पवित्र बाइबिल
പഴയ നിയമം
2 മക്കബായര്‍
അദ്ധ്യായം 15
-
നിക്കാനോറിന്റെ ദൈവദൂഷണം
- Verse 1: യൂദാസും അനുചരന്മാരും സമരിയാ പ്രദേശത്ത് എത്തിയിരിക്കുന്നുവെന്നു നിക്കാനോര്‍ കേട്ടു. ഏറ്റവും സുരക്ഷിതമായി വിശ്രമനാളില്‍ അവരെ ആക്രമിക്കാന്‍ അവന് പരിപാടി തയ്യാറാക്കി.
- Verse 2: അവനെ അനുഗമിക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്ന യഹൂദര്‍ അവനോടു പറഞ്ഞു: ക്രൂരവും കിരാതവുമായ ഇത്തരം നശീകരണം തുടരരുത്. സര്‍വദര്‍ശിയായവന്‍മറ്റു ദിനങ്ങള്‍ക്കുപരി ആദരിച്ചു ശുദ്ധീകരിച്ച ദിവസത്തെനീ പൂജ്യമായി കരുതേണ്ടതാണ്;
- Verse 3: അപ്പോള്‍ ആ അഭിശപ്തന്‍ അവരോട് സാബത്തുദിനം ആചരിക്കാന്‍ കല്പിച്ചിട്ടുള്ള ഒരു രാജാവ് സ്വര്‍ഗത്തിലുണ്ടോ എന്നു ചോദിച്ചു.
- Verse 4: അവര്‍ പ്രഖ്യാപിച്ചു: ജീവിക്കുന്ന കര്‍ത്താവായ സ്വര്‍ഗീയരാജാവാണ് ഏഴാംദിവസം ആചരിക്കണമെന്നു കല്പിച്ചിട്ടുള്ളത്.
- Verse 5: അവന് പ്രതിവചിച്ചു: ഞാനും ഭൂമിയില്‍ ഒരു രാജാവാണ്, ആയുധമേന്തി രാജശാസനം അനുവര്‍ത്തിക്കാന്‍ ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നു. എങ്കിലും അവന്റെ നീചതാത്പര്യങ്ങള്‍ സഫലമാക്കാന്‍ അവനു കഴിഞ്ഞില്ല.
- Verse 6: ഗര്‍വിഷ്ഠനും ധിക്കാരിയുമായി നിക്കാനോര്‍ യൂദാസിനെയും അനുചരന്മാരെയും കീഴടക്കി വിജയത്തിന്റെ പരസ്യസ്മാരകം സ്ഥാപിക്കാന്‍ നിശ്ചയിച്ചു.
-
യൂദാസ് ധൈര്യം പകരുന്നു
- Verse 7: മക്കബേയൂസ് കര്‍ത്താവിന്റെ സഹായം ലഭിക്കുമെന്നുള്ള വിശ്വാസത്തില്‍ ഉറച്ചുനിന്നു.
- Verse 8: വിജാതീയരുടെ ആക്രമണത്തെ പേടിക്കരുതെന്നും സ്വര്‍ഗസ്ഥനായ സര്‍വശക്തനില്‍ നിന്നു മുന്‍പു ലഭിച്ചിട്ടുള്ള സഹായം അനുസ്മരിച്ച് വിജയം പ്രതീക്ഷിക്കണമെന്നും തന്റെ അനുചരന്മാരെ അവന് ഉദ്ബോധിപ്പിച്ചു.
- Verse 9: നിയമത്തില്‍ നിന്നും പ്രവാചകന്മാരില് നിന്നും വാക്യങ്ങള്‍ ഉദ്ധരിച്ച് അവന് അവര്‍ക്കു ധൈര്യം പകര്‍ന്നു. തങ്ങള്‍ വിജയം വരിച്ചയുദ്ധങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് അവരെ പൂര്‍വാധികം ഉത്തേജിപ്പിച്ചു.
- Verse 10: അവരില്‍ വീര്യമുണര്‍ത്തുകയും വിജാതീയരുടെ വിശ്വാസവഞ്ചനയും വാഗ്ദാനലംഘനവും ചൂണ്ടിക്കാട്ടുകയും ചെയ്തതിനു ശേഷം അവന് അവര്‍ക്കു സമുചിതമായ നിര്‍ദേശങ്ങള്‍ നല്കി.
