P. O. C ബൈബിള്‍
പഴയ നിയമം
1 മക്കബായര്‍
അദ്ധ്യായം 1
മഹാനായ അലക്സാണ്ടര്‍1 : ഫിലിപ്പിന്റെ പുത്രനും മക്കദോനിയാക്കാരനുമായ അലക്സാണ്ടര്‍ കിത്തിം ദേശത്തു നിന്നു വന്ന് പേര്‍ഷ്യാക്കാരുടെയും മെദിയാക്കാരുടെയും രാജാവായ ദാരിയൂസിനെ കീഴടക്കി, ഭരണം ഏറ്റെടുത്തു. അതിനു മുന്‍പുതന്നെ അവന് ഗ്രീസിന്റെ രാജാവായിരുന്നു.
2 : അവന് നിരവധി യുദ്ധങ്ങള്‍ ചെയ്തു; കോട്ടകള്‍ പിടിച്ചടക്കി; രാജാക്കന്മാരെ വധിച്ചു.
3 : ഭൂമിയുടെ അതിര്‍ത്തികള്‍വരെ അവന് മുന്നേറി; അസംഖ്യം രാജ്യങ്ങള്‍ കൊള്ളയടിച്ചു. ലോകം മുഴുവന്‍ തനിക്ക് അധീനമായപ്പോള്‍ അവന് അഹങ്കാരോന്‍ മത്തനായി.
4 : സുശക്തമായൊരു സൈന്യത്തെ ശേഖരിച്ച് അവന് രാജ്യങ്ങളുടെയും ജനതകളുടെയും നാടുവാഴികളുടെയും മേല്‍ ആധിപത്യം സ്ഥാപിച്ചു; അവര്‍ അവനു സാമന്തരായി.
5 : അങ്ങനെയിരിക്കേ, അവന് രോഗബാധിതനായി; മരണം ആസന്നമായെന്ന് അവന് മനസ്സിലാക്കി.
6 : ചെറുപ്പം മുതലേ തന്റെ പാര്‍ശ്വവര്‍ത്തികളായിരുന്ന സമുന്നതരായ സേനാധിപന്മാരെ വിളിച്ചുവരുത്തി അവര്‍ക്ക്, താന്‍മരിക്കുന്നതിനു മുന്‍പ് അവന് രാജ്യം വിഭജിച്ചു കൊടുത്തു.
7 : പന്ത്രണ്ടു വര്‍ഷത്തെ ഭരണത്തിനു ശേഷം അലക്സാണ്ടര്‍ മരണമടഞ്ഞു.
8 : സേനാധിപന്മാര് താന്താങ്ങളുടെ പ്രദേശങ്ങളില്‍ ഭരണം തുടങ്ങി.
9 : അലക്സാണ്ടറുടെ മരണത്തിനു ശേഷം അവര്‍ സ്വയം കിരീടം ധരിച്ചു രാജാക്കന്മാരായി. അനേക വര്‍ഷത്തേക്ക് അവരുടെ പുത്രന്മാരും ആ രീതി തുടര്‍ന്നു. അവര്‍ മൂലം ഭൂമിയില്‍ ദുരിതങ്ങള്‍ പെരുകി.
10 : അവരുടെ വംശത്തില്‍പ്പെട്ട അന്തിയോക്കസ് രാജാവിന്റെ പുത്രനായി തിന്മയുടെ വേരായ അന്തിയോക്കസ് എപ്പിഫാനസ് ജനിച്ചു. ഗ്രീക്കു സാമ്രാജ്യം സ്ഥാപിതമായതിന്റെ നൂറ്റിമുപ്പത്തേഴാം വര്‍ഷം, ഭരണമേല്‍ക്കുന്നതിനു മുന്‍പ്, അവന് റോമായില്‍ തടവിലായിരുന്നു.
