P. O. C ബൈബിള്‍
പഴയ നിയമം
1 രാജാക്കന്മാര്
അദ്ധ്യായം 9
സോളമനു വാഗ്ദാനം1 : സോളമന് ദേവാലയവും കൊട്ടാരവും, താന്‍ ആഗ്രഹിച്ചതൊക്കെയും പണിതു പൂര്‍ത്തിയാക്കി.
2 : ഗിബയോനില്‍വച്ച് എന്നതുപോലെ കര്‍ത്താവ് വീണ്ടും അവനു പ്രത്യക്ഷനായി.
3 : അവിടുന്ന് അരുളിച്ചെയ്തു: നീ എന്റെ സന്നിധിയില്‍ സമര്‍പ്പിച്ച പ്രാര്‍ഥനകളും യാചനകളും ഞാന്‍ ശ്രവിച്ചു. നീ നിര്‍മിക്കുകയും എന്നേക്കുമായി എന്റെ നാമംപ്രതിഷ്ഠിക്കുകയും ചെയ്ത ഈ ആലയം ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ ഹൃദയപൂര്‍വമായ കടാക്ഷം സദാ അവിടെ ഉണ്ടായിരിക്കും.
4 : നിന്റെ പിതാവിനെപ്പോലെ നീയും ഹൃദയനൈര്‍മല്യത്തോടും പരമാര്‍ഥതയോടുംകൂടെ എന്റെ മുന്പില് വ്യാപരിക്കുകയും ഞാന്‍ കല്പിച്ചതെല്ലാം നിര്‍വഹിക്കുകയും എന്റെ ചട്ടങ്ങളും നിയമങ്ങളും അനുസരിക്കുകയും ചെയ്താല്‍,
5 : ഇസ്രായേല്‍ സിംഹാസനം വാഴാന്‍ നിന്റെ വംശത്തില്‍ സന്തതി അറ്റുപോകുകയില്ല എന്ന് നിന്റെ പിതാവായ ദാവീദിനോടു ഞാന്‍ വാഗ്ദാനം ചെയ്തതുപോലെ ഇസ്രായേലില്‍ നിന്റെ സിംഹാസനം ഞാന്‍ എന്നേക്കും നിലനിര്‍ത്തും.
6 : നീയോ നിന്റെ മക്കളോ എന്നെ ഉപേക്ഷിച്ച് എന്റെ കല്പനകളും നിയമങ്ങളും പാലിക്കാതെ, അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്താല്‍,
7 : ഞാന്‍ നല്‍കിയിരിക്കുന്ന ദേശത്തുനിന്ന് ഇസ്രായേലിനെ ഞാന്‍ വിച്ഛേദിക്കും. എനിക്കുവേണ്ടി ഞാന്‍ വിശുദ്ധീകരിച്ച ഈ ആലയം എന്റെ മുന്പില് നിന്നു ഞാന്‍ നീക്കിക്കളയും. ഇസ്രായേല്‍, സകല ജനതകളുടെയും ഇടയില്‍ പരിഹാസപാത്രവും പഴമൊഴിയുമായി പരിണമിക്കും.
8 : ഈ ആലയം നാശക്കൂമ്പാരമായിത്തീരും. അടുത്തുകൂടെ കടന്നുപോകുന്നവര്‍ സ്തബ്ധരായി ചോദിക്കും, ഈ ദേശത്തോടും ആലയത്തോടും എന്തുകൊണ്ടാണ് കര്‍ത്താവ് ഇങ്ങനെ ചെയ്തത്?
9 : തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു മോചിപ്പിച്ച ദൈവമായ കര്‍ത്താവിനെ അവര്‍ ഉപേക്ഷിക്കുകയും അന്യദേവന്മാരുടെ പിന്നാലെ പോയി, അവരെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതുകൊണ്ടാണ് കര്‍ത്താവ് അവര്‍ക്ക് ഈ നാശം വരുത്തിയതെന്ന് അവര്‍തന്നെ ഉത്തരവും പറയും.
10 : കര്‍ത്താവിന്റെ ആലയവും രാജകൊട്ടാരവും പണിയാന്‍ സോളമന് ഇരുപതു വര്‍ഷം എടുത്തു.
11 : തനിക്ക് ആവശ്യമുള്ള സരളമരവും ദേവദാരുവും സ്വര്‍ണവും നല്കിയ ടയിറിലെ ഹീരാംരാജാവിനു സോളമന് ഗലീലി പ്രദേശത്ത് ഇരുപതുനഗരങ്ങള്‍ കൊടുത്തു.
12 : സോളമന് സമ്മാനിച്ച നഗരങ്ങള്‍ കാണാന്‍ ഹീരാം ടയിറില്‍നിന്നു വന്നു. അവന് അവ ഇഷ്ടപ്പെട്ടില്ല.
13 : അവന് ചോദിച്ചു: സഹോദരാ, എന്തുതരം നഗരങ്ങളാണ് എനിക്ക് ഈ നല്‍കിയത്? അതിനാല്‍, അവ കാബൂല്‍ എന്ന് ഇന്നും അറിയപ്പെടുന്നു.
