P. O. C ബൈബിള്‍
പഴയ നിയമം
ഏശയ്യാ
അദ്ധ്യായം 57
-
- Verse 1: നീതിമാന് നശിക്കുന്നു; ആരും കാര്യമാക്കുന്നില്ല. ഭക്തര്‍ തുടച്ചു മാറ്റപ്പെടുന്നു; ആരും ശ്രദ്ധിക്കുന്നില്ല. എന്നാല്‍, നീതിമാന് വിനാശത്തില്‍നിന്ന് എടുക്കപ്പെടും.
- Verse 2: അവന് സമാധാനത്തില്‍ പ്രവേശിക്കും. സന്മാര്ഗനിരതന് കിടക്കയില്‍ വിശ്രമംകൊള്ളും.
- Verse 3: ആഭിചാരികയുടെ പുത്രന്മാരേ, വ്യഭിചാരിയുടെയും സൈ്വരിണിയുടെയും സന്തതികളേ, അടുത്തുവരുവിന്‍.
- Verse 4: ആരെയാണ് നിങ്ങള്‍ പരിഹസിക്കുന്നത്? ആര്‍ക്കെതിരേയാണു നിങ്ങള്‍ വായ് പൊളിക്കുകയും നാവു നീട്ടുകയും ചെയ്യുന്നത്? അതിക്രമത്തിന്റെയും വഞ്ചനയുടെയും സന്തതികളല്ലേ നിങ്ങള്‍?
- Verse 5: ഓക്കുമരങ്ങള്‍ക്കിടയിലും ഓരോ പച്ചമരത്തിന്റെയും ചുവട്ടിലും നിങ്ങള്‍ വിഷയാസക്തിയാല്‍ ജ്വലിക്കുന്നു; താഴ്വര കളിലും പാറയിടുക്കുകളിലും നിങ്ങള്‍ ശിശുക്കളെ കുരുതി കഴിക്കുന്നു.
- Verse 6: താഴ്വരകളിലെ മിനുസമുള്ള കല്ലുകള്‍ക്കിടയിലാണ് നിന്റെ അവകാശം. അവയാണ്, അവതന്നെയാണ്, നിന്റെ ഓഹരി. അവയ്ക്കു നീ ദ്രാവക നൈവേദ്യമൊഴുക്കി, ധാന്യബലിയര്‍പ്പിച്ചു. ഇവ കണ്ടു ഞാന്‍ അടങ്ങണമെന്നോ?
- Verse 7: ഉയര്‍ന്ന ഗിരിശൃംഗത്തില്‍ നീ ശയ്യയൊരുക്കി, നീ അവിടെ ബലിയര്‍പ്പിക്കാന്‍ പോയി.
- Verse 8: വാതിലിനും വാതില്പടിക്കും പിന്നില്‍ നീ അടയാളങ്ങള്‍ സ്ഥാപിച്ചു. എന്നെ ഉപേക്ഷിച്ച്, നീ വസ്ത്രമുരിഞ്ഞ് വിസ്തൃത ശയ്യ ഒരുക്കി, അതില്‍കിടന്നു. നീ സഹശയനത്തിന് ആഗ്രഹിക്കുന്നവരുമായി വിലപേശി. നീ അവരുടെ നഗ്നത കണ്ടു.
- Verse 9: മോളെക്കിന്റെ അടുത്തേക്കു നീ തൈലവുമായി പോയി, പലതരം സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു പോയി. നീ വിദൂരതയിലേക്ക്, പാതാളത്തിലേക്കുപോലും, ദൂതരെ അയച്ചു.
- Verse 10: വഴിനടന്നു നീ തളര്‍ന്നു. എങ്കിലും പ്രതീക്ഷയ്ക്കു വകയില്ലെന്നു നീ പറഞ്ഞില്ല. ശക്തി വീണ്ടെടുത്തതിനാല്‍ നീ തളര്‍ന്നു വീണില്ല.
- Verse 11: ആരെ പേടിച്ചാണു നീ കള്ളം പറഞ്ഞത്? എന്നെ ഓര്‍ക്കുകയോ എന്നെപ്പറ്റി ചിന്തിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ട്? ദീര്‍ഘനാള്‍ ഞാന്‍ നിശ്ശബ്ദനായിരുന്നതുകൊണ്ടാണോ നീ എന്നെ ഭയപ്പെടാത്തത്?
