P. O. C ബൈബിള്‍
പഴയ നിയമം
ജെറെമിയ
അദ്ധ്യായം 13
-
അരക്കച്ചയും തോല്ക്കുടവും
- Verse 1: കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: നീ പോയി ഒരു ചണവസ്ത്രം വാങ്ങിക്കൊണ്ടുവന്ന് അരയില്‍ ചുറ്റുക.
- Verse 2: അതു വെള്ളത്തില്‍ മുക്കരുത്. കര്‍ത്താവിന്റെ വാക്കനുസരിച്ച് ഞാന്‍ ഒരു ചണവസ്ത്രം വാങ്ങി ഉടുത്തു.
- Verse 3: കര്‍ത്താവ് വീണ്ടും എന്നോട് അരുളിച്ചെയ്തു:
- Verse 4: നീ വാങ്ങി ഉടുത്ത വസ്ത്രംയൂഫ്രെട്ടീസ്തീരത്തു കൊണ്ടുപോയി അവിടെ ഒരു പാറയിടുക്കില്‍ ഒളിച്ചുവയ്ക്കുക.
- Verse 5: കര്‍ത്താവ് കല്പിച്ചതനുസരിച്ച് ഞാന്‍ അത്യൂഫ്രെട്ടീസിന്റെ തീരത്ത് ഒളിച്ചുവച്ചു.
- Verse 6: അനേക ദിവസങ്ങള്‍ക്കുശേഷം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: നീയൂഫ്രെട്ടീസ് തീരത്തുചെന്ന് എന്റെ കല്പനപ്രകാരം ഒളിച്ചുവച്ചിരിക്കുന്ന അരക്കച്ച അവിടെനിന്ന് എടുക്കുക.
- Verse 7: ഞാന്‍ അവിടെച്ചെന്ന് അരക്കച്ച ഒളിച്ചുവച്ചിരുന്ന സ്ഥലം കുഴിച്ച് അതു പുറത്തെടുത്തു. ആ വസ്ത്രം ഒന്നിനും കൊള്ളാത്തവിധം ജീര്‍ണിച്ചുപോയിരുന്നു.
- Verse 8: അപ്പോള്‍ എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.
- Verse 9: കര്‍ത്താവ് അരുളിച്ചെയ്യുന്നു: യൂദായുടെ അഹങ്കാരത്തെയും ജറുസലെമിന്റെ ഔദ്ധത്യത്തെയും ഞാന്‍ ഇതേവിധം നശിപ്പിക്കും.
- Verse 10: എന്റെ വാക്കുകേള്‍ക്കാതെ തന്നിഷ്ടപ്രകാരം നടക്കുകയും അന്യദേവന്മാരുടെ പിറകേപോയി അവരെ സേവിക്കുകയും ആരാധിക്കുകയും ചെയ്ത ഈ ദുഷ്ടജനത ഒന്നിനും കൊള്ളാത്ത ഈ അര ക്കച്ചപോലെ ആയിത്തീരും.
- Verse 11: അരക്കച്ച അരയോടു ചേര്‍ന്നിരിക്കുന്നതുപോലെ ഇസ്രായേല്‍ഭവനവുംയൂദാഭവനവും എന്നോടു ചേര്‍ന്നിരിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചു. ഇത് അവര്‍ എന്റെ ജനവും കീര്‍ത്തിയും അഭിമാനവും മഹത്ത്വവുമായി നിലകൊള്ളേണ്ടതിനായിരുന്നു. എന്നാല്‍ അവര്‍ അതു കൂട്ടാക്കിയില്ല - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
- Verse 12: നീ അവരോടു പറയണം, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എല്ലാ ഭരണികളിലും വീഞ്ഞു നിറയ്ക്കും. അവര്‍ നിന്നോടു ചോദിക്കും - എല്ലാ ഭരണികളിലും വീഞ്ഞു നിറയ്ക്കുമെന്നു ഞങ്ങള്‍ക്കു നന്നായി അറിയാവുന്നതല്ലേ?
- Verse 13: അപ്പോള്‍ നീ അവരോടു പറയണം. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ ദേശവാസികളെ - ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന രാജാക്കന്മാരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും ജറുസലെംനിവാസികളെയും - ഞാന്‍ ലഹരികൊണ്ടു നിറയ്ക്കും.
- Verse 14: എന്നിട്ടു ഞാന്‍ ഒരുവനെ എടുത്ത് മറ്റൊരുവന്റെ മേല്‍ അടിക്കും; പിതാക്കന്മാരെയും മക്കളെയും ഒന്നുപോലെ. ഞാന്‍ ആരോടും കരുണകാണിക്കുകയില്ല; ഒരുവനെയും വെറുതെവിടുകയില്ല; എല്ലാവരെയും നിര്‍ദയം നശിപ്പിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
-
ജറുസലെമിനു മുന്നറിയിപ്പ്
- Verse 15: നിങ്ങള്‍ കാതോര്‍ത്തുകേള്‍ക്കുവിന്‍; അഹങ്കരിക്കരുത് - കര്‍ത്താവാണ് അരുളിച്ചെയ്തിരിക്കുന്നത്.
