P. O. C ബൈബിള്‍
പുതിയ നിയമം
മര്‍ക്കോസ്
അദ്ധ്യായം 13
-
ദേവാലയത്തിന്റെ നാശത്തെക്കുറിച്ചു പ്രവചനം (മത്തായി 24: 124 : 2 ) (ലൂക്കാ 21 : 521 : 6 )
- Verse 1: യേശു ദേവാലയത്തില്‍നിന്നു പുറത്തുവന്നപ്പോള്‍, ശിഷ്യന്മാരില് ഒരുവന് പറഞ്ഞു: ഗുരോ, നോക്കൂ, എത്ര വലിയ കല്ലുകള്‍! എത്ര വിസ്മയകരമായ സൗധങ്ങള്‍!
- Verse 2: അവന് പറഞ്ഞു: ഈ മഹാസൗധങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ ഇവയെല്ലാം കല്ലിന്മേല് കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും.
-
വേദനകളുടെ ആരംഭം (മത്തായി 24: 324 : 14 ) (ലൂക്കാ 21 : 721 : 19 )
- Verse 3: അനന്തരം, അവന് ഒലിവുമലയില്‍ ദേവാലയത്തിനഭിമുഖമായി ഇരിക്കുമ്പോള്‍, പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും അവനോടു സ്വകാര്യമായി ചോദിച്ചു:
- Verse 4: ഇത് എന്നു സംഭവിക്കുമെന്നും ഇവയെല്ലാം പൂര്‍ത്തിയാകാന്‍ തുടങ്ങുമ്പോള്‍ അടയാളം എന്തായിരിക്കുമെന്നും ഞങ്ങളോടു പറയുക.
- Verse 5: യേശു അവരോടു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.
- Verse 6: ഞാനാണ് എന്നു പറഞ്ഞ് പലരും എന്റെ നാമത്തില്‍ വരും. അവര്‍ അനേകരെ വഴിതെറ്റിക്കും.
- Verse 7: നിങ്ങള്‍യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും. അവയെപ്പറ്റി കിംവദന്തികളും. അപ്പോള്‍ നിങ്ങള്‍ അസ്വസ്ഥരാകരുത്. ഇ തെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, അപ്പോഴും അവസാനമായിട്ടില്ല.
- Verse 8: ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തലയുയര്‍ത്തും. പല സ്ഥലങ്ങളില്‍ ഭൂകമ്പങ്ങളും ക്ഷാമങ്ങളും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രം. നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍.
- Verse 9: അവര്‍ നിങ്ങളെന്യായാധിപസംഘങ്ങള്‍ക്ക് ഏല്പിച്ചുകൊടുക്കും; സിനഗോഗുകളില്‍വച്ചു നിങ്ങളെ പ്രഹരിക്കും. ദേശാധിപതികളുടെയും രാജാക്കന്മാരുടെയും മുമ്പാകെ എനിക്കു സാക്ഷ്യം നല്കാന് നിങ്ങള്‍ നില്ക്കും.
- Verse 10: എന്നാല്‍, ആദ്യം എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നു.
- Verse 11: അവര്‍ നിങ്ങളെ ഏല്പിച്ചുകൊടുക്കാന് കൊണ്ടുപോകുമ്പോള്‍ എന്തു പറയണം എന്നു വിചാരിച്ച് ഉത്കണ്ഠാകുലരാകേണ്ടാ. ആ സമയത്തു നിങ്ങള്‍ക്കു ലഭിക്കുന്നതെന്തോ അതു സംസാരിക്കുവിന്‍. നിങ്ങളല്ല, പരിശുദ്ധാത്മാവായിരിക്കും സംസാരിക്കുക.
- Verse 12: സഹോദരന് സഹോദരനെയും പിതാവു പുത്രനെയും മര ണത്തിന് ഏല്പിച്ചുകൊടുക്കും. മക്കള്‍ മാതാപിതാക്കന്മാരെ ഏതിര്‍ക്കുകയും അവരെ വധിക്കുകയും ചെയ്യും.
- Verse 13: എന്റെ നാമത്തെപ്രതി നിങ്ങളെ എല്ലാവരും ദ്വേഷിക്കും. അവസാനംവരെ സഹിച്ചുനില്ക്കുന്നവന് രക്ഷപ്രാപിക്കും.
-
ഭീകര ദുരിതങ്ങളുടെ കാലം (മത്തായി 24: 1524 : 28 ) (ലൂക്കാ 21 : 2021 : 24 )
- Verse 14: വിനാശത്തിന്റെ അശുദ്ധലക്ഷണം നില്ക്കരുതാത്തിടത്തു നില്ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ - വായിക്കുന്നവന് ഗ്ര ഹിച്ചുകൊള്ളട്ടെ -യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ.
