P. O. C ബൈബിള്‍
പുതിയ നിയമം
ലൂക്കാ
അദ്ധ്യായം 22
യേശുവിനെ വധിക്കാന്‍ ഗൂഢാലോചന1 : പെസഹാ എന്നു വിളിക്കപ്പെടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ അ ടുത്തു.
2 : പുരോഹിതന്‍മാരും നിയമജ്ഞ രും അവനെ എങ്ങനെ വധിക്കാമെന്ന് അ ന്വേഷിച്ചുകൊണ്ടിരുന്നു. പക്‌ഷേ, അവര്‍ ജനങ്ങളെ ഭയപ്പെട്ടു.
3 : പന്ത്രണ്ടുപേരില്‍ ഒരുവനും സ്‌കറിയോത്താ എന്നു വിളിക്കപ്പെടുന്നവനുമായ യൂദാസില്‍ സാത്താന്‍ പ്രവേശിച്ചു.
4 : അവന്‍ പുരോഹിതപ്രമുഖന്‍മാരെയും സേനാധിപന്‍മാരെയും സമീപിച്ച് എങ്ങനെയാണ് യേശുവിനെ അവര്‍ക്ക് ഒറ്റിക്കൊടുക്കേണ്ടത് എന്ന് ആലോചിച്ചു.
5 : അവര്‍ സന്തോഷിച്ച് അവനു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു.
6 : അവന്‍ അവര്‍ക്കു വാക്കു കൊടുത്തു. ജനക്കൂട്ടമില്ലാത്തപ്പോള്‍ അവനെ ഒറ്റിക്കൊടുക്കാന്‍ അവന്‍ അവസരം പാര്‍ത്തുകൊണ്ടിരുന്നു.
7 : പെസഹാക്കുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിനം വന്നുചേര്‍ന്നു.
8 : യേശു പത്രോസിനെയും യോഹന്നാനെയും അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ പോയി നമുക്കു പെസ ഹാ ഭക്ഷിക്കേണ്ടതിന് ഒരുക്കങ്ങള്‍ ചെയ്യുവിന്‍.
9 : അവര്‍ അവനോടു ചോദിച്ചു: ഞങ്ങള്‍ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?
10 : അവന്‍ പറഞ്ഞു: ഇതാ, നിങ്ങള്‍ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന്‍ നിങ്ങള്‍ക്കെതിരേ വരും. അവന്‍ പ്രവേശിക്കുന്ന വീട്ടിലേക്കു നിങ്ങള്‍ അവനെ പിന്തുടരുക.
11 : ആ വീടിന്റെ ഉടമസ്ഥനോടു പറയുക: ഗുരു നിന്നോടു ചോദിക്കുന്നു, എന്റെ ശിഷ്യന്‍മാരോടുകൂടെ ഞാന്‍ പെസഹാ ഭക്ഷിക്കുന്നതിനുള്ള വിരുന്നുശാല എവിടെയാണ്?
12 : സജ്ജീകൃതമായ ഒരു വലിയ മാളിക മുറി അവന്‍ നിങ്ങള്‍ക്കു കാണിച്ചുതരും. അവിടെ ഒരുക്കുക.
13 : അവര്‍ പോയി അവന്‍ പറഞ്ഞതുപോലെ കണ്ടു; പെസഹാ ഒരുക്കുകയുംചെയ്തു.
14 : സമയമായപ്പോള്‍ അവന്‍ ഭക്ഷണത്തിനിരുന്നു; അവനോടൊപ്പം അപ്പസ്‌തോലന്‍മാരും.
15 : അവന്‍ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ് നിങ്ങളോടു കൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാന്‍ അത്യധികം ആഗ്രഹിച്ചു.
16 : ഞാന്‍ നിങ്ങളോടു പറയുന്നു: ദൈവരാജ്യത്തില്‍ ഇതു പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ ഇനി ഇതു ഭക്ഷിക്കയില്ല.
17 : അവന്‍ പാനപാത്രം എടുത്തു കൃതജ്ഞതാസ്‌തോത്രം ചെയ്ത തിനുശേഷം പറഞ്ഞു: ഇതുവാങ്ങി നിങ്ങള്‍ പങ്കുവയ്ക്കുവിന്‍.
18 : ഞാന്‍ നിങ്ങളോടു പറയുന്നു, ഇപ്പോള്‍ മുതല്‍ ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തില്‍ നിന്ന് ഞാന്‍ പാനം ചെയ്യുകയില്ല.
