P. O. C ബൈബിള്‍
പഴയ നിയമം
സംഖ്യ
അദ്ധ്യായം 32
ജോര്‍ദാനു കിഴക്കുള്ള ഗോത്രങ്ങള്‍1 : റൂബന്റെയും ഗാദിന്റെയും സന്തതികള്‍ക്കു വളരെയേറെ ആടുമാടുകളുണ്ടായിരുന്നു. യാസേര്‍, ഗിലയാദ് എന്നീ ദേശങ്ങള്‍ നല്ല മേച്ചില്‍ സ്ഥലമാണെന്ന് അവര്‍ കണ്ടു.
2 : അതിനാല്‍ അവര്‍ മോശയോടും പുരോഹിതനായ എലെയാസറിനോടും സമൂഹത്തിലെ നേതാക്കളോടും പറഞ്ഞു:
3 : അത്താരോത്ത്, ദീബോന്‍, യാസേര്‍, നിമ്രാ, ഹെഷ്ബോണ്‍, എലെയാലെ,
4 : സെബാം, നെബോ, ബയോണ്‍ എന്നിങ്ങനെ കര്‍ത്താവ് ഇസ്രായേല്‍ സമൂഹത്തിന്റെ മുമ്പാകെ കീഴടക്കിയ ദേശം മേച്ചില്‍സ്ഥലമാണ്. ഈ ദാസര്‍ക്ക് ആടുമാടുകള്‍ ഉണ്ടുതാനും.
5 : ഞങ്ങളില്‍ സംപ്രീതനെങ്കില്‍ ഈ പ്രദേശം ഞങ്ങള്‍ക്ക് അവകാശമായി തന്നാലും: ഞങ്ങളെ ജോര്‍ദാന്റെ മറുകരയിലേക്കു കൊണ്ടുപോകരുതേ!
6 : മോശ ഗാദിന്റെയും റൂബന്റേയും സന്തതികളോടു പറഞ്ഞു: സഹോദരന്മാര് യുദ്ധത്തിനു പോകുമ്പോള്‍ നിങ്ങള്‍ ഇവിടെ ഇരിക്കുകയോ?
7 : കര്‍ത്താവ് ഇസ്രായേല്‍ ജനത്തിനു നല്‍കിയിരിക്കുന്ന നാട്ടില്‍ കടക്കുന്നതില്‍ നിങ്ങള്‍ അവരെ നിരുത്സാഹരാക്കുന്നതെന്തുകൊണ്ട്?
8 : നാട് ഒറ്റുനോക്കാന്‍ കാദെഷ്ബര്‍ണയായില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ ഞാനയച്ചപ്പോള്‍ അവരും ഇപ്രകാരംതന്നെ ചെയ്തു.
9 : അവര്‍ എഷ്ക്കോള്‍ താഴ്വരയോളം ചെന്നു നാടു കണ്ടതിനുശേഷം, കര്‍ത്താവ് ഇസ്രായേല്‍ ജനത്തിനു നല്‍കിയിരുന്ന നാട്ടിലേക്കു പോകുന്നതില്‍ അവരെ നിരുത്സാഹരാക്കി.
10 : അന്നു കര്‍ത്താവിന്റെ കോപം ജ്വലിച്ചു. അവിടുന്നു ശപഥപൂര്‍വം അരുളിച്ചെയ്തു :
11 : ഈജിപ്തില്‍നിന്നു പുറപ്പെട്ടവരില്‍ ഇരുപതും അതിനുമേലും വയസ്സുള്ളവരില്‍ ആരും, അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും ഞാന്‍ വാഗ്ദാനം ചെയ്ത ഭൂമി കാണുകയില്ല.
12 : എന്തുകൊണ്ടെന്നാല്‍ അവര്‍ എന്നെ പൂര്‍ണമായി അനുസരിച്ചില്ല. എന്നാല്‍, കെനീസിയക്കാരനായ യഫുന്നയുടെ മകന് കാലെബും നൂനിന്റെ മകന് ജോഷ്വയും അവിടെ പ്രവേശിക്കും. കാരണം, അവര്‍ കര്‍ത്താവിനെ പൂര്‍ണമായി അനുസരിച്ചു.
13 : കര്‍ത്താവിന്റെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു; അവിടുത്തെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ച തലമുറ നിശ്ശേഷം നശിക്കുന്നതുവരെ മരുഭൂമിയിലൂടെ നാല്പതുവര്ഷം അലഞ്ഞുതിരിയാന്‍ ഇടയാക്കുകയുംചെയ്തു.
14 : ഇസ്രായേലിനെതിരേ കര്‍ത്താവിന്റെ കോപം ഇനിയും ഉഗ്രമാകാന്‍ തക്കവണ്ണം നിങ്ങളുടെ പിതാക്കന്മാരുടെ സ്ഥാനത്തു പാപികളുടെ ഗണമായി നിങ്ങള്‍ ഉയര്‍ന്നിരിക്കുന്നു.
