P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 31
1 : ഞാന്‍ എന്റെ കണ്ണുകളുമായി ഒരുടമ്പടി ചെയ്തിട്ടുണ്ട്; അപ്പോള്‍ ഞാന്‍ എങ്ങനെ ഒരു കന്യകയെ നോക്കും?
2 : ഉന്നതനായ ദൈവത്തില്‍ നിന്നുള്ള എന്റെ ഓഹരിയും സര്‍വശക്തനില്‍ നിന്നുള്ള എന്റെ അവകാശവും എന്തായിരിക്കും?
3 : നീതികെട്ടവന് അപകടവും അക്രമം പ്രവര്ത്തിക്കുന്നവന് വിനാശവും സംഭവിക്കുകയില്ലേ?
4 : അവിടുന്ന് എന്റെ മാര്‍ഗങ്ങള്‍ നിരീക്ഷിക്കുകയും എന്റെ കാലടികള്‍ എണ്ണുകയും ചെയ്യുന്നില്ലേ?
5 : ഞാന്‍ കപടതയോടുകൂടെ സഞ്ചരിക്കുകയും എന്റെ പാദങ്ങള്‍ വഞ്ചന പ്രവര്‍ത്തിക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്തിട്ടുണ്ടെങ്കില്‍,
6 : ദൈവം എന്റെ നിഷ്കളങ്കത അറിയേണ്ടതിന് എന്നെ കപടമില്ലാത്ത ത്രാസില്‍ തൂക്കിനോക്കട്ടെ!
7 : ഞാന്‍ വഴിതെറ്റിപ്പോയിട്ടുണ്ടെങ്കില്, കാണുന്നതിലെല്ലാം ഞാന്‍ അഭിലാഷം പൂണ്ടിട്ടുണ്ടെങ്കില്‍, എന്റെ കരങ്ങള്‍ കളങ്കിതമാണെങ്കില്‍,
8 : ഞാന്‍ വിതച്ചത് അന്യന് അനുഭവിക്കട്ടെ; എന്റെ വിള വേരോടെ നശിക്കട്ടെ!
9 : എന്റെ ഹൃദയം സ്ത്രീയാല്‍ വശീകൃതമായിട്ടുണ്ടെങ്കില്‍, ഞാന്‍ കൂട്ടുകാരന്റെ വാതില്‍ക്കല്‍പതിയിരുന്നിട്ടുണ്ടെങ്കില്‍,
10 : എന്റെ ഭാര്യ അന്യനു വേണ്ടി ധാന്യം പൊടിക്കട്ടെ! അന്യര്‍ അവളുമായി ശയിക്കട്ടെ.
11 : എന്തെന്നാല്‍, അതു ഹീനമായ കുറ്റമായിരിക്കും; ന്യായാധിപന്മാര് ശിക്ഷവിധിക്കേണ്ട അകൃത്യം.
12 : നരകത്തിലേതുപോലെ ദഹിപ്പിക്കുന്ന അഗ്നിയായിരിക്കും അത്. എന്റെ സമ്പത്ത് അതു നിര്‍മൂലമാക്കും.
13 : പരാതിയുമായി എന്നെ സമീപിച്ചദാസന്റെയോ ദാസിയുടെയോ അഭ്യര്‍ഥന ഞാന്‍ നിരാകരിച്ചിട്ടുണ്ടെങ്കില്‍,
14 : ദൈവം എഴുന്നേല്ക്കുമ്പോള് ഞാനെന്തു ചെയ്യും? അവിടുന്ന് അന്വേഷണം നടത്തുമ്പോള്‍ ഞാനെന്തു മറുപടി പറയും?
15 : അമ്മയുടെ ഉദരത്തില്‍ എന്നെ ഉരുവാക്കിയവന്‍ തന്നെയല്ലേ അവനെയും സൃഷ്ടിച്ചത്? അമ്മയുടെ ഉദരത്തില്‍ ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും രൂപം നല്‍കിയത് ഒരുവന് തന്നെ അല്ലേ?
16 : പാവങ്ങള്‍ ആഗ്രഹിച്ചതെന്തെങ്കിലും ഞാന്‍ മുടക്കിയിട്ടുണ്ടെങ്കില്‍, വിധവയുടെ കണ്ണുകള്‍ അന്ധമാക്കിയിട്ടുണ്ടെങ്കില്‍,
17 : എന്റെ ആഹാരം ഞാന്‍ തനിയെഭക്ഷിക്കുകയും അനാഥര്‍ക്ക് അതിന്റെ ഓഹരി ലഭിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍,
18 : യൗവനം മുതല്‍ അവനെ ഞാന്‍ പിതാവിനെപ്പോലെ പോറ്റുകയും ജനിച്ചപ്പോള്‍ മുതല്‍ നയിക്കുകയും ചെയ്തു.
19 : വസ്ത്രമില്ലാതെയോ പുതപ്പില്ലാതെയോ ആരെങ്കിലും നശിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെങ്കില്‍,
20 : അവന്റെ അനുഗ്രഹം എനിക്കുലഭിച്ചില്ലെങ്കില്‍, എന്റെ ആടുകളുടെ രോമം അവനുചൂടു പകര്ന്നില്ലെങ്കില്,
21 : വാതില്ക്കല് സഹായിക്കാന്‍ ആളുണ്ടെന്നു കണ്ടിട്ട് അനാഥര്‍ക്കെതിരേ ഞാന്‍ കൈ ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍,
22 : എന്റെ തോളില്‍ നിന്ന് തോള്‍പ്പലക വിട്ടുപോകട്ടെ! എന്റെ കരം അതിന്റെ കുഴിയില്‍ നിന്നു വേര്‍പെട്ടുപോകട്ടെ!