19 : പിന്നെ അവന്‍ അപ്പമെടുത്ത്, കൃതജ്ഞതാ സ്‌തോത്രംചെയ്ത്, മുറിച്ച്, അവര്‍ക്കുകൊ ടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍.
20 : അപ്രകാരം തന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രം എടുത്തുകൊണ്ട് അരുളിച്ചെയ്തു: ഈ പാന പാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്.
21 : എന്നാല്‍, ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അടുത്ത് മേശമേല്‍ത്തന്നെയുണ്ട്. നിശ്ചയിക്കപ്പെട്ടതുപോലെ മനുഷ്യപുത്രന്‍ പോകുന്നു.
22 : എന്നാല്‍, അവനെ ആര് ഒറ്റിക്കൊടുക്കുന്നുവോ ആ മനുഷ്യനു ദുരിതം!
23 : തങ്ങളില്‍ ആരാണ് ഇതു ചെയ്യാനിരിക്കുന്നതെന്ന് അവര്‍ പരസ്പരം ചോദിക്കാന്‍ തുടങ്ങി.
24 : തങ്ങളില്‍ വലിയവന്‍ ആരാണ് എന്നൊരു തര്‍ക്കം അവരുടെയിടയില്‍ ഉണ്ടായി.
25 : അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: വിജാതീയരുടെമേല്‍ അവരുടെ രാജാക്കന്‍മാര്‍ ആധിപത്യം അടിച്ചേല്‍പിക്കുന്നു. തങ്ങളുടെമേല്‍ അധികാരമുള്ളവരെ അവര്‍ ഉപകാരികളായി കണക്കാക്കുകയും ചെയ്യുന്നു.
26 : എന്നാല്‍, നിങ്ങള്‍ അങ്ങനെയായിരിക്കരുത്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവന്‍ ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം.
27 : ആരാണു വലിയവന്‍, ഭക്ഷണത്തിനിരിക്കുന്നവനോ പരിചരിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലേ? ഞാനാകട്ടെ നിങ്ങളുടെയിടയില്‍ പരിചരിക്കുന്നവനെപ്പോലെയാണ്.
28 : എന്റെ പരീക്ഷകളില്‍ എന്നോടുകൂടെ നിരന്തരം ഉണ്ടായിരുന്നവരാണു നിങ്ങള്‍.
29 : എന്റെ പിതാവ് എനിക്കു രാജ്യം കല്‍പിച്ചു തന്നിരിക്കുന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും തരുന്നു.
30 : അത് നിങ്ങള്‍ എന്റെ രാജ്യത്തില്‍ എന്റെ മേശയില്‍നിന്നു ഭക്ഷിക്കുകയും പാനം ചെയ്യുകയും സിംഹാസനങ്ങളില്‍ ഇരുന്ന് ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളെ വിധിക്കുകയും ചെയ്യുന്നതിനുവേണ്ടിയത്രേ.
31 : ശിമയോന്‍, ശിമയോന്‍, ഇതാ, സാത്താന്‍ നിങ്ങളെ ഗോതമ്പുപോലെ പാ റ്റാന്‍ ഉദ്യമിച്ചു.
32 : എന്നാല്‍, നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ഥിച്ചു. നീ തിരിച്ചുവന്ന് നിന്റെ സഹോദരരെ ശക്തിപ്പെടുത്തണം.
33 : ശിമയോന്‍ പറഞ്ഞു: കര്‍ത്താവേ, നിന്റെ കൂടെ കാരാഗൃഹത്തിലേക്കു പോകാനും മരിക്കാന്‍ തന്നെയും ഞാന്‍ തയ്യാറാണ്.
34 : അവന്‍ പറഞ്ഞു: പത്രോസേ, ഞാന്‍ നിന്നോടു പറയുന്നു, നീ എന്നെ അറിയുകയില്ല എന്നു മൂന്നു പ്രാവശ്യം നിഷേധിച്ചു പറയുന്നതിനുമുമ്പ് ഇന്നു കോഴി കൂവുകയില്ല.
35 : അനന്തരം, അവന്‍ അവരോടു ചോദിച്ചു: ഞാന്‍ നിങ്ങളെ മടിശ്ശീലയോ ഭാണ്‍ഡമോ ചെരിപ്പോ ഇല്ലാതെ അയച്ചപ്പോള്‍ നിങ്ങള്‍ക്ക് എന്തിനെങ്കിലും കുറവുണ്ടായോ? അവര്‍ പറഞ്ഞു: ഒന്നിനും കുറവുണ്ടായില്ല.