15 : എന്തെന്നാല്‍, അവിടുത്തെ അനുഗമിക്കുന്നതില്‍ നിന്നു നിങ്ങള്‍ വ്യതിചലിച്ചാല്‍ അവിടുന്നു വീണ്ടും അവരെ മരുഭൂമിയില്‍ ഉപേക്ഷിക്കും. അങ്ങനെ ജനത്തെ മുഴുവന്‍ നിങ്ങള്‍ നശിപ്പിക്കും.
16 : അപ്പോള്‍ അവര്‍ മോശയോടു പറഞ്ഞു: ഞങ്ങള്‍ ഇവിടെ ഞങ്ങളുടെ ആടുമാടുകള്‍ക്കു വേണ്ടി ആലകളും കുട്ടികള്‍ക്കു വേണ്ടി പട്ടണങ്ങളും പണിയട്ടെ.
17 : എന്നാല്‍, ഇസ്രായേല്‍ ജനത്തെ ലക്ഷ്യത്തിലെത്തിക്കുന്നതുവരെ ഞങ്ങള്‍ ആയുധമേന്തി യുദ്ധത്തിനൊരുങ്ങി അവര്‍ക്കുമുമ്പേ പോകാം. തത്സമയം ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഈ ദേശവാസികളുടെ ആക്രമണത്തെ ഭയപ്പെടാതെ കോട്ടയാല്‍ സുരക്ഷിതമായ പട്ടണങ്ങളില്‍ വസിക്കുകയും ചെയ്യാം.
18 : ഇസ്രായേല്യരെല്ലാം താന്താങ്ങളുടെ അവകാശം കൈവശമാക്കുന്നതുവരെ ഞങ്ങള്‍ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങുകയില്ല.
19 : ജോര്‍ദാന്റെ മറുകരയും അതിനപ്പുറവും അവരോടൊപ്പം ഞങ്ങള്‍ ഭൂമി അവകാശമാക്കുകയില്ല. കിഴക്കു ജോര്‍ദാനിക്കരെ ഞങ്ങള്‍ക്ക് അവകാശം ലഭിച്ചിട്ടുണ്ടല്ലോ.
20 : മോശ പറഞ്ഞു: കര്‍ത്താവിന്റെ മുമ്പില്‍ യുദ്ധത്തിനു പോകാന്‍ ആയുധവുമണിഞ്ഞ്,
21 : അവിടുന്നു ശത്രുക്കളെയെല്ലാം ഓടിച്ചു ദേശം കീഴടക്കുന്നതുവരെ, നിങ്ങളില്‍ യുദ്ധശേഷിയുള്ളവരെല്ലാം അവിടുത്തെ മുമ്പില്‍ ജോര്‍ദാന്റെ മറുകരയിലേക്കു പോകുമെങ്കില്‍,
22 : ദേശം കര്‍ത്താവിന്റെ മുമ്പില്‍ കീഴടങ്ങിക്കഴിയുമ്പോള്‍ നിങ്ങള്‍ക്കു മടങ്ങിപ്പോകാം. അപ്പോള്‍ നിങ്ങള്‍ കര്‍ത്താവിന്റെയും ഇസ്രായേലിന്റെയും മുമ്പില്‍ കുറ്റമില്ലാത്തവരായിരിക്കും; ഈ ദേശം കര്‍ത്താവിന്റെ മുമ്പില്‍ നിങ്ങളുടെ അവകാശമായിരിക്കുകയും ചെയ്യും.
23 : അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ കര്‍ത്താവിനെതിരായി നിങ്ങള്‍ പാപം ചെയ്യും. നിങ്ങളുടെ പാപം നിങ്ങളെ വേട്ടയാടുമെന്ന് അറിഞ്ഞുകൊള്ളുക.
24 : നിങ്ങളുടെ കുട്ടികള്‍ക്കായി പട്ടണങ്ങളും ആടുകള്‍ക്ക് ആലകളും പണിയുവിന്‍; നിങ്ങള്‍ ചെയ്ത വാഗ്ദാനം നിറവേറ്റുകയും വേണം.
25 : ഗാദിന്റെയും റൂബന്റെയും ഗോത്രങ്ങള്‍ മോശയോടു പറഞ്ഞു: അങ്ങു കല്പിക്കുന്നതുപോലെ ഈ ദാസന്മാര് ചെയ്തുകൊള്ളാം.
26 : ഞങ്ങളുടെ കുട്ടികളും ഭാര്യമാരും ആടുമാടുകളും ഗിലയാദിലെ പട്ടണങ്ങളില്‍ തങ്ങട്ടെ.
