P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 36
സ്രഷ്ടാവിന്റെ നീതി2 : എന്നോട് അല്പം ക്ഷമിക്കുക. ഞാന്‍ വ്യക്തമാക്കാം; ദൈവത്തിനു വേണ്ടി എനിക്ക് ഇനിയും പറയാനുണ്ട്.
3 : എന്റെ വാദത്തിന് വിശാലമായ അടിസ്ഥാനമുണ്ട്; എന്റെ സ്രഷ്ടാവിന്റെ നീതി ഞാന്‍ സമര്‍ഥിക്കും.
4 : എന്റെ വാക്ക് വ്യാജമല്ല; ജ്ഞാനത്തില്‍ തികഞ്ഞവന് നിന്റെ മുന്പില് നില്ക്കുന്നു.
5 : ദൈവം ശക്തനാണ്; അവിടുന്ന് ആരെയും വെറുക്കുന്നില്ല; ശക്തിയിലും ജ്ഞാനത്തിലും അവിടുന്ന് പ്രഗദ്ഭന്‍ തന്നെ.
6 : ദുഷ്ടനെ അവിടുന്ന് വകവരുത്തുന്നു; ദുഃഖിതരുടെ അവകാശം സംരക്ഷിക്കുകയും ചെയ്യുന്നു.
7 : അവിടുന്ന് നീതിമാന്മാരില് നിന്നു തന്റെ കടാക്ഷം പിന്‍വലിക്കുന്നില്ല; അവരെ രാജാക്കന്മാരോടുകൂടെ എന്നേക്കും സിംഹാസനത്തിലിരുത്തുന്നു. അവര്‍ക്കു മഹത്വം നല്കുന്നു.
8 : അവര്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെടുകയും പീഡാപാശങ്ങളില്‍ കുടുങ്ങുകയും ചെയ്യുമ്പോള്‍,
9 : അവിടുന്ന് അവരുടെ പ്രവൃത്തികളും അഹങ്കാരം നിമിത്തമുണ്ടായ പാപങ്ങളും അവര്‍ക്കു വെളിപ്പെടുത്തുന്നു.
10 : അവിടുന്ന് പ്രബോധനത്തിന് അവരുടെ ചെവി തുറക്കുകയും അകൃത്യങ്ങളില്‍ നിന്ന് പിന്തിരിയാന് അവരോടു കല്പിക്കുകയും ചെയ്യുന്നു.
11 : അവര്‍ അതു ശ്രവിക്കുകയും അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്താല്‍, അവരുടെ ദിനങ്ങള്‍ ഐശ്വര്യത്തിലും വത്സരങ്ങള്‍ ആനന്ദത്തിലും പൂര്‍ത്തിയാകും.
12 : എന്നാല്‍, ശ്രവിക്കുന്നില്ലെങ്കില്‍ അവര്‍ വാളാല്‍ നശിക്കുകയും ഓര്‍ക്കാപ്പുറത്തു മരിക്കുകയും ചെയ്യും.
13 : അധര്മികളില് നിന്നു കോപം ഒഴിയുന്നില്ല. അവിടുന്ന് ബന്ധിക്കുമ്പോള്‍ അവര്‍ സഹായത്തിനു വേണ്ടി നിലവിളിക്കുന്നില്ല.
14 : അവര്‍ യൗവനത്തില്‍ത്തന്നെ മരിക്കുകയും അവരുടെ ജീവിതം അപമാനത്തില്‍ കലാശിക്കുകയും ചെയ്യുന്നു.
15 : പീഡിതരെ അവരുടെ പീഡകള്‍കൊണ്ടു തന്നെ അവിടുന്ന് രക്ഷിക്കുകയും ദുരിതം കൊണ്ട് അവരുടെ ചെവി തുറക്കുകയും ചെയ്യുന്നു.
16 : നിന്നെയും അവിടുന്ന് കഷ്ടതകളിലൂടെ ഞെരുക്കമില്ലാത്ത വിശാലസ്ഥലത്തേക്ക് ആകര്‍ഷിച്ചു. നിന്റെ മേശമേല്‍ ഒരുക്കിയിരുന്നത് കൊഴുപ്പുള്ള പദാര്‍ഥങ്ങളാണ്.
17 : എന്നാല്‍, നിന്നില്‍ ദുഷ്ടരുടെ ന്യായവിധി നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടികൂടും.