11 : അക്കാലത്ത് നിയമനിഷേധകരായ ചിലര്‍ മുന്‍പോട്ടു വന്ന് ഇസ്രായേലില്‍ അനേകം പേരെ വഴിതെറ്റിക്കും വിധം പറഞ്ഞു: ചുറ്റുമുള്ള വിജാതീയരുമായി നമുക്ക് ഉടമ്പടി ചെയ്യാം. കാരണം, അവരില്‍ നിന്നു പിരിഞ്ഞതില്പ്പിന്നെ വളരെയേറെ അനര്‍ഥങ്ങള്‍ നമുക്കു ഭവിച്ചിരിക്കുന്നു.
12 : ഈ നിര്‍ദേശം അവര്‍ക്ക് ഇഷ്ടപ്പെട്ടു.
13 : കുറെ ആളുകള്‍ താത്പര്യപൂര്‍വം രാജാവിന്റെ അടുക്കലെത്തി. വിജാതീയരുടെ ആചാരങ്ങളനുഷ്ഠിക്കാന്‍ അവന് അവര്‍ക്ക് അനുവാദം നല്കി.
14 : അവര്‍ ജറുസലെമില്‍ വിജാതീയ രീതിയിലുള്ള ഒരു കായികാഭ്യാസക്കളരി സ്ഥാപിച്ചു.
15 : പരിച്ഛേദനത്തിന്റെ അടയാളങ്ങള്‍ അവര്‍ മായിച്ചുകളഞ്ഞു; വിശുദ്ധ ഉടമ്പടി പരിത്യജിച്ചു; വിജാതീയരോടു ചേര്‍ന്ന് ദുഷ്കൃത്യങ്ങളില്‍ മുഴുകുകയും ചെയ്തു.
16 : രാജ്യം തന്റെ കൈയില്‍ ഭദ്രമായി എന്നു കണ്ട്, ഈജിപ്തിന്റെ കൂടി രാജാവാകാന്‍ അന്തിയോക്കസ് തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെയും അധിപനാകാനായിരുന്നു അവന്റെ മോഹം.
17 : രഥങ്ങളും ആനകളും കുതിരപ്പട്ടാളവും വലിയൊരു കപ്പല്‍പ്പടയും അടങ്ങിയ സുശക്തമായ സൈന്യത്തോടെ അവന് ഈജിപ്തിനെ ആക്രമിച്ചു.
18 : ഈജിപ്തുരാജാവായ ടോളമിയുമായി അവന് ഏറ്റുമുട്ടി. ടോളമി പിന്തിരിഞ്ഞോടി.
19 : വളരെപ്പേര്‍ മുറിവേറ്റു വീണു. ഈജിപ്തിലെ സുരക്ഷിത നഗരങ്ങള്‍ അവന് പിടിച്ചടക്കി; ഈജിപ്തുദേശം കൊള്ളയടിച്ചു.
20 : നൂറ്റിനാല്പത്തിമൂന്നാമാണ്ടില് ഈജിപ്തു കീഴടക്കിയതിനു ശേഷം അന്തിയോക്കസ് മടങ്ങി. ഇസ്രായേലിനെതിരേ ശക്തമായൊരു സൈന്യവുമായി പുറപ്പെട്ട് അവന് ജറുസലെമില്‍ എത്തി.
21 : അവന് ഔദ്ധത്യത്തോടെ വിശുദ്ധ സ്ഥലത്തു പ്രവേശിച്ച് സുവര്‍ണ ബലിപീഠവും വിളക്കുകാലുകളും അവിടെയുണ്ടായിരുന്ന എല്ലാ ഉപകരണങ്ങളും കൈവശമാക്കി.
22 : തിരുസാന്നിധ്യയപ്പത്തിന്റെ മേശയും പാനീയബലിക്കുള്ള ചഷകങ്ങളും കോപ്പകളും സുവര്‍ണ ധൂപകലശങ്ങളും തിരശ്ശീലയും കിരീടങ്ങളും ദേവാലയ പൂമുഖത്തെ കനക വിതാനങ്ങളും എല്ലാം അവന് കൊള്ളയടിച്ചു.
