P. O. C ബൈബിള്‍
പഴയ നിയമം
സംഖ്യ
അദ്ധ്യായം 8
ദീപസജ്ജീകരണം1 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
2 : ദീപം കൊളുത്തുമ്പോള്‍ വിളക്കുകാലിനു മുമ്പില്‍ പ്രകാശം പരക്കത്തക്ക വിധം ഏഴു വിളക്കുകളും ക്രമപ്പെടുത്തണമെന്ന് അഹറോനോടു പറയുക. അഹറോന് അങ്ങനെ ചെയ്തു.
3 : കര്‍ത്താവു മോശയോടു കല്പിച്ചതു പോലെ വിളക്കുകാലിന്റെ മുമ്പില്‍ പ്രകാശം പരക്കുമാറ് വിളക്കുകള്‍ ക്രമപ്പെടുത്തി.
4 : ചുവടു മുതല്‍ ശിഖരങ്ങള്‍ വരെ സ്വര്‍ണം അടിച്ചു പരത്തി നിര്‍മിച്ചതായിരുന്നു വിളക്കുകാല്. കര്‍ത്താവ് മോശയ്ക്കു കാണിച്ചു കൊടുത്ത മാതൃകയില്‍ത്തന്നെയാണ് അതുണ്ടാക്കിയത്.
5 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
6 : ലേവ്യരെ ജനങ്ങളുടെ ഇടയില്‍നിന്നു വേര്‍തിരിച്ചു ശുദ്ധീകരിക്കുക.
7 : അവരെ ശുദ്ധീകരിക്കേണ്ടത് ഇങ്ങനെയാണ്: പാപപരിഹാരജലം അവരുടെമേല്‍ തളിക്കുക; ശരീരം മുഴുവന്‍ ക്ഷൗരംചെയ്ത്, വസ്ത്രങ്ങള്‍ അലക്കി, അവര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും വേണം.
8 : അനന്തരം, ഒരു കാളക്കുട്ടിയെയും ധാന്യബലിക്കായി എണ്ണ ചേര്‍ത്ത നേരിയ മാവും അവര്‍ എടുക്കട്ടെ. പാപപരിഹാരബലിക്കു മറ്റൊരു കാളക്കുട്ടിയെയും എടുക്കണം.
9 : ലേവ്യരെ സമാഗമകൂടാരത്തിന്റെ മുമ്പില്‍ കൊണ്ടുവരുകയും ഇസ്രായേല്‍ സമൂഹത്തെ മുഴുവന്‍ അവിടെ വിളിച്ചുകൂട്ടുകയും വേണം.
10 : ലേവ്യരെ കര്‍ത്താവിന്റെ മുമ്പില്‍ കൊണ്ടുവരുമ്പോള്‍ ഇസ്രായേല്‍ ജനം അവരുടെ തലയില്‍ കൈവയ്ക്കണം.
11 : ഇസ്രായേല്‍ ജനത്തിന്റെ നീരാജനമായി കര്‍ത്താവിനു ശുശ്രൂഷ ചെയ്യാന്‍ അഹറോന് ലേവ്യരെ അവിടുത്തേക്കു സമര്‍പ്പിക്കണം.
12 : ലേവ്യര്‍ കാളക്കുട്ടികളുടെ തലയില്‍ കൈ വയ്ക്കണം. അവരുടെ പാപപരിഹാരത്തിനായി കാളക്കുട്ടികളിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും നീ കര്ത്താവിന് അര്‍പ്പിക്കണം.
13 : അഹറോന്റെയും പുത്രന്മാരുടെയും ശുശ്രൂഷയില്‍ അവരെ സഹായിക്കാന്‍ ലേവ്യരെ കര്‍ത്താവിനു നീരാജനമായി അര്‍പ്പിക്കുക.
14 : ഇപ്രകാരം ഇസ്രായേല്‍ ജനത്തിന്റെ ഇടയില്‍നിന്നു ലേവ്യരെ നീ വേര്‍തിരിക്കണം, അവര്‍ എന്റേതായിരിക്കും.
