P. O. C ബൈബിള്‍
പുതിയ നിയമം
ലൂക്കാ
അദ്ധ്യായം 24
യേശുവിന്റെ പുനരുത്ഥാനം1 : അവര്‍, തയ്യാറാക്കിവച്ചിരുന്ന സുഗ ന്ധദ്രവ്യങ്ങളുമായി, ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ കല്ലറയുടെ അടുത്തേക്കു പോയി.
2 : കല്ലറയില്‍ നിന്നുകല്ല് ഉരുട്ടി മാറ്റിയിരിക്കുന്നതായി അവര്‍ കണ്ടു.
3 : അവര്‍ അകത്തുകടന്നു നോക്കിയപ്പോള്‍ കര്‍ത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
4 : ഇതിനെക്കുറിച്ച് അമ്പരന്നു നില്‍ക്കവേ രണ്ടുപേര്‍ തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ച് അവര്‍ക്കു പ്രത്യക്ഷപ്പെട്ടു.
5 : അവര്‍ ഭയപ്പെട്ടു മുഖം കുനിച്ചു. അപ്പോള്‍ അവര്‍ അവരോടു പറഞ്ഞു: ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെയിടയില്‍ അന്വേഷിക്കുന്നത് എന്തിന്? അവന്‍ ഇവിടെയില്ല, ഉയിര്‍പ്പിക്കപ്പെട്ടു.
6 : മനുഷ്യപുത്രന്‍ പാപികളുടെ കൈയില്‍ ഏല്‍പിക്കപ്പെടുകയും
7 : ക്രൂശിക്കപ്പെടുകയും മൂന്നാം ദിവസം ഉയിര്‍ ത്തെഴുന്നേല്‍ക്കുകയും ചെയ്യേണ്ടിയിരിക്കുന്നു എന്നു താന്‍ ഗലീലിയില്‍ ആയിരുന്നപ്പോള്‍ത്തന്നെ അവന്‍ നിങ്ങളോടു പറഞ്ഞത് ഓര്‍മിക്കുവിന്‍.
8 : അപ്പോള്‍ അവര്‍ അവന്റെ വാക്കുകള്‍ ഓര്‍മിച്ചു.
9 : കല്ലറയിങ്കല്‍നിന്നു തിരിച്ചുവന്ന് അവര്‍ ഇതെല്ലാം പതിനൊന്നുപേരെയും മറ്റെല്ലാവരെയും അറിയിച്ചു.
10 : മഗ്ദലേനമറിയവും യോവാന്നയും യാക്കോബിന്റെ അമ്മയായ മറിയവും അവരുടെകൂടെയുണ്ടായിരുന്ന മറ്റു സ്ത്രീകളുമാണ് ഇക്കാര്യങ്ങള്‍ അപ്പസ്‌തോലന്‍മാരോടു പറഞ്ഞത്.
11 : അവര്‍ക്കാകട്ടെ ഈ വാക്കുകള്‍ കെട്ടുകഥപോലെയേ തോന്നിയുള്ളൂ. അവര്‍ അവരെ വിശ്വസിച്ചില്ല.
12 : എന്നാല്‍ പത്രോസ് എഴുന്നേറ്റ് കല്ലറയിങ്കലേക്ക് ഓടി; കുനിഞ്ഞ് അകത്തേക്കുനോക്കിയപ്പോള്‍ അവനെ പൊതിഞ്ഞിരുന്നതുണികള്‍ തനിയേ കിടക്കുന്നതു കണ്ടു. സംഭവിച്ചതിനെപ്പറ്റി വിസ്മയിച്ചുകൊണ്ട് അവന്‍ തിരിച്ചു പോയി.
13 : ആദിവസം തന്നെ അവരില്‍ രണ്ടുപേര്‍ ജറുസലെമില്‍നിന്ന് ഏകദേശം അറുപതു സ്താദിയോണ്‍ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്കു പോവുകയായിരുന്നു.
14 : ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവര്‍ സംസാരിച്ചുകൊണ്ടിരുന്നു.
