P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 13
1 : ഞാന്‍ ഇതെല്ലാം കാണുകയുംകേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്.
2 : നിങ്ങളറിയുന്നത് ഞാനും അറിയുന്നു, ഞാന്‍ നിങ്ങളെക്കാള്‍ താഴെയല്ല.
3 : ഞാന്‍ സര്‍വശക്തനോടു സംസാരിക്കും, ദൈവവുമായി ന്യായവാദം നടത്താന്‍ ഞാന്‍ തയ്യാറാണ്.
4 : നിങ്ങളാകട്ടെ വ്യാജം കൊണ്ടു വെള്ളപൂശുന്നു; നിങ്ങള്‍ വിലയില്ലാത്ത വൈദ്യന്മാരാണ്.
5 : നിങ്ങള്‍ മൗനമവലംബിച്ചിരുന്നെങ്കില്‍ അതു നിങ്ങള്‍ക്കു ജ്ഞാനമാകുമായിരുന്നു.
6 : ഇപ്പോള്‍ എന്റെ ന്യായവാദം ശ്രവിക്കുവിന്‍ , അഭ്യര്‍ഥനകള്‍ ശ്രദ്ധിക്കുവിന്‍ .
7 : നിങ്ങള്‍ ദൈവത്തിനു വേണ്ടി നുണ പറയുമോ? അവിടുത്തേക്കു വേണ്ടി വഞ്ചന സംസാരിക്കുമോ?
8 : നിങ്ങള്‍ ദൈവത്തോടു പക്ഷപാതം കാണിക്കുമോ? അവിടുത്തേക്കു വേണ്ടി ന്യായവാദം നടത്തുമോ?
9 : അവിടുന്ന് നിങ്ങളെ പരിശോധിച്ചാല്‍ നിങ്ങളില്‍ നന്മ കണ്ടെണ്ടത്തുമോ? അല്ലെങ്കില്‍ , മനുഷ്യനെ വഞ്ചിക്കുന്നതു പോലെ അവിടുത്തെ വഞ്ചിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ?
10 : രഹസ്യമായി പക്ഷപാതം കാണിച്ചാല്‍ നിശ്ചയമായും അവിടുന്ന് നിങ്ങളെ ശകാരിക്കും.
11 : അവിടുത്തെ പ്രതാപം നിങ്ങളെ ഭയപ്പെടുത്തുകയില്ലേ? അവിടുത്തെക്കുറിച്ചുള്ള ഭീതി നിങ്ങളുടെമേല്‍ പതിക്കുകയില്ലേ?
12 : നിങ്ങളുടെ സൂക്തങ്ങള്‍ നാശത്തിന്റെ പഴമൊഴികളത്രേ. നിങ്ങളുടെ ന്യായവാദം കളിമണ്‍കട്ടപോലെ ദുര്‍ബലമാണ്.
13 : നിശ്ശബ്ദരായിരിക്കുവിന്‍, ഞാന്‍ സംസാരിക്കട്ടെ. എനിക്ക് എന്തും സംഭവിച്ചുകൊള്ളട്ടെ.
14 : ഞാന്‍ എന്റെ മാംസം ചവയ്ക്കാനും ജീവന് കൈയിലെടുക്കാനും ഒരുക്കമാണ്.
15 : പ്രത്യാശയറ്റ എന്നെ ദൈവം വധിച്ചാല്‍ത്തന്നെ എന്ത്? എങ്കിലും അവിടുത്തെ മുഖത്തുനോക്കി ഞാന്‍ വാദിക്കും.
16 : അധര്‍മി അവിടുത്തെ മുന്പില് വരുകയില്ല. ഇതായിരിക്കും എന്റെ രക്ഷ.
17 : എന്റെ വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുവിന്‍ . എന്റെ പ്രഖ്യാപനം നിങ്ങളുടെ കാതില്‍ മുഴങ്ങട്ടെ!
18 : ഞാന്‍ എന്റെ ന്യായവാദം തയ്യാറാക്കിയിട്ടുണ്ട്. ഞാന്‍ നിര്‍ദോഷനെന്നു പ്രഖ്യാപിക്കപ്പെടുമെന്ന് എനിക്കുറപ്പുണ്ട്.
19 : എന്നോടു തര്‍ക്കിക്കാന്‍ ആരുണ്ട്? എന്നെ നിശ്ശബ്ദനാക്കി വധിക്കാന്‍ ആരുണ്ട്?
20 : രണ്ടു കാര്യങ്ങള്‍ മാത്രം എനിക്കു നല്‍കുക, ഞാന്‍ അങ്ങില്‍ നിന്ന് ഒളിക്കുകയില്ല
21 : അങ്ങയുടെ കരങ്ങള്‍ എന്നില്‍ നിന്നു പിന്‍വലിക്കുക. അങ്ങയെക്കുറിച്ചുള്ള ഭീതി എന്നെപരിഭ്രാന്തനാക്കാതിരിക്കട്ടെ!
22 : എന്നിട്ടു വിളിക്കുക, ഞാന്‍ മറുപടി നല്‍കാം. അല്ലെങ്കില്‍ ഞാന്‍ സംസാരിക്കാം, അങ്ങ് ഉത്തരം പറയുക.
23 : എന്റെ പാപങ്ങളും അപരാധങ്ങളും എത്ര? എന്റെ അതിക്രമങ്ങളും പാപങ്ങളും ഏവയെന്നു പറയുക.
24 : അങ്ങ് എന്തുകൊണ്ടു മുഖം മറയ്ക്കുന്നു? എന്തുകൊണ്ടു ശത്രുവിനെപ്പോലെ എന്നെ കരുതുന്നു?
25 : കൊഴിയുന്ന ഇലയെ അങ്ങ് ഭയപ്പെടുത്തുമോ? ഉണങ്ങിയ പതിരിനെ അങ്ങ് അനുധാവനം ചെയ്യുമോ?
26 : അങ്ങ് എനിക്കെതിരായി കഠിനമായ ആരോപണങ്ങള്‍ എഴുതുന്നു. എന്റെ യൗവനത്തിലെ അകൃത്യങ്ങളുടെ ഫലം എന്നെ അനുഭവിപ്പിക്കുന്നു.
27 : അങ്ങ് എന്റെ കാലുകള്‍ ആമത്തിലിടുകയും എന്റെ വഴികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്റെ കാലടികള്‍ക്ക് അങ്ങ് പരിധി വച്ചിരിക്കുന്നു.
28 : ചീഞ്ഞഴിഞ്ഞ പദാര്‍ഥം പോലെയും ചിതല് തിന്ന വസ്ത്രം പോലെയും മനുഷ്യന് നശിച്ചുപോകുന്നു.