P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 7
1 : മനുഷ്യജീവിതം നിര്‍ബന്ധിതസേവനം മാത്രമല്ലേ? അവന്റെ ദിനങ്ങള്‍ കൂലിക്കാരന്റെ ദിനങ്ങള്‍ക്കു തുല്യമല്ലേ?
2 : അടിമ തണലിനു വേണ്ടിയെന്നപോലെയും കൂലിക്കാരന് കൂലിക്കു വേണ്ടിയെന്നപോലെയും;
3 : ശൂന്യതയുടെ മാസങ്ങളും ദുരിതങ്ങളുടെ രാവുകളും എനിക്കു ലഭിച്ചിരിക്കുന്നു.
4 : ഉറങ്ങാന്‍ കിടക്കുമ്പോള്‍ എപ്പോഴാണ് പ്രഭാതമാവുക എന്നു ഞാന്‍ ചിന്തിക്കുന്നു. എന്നാല്‍, രാത്രി നീണ്ടതാണ്. പ്രഭാതം വരെ ഞാന്‍ കിടന്നുരുളുന്നു.
5 : പുഴുക്കളും മാലിന്യവും എന്റെ ശരീരത്തെ പൊതിഞ്ഞിരിക്കുന്നു. എന്റെ തൊലി വിണ്ടുകീറി ചലം ഒലിക്കുന്നു.
6 : എന്റെ ദിനങ്ങള്‍ നെയ്ത്തുകാരന്റെ ഓടത്തെക്കാള്‍ വേഗത്തില്‍ കടന്നുപോകുന്നു. പ്രത്യാശയില്ലാതെ അസ്തമിക്കുന്നു.
7 : എന്റെ ജീവന് ഒരു ശ്വാസം മാത്രമാണെന്ന് അനുസ്മരിക്കണമേ! എന്റെ കണ്ണുകള്‍ ഇനി ഒരിക്കലും നന്മ ദര്‍ശിക്കുകയില്ല.
8 : എന്നെ കാണാറുള്ള കണ്ണുകള്‍ പിന്നീടൊരിക്കലും എന്നെ കാണുകയില്ല. നീ എന്നെ നോക്കിയിരിക്കേ ഞാന്‍ പൊയ്ക്കഴിഞ്ഞിരിക്കും.
9 : മേഘങ്ങള്‍ മാഞ്ഞുമറയുന്നതുപോലെ പാതാളത്തില്‍ പതിക്കുന്നവന്‍ മടങ്ങിവരുകയില്ല.
10 : അവന് തന്റെ വീട്ടിലേക്ക് ഒരിക്കലും തിരിച്ചു വരുന്നില്ല; അവന്റെ ഭവനം ഇനി അവനെ അറിയുകയില്ല.
11 : അതിനാല്‍, എനിക്കു നിശ്ശബ്ദതപാലിക്കാന്‍ കഴിയുകയില്ല, എന്റെ ഹൃദയവ്യഥകള്‍ക്കിടയില്‍ ഞാന്‍ സംസാരിക്കും. എന്റെ മനോവേദനകള്‍ക്കിടയില്‍ ഞാന്‍ സങ്കടം പറയും.
12 : അങ്ങ് എനിക്ക് കാവലേര്‍പ്പെടുത്താന്‍ ഞാന്‍ കടലോ കടല്‍ ജന്തുവോ?
13 : എന്റെ കിടക്ക എന്നെ ആശ്വസിപ്പിക്കും, എന്റെ തല്പം എന്റെ വ്യസനം ശമിപ്പിക്കും എന്നു ഞാന്‍ പറയുമ്പോള്‍,
14 : സ്വപ്നങ്ങള്‍ കൊണ്ട് അങ്ങ് എന്നെ ഭയപ്പെടുത്തുന്നു; ദര്‍ശനങ്ങള്‍ കൊണ്ട് എന്നെ പരിഭ്രാന്തനാക്കുന്നു.
15 : അസ്ഥിപഞ്ജരമാകുന്നതിനെക്കാള്‍ കഴുത്തുഞെരിച്ചുള്ള മരണമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
16 : ഞാന്‍ ആശയറ്റവനാണ്; ഞാന്‍ എന്നേക്കും ജീവിച്ചിരിക്കുകയില്ല. എന്നെ ഏകനായി വിടുക; എന്റെ ജീവിതം ഒരു ശ്വാസം മാത്രമാണ്.
17 : അങ്ങ് മനുഷ്യനെ ഇത്ര കാര്യമാക്കാനും അവന്റെ പ്രവൃത്തികള്‍ ഉറ്റുനോക്കാനും
18 : ഓരോ പ്രഭാതത്തിലും അവനെ പരിശോധിക്കാനും, ഓരോ നിമിഷവും അവനെപരീക്ഷിക്കാനും അവന് ആരാണ്?
19 : ഉമിനീര് ഇറക്കാന്‍പോലും ഇടതരാതെ എത്രനാള്‍ അങ്ങ് എന്നെ നോക്കിയിരിക്കും?
20 : മനുഷ്യനെ ഉറ്റുനോക്കിയിരിക്കുന്നവനേ, ഞാന്‍ പാപം ചെയ്താല്‍ത്തന്നെ അങ്ങേക്ക് അതിനെന്താണ്? അങ്ങ് എന്തുകൊണ്ട് എന്നെ ഉന്നം വച്ചിരിക്കുന്നു? എന്തുകൊണ്ടാണ്, ഞാന്‍ അങ്ങേക്ക് ഒരു ഭാരമായിത്തീര്‍ന്നത്?
21 : എന്റെ പാപങ്ങള്‍ അങ്ങേക്ക് ക്ഷമിച്ചുകൂടേ? എന്റെ തെറ്റുകള്‍ പൊറുത്തുകൂടേ? ഞാന്‍ ഇപ്പോള്‍ പൊടിയില്‍ ചേരും. അങ്ങ് എന്നെ അന്വേഷിക്കും, എന്നാല്‍, ഞാന്‍ ഉണ്ടായിരിക്കുകയില്ല.