पवित्र बाइबिल
പഴയ നിയമം
1 രാജാക്കന്മാര്
അദ്ധ്യായം 17
-
ഏലിയായും വരള്‍ച്ചയും
- Verse 1: ഗിലയാദിലെ തിഷ്ബെയില്‍നിന്നുള്ള ഏലിയാപ്രവാചകന് ആഹാബിനോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണേ, വരുംകൊല്ലങ്ങളില്‍ ഞാന്‍ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല.
- Verse 2: കര്‍ത്താവ് ഏലിയായോട് അരുളിച്ചെയ്തു:
- Verse 3: നീ പുറപ്പെട്ട് ജോര്‍ദാനു കിഴക്കുള്ള കെറീത്ത് അരുവിക്കു സമീപം ഒളിച്ചുതാമസിക്കുക.
- Verse 4: നിനക്ക് അരുവിയില്‍നിന്നു വെള്ളം കുടിക്കാം. ഭക്ഷണം തരുന്നതിന് കാക്കകളോട് ഞാന്‍ കല്പിച്ചിട്ടുണ്ട്.
- Verse 5: അവന് കര്‍ത്താവിന്റെ കല്പനയനുസരിച്ച് ജോര്‍ദാനു കിഴക്കുള്ള കെറീത്ത് നീര്‍ച്ചാലിനരികേ ചെന്നു താമസിച്ചു.
- Verse 6: കാക്കകള്‍ കാലത്തും വൈകിട്ടും അവന് അപ്പവും മാംസവും കൊണ്ടുവന്നു കൊടുത്തു. അരുവിയില്‍ നിന്ന് അവന് വെള്ളം കുടിച്ചു.
- Verse 7: മഴ പെയ്യായ്കയാല്, കുറെനാളുകള്‍ കഴിഞ്ഞപ്പോള്‍ അരുവി വറ്റി.
-
ഏലിയാ സറേഫാത്തില്‍
- Verse 8: കര്‍ത്താവ് ഏലിയായോട് അരുളിച്ചെയ്തു:
- Verse 9: നീ സീദോനിലെ സറേഫാത്തില്‍ പോയി വസിക്കുക. അവിടെ നിനക്കു ഭക്ഷണം തരുന്നതിനു ഞാന്‍ ഒരു വിധവയോടു കല്പിച്ചിട്ടുണ്ട്.
- Verse 10: ഏലിയാ സറേഫാത്തിലേക്കു മടങ്ങി. പട്ടണകവാടത്തിലെത്തിയപ്പോള്‍ ഒരു വിധവ വിറകു ശേഖരിക്കുന്നതു കണ്ടു. അവന് അടുത്തുചെന്ന് കുടിക്കാന്‍ ഒരു പാത്രം വെള്ളം തരുക എന്നുപറഞ്ഞു.
- Verse 11: അവള് വെള്ളം കൊണ്ടുവരാന്‍ പോകുമ്പോള്‍ അവന് അവളോടു പറഞ്ഞു: കുറച്ച് അപ്പവും കൊണ്ടുവരുക.
- Verse 12: അവള് പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവാണേ, എന്റെ കൈയില്‍ അപ്പമില്ല. ആകെയുള്ളത് കലത്തില്‍ ഒരുപിടി മാവും ഭരണിയില്‍ അല്പം എണ്ണയുമാണ്. ഞാന്‍ രണ്ടു ചുള്ളിവിറക് പെറുക്കുകയാണ്. ഇതു കൊണ്ടുചെന്ന് അപ്പമുണ്ടാക്കി എനിക്കും എന്റെ മകനും കഴിക്കണം. പിന്നെ ഞങ്ങള്‍ മരിക്കും.
- Verse 13: ഏലിയാ അവളോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നീ ചെന്നു പറഞ്ഞതുപോലെ ചെയ്യുക. എന്നാല്‍, ആദ്യം അതില്‍നിന്നു ചെറിയ ഒരപ്പം ഉണ്ടാക്കി എനിക്കു കൊണ്ടുവരണം; പിന്നെ നിനക്കും മകനും വേണ്ടി ഉണ്ടാക്കിക്കൊള്ളുക.