- Verse 15: പുരമുകളിലായിരിക്കുന്നവന്‍ താഴെ ഇറങ്ങുകയോ വീട്ടില്‍നിന്ന് എന്തെങ്കിലും എടുക്കാന്‍ അകത്തു പ്രവേശിക്കുകയോ അരുത്.
- Verse 16: വയലിലായിരിക്കുന്നവന്‍ മേലങ്കി എടുക്കാന്‍ പിന്തിരിയരുത്.
- Verse 17: ആദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം.
- Verse 18: ഇതു ശീതകാലത്തു സംഭവിക്കാതിരിക്കാന്‍ പ്രാര്‍ഥിക്കുവിന്‍.
- Verse 19: ദൈവത്തിന്റെ സൃഷ്ടികര്‍മത്തിന്റെ ആരംഭം മുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാത്തതുമായ കഷ്ടതകള്‍ ആദിവസങ്ങളില്‍ ഉണ്ടാകും.
- Verse 20: കര്‍ത്താവ് ആദിവസങ്ങള്‍ ചുരുക്കിയില്ലായിരുന്നെങ്കില്‍ ഒരുവനും രക്ഷപെടുകയില്ലായിരുന്നു. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുവേണ്ടി അവിടുന്ന് ആദിവസങ്ങള്‍ ചുരുക്കി.
- Verse 21: ഇതാ, ക്രിസ്തു ഇവിടെ; അതാ, അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍, നിങ്ങള്‍ വിശ്വസിക്കരുത്.
- Verse 22: കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെങ്കില്‍, തെരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിന് അടയാളങ്ങളും അദ്ഭുതങ്ങളും അവര്‍ പ്രവര്‍ത്തിക്കും.
- Verse 23: നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. എല്ലാം ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
-
മനുഷ്യപുത്രന്റെ ആഗമനം(മത്തായി 24: 2924 : 35 ) (ലൂക്കാ 21 : 2521 : 33 )
- Verse 24: ആ പീഡനങ്ങള്ക്കുശേഷമുള്ള ദിവസങ്ങളില്‍ സൂര്യന് ഇരുണ്ടുപോകും. ചന്ദ്രന് പ്രകാശം തരുകയില്ല.
- Verse 25: നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു നിപതിക്കും. ആകാശശക്തികള്‍ ഇളകുകയും ചെയ്യും.
- Verse 26: അപ്പോള്‍ മനുഷ്യപുത്രന് വലിയ ശക്തിയോടും മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും.
- Verse 27: അപ്പോള്‍, അവന് ദൂതന്മാരെ അയയ്ക്കും. അവര്‍ ഭൂമിയുടെ അതിര്‍ത്തികള്‍ മുതല്‍ ആകാശത്തിന്റെ അതിര്‍ത്തികള്‍ വരെ നാലു ദിക്കുകളിലുംനിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.
- Verse 28: അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതായി തളിര്‍ക്കുമ്പോള്‍വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാം.
- Verse 29: അതുപോലെതന്നെ, ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ അവന് സമീപത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നുവെന്ന് ഗ്രഹിച്ചുകൊള്ളുക.
- Verse 30: ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
- Verse 31: ആകാശ വും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.
-
സദാ ജാഗരൂകരായിരിക്കുവിന്‍ (മത്തായി 24: 3624 : 44 )
- Verse 32: എന്നാല്‍, ആദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലുള്ള ദൂതന്മാര്ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.
- Verse 33: ശ്രദ്ധാപൂര്‍വം ഉണര്‍ന്നിരിക്കുവിന്‍. സമയം എപ്പോഴാണെന്നു നിങ്ങള്‍ക്കറിവില്ലല്ലോ.
- Verse 34: വീടുവിട്ടു ദൂരേക്കു പോകുന്ന ഒരുവന് സേവകര്‍ക്ക് അവരവരുടെ ചുമതലയും കാവല്ക്കാരന് ഉണര്‍ന്നിരിക്കാനുള്ള കല്പനയും നല്കുന്നതുപോലെയാണ് ഇത്.
- Verse 35: ആകയാല്‍, ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍, ഗൃഹനാഥന് എപ്പോള്‍ വരുമെന്ന്, സന്ധ്യയ്ക്കോ അര്‍ധരാത്രിക്കോ കോഴി കൂവുമ്പോഴോ രാവിലെയോ എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ.
- Verse 36: അവന് പെട്ടെന്നു കയറിവരുമ്പോള്‍ നിങ്ങളെ നിദ്രാധീനരായിക്കാണരുതല്ലോ.
- Verse 37: ഞാന്‍ നിങ്ങളോടു പറയുന്നത് എല്ലാവരോടുമായിട്ടാണ് പറയുന്നത്; ജാഗരൂകരായിരിക്കുവിന്‍.