15 : അവര്‍ സംസാരിക്കുകയും വാദിക്കുകയും ചെയ്തു കൊണ്ടുപോകുമ്പോള്‍ യേശുവും അടുത്തെത്തി അവരോടൊപ്പംയാത്ര ചെയ്തു.
16 : എന്നാല്‍, അവനെ തിരിച്ചറിയാന്‍ കഴിയാത്തവിധം അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നു.
17 : അവന്‍ അവരോടു ചോദിച്ചു: എന്തിനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്? അവര്‍ മ്‌ളാനവദനരായിനിന്നു.
18 : അവരില്‍ ക്ലെയോപാസ് എന്നു പേരായ വന്‍ അവനോടു ചോദിച്ചു: ഈ ദിവസങ്ങളില്‍ ജറുസലെമില്‍ നടന്ന സംഭവമൊന്നും അറിയാത്ത അപരിചിതനാണോ നീ?
19 : അവന്‍ ചോദിച്ചു: ഏതു കാര്യങ്ങള്‍? അവര്‍ പറഞ്ഞു: നസറായനായ യേശുവിനെക്കുറിച്ചുതന്നെ. അവന്‍ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകനായിരുന്നു.
20 : ഞങ്ങളുടെ പുരോഹിതപ്രമുഖന്‍മാരും നേതാക്കളും അവനെ മരണവിധിക്ക് ഏല്‍പിച്ചുകൊടുക്കുകയും ക്രൂശിക്കുകയുംചെയ്തു.
21 : ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവന്‍ ഇവനാണ് എന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെസംഭവിച്ചിട്ട് ഇതു മൂന്നാം ദിവസമാണ്.
22 : ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകള്‍ഞങ്ങളെ വിസ്മയിപ്പിച്ചു. ഇന്നു രാവിലെ അവര്‍ കല്ലറയിങ്കല്‍ പോയിരുന്നു.
23 : അവന്റെ ശരീരം അവര്‍ അവിടെ കണ്ടില്ല. അവര്‍ തിരിച്ചുവന്ന് തങ്ങള്‍ക്കു ദൂതന്‍മാരുടെ ദര്‍ശനമുണ്ടായെന്നും അവന്‍ ജീവിച്ചിരിക്കുന്നുവെന്ന് അറിയിച്ചുവെന്നും പറഞ്ഞു.
24 : ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരില്‍ ചിലരും കല്ലറയിങ്കലേക്കു പോയി, സ്ത്രീകള്‍ പറഞ്ഞതു പോലെ തന്നെ കണ്ടു. എന്നാല്‍, അവനെ അവര്‍ കണ്ടില്ല.
25 : അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: ഭോഷന്‍മാരേ, പ്രവാചകന്‍മാര്‍ പറഞ്ഞിട്ടുള്ള തു വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ,
26 : ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ?
27 : മോശ തുടങ്ങി എല്ലാ പ്രവാചകന്‍മാരും വിശുദ്ധലിഖിതങ്ങളില്‍ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവന്‍ അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു.
28 : അവര്‍ എത്തേണ്ടിയിരുന്ന ഗ്രാമത്തോടടുത്തു. അവനാകട്ടെയാത്ര തുടരുകയാണെന്നു ഭാവിച്ചു.
29 : അവര്‍ അവനെ നിര്‍ബന്ധിച്ചുകൊണ്ടു പറഞ്ഞു: ഞങ്ങളോടുകൂടെ താമസിക്കുക. നേരം വൈകുന്നു; പകല്‍ അസ്തമിക്കാറായി. അവന്‍ അവരോടുകൂടെ താമസിക്കുവാന്‍ കയറി.
30 : അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍, അവന്‍ അപ്പം എടുത്ത് ആശീര്‍വ്വദിച്ച് മുറിച്ച് അവര്‍ക്കുകൊടുത്തു.
31 : അപ്പോള്‍ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു. പക്‌ഷേ, അവന്‍ അവരുടെ മുമ്പില്‍നിന്ന് അപ്രത്യക്ഷനായി.