27 : ഈ ദാസന്മാര് അങ്ങു കല്പിക്കുന്നതുപോലെ ആയുധമേന്തി യുദ്ധത്തിനായി കര്‍ത്താവിന്റെ മുമ്പില്‍ പോകാം.
28 : മോശ അവരെക്കുറിച്ചു പുരോഹിതനായ എലെയാസറിനോടും നൂനിന്റെ പുത്രന് ജോഷ്വയോടും ഇസ്രായേല്‍ ഗോത്രങ്ങളുടെ ശ്രേഷ്ഠന്മാരോടും പറഞ്ഞു:
29 : ഗാദിന്റെയും റൂബന്റെയും പുത്രന്മാര് ആയുധധാരികളായി യുദ്ധം ചെയ്യാന്‍ നിങ്ങളോടൊപ്പം ജോര്‍ദാന്‍ കടന്നു കര്‍ത്താവിന്റെ മുമ്പില്‍ പോകുകയും നിങ്ങള്‍ക്കു വേണ്ടി ദേശം കീഴടക്കുകയും ചെയ്താല്‍, ഗിലയാദുദേശം അവര്‍ക്ക് അവകാശമായി കൊടുക്കണം.
30 : എന്നാല്‍, അവര്‍ നിങ്ങളോടൊപ്പം യുദ്ധസന്നദ്ധരായി വരുന്നില്ലെങ്കില്‍ കാനാന്‍ദേശത്തു നിങ്ങളുടെ ഇടയില്‍ ആയിരിക്കട്ടെ അവര്‍ക്ക് അവകാശം.
31 : ഗാദിന്റെയും റൂബന്റെയും സന്തതികള്‍ പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്തതു പോലെ ഈ ദാസര്‍ പ്രവര്‍ത്തിച്ചുകൊള്ളാം.
32 : ജോര്‍ദാനിക്കരെ ഞങ്ങള്‍ കൈവശമാക്കിയ പ്രദേശം ഞങ്ങളുടേതാകേണ്ടതിന് ആയുധധാരികളായി ഞങ്ങള്‍ കര്‍ത്താവിന്റെ മുമ്പില്‍ കാനാനിലേക്കു പോകാം.
33 : അമോര്യരാജാവായ സീഹോന്റെയും ബാഷാന്‍രാജാവായ ഓഗിന്റെയും രാജ്യങ്ങളടങ്ങുന്ന പ്രദേശം മുഴുവനും അതിലുള്ള പട്ടണങ്ങളും ഗാദിന്റെയും റൂബന്റെയും ഗോത്രങ്ങള്‍ക്കും ജോസഫിന്റെ പുത്രനായ മനാസ്സെയുടെ അര്‍ധഗോത്രത്തിനുമായി മോശ നല്കി.
34 : ഗാദിന്റെ ഗോത്രക്കാര്‍ ദീബോന്‍,
35 : അത്താരോത്ത്, അരോവേര്‍, അത്രോത്ത്ഷോഫാന്‍,
36 : യാസേര്‍, യോഗ്ബഹാ, ബേത്നിമ്രാ, ബേത്ഹാരന്‍ എന്നീ പട്ടണങ്ങളും ആടുകള്‍ക്കുള്ള ആല കളും പണിതു; പട്ടണങ്ങള്‍ മതിലുകെട്ടി ഉറപ്പിച്ചു.
37 : റൂബന്റെ ഗോത്രക്കാര്‍ ഹെഷ്ബോണ്‍, എലെയാലെ, കിര്യാത്തായിം,
38 : പിന്നീടു പേരു മാറ്റിയ നെബോ, ബാല്‍മെയോണ്‍ എന്നീ പട്ടണങ്ങളും സിബ്മാ പട്ടണവും പണിതു. അവര്‍ പണിത പട്ടണങ്ങള്‍ക്കു വേറെപേരുകള്‍ നല്കി.
39 : മനാസ്സെയുടെ മകനായ മാഖീറിന്റെ പുത്രന്മാര് ഗിലയാദ് കീഴടക്കി; അവിടെയുണ്ടായിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു.
40 : മനാസ്സെയുടെ മകനായ മാഖീറിന് മോശ ഗിലയാദ് കൊടുത്തു; അവന് അവിടെ താമസിച്ചു.
41 : മനാസ്സെയുടെ പുത്രന്‍യായീര്‍ പിടിച്ചടക്കിയ ഗിലയാദ് ഗ്രാമങ്ങള്‍ക്കു ഹഋോത്ത്-യായീര്‍ എന്ന് അവന് പേരിട്ടു.
42 : കെനാത്തും അതിന്റെ ഗ്രാമങ്ങളും നോബഹ് പിടിച്ചടക്കി; അവന് തന്റെ പേരനുസരിച്ച് അതിനെ നോബഹ് എന്നു വിളിച്ചു.