P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 20
സോഫാര്‍ വീണ്ടും സംസാരിക്കുന്നു1 : നാമാത്യനായ സോഫാര്‍ പറഞ്ഞു:
2 : അക്ഷമ നിമിത്തം മറുപടിപറയാന്‍ എന്നില്‍ ചിന്തകളുയരുന്നു.
3 : എന്നെ നിന്ദിക്കുന്ന ശകാരങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു; മറുപടി പറയാന്‍ ഞാന്‍ ഉത്തേജിതനാകുന്നു.
4 : പണ്ടുമുതല്ക്കേ, മനുഷ്യന് ഭൂമുഖത്ത് ഉദ്ഭവിച്ച കാലം മുതല്ക്കേ, നിനക്ക് അറിയില്ലേ,
5 : ദുഷ്ടന്റെ ജയഭേരി ക്ഷണികമാണെന്ന്, അധര്‍മിയുടെ സന്തോഷം നൈമിഷികമാണെന്ന്?
6 : അവന് ആകാശത്തോളം ഉയര്‍ന്നാലും, അവന്റെ ശിരസ്സു മേഘങ്ങളെ ഉരുമ്മിനിന്നാലും,
7 : തന്റെ വിസര്‍ജനവസ്തുപോലെ അവന് നശിച്ചുപോകും; അവന് എവിടെയെന്ന്, അവനെ മുന്‍പുകണ്ടിട്ടുള്ളവര്‍ ചോദിക്കും.
8 : സ്വപ്നംപോലെ അവന് മാഞ്ഞുപോകും. പിന്നീട് അവനെ കാണുകയില്ല; ഒരു നിശാദര്‍ശനം പോലെ അവന് പലായനം ചെയ്യും.
9 : അവനെ കണ്ടിട്ടുള്ള കണ്ണുകള്‍ ഇനി അവനെ കാണുകയില്ല. അവന്റെ പാര്‍പ്പിടം അവനെ ദര്‍ശിക്കുകയില്ല.
10 : അവന്റെ മക്കള്‍ ദരിദ്രരുടെ കാരുണ്യം യാചിക്കും. അവന്റെ സമ്പത്ത് അവന് തന്നെ തിരിച്ചുകൊടുക്കും.
11 : അവന്റെ അസ്ഥികളില്‍ യുവത്വം തുളുമ്പി നില്ക്കുന്നു. എന്നാല്‍, അത് അവനോടുകൂടി പൊടിയില്‍ കിടക്കും.
12 : അവന്റെ നാവിന് തിന്മ മധുരമായി തോന്നിയേക്കാം. അവനത് നാവിനടിയില്‍ ഒളിച്ചുവച്ചേക്കാം.
13 : രുചി ആസ്വദിക്കാന്‍ വേണ്ടി ഇറക്കാതെ വായില്‍ സൂക്ഷിച്ചാലും
14 : ഉദരത്തിലെത്തുമ്പോള്‍ അത് സര്‍പ്പവിഷമായി പരിണമിക്കുന്നു.
15 : വിഴുങ്ങിയ സമ്പത്ത് അവന് ഛര്‍ദിക്കുന്നു. ദൈവം അവന്റെ ഉദരത്തില്‍ നിന്ന് അതു പുറത്തു കൊണ്ടുവരുന്നു.
16 : അവന് സര്‍പ്പവിഷം കുടിക്കും; അണലിയുടെ കടിയേറ്റു മരിക്കും.
17 : തേനും പാല്‍ക്കട്ടിയും ഒഴുകുന്ന നദികളെ അവന് നോക്കുകയില്ല.
18 : തന്റെ അധ്വാനത്തിന്റെ ഫലം അവന് അനുഭവിക്കാതെ മടക്കിക്കൊടുക്കും. തന്റെ വ്യാപാരലാഭവും അവന് ആനന്ദം പകരുകയില്ല.
19 : എന്തെന്നാല്‍, അവന് പാവപ്പെട്ടവരെ പീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്തു; താന്‍ പണിയാത്ത വീട് അവന് പിടിച്ചെടുത്തു.
20 : തന്റെ അത്യാഗ്രഹത്തിന് അതിരില്ലാത്തതിനാല്‍ തനിക്ക് ഇഷ്ടപ്പെടുന്നതൊന്നും നേടാന്‍ അവനു സാധിക്കുകയില്ല.
21 : അവന് ഭക്ഷിച്ചതിനുശേഷം ഒന്നും മിച്ചം വരുകയില്ല. അതിനാല്‍, അവന്റെ ഐശ്വര്യം നിലനില്ക്കുകയില്ല.
22 : സമൃദ്ധിയുടെ പൂര്‍ണതയില്‍ അവനു ഞെരുക്കമുണ്ടാകും; ദുരിതങ്ങള്‍ ഒന്നാകെ അവന്റെ മേല്‍ നിപതിക്കും.
23 : ദൈവം തന്റെ കഠിനമായ കോപത്തെ അവനിലേക്കു മതിയാവോളം അയയ്ക്കും. ഭക്ഷണം പോലെ അത് അവന്റെ മേല്‍ വര്‍ഷിക്കും.
24 : ഇരുമ്പായുധത്തില് നിന്ന് ഒഴിഞ്ഞുമാറുമ്പോള്‍ പിച്ചളയസ്ത്രം അവനില്‍ തറഞ്ഞുകയറും.
25 : അവന്റെ ശരീരത്തില്‍ നിന്ന് അത് ഊരിയെടുക്കുന്നു. അതിന്റെ തിളങ്ങുന്ന മുന പിത്തഗ്രന്ഥിയില് നിന്നു പുറത്തെടുക്കുന്നു. ഭീകരതകള്‍ അവന്റെ മേല്‍ വരുന്നു.
26 : സാന്ദ്രമായ തമസ്സ് അവനു നിക്ഷേപമാക്കി വച്ചിരിക്കുന്നു; ആരും ഊതിക്കത്തിക്കാത്ത അഗ്നി അവനെ വിഴുങ്ങും; അവന്റെ കൂടാരത്തില്‍ അവശേഷിക്കുന്നതിനെയും അതു ദഹിപ്പിക്കും.
27 : ആകാശം അവന്റെ അനീതികളെ വെളിപ്പെടുത്തും; ഭൂമി അവനെതിരേ ഉയരും.
28 : അവന്റെ ഭവനത്തിലെ സമ്പാദ്യങ്ങള്‍ കവര്‍ച്ച ചെയ്യപ്പെടും. ദൈവകോപത്തിന്റെ ദിനത്തില്‍ അവ പൊയ്പ്പോകും.
29 : ദുഷ്ടനു ദൈവം നല്കുന്ന ഓഹരിയും ദൈവത്തില്‍ നിന്ന് അവനു ലഭിക്കുന്ന അവകാശവും ഇതാണ്.