14 : ഹീരാം നൂറ്റിയിരുപതു താലന്തു സ്വര്‍ണം സോളമനു കൊടുത്തിരുന്നു.
15 : കര്‍ത്താവിന്റെ ആലയം, സ്വന്തം ഭവനം, മില്ലോ, ജറുസലെമിന്റെ മതില്, ഹസോര്‍, മെഗിദോ, ഗേസര്‍ -
16 : ഈജിപ്തിലെ രാജാവായ ഫറവോ പിടിച്ചെടുക്കുകയും ചുട്ടെരിക്കുകയും, അവിടെ വസിച്ചിരുന്ന കാനാന്‍കാരെ വധിച്ചതിനുശേഷം സോളമനു ഭാര്യയായി നല്കിയ തന്റെ പുത്രിക്കു സ്ത്രീധനമായി കൊടുക്കുകയും ചെയ്ത നഗരമാണ് ഗേസര്‍.
17 : സോളമന് അതു പുതുക്കിപ്പണിതു - താഴത്തെ ബത്ഹോറോണ്‍,
18 : യൂദാ മരുപ്രദേശത്തെ ബാലാത്ത്, താമാര്‍,
19 : സോളമന്റെ സംഭരണനഗരങ്ങള്‍, രഥങ്ങള്‍ക്കു വേണ്ടിയുള്ള പട്ടണങ്ങള്‍, കുതിരക്കാര്ക്കു വേണ്ടിയുള്ള പട്ടണങ്ങള്‍ എന്നിവയും ജറുസലെമിലും ലബനോനിലും തന്റെ അധികാരത്തില്‍പ്പെട്ട മറ്റു പ്രദേശങ്ങളിലും താന്‍ പണിയാന്‍ ആഗ്രഹിച്ചവയും നിര്‍മിക്കാന്‍ സോളമന് ചെയ്യിച്ച അടിമവേലയുടെ വിവരം ഇതാണ് :
20 : ഇസ്രായേല്ക്കാരില് ഉള്‍പ്പെടാത്ത അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരില്‍ അവശേഷിച്ച സകലരെയും സോളമന് അടിമവേലയ്ക്കു നിയോഗിച്ചു;
21 : അവര്‍ ഇന്നും അങ്ങനെ തുടരുന്നു. ഇസ്രായേല്‍ ജനത്തിന് ഉന്മൂലനം ചെയ്യാന്‍ സാധിക്കാതെ അവശേഷിച്ച വരുടെ മക്കളായിരുന്നു ഇവര്‍.
22 : ഇസ്രായേലില്‍ നിന്ന് ആരെയും സോളമന് ദാസ്യവേലയ്ക്കു നിയോഗിച്ചില്ല. അവര്‍ അവന്റെ യോദ്ധാക്കളും അംഗരക്ഷകരും സേനാനായകന്മാരും ഉപസേനാനായകന്മാരും അശ്വ-രഥ സൈന്യങ്ങളുടെ അധിപന്മാരും ആയിരുന്നു.
23 : സോളമന് ചെയ്തുതീര്‍ത്ത ജോലികള്‍ക്ക് മേല്‍നോട്ടം വഹിച്ചത് അഞ്ഞൂറ്റിയന്പതു മേലാളന്മാരാണ്.
24 : ഫറവോയുടെ മകള്‍, ദാവീദിന്റെ നഗരത്തില്‍നിന്ന് സോളമന് അവള്‍ക്കു നിര്‍മിച്ചുകൊടുത്ത ഭവനത്തിലേക്കു മാറിത്താമസിച്ചു; അതിനുശേഷം അവന് മില്ലോ നിര്‍മിച്ചു.
25 : കര്‍ത്താവിനു നിര്‍മിച്ച ബലിപീഠത്തില്‍ സോളമന് ആണ്ടുതോറും മൂന്നുപ്രാവശ്യം ദഹനബലികളും സമാധാനബലികളും അര്‍പ്പിക്കുകയും കര്‍ത്താവിന്റെ മുന്പില് ധൂപാര്‍ച്ചന നടത്തുകയും ചെയ്തുവന്നു. ദേവാലയ നിര്‍മാണം അവന് പൂര്‍ത്തിയാക്കി.
26 : ഏദോമില്‍ ചെങ്കടല്‍ത്തീരത്ത് ഏലോത്തിനു സമീപം എസിയോന്‍ഗേബറില്‍ സോളമന് കപ്പലുകള്‍ പണിയിച്ചു.
27 : ആ കപ്പലുകളില്‍ സോളമന്റെ സേവകന്മാരോടൊപ്പം ഹീരാം തന്റെ ദാസന്മാരെയും അയച്ചു. അവര്‍ പരിചയമുള്ള നാവികരായിരുന്നു. അവര്‍ ഓഫീറില്‍ച്ചെന്ന് നാനൂറ്റിയിരുപതു താലന്തു സ്വര്‍ണം കൊണ്ടുവന്ന് സോളമന് രാജാവിനു കൊടുത്തു.