക്കുവേണ്ടി വേണ്ടുവോളം മാംസം ചീന്തിക്കീറിവച്ചിട്ടുണ്ട്. സിംഹികള്‍ക്കുവേണ്ടി ഇരയെ ഞെരിച്ചുകൊന്നിരിക്കുന്നു; ഇരയെക്കൊണ്ട് അവന്റെ ഗുഹയും ചീന്തിയ മാംസംകൊണ്ട് മാളവും നിറച്ചിരിക്കുന്നു.
13 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്ക് എതിരാണ്. ഞാന്‍ നിന്റെ രഥങ്ങളെ കത്തിച്ചുകളയും. നിന്റെ സിംഹക്കുട്ടികള്‍ വാളിനിരയാകും. ഞാന്‍ നിന്റെ ഇരയെ ഭൂമിയില്‍നിന്നു ഛേദിച്ചു കളയും. നിന്റെ ദൂതന്മാരുടെ സ്വരം മേലില്‍ കേള്‍ക്കുകയില്ല.