வேதாகமம்
പഴയ നിയമം
2 രാജാക്കന്മാര്
അദ്ധ്യായം 4
-
വിധവയുടെ എണ്ണ
- Verse 1: പ്രവാചകഗണത്തില് ഒരുവന്റെ ഭാര്യ എലീഷായോടു പറഞ്ഞു: അങ്ങയുടെ ദാസനായ എന്റെ ഭര്‍ത്താവ് മരിച്ചിരിക്കുന്നു. അവന് കര്‍ത്താവിന്റെ ഭക്തനായിരുന്നുവെന്ന് അങ്ങേക്ക് അറിയാമല്ലോ. അവനു കടം കൊടുത്തവന് ഇതാ എന്റെ കുട്ടികള്‍ രണ്ടുപേരെയും അടിമകളാക്കാന്‍ വന്നിരിക്കുന്നു.
- Verse 2: എലീഷാ അവളോടു പറഞ്ഞു: ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്യണം? പറയുക. നിന്റെ വീട്ടില്‍ എന്തുണ്ട്? അവള് പറഞ്ഞു: ഈ ദാസിയുടെ വീട്ടില്‍ ഒരു ഭരണി എണ്ണയല്ലാതെ മറ്റൊന്നുമില്ല.
- Verse 3: അവന് പറഞ്ഞു: നീ ചെന്ന് അയല്‍ക്കാരില്‍നിന്ന് ഒഴിഞ്ഞപാത്രങ്ങള്‍ ധാരാളം ശേഖരിക്കുക.
- Verse 4: പിന്നെ നീയും നിന്റെ പുത്രന്മാരും അകത്തുകടന്ന് പാത്രങ്ങളില്‍ എണ്ണ പകരുക. നിറയുന്നതു നിറയുന്നതു മാറ്റിവയ്ക്കുക.
- Verse 5: അവള് വീട്ടില്‍ച്ചെന്ന് പുത്രന്മാരെ അകത്തുവിളിച്ച് വാതിലടച്ചു. അവള് പകരുകയും അവര്‍ പാത്രങ്ങള്‍ എടുത്തുകൊടുക്കുകയും ചെയ്തു.
- Verse 6: പാത്രങ്ങള്‍ നിറഞ്ഞപ്പോള്‍ അവള് പുത്രനോട് ഇനിയും കൊണ്ടുവരുക എന്നുപറഞ്ഞു. ഇനി പാത്രമില്ലെന്ന് അവന് പറഞ്ഞപ്പോള്‍ എണ്ണയുടെ ഒഴുക്കു നിലച്ചു.
- Verse 7: അവള് ദൈവപുരുഷന്റെ അടുത്തുചെന്നു വിവരം അറിയിച്ചപ്പോള്‍ അവന് പറഞ്ഞു: പോയി എണ്ണ വിറ്റു കടം വീട്ടുക. ശേഷിക്കുന്നതു കൊണ്ട് നീയും പുത്രന്മാരും ഉപജീവനം കഴിക്കുക.
-
ഷൂനേംകാരിയുടെ മകന്
- Verse 8: ഒരിക്കല്‍ എലീഷാ ഷൂനേമില്‍ ചെന്നപ്പോള്‍ ഒരു ധനിക അവനെ ഭക്ഷണത്തിനു ക്ഷണിച്ചു. ആ വഴി കടന്നുപോകുമ്പോഴെല്ലാം അവന് ഭക്ഷണത്തിന് ആ വീട്ടില്‍ ചെല്ലുക പതിവായി.
- Verse 9: അവള് ഭര്‍ത്താവിനോടു പറഞ്ഞു: ഇതിലെ പോകാറുള്ള ആ മനുഷ്യന് ഒരു ദൈവപുരുഷനാണ്.
- Verse 10: നമുക്കു മട്ടുപ്പാവില്‍ ചെറിയ ഒരു മുറിയുണ്ടാക്കി അതില്‍ കിടക്കയും മേശയും കസേരയും വിളക്കും വയ്ക്കാം. വരുമ്പോഴൊക്കെ അവന് അവിടെ വിശ്രമിക്കാമല്ലോ.
- Verse 11: ഒരിക്കല്‍ അവന് അവിടെ വിശ്രമിക്കുകയായിരുന്നു.