- Verse 16: കര്‍ത്താവ് അന്ധകാരം വരുത്തുന്നതിനുമുന്‍പ്, നിങ്ങളുടെ കാല്പാദങ്ങള് ഇരുള്‍നിറഞ്ഞമലകളില്‍ ഇടറുന്നതിനുമുന്‍പ്, നിങ്ങളുടെദൈവമായ കര്‍ത്താവിനു മഹത്ത്വം നല്കുവിന്. അല്ലെങ്കില്‍ നിങ്ങള്‍ വെളിച്ചം തേടുമ്പോള്‍ മരണത്തിന്റെ നിഴലും കൂരിരുട്ടുമായിരിക്കും ലഭിക്കുക.
- Verse 17: നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ അഹങ്കാരത്തെച്ചൊല്ലി രഹസ്യത്തില്‍ എന്റെ ആത്മാവ് കരയും. കര്‍ത്താവിന്റെ അജഗണത്തെ അടിമത്തത്തിലേക്കു കൊണ്ടുപോകയാല്‍ ഞാന്‍ ഉള്ളുരുകിക്ക രയും; കണ്ണീര് ധാരധാരയായി ഒഴുകും.
- Verse 18: രാജാവിനോടും രാജമാതാവിനോടും പറയുക, സിംഹാസനത്തില്‍നിന്നു താഴെയിറങ്ങുക; നിങ്ങളുടെ മഹത്തായ കിരീടം നിങ്ങളുടെ ശിരസ്സില്‍നിന്നു താഴെ വീണിരിക്കുന്നു.
- Verse 19: നെഗെബിലെ നഗരങ്ങള്‍ ഉപരോധിക്കപ്പെട്ടിരിക്കുന്നു; രക്ഷിക്കാന്‍ ആരുമില്ല. യൂദാ നാടുകടത്തപ്പെടുന്നു; സകലരെയും അടിമകളായി കൊണ്ടുപോകുന്നു.
- Verse 20: നീ കണ്ണുകളുയര്‍ത്തി വടക്കുനിന്നു വരുന്നവരെ കാണുക. നിന്നെ ഭരമേല്‍പ്പിച്ചിരുന്ന ആട്ടിന്‍പറ്റം, നിന്റെ മനോഹരമായ അജഗണം, എവിടെ?
- Verse 21: സുഹൃത്തുക്കളെന്നു കരുതിയിരുന്നവര്‍ നിന്നെ തോല്പിച്ച് നിന്റെ മേല്‍ ഭരണം നടത്തുമ്പോള്‍ നീ എന്തുപറയും? ഈറ്റുനോവെടുത്തവളെപ്പോലെ നീ വേദനയാല്‍ പുളയുകയില്ലേ?
- Verse 22: എനിക്ക് എന്തുകൊണ്ട് ഇങ്ങനെവന്നു എന്ന് നീ ആത്മഗതം ചെയ്യുന്നുണ്ടാവാം. നിന്റെ തിന്മകളുടെ ആധിക്യം നിമിത്തമാണ് അവര്‍ വസ്ത്രമുരിഞ്ഞു നിന്നെ ബലാല്ക്കാരം ചെയ്തത്.
- Verse 23: എത്യോപ്യക്കാരനു തന്റെ തൊലിയോ പുള്ളിപ്പുലിക്കു തന്റെ പുള്ളിയോ മാറ്റാനാകുമോ? എങ്കില്‍ തിന്മചെയ്തു ശീലിച്ച നിനക്കു നന്മചെയ്യാനാകും.
- Verse 24: മരുഭൂമിയില്‍നിന്നു വീശുന്ന കാറ്റില്‍ പതിരെന്നപോലെ നിങ്ങളെ ഞാന്‍ ചിതറിക്കും.
- Verse 25: നിനക്കായി ഞാന്‍ അളന്നുവച്ചിരിക്കുന്ന ഓഹരി ഇതാണ്. എന്തെന്നാല്‍, നീ എന്നെ മറക്കുകയും നുണകളില്‍ വിശ്വസിക്കുകയും ചെയ്തു - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
- Verse 26: ഞാന്‍ തന്നെ നിന്റെ ഉടുതുണി ഉരിഞ്ഞുമാറ്റും; നിന്റെ നഗ്നത വെളിവാക്കപ്പെടും.
- Verse 27: നിന്റെ മ്ലേച്ഛതകളും വ്യഭിചാരങ്ങളും വിഷയാസ ക്തിയുടെ സീല്ക്കാരവും കാമാന്ധമായ വേശ്യാവൃത്തികളും നാട്ടിന്‍പുറത്തും മലകളിലും ഞാന്‍ കണ്ടു. ജറുസലെമേ, നിനക്കു ദുരിതം! എന്നാണ് നീ ശുദ്ധയാവുക?