15 : ശുദ്ധീകരിക്കുകയും നീരാജനമായി സമര്‍പ്പിക്കുകയും ചെയ്തു കഴിയുമ്പോള്‍ സമാഗമകൂടാരത്തില്‍ ശുശ്രൂഷ ചെയ്യാന്‍ ലേവ്യര്‍ അകത്തു പ്രവേശിക്കട്ടെ.
16 : ഇസ്രായേലില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട അവര്‍ പൂര്‍ണമായും എനിക്കുള്ളവരാണ്. ഇസ്രായേലിലെ ആദ്യജാതന്മാര്ക്കു പകരം ഞാന്‍ അവരെ എനിക്കായി തിരഞ്ഞെടുത്തിരിക്കുന്നു.
17 : ഇസ്രായേലില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെല്ലാം എനിക്കുള്ളതാണ്. ഈജിപ്തിലെ കടിഞ്ഞൂലുകളെയെല്ലാം സംഹരിച്ചപ്പോള്‍ ഞാന്‍ അവരെ എനിക്കായി മാറ്റിവച്ചു.
18 : ഇസ്രായേലിലെ ആദ്യജാതന്മാര്ക്കു പകരം ലേവ്യരെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.
19 : സമാഗമകൂടാരത്തില്‍ ഇസ്രായേല്‍ ജനത്തിനുവേണ്ടി സേവനം ചെയ്യാനും, അവര്‍ക്കുവേണ്ടി പരിഹാരകര്മങ്ങള് അനുഷ്ഠിക്കാനും, ജനം വിശുദ്ധസ്ഥലത്തെ സമീപിച്ചാല്‍ അവരുടെയിടയില്‍ മഹാമാരിയുണ്ടാകാതിരിക്കാനും ആയി അവരില്‍നിന്നു ലേവ്യരെ ഞാന്‍ തിരഞ്ഞെടുത്ത് അഹറോനും പുത്രന്മാര്ക്കും ഇഷ്ടദാനമായി കൊടുത്തിരിക്കുന്നു.
20 : മോശയോടു കര്‍ത്താവു കല്പിച്ചതനുസരിച്ചു മോശയും അഹറോനും ഇസ്രായേല്‍ സമൂഹവും ചേര്‍ന്ന് ലേവ്യരെ കര്‍ത്താവിനു പ്രതിഷ്ഠിച്ചു.
21 : ലേവ്യര്‍ തങ്ങളെത്തന്നെ പാപത്തില്‍നിന്നു ശുദ്ധീകരിച്ചു; വസ്ത്രമലക്കി. അഹറോന് അവരെ നീരാജനമായി കര്‍ത്താവിനു സമര്‍പ്പിച്ചു. അവരുടെ ശുദ്ധീകരണത്തിനായി അഹറോന് പാപപരിഹാരബലി അര്‍പ്പിക്കുകയും ചെയ്തു.
22 : അനന്തരം സമാഗമ കൂടാരത്തിലെ ശുശ്രൂഷയില്‍ അഹറോനെയും പുത്രന്മാരെയും സഹായിക്കാന്‍ ലേവ്യര്‍ അകത്തു പ്രവേശിച്ചു. കര്‍ത്താവ് മോശയോടു കല്പിച്ചതനുസരിച്ച് അവര്‍ ലേവ്യരോടു പ്രവര്‍ത്തിച്ചു.
23 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: ലേവ്യരെ സംബന്ധിക്കുന്ന നിയമമിതാണ് :
24 : ഇരുപത്തഞ്ചും അതിനുമേലും വയസ്സുള്ള ലേവ്യരെല്ലാം സമാഗമകൂടാരത്തില്‍ ശുശ്രൂഷചെയ്യണം.
25 : അമ്പതു വയസ്സാകുമ്പോള്‍ ശുശ്രൂഷയില്‍നിന്നു വിരമിക്കണം; പിന്നെ ശുശ്രൂഷ ചെയ്യേണ്ടതില്ല.
26 : എന്നാല്‍, സമാഗമകൂടാരത്തില്‍ ജോലിചെയ്യുന്ന സഹോദരന്മാരെ അവര്‍ക്കു സഹായിക്കാം. അവര്‍ നേരിട്ടു ചുമതല വഹിക്കേണ്ടതില്ല. ലേവ്യരെ ചുമതല ഏല്പിക്കുമ്പോള് നീ ഇങ്ങനെ ചെയ്യണം.