36 : അവന്‍ പറഞ്ഞു: എന്നാല്‍, ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതെടുക്കട്ടെ; അതുപോലെതന്നെ ഭാണ്‍ഡവും. വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ.
37 : ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ നിയമലംഘകരോടുകൂടെ എണ്ണപ്പെട്ടു എന്നെഴുതപ്പെട്ടിരിക്കുന്നത് എന്നില്‍ നിവൃത്തിയാകേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, എന്നെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതു പൂര്‍ത്തിയാകേണ്ടതാണ്.
38 : അവര്‍ പറഞ്ഞു: കര്‍ത്താവേ, ഇതാ, ഇവിടെ രണ്ടു വാളുണ്ട്. അവന്‍ പറഞ്ഞു: മതി.
39 : അവന്‍ പുറത്തുവന്ന് പതിവുപോലെ ഒലിവുമലയിലേക്കു പോയി. ശിഷ്യന്‍മാരും അവനെ പിന്തുടര്‍ന്നു.
40 : അവിടെ എത്തിയപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രാര്‍ഥിക്കുവിന്‍.
41 : അവന്‍ അവരില്‍ നിന്ന് ഒരു കല്ലേറു ദൂരം മാറി മുട്ടിന്‍മേല്‍ വീണു പ്രാര്‍ഥിച്ചു:
42 : പിതാവേ, അങ്ങേക്ക് ഇഷ്ട മെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ!
43 : അപ്പോള്‍ അവനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു.
44 : അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ഥിച്ചു. അവന്റെ വിയര്‍പ്പു രക്തത്തുള്ളികള്‍പോലെ നിലത്തുവീണു.
45 : അവന്‍ പ്രാര്‍ഥന കഴിഞ്ഞ് എഴുന്നേറ്റ് ശിഷ്യന്‍മാരുടെ അടുത്തു വന്നപ്പോള്‍ അവര്‍ വ്യസനം നിമിത്തം തളര്‍ന്ന് ഉറങ്ങുന്നതു കണ്ടു.
46 : അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ഉറങ്ങുന്നതെന്ത്? പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍.
47 : അവന്‍ ഇതു പറഞ്ഞുകൊണ്ടിരിക്കു മ്പോള്‍ ഒരു ജനക്കൂട്ടം അവിടെ വന്നു. പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസാണ് അവരുടെ മുമ്പില്‍ നടന്നിരുന്നത്. യേശുവിനെ ചുംബിക്കാന്‍ അവന്‍ മുമ്പോട്ടുവന്നു.
48 : യേശു അവനോടു ചോദിച്ചു: യൂദാസേ, ചുംബനംകൊണ്ടോ നീ മനുഷ്യപുത്രനെ ഒററിക്കൊടുക്കുന്നത്?
49 : എന്താണു സംഭ വിക്കാന്‍ പോകുന്നത് എന്നു കണ്ടപ്പോള്‍ യേശുവിനോടു കൂടെയുണ്ടായിരുന്നവര്‍, കര്‍ത്താവേ, ഞങ്ങള്‍ വാളെടുത്തു വെട്ടട്ടെയോ എന്നുചോദിച്ചു.
50 : അവരിലൊരുവന്‍ പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി അവന്റെ വലത്തുചെവി ഛേദിച്ചു.
51 : അതുകണ്ട് യേശു പറഞ്ഞു: നിര്‍ത്തൂ! അനന്ത രം, യേശു അവന്റെ ചെവി തൊട്ട് അവനെ സുഖപ്പെടുത്തി.
52 : അപ്പോള്‍ യേശു ത നിക്കെതിരായി വന്ന പുരോഹിതപ്രമുഖന്‍മാരോടും ദേവാലയ സേനാധിപന്‍മാരോടും ജനപ്രമാണികളോടും പറഞ്ഞു: കവര്‍ച്ചക്കാരനെതിരേ എന്നപോലെ വാളും വടിയുമായി നിങ്ങള്‍ വന്നിരിക്കുന്നുവോ?
53 : ഞാന്‍ നിങ്ങളോടുകൂടെ എല്ലാ ദിവസവും ദേവാലയത്തിലായിരുന്നപ്പോള്‍ നിങ്ങള്‍ എന്നെ പിടിച്ചില്ല. എന്നാല്‍, ഇതു നിങ്ങളുടെ സമയമാണ്, അന്ധകാരത്തിന്റെ ആധിപത്യവും.
