P. O. C ബൈബിള്‍
പഴയ നിയമം
ജ്ഞാനം
അദ്ധ്യായം 8
ജ്ഞാനം അനുഗ്രഹത്തിന്റെ ഉറവിടം1 : ഭൂമിയില്‍ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ ജ്ഞാനം, സ്വാധീനം ചെലുത്തുന്നു. അവള് എല്ലാകാര്യങ്ങളും നന്നായി ക്രമപ്പെടുത്തുന്നു.
2 : ഞാന്‍ യൗവനംമുതല്‍ അവളെ സ്നേഹിക്കുകയും അന്വേഷിക്കുകയും ചെയ്തു. അവളെ വരിക്കാന്‍ ഞാന്‍ അഭിലഷിച്ചു. അവളുടെ സൗന്ദര്യത്തില്‍ ഞാന്‍ മതിമറന്നു.
3 : ദൈവത്തോടൊത്തു ജീവിച്ച് തന്റെ കുലീനജന്മം അവള് മഹത്വപ്പെടുത്തുന്നു. എല്ലാറ്റിന്റെയും കര്‍ത്താവ് അവളെ സ്നേഹിക്കുന്നു.
4 : ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ ആദ്യത്തെ പടി അവളാണ്; അവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ കൂട്ടാളിയും.
5 : ധനസമ്പാദനം ജീവിതത്തില്‍ അഭികാമ്യമാണെങ്കില്‍ സര്‍വവും സാധ്യമാക്കുന്ന ജ്ഞാനത്തിലുപരി ധനം എന്തുണ്ട്?
6 : അറിവ് പ്രവര്‍ത്തന ക്ഷമമാണെങ്കില്‍ സകലതും വിരചിക്കുന്നത് അവളല്ലാതെ ആരാണ്?
7 : നീതിയെ സ്നേഹിക്കുന്നവന് അവളുടെ പ്രവര്‍ത്തനങ്ങളുടെ ഫലം നന്മയായിരിക്കും. ആത്മനിയന്ത്രണവും വിവേകവും നീതിയും ധൈര്യവും അവള് പരിശീലിപ്പിക്കുന്നു. ജീവിതത്തില്‍ ഇവയെക്കാള്‍ പ്രയോജനകരമായി ഒന്നുമില്ല.
8 : വിപുലമായ അനുഭവജ്ഞാനമാണ് നിങ്ങള്‍ ഇച്ഛിക്കുന്നതെങ്കില് അവള്‍ക്കു ഭൂതവും ഭാവിയും അറിയാം. മൊഴികളുടെ വ്യംഗ്യവും കടങ്കഥകളുടെ പൊരുളും അവള്‍ക്കറിയാം. അടയാളങ്ങളും അദ്ഭുതങ്ങളും അവള് മുന്‍കൂട്ടി കാണുന്നു. കാലങ്ങളുടെയും ഋതുക്കളുടെയും ഫലം അവള്‍ക്കറിയാം.
9 : വ്യഗ്രതയിലും ദുഃഖത്തിലും അവള് എനിക്കു സദുപദേശവും പ്രോത്സാഹനവും തരുമെന്നറിഞ്ഞ് ഞാന്‍ അവളെ എന്റെ സന്തത സഹചാരിണിയാക്കും.
10 : യുവാവെങ്കിലും എനിക്ക് അവള്‍മൂലം അനേകരുടെ ഇടയില്‍ മഹത്വവും, ശ്രേഷ്ഠന്മാരുടെ മുന്പില് ബഹുമതിയും ലഭിക്കും.
11 : ന്യായവിചാരണയില്‍ ഞാന്‍ സൂക്ഷ്മബുദ്ധി ഉള്ളവനായിരിക്കും. നാടുവാഴികള്‍ എന്നെ ശ്ലാഘിക്കും.
12 : ഞാന്‍ മൗനം ഭജിക്കുമ്പോള്‍ അവര്‍ കാത്തുനില്ക്കും; സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുകയും ചെയ്യും; ഞാന്‍ ദീര്‍ഘമായി സംസാരിച്ചാലും നിശ്ശബ്ദരായി കേള്‍ക്കും.
13 : അവള് മൂലം എനിക്ക് അമര്‍ത്യത കൈവരും. പിന്ഗാമികളില് എന്റെ സ്മരണ നിലനില്ക്കും.
14 : ഞാന്‍ ജനതകളെ ഭരിക്കും; രാജ്യങ്ങള്‍ എനിക്ക് അധീനമാകും.
15 : ഭീകരരായ ഏകാധിപതികള്‍ എന്നെക്കുറിച്ചു കേട്ടു ഭയചകിതരാകും; ജനം എന്നെ കഴിവുറ്റവനെന്നു ഗണിക്കും.യുദ്ധത്തില്‍ ഞാന്‍ ധീരനായിരിക്കും.
16 : വീട്ടിലെത്തി ഞാന്‍ അവളുടെ സമീപത്ത് വിശ്രമം അനുഭവിക്കും. അവളുടെ മൈത്രിയില്‍ തിക്തതാസ്പര്‍ശമില്ല. അവളോടൊത്തുള്ള ജീവിതം ദുഃഖരഹിതമാണ്; ആഹ്ലാദവും ആനന്ദവും മാത്രം.
17 : ജ്ഞാനത്തോടുള്ള ബന്ധത്തില്‍ അമര്‍ത്യതയും
18 : അവളുടെ മൈത്രിയില്‍ നിര്‍മല മായ മോദവും അവളുടെ പ്രവൃത്തികളില്‍ അക്ഷയസമ്പത്തും സംസര്ഗത്തില് വിവേകവും അവളുമായുള്ള സംഭാഷണത്തില്‍യശസ്സും കുടികൊള്ളുന്നു എന്നു ചിന്തിച്ച് എങ്ങനെ അവളെ സ്വന്തമാക്കാം എന്നു തേടി ഞാന്‍ അലഞ്ഞു.
19 : ശൈശവം മുതലേ ഞാന്‍ അനുഗൃഹീതനും, നല്ലൊരു ഹൃദയം അവകാശമായി ലഭിച്ചവനുമാണ്;
20 : അഥവാ ഞാന്‍ നല്ലവനാണ്. അതുകൊണ്ട് നിര്‍മലമായ ശരീരം എനിക്കു ലഭിച്ചു.
21 : ദൈവം നല്കുന്നില്ലെങ്കില് ജ്ഞാനം എനിക്കു ലഭിക്കുകയില്ലെന്ന് ഞാന്‍ അറിഞ്ഞു. ആരുടെ ദാനമാണ് അവള് എന്ന് അറിയുന്നത് ഉള്‍ക്കാഴ്ചയുടെ ലക്ഷണമാണ്. അതുകൊണ്ട് ഞാന്‍ കര്‍ത്താവിനോട് ഉള്ളഴിഞ്ഞ് അപേക്ഷിച്ചു.