पवित्र बाइबिल
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 35
-
കര്‍ത്താവേ, നീതി നടത്തിത്തരണമേ!
- Verse 1: കര്‍ത്താവേ, എന്നില്‍ കുറ്റമാരോപിക്കുന്നവനില്‍ അങ്ങു കുറ്റം ആരോപിക്കണമേ! എന്നോടു പൊരുതുന്നവനോട് അങ്ങു പൊരുതണമേ!
- Verse 2: കവചവും പരിചയും ധരിച്ച് എന്റെ സഹായത്തിനു വരണമേ;
- Verse 3: എന്നെ പിന്തുടരുന്നവരെ കുന്തമെടുത്തു തടയണമേ! ഞാനാണു നിന്റെ രക്ഷയെന്ന് എന്റെ പ്രാണനോട് അരുളിച്ചെയ്യണമേ!
- Verse 4: എന്റെ ജീവന് വേട്ടയാടുന്നവരെ ലജ്ജിതരും അപമാനിതരും ആക്കണമേ! എനിക്കെതിരേ അനര്‍ഥം നിരൂപിക്കുന്നവര്‍ ഭ്രമിച്ചു പിന്തിരിയട്ടെ!
- Verse 5: അവരെ കര്‍ത്താവിന്റെ ദൂതന് ആട്ടിപ്പായിക്കട്ടെ! അവര്‍ കാറ്റില്‍പ്പെട്ട പതിരുപോലെയാകട്ടെ!
- Verse 6: കര്‍ത്താവിന്റെ ദൂതന് അവരെ അനുധാവനം ചെയ്യട്ടെ! അവരുടെ വഴി അന്ധകാരപൂര്‍ണവും തെന്നിവീഴുന്നതുമാകട്ടെ!
- Verse 7: അകാരണമായി അവര്‍ എനിക്കു വലവിരിച്ചു; കാരണം കൂടാതെ അവര്‍ എന്നെ വീഴ്ത്താന്‍ കുഴികുഴിച്ചു.
- Verse 8: അപ്രതീക്ഷിതമായി നാശം അവരുടെമേല്‍ പതിക്കട്ടെ! തങ്ങള്‍ വിരിച്ചവലയില്‍ അവര്‍ തന്നെ കുടുങ്ങട്ടെ; അവര്‍ അതില്‍ വീണു നശിക്കട്ടെ.
- Verse 9: അപ്പോള്‍ ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും; അവിടുത്തെ രക്ഷയില്‍ ആനന്ദിച്ച് ഉല്ലസിക്കും.
- Verse 10: കര്‍ത്താവേ, എന്റെ അസ്ഥികള്‍ പ്രഘോഷിക്കും: അങ്ങേക്കു തുല്യനായി ആരുണ്ട്? ബലഹീനനെ ശക്തരില്‍ നിന്നും ദുര്‍ബലനും ദരിദ്രനുമായവനെ കവര്‍ച്ചക്കാരില്‍ നിന്നും അങ്ങു രക്ഷിക്കുന്നു.
- Verse 11: നീചസാക്ഷികള്‍ എഴുന്നേല്ക്കുന്നു, ഞാന്‍ അറിയാത്ത കാര്യങ്ങള്‍ അവര്‍ എന്നോടു ചോദിക്കുന്നു.
- Verse 12: നന്മയ്ക്കു പ്രതിഫലമായി അവര്‍ എനിക്കു തിന്മ തരുന്നു; ഞാന്‍ നിസ്സഹായനായിരിക്കുന്നു.
- Verse 13: എന്നാല്‍ , അവര്‍ രോഗികളായിരുന്നപ്പോള്‍ ഞാന്‍ ചാക്കുടുത്ത് ഉപവസിച്ച് ആത്മപീഡനമേറ്റു; ശിരസ്സു നമിച്ചു ഞാന്‍ പ്രാര്‍ഥിച്ചു.
- Verse 14: സുഹൃത്തിനെയോ സഹോദരനെയോ ഓര്‍ത്തുദുഃഖിക്കുന്നവനെപ്പോലെ ഞാന്‍ പ്രാര്‍ഥിച്ചു; അമ്മയെ ഓര്‍ത്തു വിലപിക്കുന്നവനെപ്പോലെ, കരഞ്ഞുകൊണ്ടു തലകുനിച്ചു നടന്നു.