32 : അവര്‍ പരസ്പരം പറഞ്ഞു: വഴിയില്‍വച്ച് അവന്‍ വിശുദ്ധലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?
33 : അവര്‍ അപ്പോള്‍ത്തന്നെ എഴുന്നേറ്റ് ജറുസലെമിലേക്കു തിരിച്ചുപോയി; അവിടെ കൂടിയിരുന്ന പതിനൊന്നുപേരെയും അവരോടൊപ്പമുണ്ടായിരുന്നവരെയും കണ്ടു.
34 : കര്‍ത്താ വു സത്യമായും ഉയിര്‍ത്തെഴുന്നേറ്റു; ശിമയോനു പ്രത്യക്ഷപ്പെട്ടു എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
35 : വഴിയില്‍വച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോള്‍ തങ്ങള്‍ അവനെ തിരിച്ചറിഞ്ഞതും അവരും വിവരിച്ചു.
36 : അവര്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ യേശു അവരുടെ മധ്യേ പ്രത്യക്ഷ നായി അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ക്കു സമാധാനം! അവര്‍ ഭയന്നു വിറച്ചു.
37 : ഭൂതത്തെയാണ് കാണുന്നത് എന്ന് അവര്‍ വിചാരിച്ചു.
38 : അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ അസ്വസ്ഥരാകുന്നതെന്തിന്? നിങ്ങളുടെ മനസ്‌സില്‍ ചോദ്യങ്ങള്‍ ഉയരുന്നതും എന്തിന്?
39 : എന്റെ കൈകളും കാലുകളും കണ്ട് ഇതു ഞാന്‍ തന്നെയാണെന്നു മനസ്‌സിലാക്കുവിന്‍.
40 : എന്നെ സ്പര്‍ശിച്ചുനോക്കുവിന്‍. എനിക്കുള്ളതുപോലെ മാംസവും അസ്ഥികളും ഭൂതത്തിന് ഇല്ലല്ലോ.
41 : എന്നിട്ടും അവര്‍ സന്തോഷാധിക്യത്താല്‍ അവിശ്വസിക്കുകയും അദ്ഭുതപ്പെടുകയും ചെയ്തപ്പോള്‍ അവന്‍ അവരോടുചോദിച്ചു: ഇവിടെ ഭക്ഷിക്കാന്‍ എന്തെങ്കിലുമുണ്ടോ?
42 : ഒരു കഷണം വറുത്ത മീന്‍ അവര്‍ അവനു കൊടുത്തു.
43 : അവന്‍ അതെടുത്ത് അവരുടെ മുമ്പില്‍വച്ചു ഭക്ഷിച്ചു.
44 : അവന്‍ അവരോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകന്‍മാരിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു എന്നുഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ടല്ലോ.
45 : വിശുദ്ധലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ തക്കവിധം അവരുടെ മനസ്‌സ് അവന്‍ തുറന്നു.
46 : അവന്‍ പറഞ്ഞു: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ക്രിസ്തു സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയുംചെയ്യണം;
47 : പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു.
48 : നിങ്ങള്‍ ഇവയ്ക്കു സാക്ഷികളാണ്.
49 : ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയയ്ക്കുന്നു. ഉന്നതത്തില്‍നിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍.
50 : അവന്‍ അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടു പോയി; കൈകള്‍ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു.
51 : അനുഗ്രഹിച്ചുകൊണ്ടിരിക്കേ അവന്‍ അവരില്‍നിന്നു മറയുകയും സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു.
52 : അവര്‍ അവനെ ആരാധിച്ചു; അത്യന്തം ആനന്ദത്തോടെ ജറുസലെമിലേക്കു മടങ്ങി.
53 : അവര്‍ ദൈവത്തെ സ്തുതിച്ചു കൊണ്ട് സദാസമയവും ദേവാലയത്തില്‍ കഴിഞ്ഞുകൂടി.