P. O. C ബൈബിള്‍
പുതിയ നിയമം
1 പത്രോസ്
അദ്ധ്യായം 3
ദമ്പതിമാരുടെ കടമ1 : ഭാര്യമാരേ, നിങ്ങള്‍ ഭര്ത്താക്കന്മാര്ക്കു വിധേയരായിരിക്കുവിന്‍. വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, പെരുമാറ്റംകൊണ്ടു വിശ്വാസത്തിലേക്ക് ആനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും.
2 : അവര്‍ നിങ്ങളുടെ ആദരപൂര്‍വകവും നിഷ്കളങ്കവുമായ പെരുമാറ്റം കാണുന്നതുമൂലമാണ് ഇതു സാധ്യമാവുക.
3 : ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം;
4 : പിന്നെയോ, ദൈവസന്നിധിയില്‍ വിശിഷ്ടമായ, സൗമ്യവും ശാന്തവുമായ ആത്മാവാകുന്ന അനശ്വരരത്നം അണിഞ്ഞആന്തരിക വ്യക്തിത്വമാണ്.
5 : ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്ധ സ്ത്രീകള്‍ മുമ്പ് ഇപ്രകാരം തങ്ങളെത്തന്നെ അലങ്കരിക്കുകയും തങ്ങളുടെ ഭര്ത്താക്കന്മാര്ക്കു വിധേയരായിരിക്കുകയും ചെയ്തിട്ടുണ്ട്.
6 : സാറാ അബ്രാഹത്തെനാഥാ എന്നു വിളിച്ചുകൊണ്ട് അനുസരിച്ചിരുന്നല്ലോ. നന്മചെയ്യുകയും ഒന്നിനെയും ഭയപ്പെടാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ അവളുടെ മക്കളാകും.
7 : ഇങ്ങനെതന്നെ ഭര്ത്താക്കന്മാരേ, നിങ്ങള്‍ വിവേകത്തോടെ നിങ്ങളുടെ ഭാര്യമാരോടൊത്തു ജീവിക്കുവിന്‍. സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്കു തുല്യ അവകാശിനിയെന്നനിലയില്‍ അവളോടു ബഹുമാനം കാണിക്കുവിന്‍. ഇ തു നിങ്ങളുടെ പ്രാര്‍ഥനയ്ക്കു തടസമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്.
8 : അവസാനമായി, നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദര സ്നേഹവും കരുണയും വിനയവും ഉളളവരായിരിക്കുവിന്‍.
9 : തിന്മയ്ക്കു തിന്മയോ, നിന്ദനത്തിനു നിന്ദനമോ പകരം കൊടുക്കാതെ, അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങള്‍.
10 : ജീവിതത്തെ സ്നേഹിക്കുകയും നല്ല ദിവസങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന് തിന്മയില്നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില്‍നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ.
11 : അവന് തിന്മയില്നിന്നു പിന്തിരിഞ്ഞു നന്മ ചെയ്യട്ടെ. സമാധാനം അന്വേഷിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യട്ടെ.
12 : എന്തെന്നാല്‍, കര്‍ത്താവിന്റെ കണ്ണുകള്‍ നീതിമാന്മാരുടെ നേരേയും അവിടുത്തെ ചെവികള്‍ അവരുടെ പ്രാര്‍ഥനകളുടെ നേരേയും തുറന്നി രിക്കുന്നു. എന്നാല്‍, തിന്മ പ്രവര്‍ത്തിക്കുന്നവരില്‍നിന്ന് അവിടുന്നു മുഖം തിരിച്ചിരിക്കുന്നു.
13 : നന്മചെയ്യുന്നതില് നിങ്ങള്‍ തീക്ഷ്ണതയുള്ളവരാണെങ്കില്‍ നിങ്ങളെ ഉപദ്രവിക്കാന്‍ ആര്‍ക്കു കഴിയും?
14 : നീതിക്കുവേണ്ടി കഷ്ടതകള്‍ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്. അവരുടെ ഭീഷണി നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങള്‍ അസ്വസ്ഥരാവുകയും വേണ്ടാ.
15 : ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീക രണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍.
16 : എന്നാല്‍, അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ. നിങ്ങളുടെ മനഃസാക്ഷിയെ നിര്‍മലമായി സൂക്ഷിക്കുവിന്‍. ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ ദുഷിച്ചു പറയുന്നവര്‍ അങ്ങനെ ലജ്ജിതരായിത്തീരും.
17 : നന്മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുകയെന്നതാണുദൈവഹിതമെങ്കില്‍, അതാണു തിന്മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുക എന്നതിനെക്കാള്‍ നല്ലത്.
18 : എന്തുകൊണ്ടെന്നാല്‍, ക്രിസ്തുതന്നെയും പാപങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍ മരിച്ചു; അതു നീതിരഹിതര്ക്കുവേണ്ടിയുള്ള നീതിമാന്റെ മരണമായിരുന്നു. ശരീരത്തില്‍ മരിച്ച് ആത്മാവില്‍ ജീവന് പ്രാപിച്ചുകൊണ്ടു നിങ്ങളെ ദൈവസന്നിധിയിലെത്തിക്കുന്നതിനുവേണ്ടിയായിരുന്നു അത്.
19 : ആത്മാവോ ടുകൂടെചെന്ന് അവന് ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു.
20 : അവരാകട്ടെ നോഹിന്റെ കാലത്തു പെട്ട കം പണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. ആ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടുപേര്‍ മാത്രമേ ജലത്തിലൂടെ രക്ഷപ്രാപിച്ചുള്ളു.
21 : അതിന്റെ സാദൃശ്യമുള്ള ജ്ഞാനസ്നാനം ഇപ്പോള്‍ നിങ്ങളെ രക്ഷിക്കുന്നു. അതു നിങ്ങളുടെ ശരീരത്തിലെ മാലിന്യത്തിന്റെ നിര്‍മാര്‍ജനമല്ല; മറിച്ച്, ശുദ്ധമനസാക്ഷിക്കായി യേശുക്രിസ്തുവിന്റെ ഉത്ഥാനംവഴി ദൈവത്തോടു നടത്തുന്ന പ്രാര്‍ഥനയാണ്.
22 : യേശുക്രിസ്തുവാകട്ടെ, സ്വര്‍ഗത്തിലേക്കു പ്രവേശിച്ച് ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവിടുത്തേക്കു കീഴ്പ്പെട്ടുമിരിക്കുന്നു.