23 : അവിടെയുണ്ടായിരുന്ന വെള്ളിയും സ്വര്‍ണവും വില പിടിച്ച പാത്രങ്ങളും കൈവശപ്പെടുത്തി. ഒളിച്ചുവച്ചിരുന്ന നിധികളില്‍ , കണ്ടെണ്ടത്തിയതെല്ലാം അവന് കൈക്കലാക്കി.
24 : അവയും കൊണ്ട് അവന് സ്വദേശത്തേക്കു മടങ്ങി. അവന് ഏറെ രക്തം ചൊരിഞ്ഞു. അവന്റെ സംസാരത്തില്‍ അഹങ്കാരം മുറ്റിനിന്നു.
25 : ഇസ്രായേല്‍ സമൂഹങ്ങളെല്ലാം തീവ്രദുഃഖത്തിലാണ്ടു.
26 : ഭരണാധിപന്മാരിലും പ്രമാണികളിലും നിന്നു ദീനരോദനമുയര്‍ന്നു. യുവതീയുവാക്കന്മാര് തളര്‍ന്നവശരായി. സ്ത്രീകളുടെ സൗന്ദര്യത്തിനു മങ്ങലേറ്റു.
27 : മണവാളന് വിലപിച്ചു. മണവറയില്‍ മണവാട്ടി പ്രലപിച്ചു.
28 : ദേശം പോലും അതിലെ നിവാസികളെ പ്രതി വിറപൂണ്ടു. യാക്കോബിന്റെ ഭവനം ലജ്ജാവൃതമായി.
29 : രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം രാജാവ് തന്റെ കപ്പം പിരിവുകാരില്‍ പ്രമുഖനായ ഒരുവനെ യൂദാനഗരങ്ങളിലേക്ക് അയച്ചു. വലിയൊരു സൈന്യവുമായി അവന് ജറുസലെമിലെത്തി.
30 : അവന് ചതിവായി അവരോടു സമാധാനത്തിന്റെ ഭാഷയില്‍ സംസാരിച്ചു. അവര്‍ അവനെ വിശ്വസിച്ചു. എന്നാല്‍ അവന് പെട്ടെന്നു നഗരം ആക്രമിച്ച് കനത്ത ആഘാതമേല്പിക്കുകയും അനേകം ഇസ്രായേല്‍ക്കാരെ നശിപ്പിക്കുകയും ചെയ്തു.
31 : അവന് നഗരം കൊള്ളയടിച്ചു. അതിനെ അഗ്നിക്കിരയാക്കി, അതിലെ വീടുകളും നഗരഭിത്തികളും തകര്‍ത്തു.
32 : അവര്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി; കന്നുകാലികളെ കവര്‍ച്ച ചെയ്തു.
33 : ഉറപ്പുള്ള വലിയൊരു മതിലും ബലമേറിയ ഗോപുരങ്ങളും പണിത് ദാവീദിന്റെ നഗരത്തെ അവര്‍ സുശക്തമാക്കി. അത് അവരുടെ സങ്കേതമായിത്തീര്‍ന്നു.
34 : ദുഷ്ടരും അധര്‍മികളുമായ ഒരു വിഭാഗമാളുകളെ അവര്‍ അവിടെ താമസിപ്പിച്ചു. അവര്‍ അവിടെ നിലയുറപ്പിച്ചു.
35 : അവര്‍ ആയുധങ്ങളും ഭക്ഷ്യപദാര്‍ഥങ്ങളും ജറുസലെമില്‍ നിന്നു ശേഖരിച്ച കവര്‍ച്ച വസ്തുക്കളും അവിടെ സംഭരിച്ചു. അങ്ങനെ അവര്‍ ഒരു കെണിയായി.
36 : അത് വിശുദ്ധ സ്ഥലത്തെ ആക്രമിക്കാനുള്ള ഒളിസ്ഥലമായി മാറി, ഇസ്രായേലിനെ നിരന്തരമലട്ടുന്ന ദുഷ്ടപ്രതിയോഗിയും.