- Verse 11: പരിചകളും കുന്തങ്ങളും നല്കിയ ശുഭപ്രതീക്ഷകൊണ്ടെന്നതിനെക്കാള്‍ അവന് തന്റെ ധീരവും ഉത്തേജകവുമായ വാക്കുകള്‍കൊണ്ട് അവരോരോരുത്തരെയും ആയുധമണിയിച്ചു. വിശ്വാസ്യമായ ഒരു സ്വപ്നം അഥവാ ദര്‍ശനം വിവരിച്ച് അവന് അവര്‍ക്ക് ഉന്മേഷം പകര്‍ന്നു.
- Verse 12: ഇതായിരുന്നു ദര്‍ശനം: കുലീനനും ഗുണവാനും വിനീതനും സൗമ്യനും ഉചിതഭാഷിയും ബാല്യം മുതലേ സത്കര്മനിരതനും മുന്‍പു പ്രധാനപുരോഹിതപദവി അലങ്കരിച്ചവനും ആയ ഓനിയാസ് കൈകള്‍ ഉയര്‍ത്തി യഹൂദജനതയ്ക്കുവേണ്ടി പ്രാര്ഥിക്കുകയായിരുന്നു.
- Verse 13: അതേസമയം മറ്റൊരാള്‍, നരചൂടിയ, അന്തസ്സുറ്റ, പ്രൗഢിയും ആജ്ഞാ ശക്തിയും തികഞ്ഞ ഒരാള്‍ അവിടെ പ്രത്യക്ഷപ്പെട്ടു.
- Verse 14: അപ്പോള്‍ ഓനിയാസ് പറഞ്ഞു: സഹോദരരെ സ്നേഹിക്കുകയും ജനത്തിനും നഗരത്തിനും വേണ്ടി ദീര്‍ഘമായി പ്രാര്‍ഥിക്കുകയും ചെയ്യുന്നവന് - ദൈവത്തിന്റെ പ്രവാചകനായ ജറെമിയാ - ആണിത്.
- Verse 15: ജറെമിയാ വലത്തുകരം നീട്ടി യൂദാസിന് ഒരു സുവര്‍ണഖഡ്ഗം നല്കികൊണ്ടു പറഞ്ഞു:
- Verse 16: ഈ വിശുദ്ധഖഡ്ഗം സ്വീകരിക്കുക, ദൈവത്തില്‍നിന്നുള്ള സമ്മാനമാണിത്, ഇതുകൊണ്ട് നീ എതിരാളികളെ നിഗ്രഹിക്കും.
-
നിക്കാനോറിന്റെ പതനം
- Verse 17: വീര്യവും പൗരുഷവും പകരുന്ന യൂദാസിന്റെ ശ്രേഷ്ഠമായ വാക്കുകളാല്‍ ഉത്തേജിതരായ യുവാക്കള്‍, പാളയമടിച്ചുകിടക്കാതെ, എതിരാളികളെ നേരിടാനും കാര്യത്തിനു തീരുമാനമുണ്ടാക്കാനും ഉറച്ചു. എന്തെന്നാല്‍, നഗരവും ശ്രീകോവിലും ദേവാലയവും അപകടസ്ഥിതിയിലായിരുന്നു.
- Verse 18: അവരുടെ പ്രഥമവും പ്രധാനവുമായ ഉത്കണ്ഠ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയത്തെക്കുറിച്ചായിരുന്നു. തങ്ങളുടെ ഭാര്യമാര്‍, കുട്ടികള്‍, സഹോദരര്‍, ബന്ധുജനങ്ങള്‍ എന്നിവരെക്കുറിച്ച് അവര്‍ അത്രയ്ക്ക് ഉത്കണ്ഠിതരായിരുന്നില്ല.
- Verse 19: നഗരത്തില്‍ത്തന്നെ കഴിയാന്‍ നിര്‍ബന്ധിതരായവര്‍ക്കു തുറന്ന സ്ഥലത്തുവച്ചു യുദ്ധം ചെയ്യുന്നവരെക്കുറിച്ചുണ്ടായിരുന്ന ആകുലത ഒട്ടും കുറവായിരുന്നില്ല.
