ಕನ್ನಡ ಸತ್ಯವೇದವು
പുതിയ നിയമം
മര്‍ക്കോസ്
അദ്ധ്യായം 15
-
വിചാരണയും വിധിയും (മത്തായി 27: 127 : 26 ) (ലൂക്കാ 23 : 123 : 25 ) (യോഹന്നാന് 18 : 2818 : 28 ) (യോഹന്നാന് 19 : 1619 : 16 )
- Verse 1: അതിരാവിലെതന്നെ, പുരോഹിതപ്രമുഖന്മാര് ജനപ്രമാണികളോടും നിയമജ്ഞരോടുംന്യായാധിപസംഘം മുഴുവനോടും ചേര്‍ന്ന് ആലോചന നടത്തി. അവര്‍ യേശുവിനെ ബന്ധിച്ചു കൊണ്ടുപോയി പീലാത്തോസിനെ ഏല്പിച്ചു.
- Verse 2: പീലാത്തോസ് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ? അവന് മറുപടി പറഞ്ഞു: നീതന്നെ പറയുന്നു.
- Verse 3: പുരോഹിതപ്രമുഖന്മാര് അവനില്‍ പല കുറ്റങ്ങളും ആരോപിച്ചു.
- Verse 4: പീലാത്തോസ് വീണ്ടും ചോദിച്ചു: നിനക്കു മറുപടിയൊന്നും പറയാനില്ലേ? നോക്കൂ! എത്ര കുറ്റങ്ങളാണ് അവര്‍ നിന്റെ മേല്‍ ആരോപിക്കുന്നത്!
- Verse 5: എന്നാല്‍, യേശു മറുപടി ഒന്നും പറഞ്ഞില്ല. തന്മൂലം പീലാത്തോസ് വിസ്മയിച്ചു.
- Verse 6: ജനം ആവശ്യപ്പെടുന്ന ഒരു തടവുകാരനെ അവന് തിരുനാളില്‍ മോചിപ്പിക്കുക പതിവായിരുന്നു.
- Verse 7: വിപ്ലവത്തിനിടയില്‍ കൊലപാതകം നടത്തിയ ബറാബ്ബാസ് എന്നൊരുവന്‍ വിപ്ലവകാരികളോടൊപ്പം തടങ്കലില്‍ ഉണ്ടായിരുന്നു.
- Verse 8: ജനക്കൂട്ടം പീലാത്തോസിന്റെ അടുത്തു ചെന്ന് പതിവുള്ള ആനുകൂല്യത്തിന് അപേക്ഷിച്ചു.
- Verse 9: അവന് പറഞ്ഞു: യഹൂദരുടെ രാജാവിനെ ഞാന്‍ മോചിപ്പിച്ചുതരണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?
- Verse 10: എന്തെന്നാല്‍, അസൂയ നിമിത്തമാണു പുരോഹിതപ്രമുഖന്മാര് അവനെ ഏല്പിച്ചുതന്നതെന്ന് അവന് അറിയാമായിരുന്നു.
- Verse 11: എന്നാല്‍, ബറാബ്ബാസിനെയാണു വിട്ടുതരേണ്ടതെന്ന് ആവശ്യപ്പെടാന്‍ പുരോഹിതപ്രമുഖന്മാര് ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു.
- Verse 12: പീലാത്തോസ് വീണ്ടും അവരോടു ചോദിച്ചു: യഹൂദരുടെ രാജാവെന്നു നിങ്ങള്‍ വിളിക്കുന്നവനെ ഞാന്‍ എന്തു ചെയ്യണം?
- Verse 13: അവര്‍ വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക!
- Verse 14: പീലാത്തോസ് ചോദിച്ചു: അവന് എന്തു തിന്മ പ്രവര്‍ത്തി ച്ചു? അവര്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക!
- Verse 15: അ പ്പോള്‍, പീലാത്തോസ് ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍ തീരുമാനിച്ചുകൊണ്ട്, ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചതിനുശേഷം ക്രൂശിക്കാന്‍ ഏല്പിച്ചുകൊടുക്കുകയും ചെയ്തു.
