P. O. C ബൈബിള്‍
പഴയ നിയമം
1 രാജാക്കന്മാര്
അദ്ധ്യായം 12
രാജ്യം വിഭജിക്കപ്പെടുന്നു1 : ഇസ്രായേല്‍ജനം തന്നെ രാജാവാക്കുന്നതിനു ഷെക്കെമില്‍ സമ്മേളിച്ചതിനാല്‍ റഹോബോവാം അവിടെ വന്നു.
2 : നെബാത്തിന്റെ പുത്രനായ ജറോബോവാം ഇതു കേട്ടയുടനെ ഈജിപ്തില്‍നിന്നു മടങ്ങിയെത്തി - സോളമന് രാജാവില്‍ നിന്ന് ഒളിച്ചോടിയ അവന് ഇതുവരെ ഈജിപ്തിലായിരുന്നു.
3 : ഇസ്രായേല്‍ജനം അവനെ ആളയച്ചു വരുത്തി; ജറോബോവാമും ഇസ്രായേല്‍ജനവും റഹോബോവാമിന്റെ അടുത്തുവന്നു പറഞ്ഞു:
4 : അങ്ങയുടെ പിതാവു ഞങ്ങളുടെമേല്‍ വച്ചതു ഭാരമേറിയനുകമാണ്. ഞങ്ങളുടെ ജോലിയുടെ കാഠിന്യവും അവന് വച്ച നുകത്തിന്റെ ഭാരവും അങ്ങു ലഘൂകരിക്കണം; ഞങ്ങള്‍ അങ്ങയെ സേവിക്കാം.
5 : അവന് പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ പോകുവിന്‍. മൂന്നുദിവസം കഴിഞ്ഞുവരുവിന്‍. ജനം മടങ്ങിപ്പോയി.
6 : റഹോബോവാം തന്റെ പിതാവായ സോളമന്‍രാജാവിന്റെ വൃദ്ധരായ ഉപദേശകന്മാരോട് ആലോചിച്ചു; ജനത്തിന് എന്ത് ഉത്തരം നല്‍കണമെന്നാണ് നിങ്ങളുടെ അഭിപ്രായം?
7 : അവര്‍ പറഞ്ഞു: അങ്ങ് അവര്‍ക്കു വഴങ്ങി അവരെ സേവിക്കുകയും അവര്‍ക്കു ദയാപൂര്‍വം മറുപടി നല്‍കുകയും ചെയ്താല്‍ അവര്‍ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും.
8 : മുതിര്‍ന്നവരുടെ ഉപദേശം നിരസിച്ച് അവന് തന്നോടൊത്തു വളര്‍ന്ന പാര്‍ശ്വവര്‍ത്തികളായ യുവാക്കന്മാരോട് ആലോചിച്ചു.
9 : അവന് അവരോടുചോദിച്ചു: അങ്ങയുടെ പിതാവ് ഞങ്ങളുടെ മേല്‍ വച്ച നുകം ലഘൂകരിക്കുക എന്നു പറയുന്ന ഈ ജനത്തിന് എന്തു മറുപടി നല്‍കണമെന്നാണ് നിങ്ങളുടെ അഭിപ്രായം?
10 : അവനോടൊപ്പം വളര്‍ന്നു വന്ന ആ യുവാക്കള്‍ പറഞ്ഞു: അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകത്തിന്റെ ഭാരം കൂട്ടി, അങ്ങ് അതു കുറച്ചുതരണം, എന്നു പറഞ്ഞ ഈ ജനത്തോടു പറയുക: എന്റെ ചെറുവിരല്‍ എന്റെ പിതാവിന്റെ അരക്കെട്ടിനെക്കാള്‍ മുഴുപ്പുള്ളതാണ്.
11 : അവന് ഭാരമുള്ളനുകം നിങ്ങളുടെമേല്‍ വച്ചു. ഞാന്‍ അതിന്റെ ഭാരം കൂട്ടും; അവന് നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു; ഞാന്‍ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.
12 : രാജാവിന്റെ നിര്‍ദേശമനുസരിച്ച് ജറോബോവാമും ജനവും മൂന്നാം ദിവസം റഹോബോവാമിന്റെ അടുക്കല്‍ വന്നു.