18 : കോപം നിന്നെ പരിഹാസത്തിലേക്കുതിരിക്കാതിരിക്കാന്‍ നീ സൂക്ഷിച്ചുകൊള്ളുക. മോചനദ്രവ്യത്തിന്റെ വലുപ്പവും നിന്നെ വ്യതിചലിപ്പിക്കാതിരിക്കട്ടെ.
19 : കഷ്ടതയില്‍ അകപ്പെടാതിരിക്കാന്‍ നിന്റെ നിലവിളിയോ നിന്റെ കരുത്തോ ഉതകുമോ?
20 : ജനതകള്‍ തങ്ങളുടെ സ്ഥാനങ്ങളില്‍ നിന്ന് വിച്ഛേദിക്കപ്പെടുന്ന രാത്രികള്‍ വരാന്‍ നീ കാംക്ഷിക്കരുത്.
21 : അകൃത്യങ്ങളിലേക്കുതിരിയാതിരിക്കാന് നീ സൂക്ഷിച്ചുകൊള്ളുക. കാരണം, പീഡനങ്ങളെക്കാള്‍ ഇതാണല്ലോ നീ തിരഞ്ഞെടുത്തിരിക്കുന്നത്.
22 : ദൈവത്തിന്റെ ശക്തി എത്ര മഹത്താണ്! അവിടുത്തേക്കു തുല്യനായ ഗുരു ആരുണ്ട്?
23 : അവിടുത്തേക്കു മാര്‍ഗനിര്‍ദേശം നല്കിയവന് ആരുണ്ട്? അല്ലെങ്കില്‍, നീ ചെയ്തതു തെറ്റാണ് എന്ന് അവിടുത്തോടു പറയാന്‍ ആര്‍ക്കു കഴിയും?
24 : മനുഷ്യര്‍ പാടി പ്രകീര്‍ത്തിച്ചിട്ടുള്ള അവിടുത്തെ പ്രവൃത്തികളെ സ്തുതിക്കാന്‍ മറക്കരുത്.
25 : എല്ലാവരും അതു നോക്കിനിന്നിട്ടുണ്ട്; ദൂരെ നിന്നു കാണാനേ മനുഷ്യനു കഴിയൂ.
26 : നമുക്കു ഗ്രഹിക്കാനാവാത്ത വിധം ദൈവം മഹോന്നതനാണ്. അവിടുത്തെ വത്സരങ്ങള്‍ തിട്ടപ്പെടുത്താനാവില്ല.
27 : അവിടുന്ന് നീര്‍ത്തുള്ളി വലിച്ചെടുക്കുന്നു. അവിടുന്ന് മൂടല്‍മഞ്ഞില്‍ നിന്നു മഴ പൊഴിക്കുന്നു.
28 : ആകാശം അതു വര്‍ഷിക്കുകയും മനുഷ്യന്റെ മേല്‍ സമൃദ്ധമായി ചൊരിയുകയും ചെയ്യുന്നു.
29 : മേഘങ്ങള്‍ പരക്കുന്നതും അവിടുത്തെ വിതാനത്തില്‍ നിന്ന് ഇടിമുഴങ്ങുന്നതും എങ്ങനെയെന്ന് ആര്‍ക്കു ഗ്രഹിക്കാനാവും?
30 : അവിടുന്ന് ചുറ്റും മിന്നലുകളെ ചിതറിച്ച് സമുദ്രമൂലങ്ങളെ മറയ്ക്കുന്നു.
31 : ഇവവഴി അവിടുന്ന് ജനതകളെ വിധിക്കുകയും സമൃദ്ധമായി ആഹാരം നല്‍കുകയും ചെയ്യുന്നു.
32 : അവിടുന്ന് മിന്നലുകള്‍കൊണ്ട് തന്റെ കൈകള്‍ മറയ്ക്കുന്നു. ലക്ഷ്യത്തില്‍ തറയ്ക്കാന് അതിനെ നിയോഗിക്കുകയും ചെയ്യുന്നു.
33 : അകൃത്യങ്ങള്‍ക്കെതിരേ രോഷംപൂണ്ട്, അസഹിഷ്ണുവായവനെക്കുറിച്ച് ഇടിനാദം വിളംബരം ചെയ്യുന്നു.