37 : വിശുദ്ധസ്ഥലത്തിനു ചുറ്റും അവര്‍ നിഷ്കളങ്ക രക്തം ചിന്തി. വിശുദ്ധസ്ഥലം അശുദ്ധമാക്കുകപോലും ചെയ്തു.
38 : ജറുസലെം നിവാസികള്‍ അവരെ ഭയന്ന് ഓടിപ്പോയി. അവള് വിദേശീയരുടെ വാസസ്ഥലമായി പരിണമിച്ചു. സ്വസന്താനങ്ങള്ക്ക് അവള് അന്യയായി. സ്വന്തം മക്കള്‍ അവളെ ഉപേക്ഷിച്ചു.
39 : അവളുടെ വിശുദ്ധസ്ഥലം മരുഭൂമിക്കു തുല്യം വിജനമായി; തിരുനാളുകള്‍ വിലാപദിനങ്ങളായി മാറി; സാബത്തുകള്‍ പരിഹാസവിഷയമായി; അവളുടെ കീര്‍ത്തി അപമാനിക്കപ്പെട്ടു.
40 : അപകീര്‍ത്തി മുന്‍മഹത്വത്തിനൊപ്പം അവളെ ചുറ്റിനിന്നു. അവളുടെ ഔന്നത്യം വിലാപത്തിനു വഴിമാറി.
41 : സ്വന്തം ആചാരങ്ങള്‍ ഉപേക്ഷിച്ച്
42 : എല്ലാവരും ഒരു ജനതയായിത്തീരണമെന്ന് രാജാവ് രാജ്യത്തെങ്ങും കല്പന വിളംബരം ചെയ്തു.
43 : വിജാതീയരെല്ലാം രാജകല്പന സ്വാഗതം ചെയ്തു. ഇസ്രായേലില്‍ നിന്നു പോലും വളരെപ്പേര്‍ അവന്റെ ഇംഗിതം സസന്തോഷം സ്വീകരിച്ചു. അവര്‍ വിഗ്രഹങ്ങള്‍ക്കു ബലിസമര്‍പ്പിക്കുകയും സാബത്ത് അശുദ്ധമാക്കുകയും ചെയ്തു.
44 : രാജാവ് ജറുസലെമിലേക്കും യൂദാനഗരങ്ങളിലേക്കും ദൂതന്മാര്വശം കത്തുകളയച്ചു. സ്വന്തം നാടിന് അന്യമായ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ അവന് ആജ്ഞാപിച്ചു.
45 : വിശുദ്ധസ്ഥലത്ത് ദഹനബലികളും
46 : പാനീയബലികളും ഇതര ബലികളും അവന് നിരോധിച്ചു.
47 : സാബത്തുകളും തിരുനാളുകളും അശുദ്ധമാക്കണമെന്നും, വിശുദ്ധസ്ഥലത്തെയും പുരോഹിതന്മാരെയും കളങ്കപ്പെടുത്തണമെന്നും വിഗ്രഹങ്ങള്‍ക്കു ബലിപീഠങ്ങളും ക്ഷേത്രങ്ങളും കാവുകളും നിര്‍മിക്കണമെന്നും പന്നികളെയും അശുദ്ധമൃഗങ്ങളെയും ബലിയര്‍പ്പിക്കണമെന്നും അവന് കല്പിച്ചു. പരിച്ഛേദനം നിരോധിച്ചു.
48 : അവര്‍ നിയമം വിസ്മരിക്കുകയും
49 : ചട്ടങ്ങള്‍ വികലമാക്കുകയും ചെയ്യേണ്ടതിന് അവിശുദ്ധവും മലിനവുമായ എല്ലാവിധ പ്രവൃത്തികളിലും ഏര്‍പ്പെട്ട് തങ്ങളെത്തന്നെ നികൃഷ്ടരാക്കണമെന്നും അവന് നിര്‍ദേശിച്ചു.
50 : രാജകല്പന അനുസരിക്കാത്ത ഏവനും മരിക്കണം.