13 : മുതിര്‍ന്നവര്‍ നല്കിയ ഉപദേശം അവഗണിച്ച്, രാജാവ് ജനത്തോടു പരുഷമായി സംസാരിച്ചു.
14 : യുവാക്കളുടെ ഉപദേശമനുസരിച്ച് അവന് പറഞ്ഞു: എന്റെ പിതാവ് നിങ്ങളുടെമേല്‍ ഭാരമുള്ളനുകം വച്ചു; ഞാന്‍ അതിന്റെ ഭാരം കൂട്ടും. എന്റെ പിതാവ് നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു; ഞാന്‍ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.
15 : രാജാവ് ജനത്തിന്റെ അപേക്ഷകേട്ടില്ല. നെബാത്തിന്റെ മകനായ ജറോബോവാമിനോടു ഷീലോന്യനായ അഹിയാ മുഖേന ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തതു നിറവേറുന്നതിനാണ് ഇപ്രകാരം സംഭവിക്കാന്‍ അവിടുന്നിടയാക്കിയത്.
16 : രാജാവു തങ്ങളുടെ അപേക്ഷ സ്വീകരിച്ചില്ല എന്നുകണ്ട് ജനം പറഞ്ഞു: ദാവീദുമായി ഞങ്ങള്‍ക്ക് എന്തു ബന്ധം? ജസ്സെയുടെ പുത്രനില്‍ ഞങ്ങള്‍ക്കെന്തവകാശം? ഇസ്രായേലേ, കൂടാരങ്ങളിലേക്കു മടങ്ങുക, ദാവീദേ, നീ നിന്റെ കുടുംബം നോക്കിക്കൊള്ളുക. അനന്തരം, ഇസ്രായേല്‍ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങി.
17 : റഹോബോവാം യൂദാനഗരങ്ങളില്‍ വസിച്ചിരുന്ന ഇസ്രായേല്‍ ജനത്തിന്റെ മേല്‍ വാഴ്ച നടത്തി.
18 : അവന് അടിമവേലകളുടെ മേല്‍നോട്ടക്കാരനായ അദോറാമിനെ ഇസ്രായേലിലേക്ക് അയച്ചു; ഇസ്രായേല്‍ജനം അവനെ കല്ലെറിഞ്ഞു കൊന്നു. ജറുസലെമിലേക്കു പലായനംചെയ്യാന്‍ റഹോബോവാം രാജാവ് അതിവേഗം തന്റെ രഥത്തില്‍ കയറി.
19 : അങ്ങനെ, ഇസ്രായേല്‍ ദാവീദിന്റെ ഭവനത്തോട് ഇന്നും കലഹത്തിലാണ്.
20 : ജറോബോവാം മടങ്ങി വന്നെന്നു കേട്ടപ്പോള്‍ ഇസ്രായേല്‍ജനം ഒരുമിച്ചുകൂടി, അവനെ വരുത്തി ഇസ്രായേലിന്റെ രാജാവാക്കി. യൂദായുടെ ഗോത്രമൊഴികെ മറ്റൊന്നും ദാവീദിന്റെ ഭവനത്തെ അനുഗമിച്ചില്ല.
21 : സോളമന്റെ പുത്രന് റഹോബോവാം ജറുസലെമില്‍നിന്ന് ഇസ്രായേലിനോടു യുദ്ധം ചെയ്ത് രാജ്യം വീണ്ടെടുക്കാന്‍ യൂദായുടെയും ബഞ്ചമിന്റെയും ഗോത്രങ്ങളില്‍ നിന്ന് യുദ്ധവീരന്മാരായ ഒരു ലക്ഷത്തിയെണ്‍പതിനായിരം പേരെ ശേഖരിച്ചു.