- Verse 12: ഞാന്‍ നിന്റെ നീതിയും ചെയ്തികളും വെളിപ്പെടുത്താം. പക്ഷേ, അവനിനക്ക് അനുകൂലമാവുകയില്ല.
- Verse 13: നീ ശേഖരിച്ചവിഗ്രഹങ്ങള്‍ നിലവിളികേട്ട് നിന്നെ രക്ഷിക്കട്ടെ! കാറ്റ് അവയെ പറത്തിക്കളയും; ഒരു നിശ്വാസം മതി അവയെ തെറിപ്പിക്കാന്‍. എന്നെ ആശ്രയിക്കുന്നവന് ദേശം കൈവശമാക്കും; അവന് എന്റെ വിശുദ്ധഗിരി അവകാശമായി ലഭിക്കും.
-
ശാന്തിയും സൗഖ്യവും
- Verse 14: പണിയുവിന്‍, വഴിയൊരുക്കുവിന്‍, എന്റെ ജനത്തിന്റെ മാര്‍ഗത്തില്‍നിന്നു പ്രതിബന്ധങ്ങള്‍ നീക്കിക്കളയുവിന്‍ എന്ന് ആ ഹ്വാനം ഉയരും.
- Verse 15: അത്യുന്നതനും മഹത്വപൂര്‍ണനുമായവന്‍, അനന്തതയില്‍ വസിക്കുന്ന പരിശുദ്ധന് എന്ന നാമം വഹിക്കുന്നവന്, അരുളിച്ചെയ്യുന്നു: ഞാന്‍ ഉന്നതമായ വിശുദ്ധസ്ഥലത്തു വസിക്കുന്നു. അനുതാപികളുടെ ഹൃദയത്തെയും വീനിതരുടെ ആത്മാവിനെയും നവീകരിക്കാന്‍ ഞാന്‍ അവരോടുകൂടെ വസിക്കുന്നു.
- Verse 16: ഞാന്‍ എന്നേക്കും കുറ്റം ആരോപിക്കുകയോ കോപിക്കുകയോ ഇല്ല; കാരണം, എന്നില്‍നിന്നാണു ജീവന് പുറപ്പെടുന്നത്. ഞാനാണു ജീവശ്വാസം നല്‍കിയത്.
- Verse 17: അവന്റെ ദുഷ്ടമായ അത്യാഗ്രഹം നിമിത്തം ഞാന്‍ കോപിച്ചു. എന്റെ കോപത്തില്‍ ഞാന്‍ അവനെ ശിക്ഷിക്കുകയും അവനില്‍നിന്നു മുഖം തിരിക്കുകയും ചെയ്തു. എന്നിട്ടും അവന് തന്നിഷ്ടംകാട്ടി, പിഴച്ചവഴി തുടര്‍ന്നു.
- Verse 18: ഞാന്‍ അവന്റെ വഴികള്‍ കണ്ടു. എങ്കിലും ഞാന്‍ അവനെ സുഖപ്പെടുത്തും; അവനെ കൊണ്ടുപോയി ആശ്വസിപ്പിക്കും; അവനെപ്രതി വിലപിച്ചവരുടെ അധരങ്ങളില്‍നിന്നു കീര്‍ത്തനങ്ങള്‍ ഉയരാന്‍ ഇടയാക്കും.
- Verse 19: കര്‍ത്താവ് അരുളിച്ചെയ്യുന്നു: സമാധാനം! ദൂരസ്ഥര്‍ക്കും സമീപ സ്ഥര്‍ക്കും സമാധാനം! ഞാന്‍ അവനെ സുഖപ്പെടുത്തും.
- Verse 20: ദുഷ്ടര്‍ പ്രക്ഷുബ്ധ മായ കടല്‍പോലെയാണ്. അതിനു ശാന്തമാകാനാവില്ല. അതിലെ വെള്ളം ചെളിയും മാലിന്യങ്ങളും അടിച്ചുകയറ്റുന്നു.
- Verse 21: എന്റെ ദൈവം അരുളിച്ചെയ്യുന്നു: ദുഷ്ടനു സമാധാനം ലഭിക്കുകയില്ല.