P. O. C ബൈബിള്‍
പഴയ നിയമം
സംഖ്യ
അദ്ധ്യായം 2
പാളയമടിക്കേണ്ട ക്രമം1 : കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:
2 : ഇസ്രായേല്‍ ജനം അവരവരുടെ ഗോത്രമുദ്രയോടുകൂടിയ പതാകകള്‍ക്കു കീഴില്‍ പാളയമടിക്കണം. സമാഗമ കൂടാരത്തിനഭിമുഖമായി ചുറ്റും താവളമുറപ്പിക്കുകയും വേണം.
3 : അമ്മിനാദാബിന്റെ മകന് നഹ്ഷോന്റെ നേതൃത്വത്തിലുള്ള യൂദാഗോത്രം സൂര്യനുദിക്കുന്ന കിഴക്കുദിക്കില്‍ സ്വന്തം പതാകയ്ക്കുകീഴില്‍ പാളയമടിക്കണം.
4 : അവന്റെ സൈന്യത്തില്‍ എഴുപത്തിനാലായിരത്തിയറുനൂറുപേര്‍.
5 : അതിനടുത്ത് സുവാറിന്റെ മകന് നെത്താനേലിന്റെ നേതൃത്വത്തിലുള്ള ഇസാക്കര്‍ഗോത്രം.
6 : അവന്റെ സൈന്യത്തില്‍ അന്‍പത്തിനാലായിരത്തിനാനൂറുപേര്‍.
7 : അതിനപ്പുറം ഹേലോന്റെ പുത്രന് എലിയാബിന്റെ നേതൃത്വത്തിലുള്ള സെബുലൂണ്‍ഗോത്രം.
8 : അവന്റെ സൈന്യത്തില്‍ അന്‍പത്തേഴായിരത്തിനാനൂറുപേര്‍.
9 : യൂദായുടെ പാളയത്തിലെ സൈന്യത്തില്‍ ആകെ ഒരു ലക്ഷത്തിയെണ്‍പത്താറായിരത്തിനാനൂറുപേര്‍. അവരാണ് ആദ്യം പുറപ്പെടേണ്ടത്.
10 : ഷെദയൂറിന്റെ മകന് എലിസൂറിന്റെ നേതൃത്വത്തിലുള്ള റൂബന്‍ഗോത്രം ഗണങ്ങളായി തങ്ങളുടെ പതാകയ്ക്കു കീഴില്‍ തെക്കുഭാഗത്തു പാളയമടിക്കണം.
11 : അവന്റെ സൈന്യത്തില്‍ നാല്പത്താറായിരത്തിയഞ്ഞൂറുപേര്.
12 : അതിനടുത്ത് സുരിഷദായിയുടെ പുത്രന് ഷെലൂമിയേലിന്റെ നേതൃത്വത്തിലുള്ള ശിമയോന്‍ഗോത്രം.
13 : അവന്റെ സൈന്യത്തില്‍ അമ്പത്തൊമ്പതിനായിരിത്തിമുന്നൂറുപേര്‍.
14 : അതിനപ്പുറം റവുവേലിന്റെ പുത്രന് എലിയാസാഫിന്റെ നേതൃത്വത്തിലുള്ള ഗാദ്ഗോത്രം.
15 : അവന്റെ സൈന്യത്തില്‍ നാല്പത്തയ്യായിരത്തിയറുനൂറ്റമ്പതുപേര്.
16 : റൂബന്‍പാളയത്തില്‍ ആകെ ഒരു ലക്ഷത്തിയെണ്‍പത്തോരായിരത്തിനാനൂറ്റിയമ്പതുപേര്‍. അവരാണ് രണ്ടാമതു പുറപ്പെടേണ്ടത്.
17 : അനന്തരം, പാളയങ്ങളുടെ മധ്യത്തിലായി ലേവ്യരുടെ പാളയത്തോടൊപ്പം സമാഗമ കൂടാരം കൊണ്ടുപോകണം. കൂടാരമടിക്കുമ്പോഴെന്നപോലെ തന്നെ പതാകയോടൊത്ത് ക്രമമനുസരിച്ച് ഓരോരുത്തരും പുറപ്പെടണം.
