పరిశుద్ధ గ్రంథము
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 51
ദൈവമേ, കനിയണമേ!1 : ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയതോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!
2 : എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ! എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!
3 : എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു, എന്റെ പാപം എപ്പോഴും എന്റെ കണ്മുന്പിലുണ്ട്.
4 : അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി, ഞാന്‍ പാപം ചെയ്തു; അങ്ങയുടെ മുന്പില് ഞാന്‍ തിന്മ പ്രവത്തിച്ചു; അതുകൊണ്ട് അങ്ങയുടെ വിധിനിര്‍ണയത്തില്‍ അങ്ങു നീതിയുക്തനാണ്; അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്.
5 : പാപത്തോടെയാണു ഞാന്‍ പിറന്നത്; അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ്.
6 : ഹൃദയപരമാര്‍ഥതയാണ് അങ്ങ് ആഗ്രഹിക്കുന്നത്; ആകയാല്‍ , എന്റെ അന്തരംഗത്തില്‍ ജ്ഞാനം പകരണമേ!
7 : ഹിസോപ്പു കൊണ്ട് എന്നെ പവിത്രീകരിക്കണമേ! ഞാന്‍ നിര്‍മലനാകും; എന്നെ കഴുകണമേ! ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്മയുള്ളവനാകും.
8 : എന്നെ സന്തോഷഭരിതനാക്കണമേ! അവിടുന്നു തകര്‍ത്ത എന്റെ അസ്ഥികള്‍ ആനന്ദിക്കട്ടെ!
9 : എന്റെ പാപങ്ങളില്‍ നിന്നു മുഖം മറയ്ക്കണമേ! എന്റെ അകൃത്യങ്ങള്‍ മായിച്ചുകളയണമേ!
10 : ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്ഷേപിക്കണമേ!
11 : അങ്ങയുടെ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ!
12 : അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ! ഒരുക്കമുള്ള ഹൃദയം നല്കി എന്നെ താങ്ങണമേ!
13 : അപ്പോള്‍ അതിക്രമികളെ ഞാന്‍ അങ്ങയുടെ വഴി പഠിപ്പിക്കും; പാപികള്‍ അങ്ങയിലേക്കു തിരിച്ചുവരും.
14 : ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ, രക്തപാതകത്തില്‍ നിന്ന് എന്നെ രക്ഷിക്കണമേ! ഞാന്‍ അങ്ങയുടെ രക്ഷയെ ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും.
15 : കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ! എന്റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും.
16 : ബലികളില്‍ അങ്ങു പ്രസാദിക്കുന്നില്ല; ഞാന്‍ ദഹനബലി അര്‍പ്പിച്ചാല്‍ അങ്ങു സന്തുഷ്ടനാവുകയുമില്ല.
17 : ഉരുകിയ മനസ്സാണു ദൈവത്തിനു സ്വീകാര്യമായ ബലി; ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല.
18 : അങ്ങു പ്രസാദിച്ചു സീയോനു നന്മ ചെയ്യണമേ! ജറുസലെമിന്റെ കോട്ടകള്‍ പുതുക്കിപ്പണിയണമേ!
19 : അപ്പോള്‍ അവിടുന്നു നിര്‍ദിഷ്ട ബലികളിലും ദഹനബലികളിലും സമ്പൂര്‍ണ ദഹനബലികളിലും പ്രസാദിക്കും; അപ്പോള്‍ അങ്ങയുടെ ബലിപീഠത്തില്‍ കാളകള്‍ അര്‍പ്പിക്കപ്പെടും.