51 : ഇങ്ങനെ അവന് രാജ്യത്തെങ്ങും വിജ്ഞാപനം ചെയ്തു. എല്ലാ ജനങ്ങളുടെയും മേല്‍ പരിശോധകരെ നിയമിച്ചു. യൂദായിലെ നഗരങ്ങള്‍ തവണവച്ച് ബലിയര്‍പ്പിക്കണമെന്നു കല്പിക്കുകയും ചെയ്തു.
52 : നിയമം ഉപേക്ഷിച്ച വളരെപ്പേര്‍ അവരോടു ചേര്‍ന്ന് നാട്ടിലെങ്ങും തിന്മ പ്രവര്‍ത്തിച്ചു.
53 : ഇസ്രായേല്‍ക്കാര്‍ അഭയസ്ഥാനങ്ങളില്‍ ഒളിക്കുന്നതിന് ഇത് ഇടയാക്കി.
54 : നൂറ്റിനാല്പത്തഞ്ചാം വര്‍ഷത്തില്‍ കിസ്ലേവ് മാസം പതിനഞ്ചാം ദിവസം ദഹന ബലിപീഠത്തിന്മേല് അവര്‍ വിനാശത്തിന്റെ മ്ലേച്ഛവസ്തു പ്രതിഷ്ഠിച്ചു. ചുറ്റുമുള്ള യൂദാനഗരങ്ങളിലും അവര്‍ ബലിപീഠങ്ങള്‍ നിര്‍മിച്ചു.
55 : വീടുകളുടെ വാതിലുകളിലും തെരുവീഥികളിലും അവര്‍ ധൂപമര്‍പ്പിച്ചു.
56 : കിട്ടിയ നിയമഗ്രന്ഥങ്ങള്‍ കീറി തീയിലിട്ടു.
57 : ഉടമ്പടിഗ്രന്ഥം കൈവശം വയ്ക്കുകയോ നിയമത്തോടു കൂറുപുലര്‍ത്തുകയോ ചെയ്യുന്നവന് രാജശാസന പ്രകാരം മരണത്തിന് അര്‍ഹനായിരുന്നു.
58 : നഗരങ്ങളില്‍ ഇങ്ങനെ പിടിക്കപ്പെട്ട ഇസ്രായേല്‍ക്കാരുടെമേല്‍ അവര്‍ മാസം തോറും ശിക്ഷാവിധി നടപ്പാക്കിയിരുന്നു.
59 : ദഹനബലിപീഠത്തിനു മുകളില്‍ സ്ഥാപിച്ച പീഠത്തില്‍ മാസത്തിന്റെ ഇരുപത്തഞ്ചാം ദിവസം അവര്‍ ബലിയര്‍പ്പിച്ചു.
60 : പുത്രന്മാരെ പരിച്ഛേദനം ചെയ്യിച്ച സ്ത്രീകളെ രാജകല്പന പ്രകാരം അവര്‍ വധിച്ചു.
61 : അവരുടെ കുടുംബാംഗങ്ങളും പരിച്ഛേദനം ചെയ്തവരും വധിക്കപ്പെട്ടു. ശിശുക്കളെ തള്ളമാരുടെ കഴുത്തില്‍ തൂക്കിക്കൊന്നു.
62 : എങ്കിലും ഇസ്രായേലില്‍ വളരെപ്പേര്‍ അചഞ്ചലരായി നിന്നു. അശുദ്ധഭക്ഷണം കഴിക്കുകയില്ലെന്ന് അവര്‍ ദൃഢനിശ്ചയം ചെയ്തു.
63 : ഭക്ഷണത്താല്‍ മലിനരാകുകയോ വിശുദ്ധ ഉടമ്പടി അശുദ്ധമാക്കുകയോ ചെയ്യുന്നതിനേക്കാള്‍ മരിക്കാന്‍ അവര്‍ സന്നദ്ധരായി. അവര്‍ മരണം വരിക്കുകയും ചെയ്തു.