-
പടയാളികളുടെ പരിഹാസം (മത്തായി 27: 2727 : 31 ) (യോഹന്നാന് 19 : 219 : 3 )
- Verse 16: അനന്തരം, പടയാളികള്‍ യേശുവിനെ കൊട്ടാരത്തിനുള്ളില്‍ പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അവര്‍ സൈന്യവിഭാഗത്തെ മുഴുവന്‍ അണിനിരത്തി.
- Verse 17: അവര്‍ അവനെ ചെമപ്പുവസ്ത്രം ധരിപ്പിക്കുകയും ഒരു മുള്‍ക്കിരീടം മെടഞ്ഞ് അണിയിക്കുകയും ചെയ്തു.
- Verse 18: യഹൂദരുടെ രാജാവേ, സ്വസ്തി! എന്ന് അവര്‍ അവനെ അഭിവാദനം ചെയ്യാന്‍ തുടങ്ങി.
- Verse 19: പിന്നീട് ഞാങ്ങണകൊണ്ട് അവന്റെ ശിരസ്സില്‍ അടിക്കുകയും അവന്റെ മേല്‍ തുപ്പുകയും മുട്ടുകുത്തി അവനെ പ്രണമിക്കുകയും ചെയ്തു.
- Verse 20: അവനെ പരിഹസിച്ചശേഷം ചെമപ്പുവസ്ത്രം അഴിച്ചുമാറ്റി. അവന്റെ വ സ്ത്രം വീണ്ടും ധരിപ്പിച്ചു. പിന്നീട് അവര്‍ അവനെ കുരിശില്‍ തറയ്ക്കാന് കൊണ്ടുപോയി.
-
കുരിശില്‍ തറയ്ക്കുന്നു (മത്തായി 27: 3227 : 44 ) (ലൂക്കാ 23 : 2623 : 43 ) (യോഹന്നാന് 19 : 1719 : 27 )
- Verse 21: അലക്സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായ കിറേനാക്കാരന്‍ ശിമയോന് നാട്ടിന്പുറത്തുനിന്നു വന്ന്, അതിലേ കടന്നുപോവുകയായിരുന്നു. യേശുവിന്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു.
- Verse 22: തലയോടിടം എന്നര്‍ഥമുള്ള ഗോല്ഗോഥായില് അവര്‍ അവനെ കൊണ്ടുവന്നു.
- Verse 23: മീറ കലര്‍ത്തിയ വീഞ്ഞ് അവര്‍ അവനു കൊടുത്തു. അവന് അതു കുടിച്ചില്ല.
- Verse 24: പിന്നീട്, അവര്‍ അവനെ കുരിശില്‍ തറച്ചു. അതിനുശേഷം അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ച് ഓരോരുത്തരും എടുക്കേണ്ട വീതത്തിനു കുറിയിട്ടു.
- Verse 25: അവര്‍ അവനെ കുരിശില്‍ തറച്ചപ്പോള്‍ മൂന്നാം മണിക്കൂറായിരുന്നു.
- Verse 26: യഹൂദരുടെ രാജാവ് എന്ന് അവന്റെ പേരില്‍ ഒരു കുറ്റപത്രവും എഴുതിവച്ചിരുന്നു.
- Verse 27: അവനോടുകൂടെ രണ്ടു കവര്‍ച്ചക്കാരെയും അവര്‍ കുരിശില്‍ തറച്ചു.
- Verse 28: ഒരുവനെ അവന്റെ വലത്തുവശത്തും അപരനെ ഇടത്തുവശത്തും.
- Verse 29: അതിലെ കടന്നുപോയവര്‍ തല കുലുക്കികൊണ്ട് അവനെ ദുഷിച്ചുപറഞ്ഞു: ദേവാലയം നശിപ്പിച്ച്, മൂന്നു ദിവസംകൊണ്ടു വീണ്ടും പണിയുന്നവനേ,
- Verse 30: നിന്നെത്തന്നെ രക്ഷിക്കുക; കുരിശില്‍നിന്ന് ഇറങ്ങിവരുക.
- Verse 31: അതുപോലെതന്നെ, പുരോഹിതപ്രമുഖന്മാരും നിയമജ്ഞരും പരിഹാസപൂര്‍വം പരസ്പരം പറഞ്ഞു. ഇവന്‍മറ്റുള്ളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല.