- Verse 12: ഷൂനേംകാരിയെ വിളിക്കാന്‍ അവന് തന്റെ ഭൃത്യന് ഗഹസിയോടു പറഞ്ഞു: അവന് വിളിച്ചപ്പോള്‍ അവള് വന്ന് മുന്പില്നിന്നു.
- Verse 13: എലീഷാ ഭൃത്യനോടു പറഞ്ഞു: അവളോടുപറയുക, നീ ഞങ്ങള്‍ക്കു വേണ്ടി എത്ര ബുദ്ധിമുട്ടി. ഞങ്ങള്‍ എന്താണ് നിനക്കുവേണ്ടി ചെയ്യേണ്ടത്? രാജാവിനോടോ സൈന്യാധിപനോടോ ശുപാര്‍ശ ചെയ്യണമോ? അവള് പറഞ്ഞു: ഞാന്‍ വസിക്കുന്നത് എന്റെ ജനത്തിന്റെ കൂടെയാണ്.
- Verse 14: എലീഷാ പറഞ്ഞു: അവള്‍ക്കുവേണ്ടി എന്താണ് ചെയ്യേണ്ടത്? ഗഹസി പറഞ്ഞു: അവള്‍ക്കു മക്കളില്ല, ഭര്‍ത്താവ് വൃദ്ധനുമാണ്.
- Verse 15: അവന് പറഞ്ഞു: അവളെ വിളിക്കുക. വിളിച്ചപ്പോള്‍ അവള് വാതില്ക്കല് വന്നുനിന്നു.
- Verse 16: എലീഷാ പറഞ്ഞു: അടുത്തവര്‍ഷം ഈ സമയത്ത് നീ ഒരു പുത്രനെ താലോലിക്കും. അവള് പറഞ്ഞു: ഇല്ല, ദൈവപുരുഷാ, പ്രഭോ, ഈ ദാസിയോടു വ്യാജം പറയരുതേ!
- Verse 17: എലീഷാ പറഞ്ഞതു പോലെ അവള് ഗര്‍ഭം ധരിച്ച് അടുത്ത വസന്തത്തില്‍ ഏകദേശം ആ സമയത്ത് ഒരു പുത്രനെ പ്രസവിച്ചു.
- Verse 18: കുട്ടി വളര്‍ന്നു. ഒരു ദിവസം അവന് കൊയ്ത്തുകാരോടുകൂടെ ആയിരുന്ന പിതാവിന്റെ അടുത്തേക്കു ചെന്നു.
- Verse 19: അവന് പറഞ്ഞു: അയ്യോ! എന്റെ തല, എന്റെ തല വേദനിക്കുന്നു. പിതാവു ഭൃത്യനോടു പറഞ്ഞു: അവനെ അമ്മയുടെ അടുക്കല്‍ കൊണ്ടുപോയി ആക്കൂ.
- Verse 20: അവന് കുട്ടിയെ എടുത്ത് അമ്മയുടെ അടുക്കല്‍ ആക്കി. ഉച്ചവരെ കുട്ടി അമ്മയുടെ മടിയില്‍ ഇരുന്നു. പിന്നെ അവന് മരിച്ചു.
- Verse 21: അവള് അവനെ മുകളില്‍ കൊണ്ടുചെന്ന് ദൈവപുരുഷന്റെ കിടക്കയില്‍ കിടത്തിയതിനുശേഷം വാതിലടച്ചു പുറത്തുപോന്നു.
- Verse 22: അവള് ഭര്‍ത്താവിനോടു വിളിച്ചുപറഞ്ഞു: ഒരു വേലക്കാരനെയും കഴുതയെയും ഇങ്ങോട്ടയയ്ക്കുക. ഞാന്‍ വേഗം പോയി ദൈവപുരുഷനെ കണ്ടു വരട്ടെ.
- Verse 23: അവന് ചോദിച്ചു: നീ ഇന്ന് അവന്റെ അടുത്തേക്ക് പോകുന്നതെന്തിന്? ഇന്ന് അമാവാസിയോ സാബത്തോ അല്ലല്ലോ. അവള് പറഞ്ഞു: നന്മ ഭവിക്കും.
- Verse 24: കഴുതയ്ക്കു ജീനിയിട്ടതിനുശേഷം അവള് ഭൃത്യനോടു പറഞ്ഞു: വേഗം ഓടിക്കുക; ഞാന്‍ പറയാതെ വേഗം കുറയ്ക്കരുത്.