54 : അവര്‍ അവനെ പിടിച്ച് പ്രധാനാചാര്യന്റെ വീട്ടിലേക്കു കൊണ്ടുപോയി. പത്രോസ് അകലെയായി അവനെ അനുഗമിച്ചിരുന്നു.
55 : അവര്‍ നടുമുറ്റത്തു തീകൂട്ടി അതിനുചുറ്റും ഇരുന്നപ്പോള്‍ പത്രോസും അവരോടു കൂടെ ഇരുന്നു.
56 : അവന്‍ തീയ്ക്കരികെ ഇരിക്കുന്നതു കണ്ട് ഒരു പരിചാരിക സൂക്ഷിച്ചുനോക്കിയിട്ടു പറഞ്ഞു: ഇവനും അവനോടു കൂടെയായിരുന്നു.
57 : എന്നാല്‍, പത്രോസ് അതു നിഷേധിച്ച്, സ്ത്രീയേ, അവനെ ഞാന്‍ അറിയുകയില്ല എന്നു പറഞ്ഞു.
58 : അല്‍പം കഴിഞ്ഞ് വേറൊരാള്‍ പത്രോസിനെ കണ്ടിട്ടു പറഞ്ഞു: നീയും അവരില്‍ ഒരുവനാണ്. അപ്പോള്‍ അവന്‍ പറഞ്ഞു: മനുഷ്യാ, ഞാനല്ല.
59 : ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് വേറൊരാള്‍ ഉറപ്പിച്ചു പറഞ്ഞു: തീര്‍ച്ചയായും ഈ മനുഷ്യനും അവനോടു കൂടെയായിരുന്നു. ഇവനും ഗലീലിയാക്കാരനാണല്ലോ.
60 : പത്രോസ് പറഞ്ഞു: മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. അവന്‍ ഇ തു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ കോഴി കൂവി.
61 : കര്‍ത്താവ് പത്രോസിന്റെ നേരേ തിരിഞ്ഞ് അവനെ നോക്കി. ഇന്നു കോഴികൂവുന്നതിനു മുമ്പു മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് കര്‍ത്താവ് പറഞ്ഞവചനം അപ്പോള്‍ പത്രോസ് ഓര്‍മിച്ചു.
62 : അവന്‍ പുറത്തുപോയി മനംനൊന്തു കരഞ്ഞു.
63 : യേശുവിനു കാവല്‍നിന്നിരുന്നവര്‍ അവനെ പരിഹസിക്കുകയും അടിക്കുകയും ചെയ്തു.
64 : അവര്‍ അവന്റെ കണ്ണുകള്‍ മൂടിക്കൊണ്ട്, നിന്നെ അടിച്ചവന്‍ ആരെന്നു പ്രവചിക്കുക എന്നു പറഞ്ഞു.
65 : അവര്‍ അവനെ അധിക്‌ഷേപിച്ച് അവനെതിരായി പലതും പറഞ്ഞു.
66 : പ്രഭാതമായപ്പോള്‍ പുരോഹിത പ്രമുഖന്‍മാരും നിയമജ്ഞരും ഉള്‍പ്പെടുന്ന ജനപ്രമാണികളുടെ സംഘം സമ്മേളിച്ചു. അവര്‍ അവനെ തങ്ങളുടെ സംഘത്തിലേക്ക് കൊണ്ടുവന്നു പറഞ്ഞു:
67 : നീ ക്രിസ്തുവാണെങ്കില്‍ അതു ഞങ്ങളോടു പറയുക. അവന്‍ അവരോടു പറഞ്ഞു: ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല.
68 : ഞാന്‍ ചോദിച്ചാല്‍ നിങ്ങള്‍ ഉത്തരം തരുകയുമില്ല.
69 : ഇപ്പോള്‍ മുതല്‍ മനുഷ്യപുത്രന്‍ ദൈവശക്തിയുടെ വലത്തുവശത്ത് ഇരിക്കും.
70 : അവരെല്ലാവരുംകൂടെ ചോദിച്ചു: അങ്ങനെയെങ്കില്‍, നീ ദൈവപുത്രനാണോ? അവന്‍ പറഞ്ഞു: നിങ്ങള്‍ തന്നെ പറയുന്നല്ലോ, ഞാന്‍ ആണെന്ന്.
71 : അവര്‍ പറഞ്ഞു: ഇനി നമുക്കുവേറെ സാക്ഷ്യം എന്തിന്? അവന്റെ നാവില്‍നിന്നുതന്നെ നാം അതുകേട്ടു കഴിഞ്ഞു.