P. O. C ബൈബിള്‍
പുതിയ നിയമം
മത്തായി
അദ്ധ്യായം 23
നിയമജ്ഞരുടെയും ഫരിസേയരുടെയും കപടനാട്യം (മര്‍ക്കോസ് 12: 3812 : 40 ) (ലൂക്കാ 11 : 3711 : 52 ) (ലൂക്കാ 20 : 4520 : 47 )1 : യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടും അരുളിച്ചെയ്തു:
2 : നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു.
3 : അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നു; പ്രവര്‍ത്തിക്കുന്നില്ല.
4 : അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നുമില്ല.
5 : മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയാണ്അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്. അവര്‍ തങ്ങളുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും വസ്ത്രത്തിന്റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു;
6 : വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും
7 : നഗരവീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്നു സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു.
8 : എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്മാരാണ്.
9 : ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്ഥനായ പിതാവ്.
10 : നിങ്ങള്‍ നേതാക്കന്മാര് എന്നും വിളിക്കപ്പെടരുത്. എന്തെന്നാല്‍, ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്.
11 : നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.
12 : തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെതാഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
13 : കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു.
14 : നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല.
15 : കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
16 : അന്ധരായ മാര്‍ഗദര്‍ശികളേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പറയുന്നു: ഒരുവന് ദേവാലയത്തെക്കൊണ്ട് ആണയിട്ടാല്‍ ഒന്നുമില്ല. ദേവാലയത്തിലെ സ്വര്‍ണത്തെക്കൊണ്ട് ആണയിട്ടാല്‍ അവന് കടപ്പെട്ടവനാണ്.
17 : അന്ധരും മൂഢരുമായവരേ, ഏതാണു വലുത്? സ്വര്‍ണമോ സ്വര്‍ണത്തെ പവിത്രമാക്കുന്ന ദേവാലയമോ?
18 : നിങ്ങള്‍ പറയുന്നു: ഒരുവന് ബലിപീഠത്തെക്കൊണ്ട് ആണയിട്ടാല്‍ ഒന്നുമില്ല; എന്നാല്‍ ബലിപീഠത്തിലെ കാഴ്ചവസ്തുവിനെക്കൊണ്ട് ആണയിട്ടാല്‍ അവന് കടപ്പെട്ടവനാണ്.
19 : അന്ധരേ, ഏതാണു വലുത്? കാഴ്ചവസ്തുവോ കാഴ്ചവസ്തുവിനെ പവിത്രമാക്കുന്ന ബലിപീഠമോ?
20 : ബലിപീഠത്തെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതിന്മേലുള്ള എല്ലാ വസ്തുക്കളെക്കൊണ്ടും ആണയിടുന്നു.
21 : ദേവാലയത്തെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതില്‍ വസിക്കുന്നവനെക്കൊണ്ടും ആണയിടുന്നു.
22 : സ്വര്‍ഗത്തെക്കൊണ്ട് ആണയിടുന്നവന്‍ ദൈവത്തിന്റെ സിംഹാസനത്തെക്കൊണ്ടും അതില്‍ ഇരിക്കുന്നവനെക്കൊണ്ടും ആണയിടുന്നു.
23 : കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്കു ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് - മറ്റുള്ളവ അവഗണിക്കാതെതന്നെ.
24 : അന്ധരായ മാര്‍ഗദര്‍ശികളേ, കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയുംചെയ്യുന്നവരാണു നിങ്ങള്‍!
25 : കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറംവെടിപ്പാക്കുന്നു; എന്നാല്‍, അവയുടെ ഉള്ള് കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ട് നിറഞ്ഞിരിക്കുന്നു.
26 : അന്ധനായ ഫരിസേയാ, പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറംകൂടി ശുദ്ധിയാകാന്‍വേണ്ടി ആദ്യമേ അകം ശുദ്ധിയാക്കുക.
27 : കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു.
28 : അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞ വരാണ്.
29 : കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പ്രവാചകന്മാര്ക്കു ശവകുടീരങ്ങള്‍ നിര്‍മിക്കുകയും നീതിമാന്മാരുടെ സ്മാരകങ്ങള്‍ അലങ്കരിക്കുകയുംചെയ്തുകൊണ്ടുപറയുന്നു,
30 : ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരുടെ കാലത്തു ജീവിച്ചിരുന്നെങ്കില്‍ പ്രവാചകന്മാരുടെ രക്തത്തില്‍ അവരോടുകൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്.
31 : അങ്ങനെ, നിങ്ങള്‍ പ്രവാചകന്മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്ന് നിങ്ങള്‍ക്കുതന്നെ എതിരായി സാക്ഷ്യം നല്കുന്നു.
32 : നിങ്ങളുടെ പിതാക്കന്മാരുടെ ചെയ്തികള്‍ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍!
33 : സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?
34 : അതുകൊണ്ട്, ഇതാ, പ്രവാചകന്മാരെയും ജ്ഞാനികളെയും നിയമജ്ഞരെയും ഞാന്‍ നിങ്ങളുടെ അടുക്കലേക്കയയ്ക്കുന്നു. അവരില്‍ ചിലരെ നിങ്ങള്‍ വധിക്കുകയും ക്രൂശിക്കുകയുംചെയ്യും; ചിലരെ നിങ്ങള്‍ നിങ്ങളുടെ സിനഗോഗുകളില്‍ വച്ച്, ചമ്മട്ടി കൊണ്ടടിക്കുകയും പട്ടണംതോറും പിന്തുടര്ന്നു പീഡിപ്പിക്കുകയും ചെയ്യും.
35 : അങ്ങനെ, നിരപരാധനായ ആബേലിന്റെ രക്തം മുതല്‍ ദേവാലയത്തിനും ബലിപീഠത്തിനും മധ്യേ വച്ചു നിങ്ങള്‍ വധിച്ച ബറാക്കിയായുടെ പുത്രനായ സഖറിയായുടെ രക്തംവരെ, ഭൂമിയില്‍ ചൊരിയപ്പെട്ട എല്ലാ നീതിമാന്മാരുടെയും രക്തം നിങ്ങളുടെമേല്‍ പതിക്കും.
36 : സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇവയെല്ലാം ഈ തലമുറയ്ക്കു സംഭവിക്കുകതന്നെ ചെയ്യും.
37 : ജറുസലെം, ജറുസലെം, പ്രവാചകന്മാരെ വധിക്കുകയും നിന്റെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്ക്കുള്ളില് കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്ഷേ, നിങ്ങള്‍ വിസമ്മതിച്ചു.
38 : ഇതാ, നിങ്ങളുടെ ഭവനം പരിത്യക്തവും ശൂന്യവുമായിത്തീര്‍ന്നിരിക്കുന്നു.
39 : ഞാന്‍ നിങ്ങളോടു പറയുന്നു, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന് അനുഗൃഹീതനാണ് എന്നു നിങ്ങള്‍ പറയുന്നതുവരെ ഇനി നിങ്ങള്‍ എന്നെ കാണുകയില്ല.