- Verse 20: എല്ലാവരും നിര്‍ണായക നിമിഷം കാത്തിരിക്കവേ ശത്രുസൈന്യം യുദ്ധസന്നദ്ധമായി സമീപത്തെത്തിക്കഴിഞ്ഞു. തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ആനകളെയും പാര്‍ശ്വങ്ങളില്‍ കുതിരപ്പടയെയും അവര്‍ നിര്‍ത്തി.
- Verse 21: ആ സേനാവ്യൂഹവും വിവിധതരത്തിലുള്ള ആയുധങ്ങളും ആനകളുടെ ഭീകരതയും ദര്‍ശിച്ച മക്കബേയൂസ് സ്വര്‍ഗത്തിലേക്കു കൈകള്‍ ഉയര്‍ത്തി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. എന്തെന്നാല്‍, കര്‍ത്താവ് ആയുധങ്ങളാലല്ല സ്വന്തം നിശ്ചയപ്രകാരമാണ്, അര്‍ഹിക്കുന്നവര്‍ക്കു വിജയം നേടിക്കൊടുക്കുന്നതെന്ന് അവന് അറിഞ്ഞിരുന്നു.
- Verse 22: അവിടുത്തെ വിളിച്ച് അവന് പ്രാര്‍ഥിച്ചു: കര്‍ത്താവേ, യൂദാരാജാവായിരുന്ന ഹെസെക്കിയായുടെ കാലത്ത് അങ്ങ് ദൂതനെ അയയ്ക്കുകയും സെന്നാക്കെരീബിന്റെ പാളയത്തില്‍ അവന് ഒരുലക്ഷത്തിയെണ്‍പത്തയ്യായിരത്തോളം പേരെ സംഹരിക്കുകയും ചെയ്തു.
- Verse 23: സ്വര്‍ഗാധിനാഥാ, ഞങ്ങള്‍ക്കു മുന്നോടിയായി ഭയവും സംഭ്രാന്തിയും പരത്താന്‍ ഒരു ഉത്തമദൂതനെ ഇപ്പോള്‍ അയയ്ക്കണമേ!
- Verse 24: അവിടുത്തെ വിശുദ്ധജനത്തിന് എതിരായി വരുന്ന ഈ ദൈവദൂഷകരെ അങ്ങയുടെ ഭുജബലത്താല്‍ തകര്‍ക്കണമേ! ഈ വാക്കുകളോടെ യൂദാസ് പ്രാര്‍ഥന അവസാനിപ്പിച്ചു.
- Verse 25: നിക്കാനോറും കൂട്ടരും കാഹളങ്ങളോടും പോര്‍വിളികളോടുംകൂടെ മുന്നേറി.
- Verse 26: യൂദാസും അനുചരന്മാരും ദൈവത്തെ വിളിച്ചു പ്രാര്ഥിച്ചുകൊണ്ടു ശത്രുവിനെ നേരിട്ടു.
- Verse 27: കൈകള്‍കൊണ്ടു യുദ്ധം ചെയ്യുകയും ഹൃദയംകൊണ്ടു ദൈവത്തോടു പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ട് മുപ്പത്തയ്യായിരത്തില്‍ കുറയാത്ത ആളുകളെ അവര്‍ കൊന്നൊടുക്കി. ദൈവത്തിന്റെ ഈ പ്രത്യക്ഷസഹായം അവരെ ആഹ്ലാദഭരിതരാക്കി.
- Verse 28: അവര്‍ യുദ്ധം കഴിഞ്ഞ് ആനന്ദത്തോടെ മടങ്ങിപ്പോകുമ്പോള്‍, നിക്കാനോര്‍ പടച്ചട്ടയോടുകൂടി മരിച്ചുകിടക്കുന്നതു കണ്ടു.
- Verse 29: ഉടനെ അട്ടഹാസവും ആരവവും ഉയര്‍ന്നു, സകലത്തിന്റെയും അധിപനായ കര്‍ത്താവിനെ സ്വന്തം ഭാഷയില്‍ അവര്‍ വാഴ്ത്തി സ്തുതിച്ചു.
- Verse 30: ശരീരവും ആത്മാവും സഹോദരരുടെ സംരക്ഷണത്തിനു വേണ്ടി ഉഴിഞ്ഞുവച്ച, തന്റെ നാട്ടുകാരോട് സവിശേഷമായ സൗഹൃദം പുലര്‍ത്തിയിരുന്ന യൂദാസ്, നിക്കാനോറിന്റെ ശിരസ്സും കൈയും ഛേദിച്ച് ജറുസലെമിലേക്കു കൊണ്ടുപോകാന്‍ അവരോട് ആജ്ഞാപിച്ചു.