- Verse 15: എന്നാല്‍ , അവര്‍ എന്റെ വീഴ്ചയില്‍ കൂട്ടംകൂടി ആഹ്ളാദിച്ചു; ഞാനറിയാത്ത മുടന്തന്മാര് നിര്‍ത്താതെ എന്നെ പരിഹസിച്ചു.
- Verse 16: അവര്‍ എന്നെ ക്രൂരമായി പരിഹസിച്ചു; എന്റെ നേരേ പല്ലിറുമ്മി.
- Verse 17: കര്‍ത്താവേ, അങ്ങ് എത്രനാള്‍ ഇതു നോക്കിനില്ക്കും? അവരുടെ ആക്രമണങ്ങളില്‍ നിന്ന് എന്നെ രക്ഷിക്കണമേ! ഈ സിംഹങ്ങളില്‍ നിന്ന് എന്റെ ജീവനെ രക്ഷിക്കണമേ!
- Verse 18: അപ്പോള്‍ , ഞാന്‍ മഹാസഭയില്‍ അങ്ങേക്കു നന്ദി പ്രകാശിപ്പിക്കും; ജനസമൂഹത്തില്‍ ഞാനങ്ങയെ സ്തുതിക്കും.
- Verse 19: വഞ്ചകരായ എന്റെ ശത്രുക്കള്‍ എന്നെ നോക്കി സന്തോഷിക്കാന്‍ ഇടയാക്കരുതേ! അകാരണമായി എന്നെ വെറുക്കുന്നവര്‍ കണ്ണിറുക്കാന്‍ ഇടയാക്കരുതേ!
- Verse 20: അവര്‍ സമാധാനത്തെപ്പറ്റി സംസാരിക്കുന്നില്ല; ശാന്തമായി താമസിക്കുന്നവര്‍ക്കെതിരേ വഞ്ചന നിരൂപിക്കുന്നു.
- Verse 21: അവര്‍ എന്റെ നേരേ വായ് പിളര്‍ന്നിരിക്കുന്നു; ഹായ്! ഞങ്ങള്‍ അതു നേരില്‍കണ്ടു എന്ന് അവര്‍ പറയുന്നു.
- Verse 22: കര്‍ത്താവേ, അവിടുന്നു കണ്ടിട്ടുണ്ടല്ലോ, അവിടുന്നു മൗനമായിരിക്കരുതേ! കര്‍ത്താവേ, എന്നില്‍നിന്നകന്നിരിക്കരുതേ!
- Verse 23: എന്റെ ദൈവമായ കര്‍ത്താവേ, എനിക്കു നീതിനടത്തിത്തരാന്‍ ഉണര്ന്നെഴുന്നേല്ക്കണമേ!
- Verse 24: എന്റെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ നീതിക്കൊത്ത് എനിക്കു നീതിനടത്തിത്തരണമേ! അവര്‍ എന്റെ മേല്‍ വിജയം ആഘോഷിക്കാന്‍ ഇടയാക്കരുതേ!
- Verse 25: ഞങ്ങളുടെ ആഗ്രഹം സാധിച്ചുവെന്ന് അവര്‍ പറയാതിരിക്കട്ടെ! ഞങ്ങള്‍ അവനെ വിഴുങ്ങിയെന്ന് അവര്‍ വീമ്പിളക്കാതിരിക്കട്ടെ!
- Verse 26: എന്റെ അനര്‍ഥത്തില്‍ ആഹ്ളാദിക്കുന്നവര് ലജ്ജിച്ചു സംഭ്രമിക്കട്ടെ! എനിക്കെതിരേ അഹങ്കരിക്കുന്നവരെ ലജ്ജയും അപമാനവും പൊതിയട്ടെ!
- Verse 27: എന്റെ നീതി സ്ഥാപിച്ചുകിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ആനന്ദിച്ച് ആര്‍പ്പിടട്ടെ! തന്റെ ദാസന്റെ ശ്രേയസ്സില്‍ സന്തോഷിക്കുന്ന കര്‍ത്താവു വലിയവനാണ്, എന്ന് അവര്‍ എന്നും പറയുമാറാകട്ടെ!
- Verse 28: അപ്പോള്‍ , എന്റെ നാവ് അങ്ങയുടെ നീതിയും സ്തുതിയും രാപകല്‍ ഘോഷിക്കും.