18 : അമ്മിഹൂദിന്റെ മകന് എലിഷാമായുടെ നേതൃത്വത്തിലുള്ള എഫ്രായിംഗോത്രം ഗണങ്ങളായി തങ്ങളുടെ പതാകയ്ക്കുകീഴില്‍ പടിഞ്ഞാറുഭാഗത്ത് താവളമടിക്കണം.
19 : അവന്റെ സൈന്യത്തില്‍ നാല്പതിനായിരത്തിയഞ്ഞൂറുപേര്.
20 : അതിനടുത്ത് പെദഹ്സൂറിന്റെ പുത്രന് ഗമാലിയേലിന്റെ നേതൃത്വത്തിലുള്ള മനാസ്സെഗോത്രം.
21 : അവന്റെ സൈന്യത്തില്‍ മുപ്പത്തീരായിരത്തിയിരുനൂറുപേര്‍.
22 : അതിനപ്പുറം ഗിദയോനിയുടെ പുത്രന് അബിദാന്റെ നേതൃത്വത്തിലുള്ള ബഞ്ചമിന് ഗോത്രം.
23 : അവന്റെ സൈന്യത്തില്‍ മുപ്പത്തയ്യായിരത്തിനാനൂറുപേര്‍.
24 : എഫ്രായിം പാളയത്തില്‍ ആകെ ഒരുലക്ഷത്തിയെണ്ണായിരത്തിയൊരുനൂറുപേര്‍. അവരാണ് മൂന്നാമതു പുറപ്പെടേണ്ടത്.
25 : അമ്മിഷദ്ദായിയുടെ മകന് അഹിയേസറിന്റെ നേതൃത്വത്തിലുള്ള ദാന്‍ഗോത്രം ഗണങ്ങളായി തങ്ങളുടെ പതാകയ്ക്കു കീഴില്‍ വടക്കുഭാഗത്തു പാളയമടിക്കണം.
26 : അവന്റെ സൈന്യത്തില്‍ അറുപത്തീരായിരത്തിയെഴുനൂറുപേര്‍.
27 : അതിനടുത്ത് ഒക്രാന്റെ മകന് പഗിയേലിന്റെ നേതൃത്വത്തിലുള്ള ആഷേര്‍ഗോത്രം.
28 : അവന്റെ സൈന്യത്തില്‍ നാല്പത്തോരായിരത്തിയഞ്ഞൂറുപേര്.
29 : അതിനപ്പുറം ഏനാന്റെ മകന് അഹീറയുടെ നേതൃത്വത്തിലുള്ള നഫ്താലിഗോത്രം.
30 : അവന്റെ സൈന്യത്തില്‍ അമ്പത്തിമൂവായിരത്തിനാനൂറുപേര്‍.
31 : ദാനിന്റെ പാളയത്തില്‍ ആകെ ഒരു ലക്ഷത്തിയമ്പത്തിയേഴായിരത്തിയറുനൂറുപേര്‍. സ്വന്തം പതാകകളോടുകൂടി അവരാണ് ഏറ്റവും അവസാനം പുറപ്പെടേണ്ടത്.
32 : ഗോത്രക്രമമനുസരിച്ചു ജനസംഖ്യയില്‍പ്പെട്ട ഇസ്രായേല്‍ ജനം ഇവരാണ്. പാളയത്തിലുണ്ടായിരുന്നവരും ഗണമനുസരിച്ചു കണക്കെടുക്കപ്പെട്ടവരുമായ ആളുകള്‍ ആകെ ആറുലക്ഷത്തിമൂവായിരത്തിയഞ്ഞൂറ്റമ്പത്.
33 : കര്‍ത്താവ് മോശയോടു കല്പിച്ചതനുസരിച്ച് ഇസ്രായേല്‍ ജനത്തിന്റെ കൂടെ ലേവ്യരെ എണ്ണിയില്ല.
34 : കര്‍ത്താവു മോശയോടു കല്പിച്ച പ്രകാരം ഇസ്രായേല്‍ പ്രവര്‍ത്തിച്ചു. അവര്‍ സ്വന്തം പതാകകള്‍ക്കുകീഴേ പാളയമടിക്കുകയും ഗോത്രവും കുടുംബവുമനുസരിച്ചു യാത്ര പുറപ്പെടുകയും ചെയ്തു.