- Verse 25: അവള് കാര്‍മല്‍മലയില്‍ ദൈവപുരുഷന്റെ അടുത്തെത്തി. അവള് വരുന്നതു കണ്ടപ്പോള്‍ അവന് ഭൃത്യന് ഗഹസിയോടു പറഞ്ഞു: അതാ ഷൂനേംകാരി.
- Verse 26: ഓടിച്ചെന്ന് അവളെ സ്വീകരിച്ച് അവള്‍ക്കും ഭര്‍ത്താവിനും കുഞ്ഞിനും സുഖംതന്നെയോ എന്ന് അന്വേഷിക്കുക. സുഖംതന്നെ, അവള് പറഞ്ഞു.
- Verse 27: അവള് മലയില്‍ ദൈവപുരുഷന്റെ അടുത്തെത്തി അവന്റെ പാദങ്ങളില്‍ പിടിച്ചു. അവളെ തള്ളിമാറ്റുന്നതിന് ഗഹസി മുന്പോട്ടുവന്നു. എന്നാല്‍, ദൈവപുരുഷന് പറഞ്ഞു: അവളെ തടയരുത്. അവള് കഠിനദുഃഖത്തിലാണ്. കര്‍ത്താവ് അത് എന്നില്‍നിന്നു മറച്ചിരിക്കുന്നു, എന്നെ അറിയിച്ചിട്ടില്ല.
- Verse 28: അപ്പോള്‍ അവള് പറഞ്ഞു: പ്രഭോ, ഞാന്‍ അങ്ങയോടു പുത്രനെ ആവശ്യപ്പെട്ടോ? എന്നെ വഞ്ചിക്കരുതെന്നു ഞാന്‍ പറഞ്ഞതല്ലേ?
- Verse 29: അവന് ഗഹസിയോടു പറഞ്ഞു: അരപ്പട്ട ധരിച്ച് എന്റെ വടിയും എടുത്തു ചെല്ലുക. വഴിയില്‍ ആരെ കണ്ടാലും അഭിവാദനം ചെയ്യരുത്; ആരെങ്കിലും അഭിവാദനം ചെയ്താല്‍ പ്രത്യഭിവാദനം ചെയ്യുകയുമരുത്. എന്റെ വടി കുട്ടിയുടെ മുഖത്തു വയ്ക്കുക.
- Verse 30: അപ്പോള്‍ കുട്ടിയുടെ അമ്മ പറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുപോവുകയില്ല. അപ്പോള്‍ അവന് അവളെ അനുഗമിച്ചു.
- Verse 31: ഗഹസി മുന്‍പേ പോയി വടി കുട്ടിയുടെ മുഖത്തു വച്ചു. എന്നാല്‍ അനക്കമോ ജീവന്റെ ലക്ഷണമോ ഉണ്ടായില്ല. അവന് മടങ്ങിവന്ന് എലീഷായോടു കുട്ടി ഉണര്‍ന്നിട്ടില്ലെന്നു പറഞ്ഞു.
- Verse 32: എലീഷാ ആ ഭവനത്തില്‍ ചെന്നപ്പോള്‍ കുട്ടി കിടക്കയില്‍ മരിച്ചുകിടക്കുന്നതു കണ്ടു.
- Verse 33: അവന് ഉള്ളില്‍കടന്ന് വാതിലടച്ചു. മുറിക്കുള്ളില്‍ അവനും കുട്ടിയും മാത്രമായി. എലീഷാ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.
- Verse 34: അനന്തരം, കിടക്കയില്‍ കയറി തന്റെ വായ് കുട്ടിയുടെ വായോടും തന്റെ കണ്ണുകള്‍ അവന്റെ കണ്ണുകളോടും തന്റെ കൈകള്‍ അവന്റെ കൈകളോടും ചേര്‍ത്തുവച്ച് അവന്റെ മേല്‍ കിടന്നു. അപ്പോള്‍ കുട്ടിയുടെ ശരീരം ചൂടുപിടിച്ചു തുടങ്ങി.