22 : എന്നാല്‍, പ്രവാചകനായ ഷെമായായോട് ദൈവം അരുളിച്ചെയ്തു:
23 : യൂദായിലെ രാജാവും സോളമന്റെ മകനുമായ റഹോബോവാമിനോടും, യൂദായുടെയും ബഞ്ചമിന്റെയും ഭവനങ്ങളോടും മറ്റു ജനത്തോടും പറയുക:
24 : കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിങ്ങള്‍ മുന്‍പോട്ടു പോകരുത്; നിങ്ങളുടെ സഹോദരരായ ഇസ്രായേല്‍ ജനത്തോടു യുദ്ധം ചെയ്യരുത്. വീടുകളിലേക്കു മടങ്ങുവിന്‍. ഞാനാണ് ഇതു പറയുന്നത്. കര്‍ത്താവിന്റെ വാക്കുകേട്ട് അവര്‍ മടങ്ങിപ്പോയി.
25 : ജറോബോവാം എഫ്രായിം മലനാട്ടില്‍ ഷെക്കെം ബലിഷ്ഠമാക്കി അവിടെ വസിച്ചു. പിന്നീട് അവിടെനിന്നു പോയി, പെനുവേലും ബലിഷ്ഠമാക്കി.
26 : അവന് ആത്മഗതം ചെയ്തു: ദാവീദിന്റെ ഭവനത്തിലേക്കു രാജ്യം തിരികെപ്പോകും.
27 : ഈ ജനം ജറുസലെമില്‍ കര്‍ത്താവിന്റെ ഭവനത്തില്‍ ബലിയര്‍പ്പിക്കാന്‍ പോയാല്‍ യൂദാരാജാവായ റഹോബോവാമിന്റെ നേര്‍ക്ക് അവരുടെ മനസ്സു തിരിയുകയും അവര്‍ എന്നെ വധിച്ചതിനുശേഷം അവനെ അനുഗമിക്കുകയും ചെയ്യും.
28 : അതിനാല്‍, രാജാവ് ഒരുപായം കണ്ടുപിടിച്ചു. സ്വര്‍ണംകൊണ്ട് രണ്ടു കാളക്കുട്ടികളെ നിര്‍മിച്ചിട്ട് അവന് ജനത്തോടു പറഞ്ഞു: നിങ്ങള്‍ ജറുസലെമിലേക്കു പോകേണ്ടാ, ഇസ്രായേല്‍ ജനമേ, ഇതാ, ഈജിപ്തില്‍ നിന്നു നിങ്ങളെ മോചിപ്പിച്ച ദേവന്മാര്.
29 : അവന് അവയിലൊന്നിനെ ബഥേലിലും ഒന്നിനെ ദാനിലും പ്രതിഷ്ഠിച്ചു. ഇതു പാപമായിത്തീര്‍ന്നു.
30 : ബഥേലിലെയും ദാനിലെയും പ്രതിഷ്ഠകളുടെ അടുത്തേക്ക് ജനം പൊയ്ക്കൊണ്ടിരുന്നു.
31 : അവന് പൂജാഗിരികള്‍ ഉണ്ടാക്കി, ലേവി ഗോത്രത്തില്‍പ്പെടാത്തവരെ പുരോഹിതന്മാരാക്കി.
32 : യൂദായില്‍ ആഘോഷിച്ചിരുന്ന തിരുനാളിനു തുല്യമായി ജറോബോവാം എട്ടാംമാസം പതിനഞ്ചാം ദിവസം ഒരുത്സവം ഏര്‍പ്പെടുത്തി, ബലിപീഠത്തില്‍ അവന് ബലികളര്‍പ്പിച്ചു. താന്‍ നിര്‍മിച്ച കാളക്കുട്ടികള്‍ക്ക് ബഥേലില്‍ അവന് ഇപ്രകാരം ബലിയര്‍പ്പിച്ചു. പൂജാഗിരികളില്‍ നിയമിച്ചിരുന്ന പുരോഹിതന്മാരെ ബഥേലില്‍ നിയമിച്ചു.
33 : അവന് എട്ടാംമാസം പതിനഞ്ചാംദിവസം - സ്വാഭീഷ്ടപ്രകാരം നിശ്ചയിച്ച ദിവസം - ജനത്തിന് ഒരു ഉത്സവം ഏര്‍പ്പെടുത്തുകയും ബഥേലില്‍ താന്‍ പണിയിച്ച ബലിപീഠത്തില്‍ ധൂപാര്‍ച്ചന നടത്തുന്നതിനു ചെല്ലുകയും ചെയ്തു.