P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 28
ജ്ഞാനത്തിന്റെ നിഗൂഢത1 : വെള്ളി കുഴിച്ചെടുക്കുന്ന ഖനികളും സ്വര്‍ണം ശുദ്ധീകരിക്കുന്ന സ്ഥലങ്ങളുമുണ്ട്.
2 : ഇരുമ്പ് ഭൂമിയില്‍ നിന്നെടുക്കുന്നു, ചെമ്പ് അതിന്റെ അയിരില്‍ നിന്ന് ഉരുക്കിയെടുക്കുന്നു.
3 : മനുഷ്യന് അന്ധകാരത്തെ വകവയ്ക്കാതെ കൊടും തമസ്സിന്റെ അങ്ങേ അതിര്‍ത്തിയില്‍ അയിരിനു വേണ്ടി തിരയുന്നു.
4 : മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ നിന്ന് അകലെ താഴ്വരയില് അവര്‍ ഖനികള്‍ കുഴിക്കുന്നു; അവരെ യാത്രക്കാര്‍ വിസ്മരിച്ചു പോയി. അവര്‍ മനുഷ്യരില്‍നിന്നകലെ ഖനികളില്‍ കയറില്‍ത്തൂങ്ങിക്കിടന്ന് പണിയെടുക്കുന്നു.
5 : ഭൂമിയില്‍ നിന്ന് ആഹാരം ലഭിക്കുന്നു; എന്നാല്‍, അതിന്റെ അധോഭാഗം അഗ്നിയാലെന്നപോലെ തിളച്ചുമറിയുന്നു.
6 : അതിന്റെ കല്ലുകള്‍ക്കിടയില്‍ ഇന്ദ്രനീലവും സ്വര്‍ണത്തരികളും ഉണ്ട്.
7 : കഴുകന് ആ വഴി അറിയുന്നില്ല; പ്രാപ്പിടിയന്‍ അതു കണ്ടിട്ടില്ല.
8 : ഘോരമൃഗങ്ങള്‍ ആ വഴി നടന്നിട്ടില്ല. സിംഹവും അതിലേ പോയിട്ടില്ല.
9 : മനുഷ്യന് തീപ്പാറയില്‍ കൈവയ്ക്കുന്നു. അവന് പര്‍വതങ്ങളെ വേരൊടെ മുറിച്ചുകളയുന്നു.
10 : പാറയില്‍ അവന് ചാലുകള്‍ കീറുന്നു. വിലപിടിച്ച ഓരോ പദാര്‍ഥവും അവന്റെ കണ്ണില്‍പ്പെടുന്നു.
11 : വെള്ളം ഒലിച്ചിറങ്ങാത്ത വിധം അവന് അരുവികള്‍ക്ക് അണകെട്ടുന്നു. മറഞ്ഞിരുന്നവ അവന് പുറത്തെടുക്കുന്നു.
12 : എന്നാല്‍, ജ്ഞാനം എവിടെ കണ്ടെണ്ടത്തും? അറിവിന്റെ സ്ഥാനം എവിടെ?
13 : അങ്ങോട്ടുള്ള വഴി മനുഷ്യന് അറിയുന്നില്ല. ജീവിക്കുന്നവരുടെ നാട്ടില്‍ അതു കണ്ടുകിട്ടുകയുമില്ല.
14 : അഗാധത പറയുന്നു: അത് എന്നിലില്ല. സമുദ്രം പറയുന്നു: അത് ഇവിടെയില്ല.
15 : സ്വര്‍ണം കൊടുത്താല്‍ അതു കിട്ടുകയില്ല. വെള്ളി തൂക്കിക്കൊടുത്താലും അതിന്റെ വിലയാവുകയില്ല.
16 : ഓഫീര്‍പ്പൊന്നും ഇന്ദ്രനീലവും ഗോമേദകവും അതിന്റെ വിലയ്ക്കു തുല്യമല്ല.
17 : സ്വര്‍ണത്തിനും സ്ഫടികത്തിനും അതിനോടു സമാനതയില്ല. തങ്കംകൊണ്ടുള്ള ആഭരണങ്ങള്‍ക്കുവേണ്ടിയും അതു കൈമാറാന്‍ പറ്റുകയില്ല.
18 : പവിഴത്തിന്റെയോ പളുങ്കിന്റെയോ പേരു പറയുകപോലും വേണ്ടാ; ജ്ഞാനം മുത്തിനെക്കാള്‍ അമൂല്യമാണ്.
19 : എത്യോപ്യായിലെ പുഷ്യരാഗത്തെയും ഇതിനോടു താരതമ്യപ്പെടുത്തുക സാധ്യമല്ല. തങ്കംകൊണ്ടും അതിന്റെ വിലനിശ്ചയിക്കാന്‍ കഴിയുകയില്ല.
20 : അപ്പോള്‍, ജ്ഞാനം എവിടെ നിന്നു വരുന്നു? അറിവ് എവിടെ സ്ഥിതിചെയ്യുന്നു?
21 : ജീവിക്കുന്നവരുടെ കണ്ണില്‍ നിന്ന് അതു മറയ്ക്കപ്പെട്ടിരിക്കുന്നു; ആകാശപ്പറവകള്‍ക്കും അത് അഗോചരമാണ്.
22 : നരകവും മരണവും പറയുന്നു: ഞങ്ങള്‍ അതെപ്പറ്റി കേട്ടിട്ടേയുള്ളു.
23 : അതിലേക്കുള്ള വഴിയും അതിന്റെ ആസ്ഥാനവും ദൈവം അറിയുന്നു.
24 : എന്തെന്നാല്‍, അവിടുന്ന് ഭൂമിയുടെ അതിര്‍ത്തിവരെ കാണുന്നു. ആകാശത്തിന് കീഴുള്ളതെല്ലാം അവിടുന്ന് ദര്‍ശിക്കുന്നു.
25 : അവിടുന്ന് കാറ്റിനു ശക്തികൊടുക്കുകയും വെള്ളത്തിന്റെ അളവു നിശ്ചയിക്കുകയും ചെയ്തപ്പോള്‍
26 : മഴയ്ക്കൊരു നിയമവും ഇടിമിന്നലിനൊരു മാര്‍ഗവും നിര്‍ണയിച്ചപ്പോള്‍
27 : അവിടുന്ന് ജ്ഞാനത്തെ ദര്‍ശിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. അവിടുന്ന് അതിന്റെ ആഴം അളക്കുകയും മൂല്യം നിര്‍ണയിക്കുകയും ചെയ്തു.
28 : അവിടുന്ന് മനുഷ്യനോടു പറഞ്ഞു: ജ്ഞാനം കര്‍ത്താവിനോടുള്ള ഭക്തിയാണ്. തിന്മയില് നിന്ന് അശലുന്നതാണു വിവേകം.