- Verse 32: ഞങ്ങള്‍ കണ്ടു വിശ്വസിക്കുന്നതിനുവേണ്ടി ഇസ്രായേലിന്റെ രാജാവായ ക്രിസ്തു ഇപ്പോള്‍ കുരിശില്‍നിന്ന് ഇറങ്ങിവരട്ടെ. അവനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു.
-
യേശുവിന്റെ മരണം (മത്തായി 27: 4527 : 56 ) (ലൂക്കാ 23 : 4423 : 49 ) (യോഹന്നാന് 19 : 2819 : 30 )
- Verse 33: ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു.
- Verse 34: ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?
- Verse 35: അടുത്തു നിന്നിരുന്ന ചിലര്‍ അതുകേട്ടു പറഞ്ഞു: ഇതാ, അവന് ഏലിയായെ വിളിക്കുന്നു.
- Verse 36: ഒരുവന് ഓടിവന്ന്, നീര്‍പ്പഞ്ഞി വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി, അവനു കുടിക്കാന്‍ കൊടുത്തുകൊണ്ടു പറഞ്ഞു: ആകട്ടെ, അവനെ താഴെ ഇറക്കാന്‍ ഏലിയാ വരുമോ എന്ന് നമുക്കു കാണാം.
- Verse 37: യേശു ഉച്ചത്തില്‍ നിലവിളിച്ച് ജീവന് വെടിഞ്ഞു.
- Verse 38: അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകളില്‍നിന്ന് താഴെവരെ രണ്ടായി കീറി.
- Verse 39: അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപന്, അവന് ഇപ്രകാരം മരിച്ചതു കണ്ടുപറഞ്ഞു: സത്യമായും ഈ മനുഷ്യന് ദൈവപുത്രനായിരുന്നു.
- Verse 40: ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ കുറെ സ്ത്രീകളും നിന്നിരുന്നു. മഗ്ദലേന മറിയ വും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
- Verse 41: യേശു ഗലീലിയിലായിരുന്നപ്പോള്‍ അവനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത വരാണ് ഇവര്‍. കൂടാതെ, അവനോടുകൂടെ ജറുസലേമിലേക്കു വന്ന മറ്റനവധി സ്ത്രീകളും അവിടെ ഉണ്ടായിരുന്നു.
-
യേശുവിനെ സംസ്കരിക്കുന്നു (മത്തായി 27: 5727 : 61 ) (ലൂക്കാ 23 : 5023 : 56 ) (യോഹന്നാന് 19 : 3819 : 42 )
- Verse 42: അന്ന് സാബത്തിനു തൊട്ടുമുമ്പുള്ള ഒരുക്ക ദിവസമായിരുന്നു.
- Verse 43: അതിനാല്‍, വൈകുന്നേരമായപ്പോള്‍ അരിമത്തെയാക്കാരനായജോസഫ് ധൈര്യപൂര്‍വം പീലാത്തോസിനെ സമീപിച്ചു. അവന് ആലോചനാസംഘത്തിലെ ബഹുമാന്യനായ ഒരംഗ വും ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. അവന് പീലാത്തോസിന്റെ അടു ത്തെത്തി യേശുവിന്റെ ശരീരം ചോദിച്ചു.
- Verse 44: അവന് മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തോസ് വിസ്മയിച്ചു. അവന് ശതാധിപനെ വിളിച്ച്, അവന് ഇതിനകം മരിച്ചുകഴിഞ്ഞോ എന്ന് അന്വേഷിച്ചു.
- Verse 45: ശതാധിപ നില്‍നിന്നു വിവരമറിഞ്ഞതിനുശേഷം അവന് മൃതദേഹം ജോസഫിനു വിട്ടുകൊടുത്തു.
- Verse 46: ജോസഫ് ഒരു തുണി വാങ്ങി അവനെ താഴെയിറക്കി, അതില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയൊരുക്കിയ കല്ലറയില്‍ അവനെ സംസ്കരിക്കുകയും കല്ലറയുടെ വാതില്ക്കല് ഒരു കല്ല് ഉരുട്ടിവയ്ക്കുകയും ചെയ്തു.
- Verse 47: അവനെ സംസ്കരിച്ച സ്ഥലം മഗ്ദലേനമറിയവും യോസേയുടെ അമ്മയായ മറിയവും കണ്ടു.