P. O. C ബൈബിള്‍
പുതിയ നിയമം
മത്തായി
അദ്ധ്യായം 19
-
വിവാഹമോചനത്തെ സംബന്ധിച്ച് (മര്‍ക്കോസ് 10: 110 : 2 )
- Verse 1: ഈ വാക്കുകള്‍ അവസാനിപ്പിച്ചശേഷം, യേശു ഗലീലിവിട്ട് ജോര്‍ദാന് അക്കരെയൂദയായുടെ അതിര്‍ത്തിയിലെത്തി.
- Verse 2: വലിയ ജനക്കൂട്ടങ്ങള്‍ അവനെ അനുഗമിക്കുകയും അവന്‍ അവിടെ വച്ച് അവരെ സുഖപ്പെടുത്തുകയും ചെയ്തു.
- Verse 3: ഫരിസേയര്‍ അടുത്തുചെന്ന് അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ?
- Verse 4: അവന്‍ മറുപടി പറഞ്ഞു: സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നും,
- Verse 5: ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ?
- Verse 6: തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.
- Verse 7: അവര്‍ അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ ഉപേക്ഷാപത്രം നല്‍കി ഭാര്യയെ ഉപേക്ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട്?
- Verse 8: അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ് ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ നിങ്ങള്‍ക്ക് അനുമതി നല്‍കിയത്. ആദിമുതലേ അങ്ങനെയായിരുന്നില്ല.
- Verse 9: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു.
- Verse 10: ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഭാര്യാഭര്‍തൃബന്ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം.
- Verse 11: അവന്‍ പറഞ്ഞു: കൃപലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല.
- Verse 12: എന്തെന്നാല്‍, ഷണ്ഡരായി ജനിക്കുന്നവരുണ്ട്; മനുഷ്യരാല്‍ ഷണ്ഡരാക്കപ്പെടുന്നവരുണ്ട്; സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുണ്ട്. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ.
-
ശിശുക്കളെ അനുഗ്രഹിക്കുന്നു (മര്‍ക്കോസ് 10: 1310 : 16 ) (ലൂക്കാ 18 : 1518 : 17 )
- Verse 13: യേശു കൈകള്‍വച്ചു പ്രാര്‍ഥിക്കുന്നതിനുവേണ്ടി ചിലര്‍ ശിശുക്കളെ അവന്റെ അടുത്തുകൊണ്ടുവന്നു. ശിഷ്യന്‍മാര്‍ അവരെ ശകാരിച്ചു.
- Verse 14: എന്നാല്‍, അവന്‍ പറഞ്ഞു: ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്.
- Verse 15: അവന്‍ അവരുടെമേല്‍ കൈകള്‍വച്ചശേഷം അവിടെനിന്നു പോയി.
-
ധനികനായയുവാവ് (മര്‍ക്കോസ് 10: 1810 : 31 )
- Verse 16: ഒരാള്‍ അവനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്‍മയാണു പ്രവര്‍ത്തിക്കേണ്ടത്?(ലൂക്കാ
- Verse 17: അവന്‍ പറഞ്ഞു: നന്‍മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍ മാത്രം. ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക.
- Verse 18: അവന്‍ ചോദിച്ചു: ഏതെല്ലാം? യേശു പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്‍കരുത്.
- Verse 19: പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക.
- Verse 20: ആയുവാവ് ചോദിച്ചു: ഇവയെല്ലാം ഞാന്‍ അനുസരിച്ചിട്ടുണ്ട്; ഇനിയും എന്താണ് എനിക്കു കുറവ്?
- Verse 21: യേശു പറഞ്ഞു: നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക.
- Verse 22: ഈ വചനം കേട്ട് ആയുവാവ് സങ്കടത്തോടെ തിരിച്ചുപോയി; അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു.
- Verse 23: യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാനു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്‌കരമാണ്.
- Verse 24: വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.
- Verse 25: ശിഷ്യന്‍മാര്‍ ഇതുകേട്ട് വിസ്മയഭരിതരായി അവനോടുചോദിച്ചു: അങ്ങനെയെങ്കില്‍ രക്ഷപെടാന്‍ ആര്‍ക്കു സാധിക്കും?
- Verse 26: യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്; എന്നാല്‍, ദൈവത്തിന് എല്ലാം സാധ്യമാണ്.
- Verse 27: അപ്പോള്‍ പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുക?
- Verse 28: യേശു അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍, എന്നെ അനുഗമിച്ച നിങ്ങള്‍ ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളില്‍ ഇരിക്കും.
- Verse 29: എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും.
- Verse 30: എന്നാല്‍, മുമ്പന്‍മാര്‍ പലരും പിമ്പന്‍മാരും പിമ്പന്‍മാര്‍ മുമ്പന്‍മാരുമാകും.