ಕನ್ನಡ ಸತ್ಯವೇದವು
പഴയ നിയമം
ഉല്പത്തി പുസ്തകം
അദ്ധ്യായം 17
-
പരിച്ഛേദനം
- Verse 1: അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക.
- Verse 2: നീയുമായി ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെ സന്തതികളെ നല്‍കും.
- Verse 3: അപ്പോള്‍ അബ്രാം സാഷ്ടാംഗംപ്രണമിച്ചു. ദൈവം അവനോട് അരുളിച്ചെയ്തു:
- Verse 4: ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും.
- Verse 5: ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു.
- Verse 6: നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍ നിന്നു ജനതകള്‍ പുറപ്പെടും.
- Verse 7: രാജാക്കന്മാരും നിന്നില്‍നിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കുശേഷം നിന്റെ സന്തതികളും തമ്മില്‍ തലമുറതലമുറയായി എന്നേക്കും ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും; ഞാന്‍ എന്നേക്കും നിനക്കും നിന്റെ സന്തതികള്‍ക്കും ദൈവമായിരിക്കും.
- Verse 8: നീ പരദേശിയായി പാര്‍ക്കുന്ന ഈ കാനാന്‍ദേശം മുഴുവന്‍ നിനക്കും നിനക്കുശേഷം നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അത് അവരുടേതായിരിക്കും. ഞാന്‍ അവര്‍ക്കു ദൈവമായിരിക്കുകയും ചെയ്യും.
- Verse 9: ദൈവം അബ്രാഹത്തോടു കല്പിച്ചു: നീയും നിന്റെ സന്താനങ്ങളും തലമുറതോറും എന്റെ ഉടമ്പടി പാലിക്കണം.
- Verse 10: നിങ്ങള്‍ പാലിക്കേണ്ട ഉടമ്പടി ഇതാണ്: നിങ്ങളില്‍ പുരുഷന്മാരെല്ലാവരും പരിച്ഛേദനം ചെയ്യണം.
- Verse 11: നിങ്ങള്‍ അഗ്രചര്‍മ്മം ഛേദിക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും അത്.
- Verse 12: നിങ്ങളില്‍ എട്ടുദിവസം പ്രായമായ ആണ്‍കുട്ടിക്കു പരിച്ഛേദനം ചെയ്യണം. നിന്റെ വീട്ടില്‍ പിറന്നവനോ, നിന്റെ സന്താനങ്ങളില്‍ പെടാത്ത വിലയ്ക്കു വാങ്ങിയ പരദേശിയോ ആകട്ടെ, തലമുറതോറും എല്ലാ പുരുഷന്മാര്ക്കും പരിച്ഛേദനം ചെയ്യണം.
- Verse 13: നിന്റെ വീട്ടില്‍ പിറന്നവനും നീ വിലയ്ക്കു വാങ്ങിയവനും പരിച്ഛേദനം ചെയ്യപ്പെടണം. അങ്ങനെ എന്റെ ഉടമ്പടി നിന്റെ മാംസത്തില്‍ ശാശ്വതമായ ഒരുടമ്പടിയായി നിലനില്ക്കും.
- Verse 14: പരിച്ഛേദനം ചെയ്യപ്പെടാത്ത പുരുഷനെ സമൂഹത്തില്‍നിന്നു പുറന്തള്ളണം. അവന് എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.
-
ഇസഹാക്ക്
- Verse 15: ദൈവം അബ്രാഹത്തോട് അരുളിച്ചെയ്തു: നിന്റെ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്. അവളുടെ പേര് സാറാ എന്നായിരിക്കും.
- Verse 16: ഞാന്‍ അവളെ അനുഗ്രഹിക്കും. അവളില്‍നിന്നു ഞാന്‍ നിനക്ക് ഒരു പുത്രനെ തരും. അവളെ ഞാന്‍ അനുഗ്രഹിക്കും; അവള് ജനതകളുടെ മാതാവാകും. അവളില്‍നിന്നു ജനതകളുടെ രാജാക്കന്മാര് ഉദ്ഭവിക്കും.
- Verse 17: അപ്പോള്‍ അബ്രാഹം കമിഴ്ന്നുവീണു ചിരിച്ചുകൊണ്ട് ആത്മഗതംചെയ്തു: നൂറു വയസ്സു തികഞ്ഞവനു കുഞ്ഞുജനിക്കുമോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമോ?
- Verse 18: അബ്രാഹം ദൈവത്തോടു പറഞ്ഞു: ഇസ്മായേല്‍ അങ്ങയുടെ തിരുമുമ്പില്‍ ജീവിച്ചിരുന്നാല്‍ മതി.
- Verse 19: ദൈവം അരുളിച്ചെയ്തു: നിന്റെ ഭാര്യ സാറാതന്നെ നിനക്കൊരു പുത്രനെപ്രസവിക്കും. നീ അവനെ ഇസഹാക്ക് എന്നു വിളിക്കണം. അവനുമായും അവന്റെ സന്തതികളുമായും ഞാന്‍ നിത്യമായ ഒരു ഉടമ്പടി സ്ഥാപിക്കും.
- Verse 20: ഇസ്മായേലിനുവേണ്ടിയുള്ള നിന്റെ പ്രാര്‍ഥനയും ഞാന്‍ ചെവിക്കൊണ്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിച്ചിരിക്കുന്നു. ഞാനവനെ സന്താനപുഷ്ടിയുള്ളവനാക്കി, അവന്റെ സന്തതികളെ വര്‍ധിപ്പിക്കും. അവന് പന്ത്രണ്ടു രാജാക്കന്മാര്ക്കു പിതാവായിരിക്കും. അവനില്‍നിന്നു ഞാനൊരു വലിയ ജനതയെ പുറപ്പെടുവിക്കും.
- Verse 21: എന്നാല്‍, സാറായില്‍നിന്ന് അടുത്ത വര്‍ഷം ഈ സമയത്ത് നിനക്കു ജനിക്കാന്‍പോകുന്ന ഇസഹാക്കുമായിട്ടാണ് എന്റെ ഉടമ്പടി ഞാന്‍ സ്ഥാപിക്കുക.
- Verse 22: അബ്രാഹത്തോടു സംസാരിച്ചു കഴിഞ്ഞു ദൈവം അവനെ വിട്ടുപോയി.
- Verse 23: ദൈവം കല്പിച്ചതുപോലെ ആദിവസം തന്നെ അബ്രാഹം മകന് ഇസ്മായേലിനെയും തന്റെ വീട്ടില്‍പിറന്നവരും താന്‍ വില കൊടുത്തു വാങ്ങിയവരുമായ സകല പുരുഷന്മാരെയും പരിച്ഛേദനം ചെയ്തു.
- Verse 24: പരിച് ഛേദനസമയത്ത് അബ്രാഹത്തിനു തൊണ്ണൂറ്റൊമ്പതു വയസ്സും
- Verse 25: ഇസ്മായേലിനു പതിമ്മൂന്നു വയസ്സുമുണ്ടായിരുന്നു.
- Verse 26: അന്നുതന്നെ അബ്രാഹവും മകന് ഇസ്മായേലും പരിച്ഛേദനം ചെയ്യപ്പെട്ടു.
- Verse 27: അബ്രാഹത്തിന്റെ വീട്ടിലെ എല്ലാ പുരുഷന്മാരും വീട്ടില്‍ പിറന്നവരും പരദേശികളില്‍നിന്നു വിലയ്ക്കു വാങ്ങിയവരുമായ എല്ലാവരും അവനോടൊപ്പം പരിച്ഛേദനം ചെയ്യപ്പെട്ടു.