23 : ദൈവത്തില്‍ നിന്നുള്ള വിനാശത്തെക്കുറിച്ച് ഞാന്‍ ഭീതിയില്‍ മുഴുകിയിരുന്നു. അവിടുത്തെ പ്രഭാവത്തിന് അഭിമുഖീഭവിക്കാന്‍ എനിക്കു കഴിഞ്ഞില്ല.
24 : സ്വര്‍ണമായിരുന്നു എന്റെ ആശ്രയമെങ്കില്‍, തങ്കത്തില്‍ എന്റെ പ്രത്യാശ അര്‍പ്പിച്ചിരുന്നെങ്കില്‍,
25 : എന്റെ സമ്പത്ത് വലുതായിരുന്നതു കൊണ്ടോ എന്റെ കൈകളില്‍ ഏറെ ധനം വന്നു ചേര്‍ന്നതു കൊണ്ടോ ഞാന്‍ ആനന്ദിച്ചിരുന്നെങ്കില്‍,
26 : സൂര്യന് പ്രകാശിക്കുന്നതോ ചന്ദ്രന് ശോഭിക്കുന്നതോ നോക്കിയിട്ട്,
27 : എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും ഞാന്‍ എന്റെ കരം ചുംബിക്കുകയും ചെയ്തിരുന്നെങ്കില്‍,
28 : അതും ന്യായാധിപന്മാര് ശിക്ഷ വിധിക്കേണ്ട ഒരു കുറ്റമാകുമായിരുന്നു. എന്തെന്നാല്‍, അത് ഉന്നതനായ ദൈവത്തെ തിരസ്കരിക്കലാകുമായിരുന്നു.
29 : എന്നെ വെറുക്കുന്നവന്റെ നാശത്തില്‍ ഞാന്‍ സന്തോഷിച്ചെങ്കില്‍, അവന്റെ അനര്‍ഥത്തില്‍ ഞാന്‍ ആഹ്ലാദിച്ചെങ്കില്‍,
30 : അവനു പ്രാണഹാനി വരാന്‍ വേണ്ടി അവനെ ശപിച്ച്, പാപം ചെയ്യാന്‍ ഞാന്‍ എന്റെ നാവിനെ ഒരിക്കലും അനുവദിച്ചിട്ടില്ല.
31 : അവന് നല്കിയ മാംസം മതിയാവോളം കഴിക്കാത്ത ആരുണ്ട്? എന്ന് എന്റെ കൂടാരത്തിലെ ആളുകള്‍ ചോദിച്ചില്ലെങ്കില്‍,
32 : പരദേശി തെരുവില്‍ പാര്‍ക്കേണ്ടി വന്നിട്ടില്ല; വഴിപോക്കന് ഞാന്‍ എന്റെ വാതില്‍ തുറന്നു കൊടുത്തിട്ടുണ്ട്.
33 : എന്റെ അകൃത്യങ്ങളെ ഹൃദയത്തിലൊളിച്ച് എന്റെ അതിക്രമങ്ങളെ മനുഷ്യരുടെ മുന്പില് നിന്ന് ഞാന്‍ മറച്ചുവച്ചെങ്കില്‍,
34 : ആള്‍ക്കൂട്ടത്തെ ഭയപ്പെടുകയും മറ്റു കുടുംബങ്ങളുടെ ദ്വേഷത്തില്‍ ഭീതി തോന്നുകയും ചെയ്ത് ഞാന്‍ മൗനം അവലംബിക്കുകയും വാതിലിനു വെളിയില്‍ ഇറങ്ങാതിരിക്കുകയും ചെയ്തെങ്കില്‍,
35 : എന്നെ ശ്രവിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍! ഇതാ എന്റെ കൈയൊപ്പ്! സര്വശക്തന് എനിക്കുത്തരം നല്കട്ടെ! എന്റെ ശത്രു എനിക്കെതിരേ എഴുതിയ കുറ്റാരോപണം കിട്ടിയിരുന്നെങ്കില്‍,
36 : ഞാന്‍ അതെന്റെ തോളില്‍ വഹിക്കുമായിരുന്നു; കിരീടം പോലെ ഞാന്‍ അതിനെ എന്നോടു ചേര്‍ക്കുമായിരുന്നു.
37 : എന്റെ പ്രവൃത്തികളുടെ കണക്ക് ഞാന്‍ അവിടുത്തെ ബോധിപ്പിക്കുമായിരുന്നു. രാജകുമാരനെപ്പോലെ ഞാന്‍ അവിടുത്തെ സമീപിക്കുമായിരുന്നു.
38 : എന്റെ വയലുകള്‍ എനിക്കെതിരായി നിലവിളിച്ചിട്ടുണ്ടെങ്കില്‍, അതിലെ ഉഴവു ചാലുകള്‍ ഒന്നായി കരഞ്ഞിട്ടുണ്ടെങ്കില്‍,
39 : അതിലെ ഉത്പന്നങ്ങള്‍ വിലകൊടുക്കാതെ ഞാന്‍ വാങ്ങി ഭക്ഷിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ ഉടമസ്ഥന്മാരുടെ മരണത്തിനു ഞാന്‍ കാരണമായിട്ടുണ്ടെങ്കില്‍,
40 : ഗോതമ്പിനു പകരം മുള്ളുകളും ബാര്‍ലിക്കു പകരം കളകളും വളരട്ടെ! ജോബിന്റെ വാക്കുകളുടെ സമാപ്തി.