- Verse 31: അവന് അവിടെയെത്തി ജനത്തെ വിളിച്ചുകൂട്ടി; പുരോഹിതന്മാരെ ബലിപീഠത്തിന്റെ മുന്പില് കൊണ്ടുവന്നു; കോട്ടയിലായിരുന്നവരെ ആളയച്ചുവരുത്തി.
- Verse 32: നീചനായ നിക്കാനോറിന്റെ തലയും സര്‍വശക്തന്റെ ഭവനത്തിനെതിരേ ആ ദൈവദൂഷകന് ഗര്‍വോടെ നീട്ടിയ കരവും അവന് അവരെ കാണിച്ചു.
- Verse 33: അവന് ദുഷ്ടനായ നിക്കാനോറിന്റെ നാവു ഛേദിച്ചു. അതു കഷണങ്ങളാക്കി പക്ഷിക്കള്‍ക്ക് ഇട്ടുകൊടുക്കുമെന്നും അവന്റെ ഭോഷത്തത്തിന്റെ പ്രതിഫലങ്ങള്‍ ദേവാലയത്തിന്റെ മുന്പില് കെട്ടിത്തൂക്കുമെന്നും യൂദാസ് പറഞ്ഞു.
- Verse 34: അവരെല്ലാവരും സ്വര്‍ഗത്തിലേക്കു നോക്കി; തങ്ങള്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തിയ കര്‍ത്താവിനെ സ്തുതിച്ചു പറഞ്ഞു: സ്വന്തം ഭവനം അശുദ്ധമാകാതെ കാത്തു സൂക്ഷിച്ചവന് വാഴ്ത്തപ്പെടട്ടെ!
- Verse 35: കര്‍ത്താവില്‍ നിന്നു ലഭിച്ച സഹായങ്ങളുടെ പ്രത്യക്ഷ തെളിവായി യൂദാസ് നിക്കാനോറിന്റെ ശിരസ്സ് കോട്ടയുടെ മുകളില്‍ തൂക്കി.
- Verse 36: ഈ ദിനം ഒരിക്കലും വിസ്മൃതിയിലാണ്ടുപോകരുതെന്നും സുറിയാനിഭാഷയില് ആദാര്‍ എന്നു വിളിക്കപ്പെടുന്ന പന്ത്രണ്ടാംമാസത്തിലെ മൊര്‍ദെക്കായ്ദിനത്തിന്റെ തലേനാളായ പതിമൂന്നാംദിനം ആഘോഷപൂര്‍വം കൊണ്ടാടണമെന്നും പൊതുസമ്മതപ്രകാരം അവര്‍ നിശ്ചയിച്ചു.
-
ഉപസംഹാരം
- Verse 37: ഇങ്ങനെ നിക്കാനോറിന്റെ കഥ അവസാനിച്ചു. അന്നുമുതല്‍ നഗരം ഹെബ്രായരുടെ കൈവശമാണ്. ഞാനും കഥ ഇവിടെ അവസാനിപ്പിക്കുന്നു.
- Verse 38: അതു നന്നായി, കാര്യമാത്ര പ്രസക്തമായി അവതരിപ്പിച്ചിട്ടുണ്ടെങ്കില്‍, ഞാന്‍ കൃതാര്ഥനാണ്; അവതരണം അവിദഗ്ധമോ ഇടത്തരമോ ആയിപ്പോയെങ്കില് ഇത്രയേ എനിക്കു പരമാവധി ചെയ്യാന്‍ കഴിഞ്ഞുള്ളു.
- Verse 39: വെള്ളം ചേര്‍ക്കാത്ത വീഞ്ഞോ വെള്ളം മാത്രമോ കുടിക്കുക ഉപദ്രവകരമാണ്. വെള്ളം ചേര്‍ത്ത വീഞ്ഞ്, മധുരവും സ്വാദേറിയതുമാണ്. ആനന്ദദായകമാണ്. അതുപോലെയാണു കഥാകഥന രീതി വായനക്കാരനെ ആഹ്ലാദിപ്പിക്കുന്നതും. ഞാന്‍ ഉപസംഹരിക്കുന്നു.