- Verse 35: എലീഷാ എഴുന്നേറ്റു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഒരു പ്രാവശ്യം നടന്നു; വീണ്ടും കുട്ടിയുടെമേല്‍ കിടന്നു. കുട്ടി ഏഴുപ്രാവശ്യം തുമ്മിയതിനുശേഷം കണ്ണു തുറന്നു.
- Verse 36: എലീഷാ ഗഹസിയോടു ഷൂനേംകാരിയെ വിളിക്കുക എന്നുപറഞ്ഞു. അവന് വിളിച്ചു; അവള് വന്നു. എലീഷാ അവളോടു പറഞ്ഞു: നിന്റെ പുത്രനെ എടുത്തുകൊള്ളുക.
- Verse 37: അവള് അവന്റെ പാദത്തിങ്കല്‍ വീണു നമസ്കരിച്ചു; എന്നിട്ട് കുട്ടിയെ എടുത്തുകൊണ്ടു പോയി.
-
വിഷം കലര്‍ന്ന ഭക്ഷണം
- Verse 38: എലീഷാ വീണ്ടും ഗില്ഗാലില് എത്തി. അവിടെ ക്ഷാമമായിരുന്നു. പ്രവാചകഗണം മുന്‍പിലിരിക്കേ അവന് ഭൃത്യനോടു പറഞ്ഞു: പ്രവാചകഗണത്തിന് വലിയ പാത്രത്തില്‍ അവിയല്‍ തയ്യാറാക്കുക.
- Verse 39: അവരിലൊരാള്‍ വയലില്‍നിന്നു സസ്യങ്ങള്‍ ശേഖരിക്കുമ്പോള്‍ ഒരു കാട്ടുമുന്തിരി കാണുകയും അതില്‍നിന്നു മടി നിറയെ കായ്കള്‍ പറിച്ചെടുക്കുകയും ചെയ്തു. അവ എന്താണെന്നു മനസ്സിലാക്കാതെ നുറുക്കി പാത്രത്തിലിട്ടു.
- Verse 40: അനന്തരം, അവിയല്‍ വിളമ്പി. ഭക്ഷിച്ചു തുടങ്ങിയപ്പോള്‍ അവര്‍ നിലവിളിച്ചു: ദൈവപുരുഷാ, പാത്രത്തില്‍ മരണം പതിയിരിക്കുന്നു. അവര്‍ക്കു ഭക്ഷിക്കാന്‍ കഴിഞ്ഞില്ല.
- Verse 41: എലീഷാ പറഞ്ഞു: കുറച്ചു മാവു കൊണ്ടുവരുക. അവന് മാവ് പാത്രത്തില്‍ ഇട്ടതിനുശേഷം ഇനി വിളമ്പി ഭക്ഷിക്കാം എന്നുപറഞ്ഞു. അപകടം നീങ്ങിയിരുന്നു.
-
അപ്പം വര്‍ധിപ്പിക്കുന്നു
- Verse 42: ബാല്‍ഷാലിഷായില്‍ നിന്ന് ഒരാള്‍ ആദ്യഫലങ്ങള്‍ കൊണ്ടുണ്ടാക്കിയ കുറെഅപ്പവും ഇരുപതു ബാര്‍ലിയപ്പവും കുറെപുതിയ ധാന്യക്കതിരുകളും സഞ്ചിയിലാക്കി കൊണ്ടുവന്ന് ദൈവപുരുഷനു കൊടുത്തു. അപ്പോള്‍ എലീഷാ പറഞ്ഞു: അത് ഇവര്‍ക്കു കൊടുക്കുക. ഇവര്‍ ഭക്ഷിക്കട്ടെ.
- Verse 43: ഭൃത്യന് ചോദിച്ചു: നൂറ് ആളുകള്‍ക്കായി ഇതു ഞാന്‍ എങ്ങനെ പങ്കുവയ്ക്കും? അവന് ആവര്‍ത്തിച്ചു: കൊടുക്കുക, അവര്‍ ഭക്ഷിക്കട്ടെ. എന്തെന്നാല്‍, കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ ഭക്ഷിക്കുകയും മിച്ചം വരുകയും ചെയ്യും.
- Verse 44: ഭൃത്യന് അത് അവര്‍ക്കു വിളമ്പി. കര്‍ത്താവ് അരുളിച്ചെയ്തതുപോലെ അവര്‍ ഭക്ഷിച്ചു; മിച്ചം വരുകയും ചെയ്തു.