- Verse 14: എന്തെന്നാല്‍, താന്‍ ഭൂമിയില്‍ മഴ പെയ്യിക്കുന്നതുവരെ കലത്തിലെ മാവു തീര്‍ന്നുപോവുകയില്ല; ഭരണിയിലെ എണ്ണ വറ്റുകയുമില്ല എന്ന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
- Verse 15: അവള് ഏലിയാ പറഞ്ഞതുപോലെ ചെയ്തു. അങ്ങനെ അവളും കുടുംബവും അവനും അനേകദിവസം ഭക്ഷണം കഴിച്ചു.
- Verse 16: ഏലിയാ വഴി കര്‍ത്താവ് അരുളിച്ചെയ്തതുപോലെ കലത്തിലെ മാവു തീര്‍ന്നുപോയില്ല, ഭരണിയിലെ എണ്ണ വറ്റിയുമില്ല.
- Verse 17: ആ ഗൃഹനായികയുടെ മകന് ഒരു ദിവസം രോഗബാധിതനായി; രോഗം മൂര്‍ഛിച്ച് ശ്വാസം നിലച്ചു.
- Verse 18: അവള് ഏലിയായോടു പറഞ്ഞു: ദൈവപുരുഷാ, എന്തുകൊണ്ടാണ് അങ്ങ് എന്നോട് ഇങ്ങനെ ചെയ്തത്? എന്റെ പാപങ്ങള്‍ അനുസ്മരിപ്പിക്കാനും എന്റെ മകനെ കൊല്ലാനുമാണോ അങ്ങ് ഇവിടെ വന്നത്?
- Verse 19: ഏലിയാ പ്രതിവചിച്ചു: നിന്റെ മകനെ ഇങ്ങു തരുക. അവനെ അവളുടെ മടിയില്‍ നിന്നെടുത്ത് ഏലിയാ താന്‍ പാര്‍ക്കുന്ന മുകളിലത്തെ മുറിയില്‍ കൊണ്ടുപോയി കട്ടിലില്‍ കിടത്തി.
- Verse 20: അനന്തരം, അവന് ഉച്ചത്തില്‍ പ്രാര്‍ഥിച്ചു: എന്റെ ദൈവമായ കര്‍ത്താവേ, എനിക്ക് ഇടം തന്നവളാണ് ഈ വിധവ. അവളുടെ മകന്റെ ജീവന് എടുത്തുകൊണ്ട് അവിടുന്ന് അവളെ പീഡിപ്പിക്കുകയാണോ?
- Verse 21: പിന്നീട് അവന് ബാലന്റെ മേല്‍ മൂന്നുപ്രാവശ്യം കിടന്ന്, കര്‍ത്താവിനോടപേക്ഷിച്ചു: എന്റെ ദൈവമായ കര്‍ത്താവേ, ഇവന്റെ ജീവന് തിരികെക്കൊടുക്കണമേ!
- Verse 22: കര്‍ത്താവ് ഏലിയായുടെ അപേക്ഷ കേട്ടു. കുട്ടിക്കു പ്രാണന് വീണ്ടുകിട്ടി; അവന് ജീവിച്ചു.
- Verse 23: ഏലിയാ ബാലനെ മുകളിലത്തെ മുറിയില്‍നിന്നു താഴെ കൊണ്ടുവന്ന് അമ്മയെ ഏല്പിച്ചുകൊണ്ട് ഇതാ നിന്റെ മകന് ജീവിച്ചിരിക്കുന്നു എന്നുപറഞ്ഞു.
- Verse 24: അവള് ഏലിയായോടു പറഞ്ഞു. അങ്ങ് ദൈവപുരുഷനാണെന്നും അങ്ങയുടെ വാക്ക് സത്യമായും കര്‍ത്താവിന്റെ വചനമാണെന്നും ഇപ്പോള്‍ എനിക്ക് ഉറപ്പായി.